Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

പെണ്‍മക്കള്‍ ഉള്ളവര്‍ ഭാഗ്യവാന്മാര്‍ <br> സ്വര്‍ഗരാജ്യം അവര്‍ക്കുള്ളത്

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         ''നിക്ക് അല്ലാഹു പെണ്‍മക്കളെ മാത്രമേ തന്നുള്ളൂ എന്നോര്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. എന്റെ താവഴി നിലനിര്‍ത്താന്‍ ഒരു ആണ്‍കുട്ടിയെ അവന്‍ എനിക്ക് തന്നില്ലല്ലോ'' -വിമാനത്തില്‍ എന്റെ അരികത്തിരുന്ന അയാള്‍ സങ്കടത്തോടെ പറഞ്ഞുനിര്‍ത്തി.

''അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്ക് സ്വര്‍ഗമാണ് ലഭിക്കാന്‍ പോകുന്നത്.'' ഞാന്‍ അയാളോട് സംസാരിച്ചുതുടങ്ങി. ''നബി(സ)യോടൊപ്പമായിരിക്കും നാളെ പരലോകത്ത് നിങ്ങള്‍ ഹാജരാക്കപ്പെടുക. അനുമോദനങ്ങള്‍. നരകാഗ്നിയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടും നിങ്ങള്‍. അഭിനന്ദനങ്ങള്‍.''

തന്റെ സങ്കടങ്ങളോട് ഈ വിധം പ്രതികരിച്ച എന്നെ തെല്ലിട ആശ്ചര്യത്തോടെ നോക്കി അയാള്‍ വീണ്ടും: ''ഞാന്‍ എന്റെ ദുഃഖങ്ങള്‍ നിരത്തിയപ്പോള്‍, എനിക്ക് ആണ്‍മക്കളെ തരാതെ പെണ്‍മക്കളെ നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണോ താങ്കള്‍?''

''നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയും മുമ്പേ ഒരു കാര്യവും കൂടി ഞാന്‍ പറയാം. നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍. കാരണം നിങ്ങള്‍ ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്ന വ്യക്തിയാണ്.''

''താങ്കള്‍ ഈ നിരത്തിയ 'സമസ്യ'കളുടെയെല്ലാം കുരുക്കഴിച്ചു തരാമോ ദയവായി? എനിക്കൊന്നും മനസ്സിലാകുന്നില്ല.'' അക്ഷമനായി അയാള്‍. ''ഒന്നാമത്തെ ഗണത്തില്‍ പെട്ട വ്യക്തി എന്നത് അഭിവന്ദ്യ പണ്ഡിതനായ ശൈഖ് ത്വന്‍ത്വാവിയുടെ വാക്കാണ്. അദ്ദേഹത്തിന് ആണ്‍മക്കളുണ്ടായിരുന്നില്ല. അഞ്ചും പെണ്‍മക്കളായിരുന്നു.'' 'അങ്ങേക്ക് ആണ്‍മക്കളില്ലേ?' എന്ന് ചോദിക്കുന്നവരോടെല്ലാം അദ്ദേഹത്തിന് ഒരു മറുപടി മാത്രം: 'ഞാന്‍ ഒന്നാമത്തെ ഗണത്തില്‍ പെട്ട വ്യക്തിയാണ്.' 'അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ നല്‍കുന്നു; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും പ്രദാനം ചെയ്യുന്നു' (ശൂറാ 49). പെണ്‍കുട്ടികളെ ഒന്നാമതായും ആണ്‍കുട്ടികളെ രണ്ടാമതായുമാണ് അല്ലാഹു പരാമര്‍ശിച്ചത്. ഇതാണ് ഒന്നാമത്തെ ഗണത്തില്‍ എന്ന് പറഞ്ഞതിന് അര്‍ഥം.''

