Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

അല്‍ഫാതിഹ അഥവാ മതമേതായാലും <br>മുഴുവന്‍ ദൈവവിശ്വാസികള്‍ക്കും സ്വീകരിക്കാവുന്ന പ്രാര്‍ഥന

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-4

         പ്രാരംഭം എന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു കാണുന്ന 'അല്‍ഫാതിഹ'യാണ് വിശുദ്ധ ഖുര്‍ആനിലെ ഒന്നാം അധ്യായം. അല്‍ഫാതിഹയില്‍ വെറും ഏഴു വാക്യങ്ങളേയുള്ളൂ. ഒറ്റനോട്ടത്തിലത് നന്നേ ചെറിയൊരു പ്രാര്‍ഥനയാണ്. എന്നാല്‍ കണ്ണുകള്‍ കൊണ്ട് എത്ര ചുഴിഞ്ഞുനോക്കിയാലും ദൃശ്യമാകാത്തവിധം ആലിന്‍ വിത്തകമേ എങ്ങനെ ഒരു ആല്‍ വൃക്ഷം ഉള്ളടക്കപ്പെട്ടിട്ടുണ്ടോ അവ്വിധത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഒന്നടങ്കം അല്‍ഫാതിഹയിലെ സപ്ത വാക്യങ്ങളില്‍ നിഗൂഹിതമായിട്ടുണ്ട്. അതിനാലായിരിക്കണം അല്‍ഫാതിഹക്ക് 'ഉമ്മുല്‍കിതാബ്', 'ഉമ്മുല്‍ഖുര്‍ആന്‍' എന്നൊക്കെ വിശേഷ നാമങ്ങള്‍ നല്‍കി മുഹമ്മദ് നബി തന്നെ പരമ പ്രാധാന്യം കല്‍പിച്ചത്. വിശുദ്ധ ഖുര്‍ആനിലെ 15-ാം അധ്യായത്തിലെ 87-ാം സൂക്തത്തില്‍ ഇങ്ങനെ അരുളപ്പെട്ടിരിക്കുന്നു: ''ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടേണ്ടുന്ന ഏഴു വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നാം നിനക്ക് നല്‍കിയിട്ടുണ്ട്.'' ഇവിടെ ഏഴു വചനങ്ങള്‍ എന്നതിലൂടെ വിവക്ഷിതമായിരിക്കുന്നത് പ്രതിദിന നമസ്‌കാരത്തില്‍ വിശ്വാസികള്‍ ആവര്‍ത്തിച്ചു പാരായണം ചെയ്തുവരുന്ന അല്‍ ഫാതിഹയാണെന്നത്രേ പണ്ഡിത മതം. ഇതെല്ലാം തന്നെ അല്‍ഫാതിഹയുടെ പ്രാമാണ്യവും പ്രാധാന്യവും പ്രസ്പഷ്ടമാക്കുന്നു. വിശ്വാസികളെല്ലാവരും വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ അറിയുന്നവരാകണമെന്നില്ലെങ്കിലും അല്‍ഫാതിഹ എങ്കിലും അറിയാത്തൊരാള്‍ മുസ്‌ലിം ആവുകയില്ലെന്ന് തീര്‍ച്ച. അല്‍ഫാതിഹ വിതക്കപ്പെട്ട ഒരു മാനവ ഹൃദയത്തില്‍ മുളച്ചുയര്‍ന്നു വളര്‍ന്നു പന്തലിക്കുന്ന വടവൃക്ഷം വിശുദ്ധ ഖുര്‍ആന്‍ ആയിരിക്കും.

അഹം ബ്രഹ്മാസ്മി, തത്വമസി, അയമാത്മ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്നീ നാലു മഹാ വാക്യങ്ങളുടെ പൊരുളറിഞ്ഞാല്‍ ഒരാള്‍ ഉപനിഷത്തുക്കള്‍ മുഴുവന്‍ ഗ്രഹിച്ചുകഴിഞ്ഞു എന്നൊരു വിശ്വാസം ഭാരതത്തില്‍ ഹിന്ദുക്കള്‍ക്കിടയിലുണ്ട്. ഇതിന് സമാനമായൊരു പ്രാധാന്യതയാണ് അല്‍ഫാതിഹക്ക് വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലുമുള്ളത്. അതിനാല്‍ 'സൂക്ഷ്മതയുള്ളവര്‍ക്ക് സമാധാനം' എന്ന വിശുദ്ധ ഖുര്‍ആന്റെ ആദര്‍ശ സന്ദേശസാരത്തെ അല്‍ ഫാതിഹ എങ്ങനെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു വിശദമാക്കിക്കൊണ്ടല്ലാതെ ഈ ഖുര്‍ആന്‍ വായനാനുഭവ വിവരണം സാര്‍ഥകമാവുകയില്ല. അക്കാരണത്താല്‍ അല്‍ഫാതിഹയിലേക്ക് സവിനയം പ്രവേശിക്കട്ടെ.

ആദ്യം അല്‍ഫാതിഹയുടെ മലയാള പരിഭാഷ ഇവിടെ പകര്‍ത്താം.

''പരമ കാരുണികനും ദയാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍

സ്തുതിയത്രയും സര്‍വലോക സംരക്ഷകനായ അല്ലാഹുവിനാകുന്നു.

