Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

വീടിന്റെ വെളിച്ചമായിരുന്നു ഉപ്പ

അബൂദര്‍റ് എടയൂര്‍ /കവര്‍സ്‌റ്റോറി

         അങ്ങനെ ഉപ്പയും വിടപറഞ്ഞു. 18 വര്‍ഷം മുമ്പ് ഞങ്ങളുടെ ഉമ്മ പോയ അതേ ലോകത്തേക്ക്. ഒരു പിതാവ് എന്നതിലുപരി ഞങ്ങള്‍ക്ക് പലതുമായിരുന്നു ആ സാന്നിധ്യം. ഭര്‍ത്താവ്, പിതാവ്, ഭര്‍തൃപിതാവ്, വല്യുപ്പ, ഗൃഹനാഥന്‍, ഗുരു എന്നീ നിലകളിലെല്ലാം ഉന്നത മാതൃകയായിരുന്നു ഉപ്പ. കൂടെ ഇരുന്നു കൊടുത്താല്‍ ധാരാളം സംസാരിക്കും. അതില്‍ ഇസ്‌ലാമും പ്രസ്ഥാനവും രാഷ്ട്രീയവും സാഹിത്യവും കുടുംബവുമെല്ലാമുണ്ടാവും. ജീവിതാനുഭവങ്ങളുടെ നനവുള്ള അറിവുകള്‍. അവയില്‍ നിന്ന് രൂപപ്പെടുന്ന വിശാലമായ നിലപാടുകള്‍. അത്തരം പങ്കുവെക്കലുകള്‍ ഞങ്ങളുടെ ജ്ഞാനത്തിന്റെയും അനുഭവങ്ങളുടെയും ചെറുപ്പത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു. 

ഫീല്‍ഡ് ആക്ടിവിസമായിരുന്നു ഉപ്പക്ക് പ്രിയങ്കരം. ഏതാനും മാസങ്ങളായി നല്ല ക്ഷീണമുണ്ടായിരുന്നു. യാത്രക്കിടെ പലപ്പോഴും തലകറക്കമുണ്ടായി. ഒപ്പം കാഴ്ചക്കുറവും വിരുന്നെത്തി. നടന്നുശീലിച്ച വഴികള്‍ മറന്നുപോകുന്നതിന്റെ സങ്കടങ്ങള്‍ സൂചിപ്പിക്കുമായിരുന്നു. പക്ഷേ ഒന്നും അവസാനിപ്പിക്കാന്‍ ഉപ്പക്ക് കഴിയുമായിരുന്നില്ല. പ്രസ്ഥാനം അദ്ദേഹമത്തിന്റെ രക്തത്തിലും മജ്ജയിലും മാംസത്തിലും അലിഞ്ഞുചേര്‍ന്നതുതന്നെ കാരണം. ലോകത്ത് ഇസ്‌ലാമിക പ്രസ്ഥാന നായകന്മാര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ശാരീരിക അവശതയുടെ ന്യായം പറഞ്ഞ് അടങ്ങിയിരിക്കാന്‍ ആ മനസ്സ് സമ്മതിച്ചില്ല. ഓരോ യാത്രക്കിറങ്ങുമ്പോഴും ലക്ഷ്യസ്ഥാനത്തെത്തുമോ എന്ന ആശങ്ക ആ മുഖത്ത് നിഴലിച്ചിരുന്നു. ഒരുപക്ഷേ, നടന്നുനീങ്ങുന്ന വഴിയിലെവിടെയോ വെച്ച് ഈ ജീവിതദൗത്യം പൂര്‍ത്തിയാക്കി തിരിച്ചുപോകണം എന്ന തീവ്രാഭിലാഷമായിരിക്കാം ഉപ്പയെ മുന്നോട്ട് നയിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹം! തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷമാകാം നിശ്ചലമായ മുഖത്ത് മായാതെ നിന്ന ആ ചെറുപുഞ്ചിരി.