പുഞ്ചിരിതൂകി അയാള്‍: ''നിങ്ങളുടെ ഈ വാക്കുകള്‍ എനിക്ക് സന്തോഷം നല്‍കുന്നു.'' ''പെണ്‍കുട്ടികള്‍ മാത്രം നല്‍കപ്പെട്ട പ്രവാചകന്മാരെ പോലെയാണ് നിങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കൂടുതല്‍ സന്തോഷിക്കുമല്ലോ. നിങ്ങള്‍ക്കറിയുമോ അവര്‍ ആരെല്ലാമാണെന്ന്?''  ഞാന്‍ ചോദിച്ചു. തെല്ലിട ആലോചിച്ച അയാള്‍: ''ആരെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല.'' ഞാന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകന്‍ ലൂത്വ് നബി(അ). അദ്ദേഹത്തിന് നാലു പെണ്‍മക്കളായിരുന്നു. നമ്മുടെ നബി മുഹമ്മദി(സ)ന്നും ബാക്കിയായത് പെണ്‍മക്കളാണ്. ആണ്‍കുട്ടികളെല്ലാം ചെറുപ്പത്തിലേ മരിച്ചുപോയി. ഇമാം അഹ്മദുബ്‌നു ഹമ്പലിന് ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്: 'പെണ്‍മക്കളുടെ പിതാക്കന്മാര്‍ പ്രവാചകന്മാരാണ്' എന്നത്രെ.''

അയാള്‍ സന്തോഷത്തോടെ: ''നിങ്ങള്‍ എന്റെ മനസ്സില്‍ പ്രതീക്ഷകള്‍ പടര്‍ത്തി. തുടക്കത്തില്‍ നിങ്ങള്‍ പറഞ്ഞല്ലോ പെണ്‍കുട്ടികള്‍ കാരണം ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നും നരകാഗ്നിയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുമെന്നും. അതൊന്ന് വിശദീകരിക്കാമോ?''

''നിങ്ങളുടെ സ്വര്‍ഗപ്രവേശത്തിനും നരകമുക്തിക്കും നബി(സ)യോടൊപ്പമുള്ള സ്വര്‍ഗീയ ജീവിതത്തിനും നാല് നിബന്ധനകള്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അവയുമായി ബന്ധപ്പെട്ടിരിക്കുന്നു നിങ്ങളുടെ സൗഭാഗ്യങ്ങള്‍.'' ''എന്തൊക്കെയാണ് ആ നിബന്ധനകള്‍?'' അയാള്‍ കൗതുകത്തോടെ തിരക്കി. ''ഒന്ന് അവരോട് നിങ്ങള്‍ ഉദാരമായി നല്ല നിലയില്‍ വര്‍ത്തിക്കുക. രണ്ട്, അവര്‍ക്ക് നിങ്ങള്‍ താങ്ങും തണലും അഭയവും നല്‍കുക. മൂന്ന്, അവരുടെ ആവശ്യങ്ങള്‍ മതിയായവിധം നിറവേറ്റി കൊടുക്കുക. നാല്, അവരോട് കരുണയോടും ദയയോടും വാത്സല്യത്തോടും പെരുമാറുക.''

''നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ നിബന്ധനകളെല്ലാം?'' അയാള്‍ അന്വേഷിച്ചു. ''പെണ്‍കുട്ടികള്‍ നല്‍കപ്പെട്ട പിതാക്കളെ പ്രശംസിച്ചുകൊണ്ടുള്ള നബിവചനങ്ങളില്‍ നിന്ന്'' -ഞാന്‍ പറഞ്ഞു. ''അതൊന്ന് വിശദീകരിച്ചാലും''-അയാള്‍.

നരകത്തില്‍ നിന്ന് അകറ്റപ്പെട്ട് കൊണ്ടാവും പെണ്‍മക്കള്‍ മുഖേനയുള്ള ഒരാളുടെ പ്രതിഫലം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്: ''ഇതുപോലെയുള്ള പെണ്‍മക്കള്‍ ഉണ്ടാവുകയും ആ പിതാവ് അവരോട് നന്മയുടെ നിറവില്‍ ഉദാരമായി വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ നരകത്തില്‍ നിന്ന് മറയായിരിക്കും''. നബി(സ)യോടൊപ്പം ഒരുമിച്ചു കൂട്ടപ്പെടുമെന്ന് സൂചിപ്പിക്കുന്ന വചനം: ''പ്രായപൂര്‍ത്തിയാവുന്നതുവരെ ഒരാള്‍ രണ്ട് പെണ്‍മക്കളെ പോറ്റി വളര്‍ത്തിയാല്‍, അയാളും ഞാനും ഖിയാമത്ത് നാളില്‍ ഇതുപോലെയാവും. നബി(സ) തന്റെ വിരലുകള്‍ ചേര്‍ത്തു പിടിച്ചു.'' സ്വര്‍ഗപ്രവേശം വാഗ്ദാനം ചെയ്ത ഹദീസ് ഇങ്ങനെ: ''ഒരാള്‍ക്ക് മൂന്ന് പെണ്‍മക്കള്‍ ഉണ്ടാവുകയും അവര്‍ക്ക് താങ്ങും തണലും അഭയവും സംരക്ഷണവും നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയും അവരോട് കരുണാപൂര്‍വം പെരുമാറുകയും ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമായും ലഭിച്ചിരിക്കും. സംശയമില്ല. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് നബി(സ)യോട്: റസൂലേ! ഇനി രണ്ടായാലോ? രണ്ടായാലും അതേ.''

