ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഭരണം
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വരുന്നത് വികസന വായ്ത്താരികളോടെയായിരുന്നു. വികസനവും കരുതലും എന്ന മുദ്രാവാക്യവുമായി വന്ന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി, സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിലുകള്‍, സബര്‍ബന്‍ ട്രെയിന്‍, ദേശീയ ജലപാത തുടങ്ങിയ വന്‍കിട പദ്ധതികളായിരുന്നു മുഖമുദ്രയായി അവകാശപ്പെട്ടത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെയും കാരുണ്യ പദ്ധതിയിലൂടെയും ജനക്ഷേമ പരിപാടികള്‍ക്കും തുടക്കമിട്ടു. വിഴിഞ്ഞം, സ്മാര്‍ട്ട് തുടങ്ങിയ പദ്ധതികളെല്ലാം തുടങ്ങിയേടത്തു തന്നെ നിന്നപ്പോള്‍ കൊച്ചി മെട്രോ മാത്രമാണ് മുന്നോട്ടു പോയത്. അത് മെട്രോ മാന്‍ ഇ ശ്രീധരന്‍ ഉള്ളതുകൊണ്ടാവാനേ തരമുള്ളൂ. 5 വര്‍ഷം കൊണ്ട് കേരളത്തെ മാറ്റുമെന്ന വാചാടോപം സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആരും വിശ്വസിക്കുന്നില്ല.
'ആം ആദ്മി'യുടെ കാര്യം
അവശ്യസാധനങ്ങളുടെ വിലവര്‍ധനയുള്‍പ്പെടെ തടയാന്‍ സര്‍ക്കാര്‍ നടപടിക്ക് കഴിഞ്ഞില്ല. എല്‍.ഡി.എഫ് കാലത്ത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്ന കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ സ്റ്റോറുകള്‍ പൂട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വള്ളത്തില്‍ വരെ ഔട്ട്‌ലെറ്റ് തുടങ്ങിയ കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഉള്ള സ്റ്റോറുകള്‍ തന്നെ പൂട്ടുകയാണ്. വിപണി ഇടപെടല്‍ പൂജ്യം. കണ്‍സ്യൂമര്‍ ഫെഡിലെ താല്‍ക്കാലിക ജീവനക്കാര്‍ കെ.പി.സി.സി ആസ്ഥാനത്തുവന്ന് സമരം ചെയ്യുകയാണ്. വിലവര്‍ധന പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സര്‍ക്കാര്‍, പ്രാവര്‍ത്തികമാക്കാത്ത മദ്യനയത്തിന്റെ പേരില്‍ വെള്ളക്കരം, വീട്ടുകരം ഉള്‍പ്പെടെ വര്‍ധിപ്പിച്ച് ജനങ്ങളുടെ നികുതിഭാരം കൂട്ടുകയാണ് ചെയ്തത്.
സാമ്പത്തിക നില
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പബ്ലിക് എക്‌സ്‌പെന്‍ഡിചര്‍ കമ്മിറ്റി ഉള്‍പ്പെടെ നിരവധി കമ്മിറ്റികള്‍ വസ്തുതകള്‍ നിരത്തി. തെറ്റായ ധന മാനേജ്‌മെന്റും കെടുകാര്യസ്ഥതയും വഴിവിട്ട സഹായങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിച്ചത്. നികുതി വരുമാനം കുറഞ്ഞു. നികുതി വെട്ടിപ്പ് കൂടി. നികുതി വെട്ടിപ്പിന് ഈടാക്കിയ പിഴകള്‍ക്ക് ധനമന്ത്രിയുടെ ഓഫീസ് തന്നെ സ്റ്റേ നല്‍കി. കരാറുകാരുടെ കുടിശ്ശിക 2500 കോടി രൂപയിലെത്തിയതോടെ സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. എടുക്കാന്‍ കഴിയുന്ന കടമൊക്കെ ആദ്യമാസങ്ങളില്‍ തന്നെ എടുത്തുകഴിഞ്ഞു. പുതിയ വരുമാനമാര്‍ഗത്തിന് നികുതി വര്‍ധനവല്ലാതെ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ല. ഇതില്‍ ശ്രദ്ധ ചെലുത്താന്‍ പക്ഷേ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രിക്ക് കഴിയുന്നില്ല.
ആരോപണങ്ങള്‍, അഴിമതി,
വിവാദങ്ങള്‍
ഇതിനെയെല്ലാം കവച്ചുവെക്കുന്നതാണ് തട്ടിപ്പുകളും കോഴ ആരോപണങ്ങളുമായി സര്‍ക്കാരിനെ വേട്ടയാടുന്ന വിവാദങ്ങള്‍. മുഖ്യമന്ത്രിയുടെ പേരും സ്വാധീനവും ഉപയോഗിച്ച് നിരവധി പേരുടെ പണം പിടുങ്ങിയ സോളാര്‍ തട്ടിപ്പായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ സര്‍ക്കാരിനെ വേട്ടയാടിയത്. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ തന്നെ നിലംപൊത്തിയേക്കുമോ എന്ന ആശങ്ക ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ തന്നെ പൊട്ടിത്തെറികള്‍ക്ക് കാരണമായി. എല്‍.ഡി.എഫിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ അഡ്ജസ്റ്റ്‌മെന്റാണ് ഉമ്മന്‍ചാണ്ടിക്ക് 'ലൈഫ്' നല്‍കിയത്. പിന്നീട് എന്ത് ആരോപണം വന്നാലും തനിക്കതൊന്നും പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രിക്ക് കരുതാവുന്ന രീതിയില്‍ വലിയ ആത്മവിശ്വാസമാണ് ഇത് സര്‍ക്കാരിന് നല്‍കിയത്.
മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച ഗൗരവമുള്ള രണ്ട് ആരോപണങ്ങളാണ് പാറ്റൂര്‍- കടകംപള്ളി കളമശ്ശേരി കേസുകള്‍. പാറ്റൂരില്‍ കൈയേറിയ ഭൂമിയില്‍ കെട്ടിടനിര്‍മാണ കമ്പനിക്ക് അനുകൂലമായ നടപടിക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയാണെന്ന് തെളിവുകള്‍ പുറത്തുവന്നു. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റാനുള്ള ശ്രമം നടത്തി. വിശദമായ തെളിവുകള്‍ ഉള്‍പ്പെടുത്തി ആ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട് ലോകായുക്ത സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തള്ളിക്കളഞ്ഞു. നേരാംവണ്ണം അന്വേഷണം പോയാല്‍ പ്രതിപ്പട്ടികയില്‍ മുഖ്യമന്ത്രിക്ക് ഇടം ഉറപ്പെന്ന് അന്വേഷണ സംവിധാനങ്ങള്‍ ആണയിടുന്നു. കടകംപള്ളി കളമശ്ശേരി ഭൂമി തട്ടിപ്പുകേസുകളിലെ സി.ബി.ഐ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് കേസുകളും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു എന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.
ബാര്‍ തുറക്കല്‍-അടക്കല്‍ വിവാദം കോണ്‍ഗ്രസിനകത്തെ ചക്കളത്തിപ്പോരായി അവസാനിക്കുമെന്ന ഘട്ടത്തിലാണ് പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്ന അറിയിപ്പുമായി ബിജു രമേശെന്ന അബ്കാരി രംഗത്തുവരുന്നത്. ബാര്‍ കോഴ ബജറ്റ് കോഴയിലെത്തുന്നതാണ് പിന്നെ കണ്ടത്. കോടികളുടെ കണക്ക് ഒന്നില്‍ നിന്ന് പത്തിലേക്കും മുപ്പതിലേക്കും ഉയര്‍ന്നു. മുഖ്യമന്ത്രിമോഹം കൊണ്ടുനടന്ന മാണിസാറിന് കോണ്‍ഗ്രസ് തന്നെ കൊടുത്ത പണിയായിരുന്നു ആദ്യ ഘട്ടത്തില്‍ ഇതെങ്കിലും, ബിജു രമേശ് ഭസ്മാസുരനായി മാറിക്കൊണ്ടിരിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ആദ്യം ആരോപണം, പിന്നെ വിജിലന്‍സിന്റെ പ്രാഥമിക പരിശോധന, പരിശോധനയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ധനമന്ത്രിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്യല്‍ ഇതൊന്നും പക്ഷേ സര്‍ക്കാരിനെ ബാധിച്ചില്ല. ധാര്‍മിക ബാധ്യത ഏറ്റെടുത്ത് രാജിവെക്കേണ്ട കാര്യമൊന്നുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആരോപണങ്ങളുടെ പേരില്‍ രാജിവെച്ച പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിലും ആര്‍. ബാലകൃഷ്ണപിള്ള മുന്നണിയിലും ഉണ്ടായിരിക്കെയാണിത്. കെ.എം മാണിയുടെ രാജിയോടെ സര്‍ക്കാര്‍തന്നെ നിലംപൊത്തുമെന്ന ഭീതിയാണ് ഇതിന്റെ യഥാര്‍ഥ കാരണം. ഏറ്റവും കുറഞ്ഞത് മുഖ്യമന്ത്രി ഉള്‍പ്പെടെ മാറുന്നൊരു പുനഃസംഘടനയെങ്കിലും വേണ്ടിവരും മാണിയെ മാറ്റി നിര്‍ത്താന്‍ എന്നതാണ് രാഷ്ട്രീയ സാഹചര്യം.
മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമല്ല തുടക്കക്കാരനായ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിവരെ അഴിമതി ആരോപണമുനമ്പിലാണ്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഗണേഷ് കുമാര്‍ എം.എല്‍.എ ഉയര്‍ത്തിയത് മന്ത്രിസഭയിലെ രണ്ടു പേര്‍ക്കെതിരായ കൃത്യമായ അഴിമതി ആരോപണങ്ങളാണ്. കച്ചവടം നന്നായി നടക്കുന്നുവെന്ന് സെക്രട്ടറിയേറ്റില്‍ കറങ്ങിനടക്കുന്ന എല്ലാവരും പറയുന്നു. ഓരോരുത്തരും അവരവരുടെ രീതിയില്‍ കച്ചവടത്തിലാണ്. 1000 രൂപമുതല്‍ ചോദിച്ചുവാങ്ങുന്ന മന്ത്രിമാരുണ്ടെന്ന് പറയുന്നു. തെളിവില്ലാത്തതിനാല്‍ ഭൂരിഭാഗവും വാര്‍ത്തയാവുന്നില്ലെന്ന് മാത്രം.