പരമകാരുണികനും ദയാപരനും പ്രതിഫലദിനത്തിനുടയോനുമായ അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ അഥവാ, നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ ചേര്‍ക്കേണമേ; കോപത്തിനിരയായവരുടെ മാര്‍ഗത്തിലല്ല; പിഴച്ചുപോയവരുടെ വഴിക്കുമല്ല.''

'മിതം ച സാരം ച വചോഹി വാഗ്മിത' എന്നുണ്ട്. മിതവും സാരവുമായ വാക്കുകളാണ് വാഗ്മിത എന്നര്‍ഥം. ഈ നിലയില്‍ വാഗ്മിതയുടെ ലക്ഷണമത്രയും തികഞ്ഞ സുഭദ്രമായൊരു പ്രാര്‍ഥനയാണ് അല്‍ഫാതിഹ. 'അസതോമാ സദ്ഗമയ, തമസോ മാ ജ്യോതിര്‍ഗമയ, മൃതോര്‍മാ അമൃതം ഗമയ' എന്ന ഉപനിഷത്തിലെ പ്രാര്‍ഥന പോലെ തന്നെ അര്‍ഥഗാംഭീര്യമുള്ളതും, വാചക കസര്‍ത്തുക്കളുടെ അമിത മേദസ്സ് ഇല്ലാത്തതുമായ ഒരു പ്രാര്‍ഥനയാണ് അല്‍ ഫാതിഹയും. അസത്തില്‍നിന്ന് സത്തിലേക്ക് അഥവാ ദുര്‍മാര്‍ഗത്തില്‍ നിന്ന് സന്മാര്‍ഗത്തിലേക്ക്, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് അഥവാ വേദരഹിത ജീവിതത്തില്‍ നിന്ന് വേദ സഹിത ജീവിതത്തിലേക്ക്, മൃത്യുവില്‍ നിന്ന് അമൃതത്വത്തിലേക്ക് അഥവാ നശ്വരതയില്‍ നിന്ന് അനശ്വരതയിലേക്ക് ഞങ്ങളെ നയിച്ചാലും എന്നതാണ് ഉപനിഷത്തിലെ പ്രാര്‍ഥനക്കര്‍ഥം. ഈ പ്രാര്‍ഥനയെ നിന്ദിക്കാനോ നിഷേധിക്കാനോ ഒരു ദൈവവിശ്വാസിക്കും സാധ്യമാവില്ല. ഇതുപോലെ തന്നെ അല്‍ ഫാതിഹയെയും ദൈവവിശ്വാസമുള്ള ഒരു മനുഷ്യനും നിന്ദിക്കാനോ നിഷേധിക്കാനോ കഴിയില്ല. അത്രമേല്‍, മതമേതായാലും മുഴുവന്‍ ദൈവവിശ്വാസികളുടെയും പ്രാര്‍ഥനയാകാന്‍ വേണ്ടുന്ന യോഗ്യതയും വിശാലതയും ഉള്ളതാണ് അല്‍ഫാതിഹയിലെ ഏഴു വാക്യങ്ങള്‍. ഞങ്ങളെ നേര്‍വഴിയിലാക്കേണമേ എന്നല്ലാതെ, ഞങ്ങളെ അനുഗ്രഹിക്കപ്പെട്ടവരുടെ വഴിയെ നടത്തേണമേ എന്നല്ലാതെ മറ്റൊന്നും ഹിന്ദുക്കള്‍, പാഴ്‌സികള്‍, സിഖുകാര്‍, ക്രൈസ്തവര്‍, ജൂതര്‍ എന്നൊക്കെ അറിയപ്പെട്ടുവരുന്ന വിശ്വാസികളായ മനുഷ്യര്‍ക്ക് ദൈവസമക്ഷം പ്രാര്‍ഥിക്കാനില്ലല്ലോ.

നേര്‍വഴി എന്നാല്‍ സത്യമാര്‍ഗമാണ്. ഭാരതത്തിലെ മഹര്‍ഷിമാരെ സത്യാന്വേഷകര്‍, സത്യദര്‍ശികള്‍ എന്നൊക്കെയാണ് പറയുക. അതിനര്‍ഥം മഹര്‍ഷിമാരും നേര്‍മാര്‍ഗത്തില്‍ സഞ്ചരിച്ചവരാണെന്നാണ്. നേര്‍മാര്‍ഗത്തില്‍ സഞ്ചരിക്കാതെ അഥവാ സത്യാന്വേഷകരാകാതെ സത്യദ്രഷ്ടാക്കളാകാന്‍ കഴിയുകയില്ല. അതിനാല്‍ 'ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ' എന്ന അല്‍ഫാതിഹയിലെ പ്രാര്‍ഥന മഹര്‍ഷി ഭാരതം ഉള്‍പ്പെടെയുള്ള മുഴുവന്‍ ദേശങ്ങളിലെയും മുഴുവന്‍ ആസ്തികമാനവര്‍ക്കും അത്യന്തം മാനനീയമായതാണ്. അതുകൊണ്ട് അല്‍ഫാതിഹയെ ലോകത്തിലെ ആസ്തിക മാനവര്‍ക്കെല്ലാം ഹൃദയം കൊണ്ട് ഏറ്റെടുക്കാവുന്ന ജീവിത മംഗള പ്രാര്‍ഥന എന്നു ഇവിടെ പ്രണാമപൂര്‍വം പ്രസ്താവിക്കട്ടെ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