''എന്റെ മനസ്സില്‍ സന്തോഷവും പ്രതീക്ഷയും വളര്‍ത്തിയ മനോഹരമായ നബി വചനങ്ങള്‍. ഈ ഹദീസുകള്‍ ഞാന്‍ എന്റെ വീടിന്റെ ചുമരുകളില്‍ എഴുതിത്തൂക്കും. അത് വായിച്ച് എന്റെ ഭാര്യയും സന്തോഷിക്കും. അവളും എന്നെ പോലെ ദുഃഖിതയാണ്. താങ്കള്‍ ഈ സംസാരം മുഖേന എന്നെ എന്റെ പെണ്‍മക്കളെ ഏറെ സ്‌നേഹിക്കുന്നവനാക്കി മാറ്റി! ഇപ്പോള്‍ ഞാന്‍ അവരെ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങി.''

പുഞ്ചിരി തൂകി ഞാന്‍ വീണ്ടും: ''പെണ്‍കുട്ടികളുടെ വിഷയത്തില്‍ സന്തോഷദായകമായ, നബി(സ)യുടെ ഇത്തരം ശുഭവാര്‍ത്തകളുടെ ചുരുളുകളില്‍ ചില രഹസ്യങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. കാരണം പെണ്‍കുട്ടിക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. വികാരങ്ങളിലും ആര്‍ദ്രതയിലും സംവേദനങ്ങളിലും ആണ്‍കുട്ടിയില്‍നിന്ന് വ്യത്യസ്തയാണ് പെണ്‍കുട്ടി. കൊഞ്ചിക്കുഴയാന്‍ ഇഷ്ടപ്പെടുന്നതാണ് പെണ്‍കുട്ടിയുടെ പ്രകൃതം. അവളെ പുന്നാരിച്ചുകൊണ്ടിരിക്കണം. സ്‌നേഹമസൃണമായ പെരുമാറ്റം കൊതിക്കുന്നവളാണവള്‍. നല്ല ക്ഷമ അവള്‍ തേടുന്നുണ്ട്. പ്രത്യേക പെരുമാറ്റ രീതി ആഗ്രഹിക്കുന്നുണ്ട്. സവിശേഷ സിദ്ധിയോടെയും വാസനയോടെയുമുള്ള ഇടപെടല്‍ അവളുടെ സ്വപ്നമാണ്. ഇതെല്ലാം ഒന്നിച്ചു മേളിക്കുമ്പോള്‍ അവള്‍ക്ക് അവളുടെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് ബോധ്യം വരും. അപ്പോഴേ അവളുടെ മനസ്സ് ശാന്തമാവുകയുള്ളൂ.