പ്രതിപക്ഷമില്ലായ്മ
ഉമ്മന്‍ചാണ്ടിക്ക് ലൈഫ് നല്‍കിയ സോളാര്‍ സമരത്തിന് ശേഷം ശക്തമായൊരു പ്രക്ഷോഭം തീര്‍ക്കാന്‍ പോലും സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന് ആകുന്നില്ലെന്ന് വിലയിത്തല്‍ എല്‍.ഡി.എഫിനകത്തു തന്നെ ശക്തമാണ്. അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന ആരോപണം ഉന്നയിച്ചത് ഇടതു മുന്നണിയിലെ രണ്ടാമനായ സി.പി.ഐ ആണ്. ടി.പി വധത്തിനു ശേഷം ഉണ്ടാക്കേണ്ടി വന്ന അഡ്ജസ്റ്റ്‌മെന്റ് തുടരുകയാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് ചിലതൊക്കെ സംഭവിക്കും എന്ന പ്രതീക്ഷ മാത്രമാണ് ഇടതു സഹയാത്രികര്‍ പോലും പങ്കുവെക്കുന്നത്. കഴിഞ്ഞ സമ്മേളനം മാറ്റി നിര്‍ത്തിയാല്‍ നിയമസഭയില്‍ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനായിട്ടില്ല. മാണിക്കെതിരായി നടത്തിയ വിരലിലെണ്ണാവുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, ഇടത് യുവജന വിദ്യാര്‍ഥി സംഘടനകളും പൊതുവെ നിശ്ശബ്ദമാണ്. മോദി തരംഗത്തിന്റെ ഫലം കൊയ്യാന്‍ തീരുമാനിച്ചിറങ്ങിയ ബി.ജെ.പിയും ടോക്കണ്‍ സമരങ്ങള്‍ മാത്രമാണ് നടത്തുന്നത്.
ജനങ്ങള്‍ തികച്ചും നിരാശരാണ്. സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് സോളാര്‍-ബാര്‍ ബജറ്റ് കോഴകളില്‍ ഒരു തീരുമാനമെടുക്കാതെ കസേരയില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന സര്‍ക്കാറിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ല. മാധ്യമ വാര്‍ത്തകളെ വിമര്‍ശിക്കലാണ് അടുത്തിടെ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രധാന ജോലി. എന്നിട്ടും ജനങ്ങള്‍ മുഖ്യമന്ത്രിയെയല്ല മാധ്യമങ്ങളെയാണ് വിശ്വസിക്കുന്നത്. പ്രതിപക്ഷത്തിന്റെ റോള്‍ അവര്‍ മാധ്യമങ്ങളിലാണ് കാണുന്നത്. ജനകീയ സമരങ്ങളെയാണ് യഥാര്‍ഥ പ്രതിപക്ഷമായി ജനം കാണുന്നത്. നില്‍പ് സമരത്തിനും ക്വാറി സമരങ്ങള്‍ക്കും ആറന്മുളക്കുമെല്ലാമുള്ള പിന്തുണ ഇതാണ് കാണിക്കുന്നത്. മാവോയിസ്റ്റുകളുടെ പൊട്ടിക്കലുകളെ എതിര്‍ക്കുമ്പോഴും അവരോട് പരോക്ഷമായി അനുഭാവം പ്രകടിപ്പിക്കുന്ന ജനങ്ങളുടെ മാനസികാവസ്ഥക്ക് കാരണവും സര്‍ക്കാരിനോടുള്ള എതിര്‍പ്പാണ്. ചില ഐ.എ.എസ് ഓഫീസര്‍മാര്‍ക്കെതിരെ വിജിലന്‍സ് നടത്തിയ ഓപറേഷനെ ജനങ്ങളുടെ വികാരത്തെ തണുപ്പിക്കാനുള്ള തന്ത്രമായി വിലയിരുത്തുന്നവരുണ്ട്.
ഈ ലേഖനം എഴുതുമ്പോള്‍ ദല്‍ഹി ആം ആദ്മി അധികാരത്തിലെത്തിയിരിക്കുന്നു. മുഖ്യധാര പാര്‍ട്ടികള്‍ക്ക് ആപിലൂടെ മറുപടി നല്‍കുകയാണ് ജനങ്ങള്‍ ദല്‍ഹിയില്‍ ചെയ്തത്. ഈ സാഹചര്യത്തിലേക്കാണ് കേരളവും പോകുന്നത്. ആപിനെപ്പോലെ വിശ്വാസ്യതയും വേരുകളുമുള്ള കക്ഷികളുടെ അഭാവം മാത്രമായിരിക്കും അത്തരമൊരു മാറ്റത്തിന് തടസ്സമായി നില്‍ക്കുന്നത്.
Comments