''ജാഹിലിയ്യാ കാലത്തെ അറബികള്‍ സ്ത്രീകള്‍ക്ക് ഒരു വിലയും കല്‍പിച്ചിരുന്നില്ല. പെണ്‍മക്കളെ കുഴിച്ചുമൂടലായിരുന്നു തറവാടിത്തം. 'വില്‍പനച്ചരക്കാ'യിരുന്നു അവള്‍. ഇസ്‌ലാം വന്നു സ്ത്രീയുടെ സ്ഥാനമുയര്‍ത്തി. സ്ത്രീശാക്തീകരണത്തിന് വഴിതുറന്നു. അവളുടെ കഴിവുകള്‍ അംഗീകരിച്ചു. സ്ത്രീയുടെ മനോവീര്യമുയര്‍ത്താന്‍ സര്‍വ പിന്തുണയും പ്രവാചകന്‍ നല്‍കി. പ്രവാചകന്‍ അവരോടൊപ്പം നിന്നു. അവര്‍ക്ക് വേണ്ടി ആ ഹൃദയം തേങ്ങി. അബലയായ സ്ത്രീക്ക് എന്നും ഒരിടം ആ ഹൃദയത്തില്‍ ഉണ്ടായിരുന്നു. നബി(സ) പറഞ്ഞു: ''രണ്ട് ദുര്‍ബല വിഭാഗങ്ങളുടെ അവകാശമോര്‍ത്താണ് ഞാന്‍ വ്രണിത ഹൃദയനാവുന്നത്; അനാഥരുടെയും സ്ത്രീകളുടെയും അവകാശം'' (അഹ്മദ്). സ്ത്രീകളുടെ സ്ഥാനം ഉയര്‍ന്നതിന്റെ മികച്ച ഉദാഹരണമാണ് ആഇശ(റ). മദീനയിലെ പ്രുഖരായ ഏഴു പണ്ഡിതന്മാരുടെയും കര്‍മശാസ്ത്ര പടുക്കളുടെയും ഗണത്തില്‍ ഉള്‍പ്പെട്ടു ആഇശ(റ). തന്നെ സംരക്ഷിക്കുന്ന ഒരു പുരുഷനിലേക്ക് ചാരിനില്‍ക്കുമ്പോള്‍ സ്ത്രീക്ക് നിര്‍ഭയത്വം അനുഭവപ്പെടും. തന്നോടൊപ്പം നില്‍ക്കുകയും ആപത്തുകളില്‍ നിന്ന് തന്നെ കാക്കുകയും ചെയ്യുന്ന പുരുഷന്റെ സാമീപ്യം കൊതിക്കുന്നവളാണ് സ്ത്രീ. അതുകൊണ്ടാണ് അവള്‍ എപ്പോഴും തന്റെ പിതാവിനോട് ഒട്ടിനില്‍ക്കുന്നത്. 'ഏത് പെണ്‍കുട്ടിക്കും തന്റെ പിതാവിനോട് മതിപ്പാണ്' എന്നൊരു ചൊല്ലുണ്ട്. പിതാവിനെ നഷ്ടപ്പെടുകയോ പിതാവ് മരിക്കുകയോ ചെയ്താല്‍ ജീവിതത്തില്‍ വല്ലാത്തൊരു നഷ്ടബോധം അവളെ പിടികൂടും. ആ കുറവ് തന്റെ ഭര്‍ത്താവിലൂടെ നികത്തപ്പെടണമെന്നായിരിക്കും അപ്പോള്‍ അവളുടെ മോഹം. അതും സാധ്യമാവുന്നില്ലെങ്കില്‍ ഈ ശൂന്യത നികത്തുന്ന ആരെയെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കും പെണ്‍മനസ്സ്.''

''ഇത് എനിക്കൊരു പുതിയ തിരിച്ചറിവാണ്''-അയാള്‍ മനസ്സ് പങ്കുവെച്ചു. ഞാന്‍ എന്റെ സംസാരം അവസാനിപ്പിച്ചു പറഞ്ഞു: ''നാം പെണ്‍മക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. സാമൂഹികമായും വിദ്യാഭ്യാസപരമായും അവരെ ഉയര്‍ത്തണം. അവരുടെ ആരോഗ്യം, വിനോദം, മാനസികോല്ലാസം തുടങ്ങിയ വിഷയങ്ങളില്‍ സവിശേഷ താല്‍പര്യം പ്രദര്‍ശിപ്പിക്കണം. ഖുറൈശി സ്ത്രീകളുടെ മാതൃസ്‌നേഹത്തെ പ്രകീര്‍ത്തിച്ച് നബി(സ) പറയുകയുണ്ടായി: ''അവര്‍ക്ക് മക്കളോട് ചെറുപ്പത്തില്‍ അങ്ങേയറ്റം വാത്സല്യമായിരിക്കും. ഭര്‍ത്താവിന് വളരെ ശ്രദ്ധയും പരിഗണനയും നല്‍കും. ഖുറൈശി സ്ത്രീകളുടെ സവിശേഷത പ്രേമവും ആര്‍ദ്രതയും വാത്സല്യവുമാണ്; മക്കളോടായാലും ഭര്‍ത്താക്കന്മാരോടായാലും.'' വിമാനം നിലം തൊടാന്‍ സമയമായിക്കഴിഞ്ഞിരുന്നു അപ്പോള്‍. പെണ്‍മക്കളോടുള്ള മനോഭാവത്തിലെ മാറ്റം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.  

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