1951 മെയ് 30-ന് മലപ്പുറം ജില്ലയിലെ മേലാറ്റൂരിലായിരുന്നു ഉപ്പയുടെ ജനനം. 2 വയസ്സ് തികയും മുമ്പേ മാതാവ് വിടപറഞ്ഞു. പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വീട്ടുകാര്‍ ഉപ്പയെ പള്ളിദര്‍സിലാക്കി. അതുമായി പൊരുത്തപ്പെടാനാവാതെ അവിടം വിട്ടു. തുടര്‍ന്ന് എത്തിപ്പെട്ടത് എടവണ്ണ ജാമിഅയില്‍. രഹസ്യമായി പ്രബോധനം വായിക്കുന്ന ഒരു വിദ്യാര്‍ഥിയെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അങ്ങനെയാണ് ശാന്തപുരത്തെത്തുന്നത്. എടവണ്ണയിലും ശാന്തപുരത്തും ചേരുമ്പോള്‍ രക്ഷിതാവായെത്തിയത് അല്ലാഹു മാത്രം. പഠനത്തിനാവശ്യമായ സാമ്പത്തിക ചെലവുകള്‍ വഹിച്ചിരുന്നത് പലപ്പോഴും സഹപാഠികളിലാരെങ്കിലുമായിരുന്നത്രേ. അങ്ങനെ ശാന്തപുരത്തെ പഠനവും (1974-ല്‍ പുറത്തിറങ്ങി) എ.കെയുമായുള്ള അടുത്ത സഹവാസവും ഉപ്പയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി. ജാഹിലിയ്യത്തിന്റെ 'കാട്ടുമുക്കി'ല്‍ നിന്ന് ഇസ്‌ലാമിന്റെ സുന്ദര വീഥിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണം അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹം കൊണ്ടാവാനേ വഴിയുള്ളൂ.

1980-ല്‍ എടയൂരിലെ ആദ്യകാല ജമാഅത്തംഗം പരവക്കല്‍ മുഹമ്മദിന്റെ മകള്‍ സൈനബിനെ വിവാഹം ചെയ്തു. പൂപ്പലം, പള്ളിക്കുത്ത്, ശാന്തപുരം എന്നിവിടങ്ങളിലായിരുന്നു താമസം. 1986-ലാണ് നിലവിലുള്ള വീട്ടിലേക്ക് മാറിയത്. 

ഞങ്ങളുടെ ചെറുപ്പത്തില്‍ ഉപ്പയെ നേരിട്ടനുഭവിക്കാനുള്ള അവസരങ്ങള്‍ വളരെ കുറവായിരുന്നു. അതിരാവിലെ പോയി രാത്രി ഏറെ വൈകിയുള്ള വരവും, തെക്കന്‍ കേരളത്തിലേക്കുള്ള ദിവസങ്ങള്‍ നീളുന്ന പ്രയാണവുമായിരുന്നു അതിന് കാരണം. പിന്നീട് ഉപ്പയുടെ പ്രവര്‍ത്തനമേഖല സമീപ ജില്ലകളിലേക്ക് മാറിയപ്പോഴേക്കും ഞങ്ങള്‍ മക്കള്‍ വിവിധയിടങ്ങളിലായിക്കഴിഞ്ഞിരുന്നു. പഠന-ജോലിയാര്‍ഥം എല്ലാവരും വീട്ടിലുണ്ടാവുന്ന ദിവസം ഞങ്ങള്‍ക്ക്  പെരുന്നാളുകളായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.

രണ്ടു വര്‍ഷത്തോളം ഞങ്ങളുടെ ഉമ്മ രോഗിയായിക്കിടന്നപ്പോള്‍ ആവശ്യമായ പരിചരണം നല്‍കാനും ഉമ്മയുടെ സ്ഥാനം കൂടി ഏറ്റെടുത്ത് നിര്‍വഹിക്കാനും ഉപ്പ ഉത്സാഹിച്ചു. അഞ്ച് മക്കളെ ലാളിച്ചുവളര്‍ത്തിയ ആ മാതാവ് 1997-ല്‍ വിടപറഞ്ഞു. അതും ഫെബ്രുവരിയില്‍ (അന്ന് മൂന്ന് വയസ്സുണ്ടായിരുന്ന ഏറ്റവും ചെറിയ മകന്‍ ഇന്ന് ശാന്തപുരത്ത് ഉസ്വൂലുദ്ദീന്‍ കോഴ്‌സിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്). 

തുടര്‍ന്ന് എളേമ(നഫീസ വലമ്പൂര്‍)യുടെ വരവ് ഉപ്പക്ക് വലിയൊരാശ്വാസമായി; ഞങ്ങള്‍ക്കും. വീട്ടുകാര്യങ്ങള്‍ എളേമയെ ഏല്‍പിച്ച് ഉപ്പ വീണ്ടും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി.

ഒഴിവുവേളകള്‍ ഉപ്പയുടെ യാത്രാവിവരണങ്ങള്‍കൊണ്ട് സജീവമായിരിക്കും. സ്വുബ്ഹിക്ക് തുടങ്ങുന്ന പ്രസ്ഥാനകഥനങ്ങള്‍ പാതിരാവരെ നീളുമായിരുന്നു. മിക്കപ്പോഴും എളേമയായിരുന്നു ശ്രോതാവ്. വീട്ടിലേക്ക് ആര് വന്നാലും അവരോടൊക്കെ പറയാനുണ്ടായിരുന്നത് പ്രസ്ഥാനത്തെയും പ്രസ്ഥാന പ്രവര്‍ത്തകരെയും കുറിച്ചായിരുന്നു. ഞങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്; പ്രസ്ഥാനത്തെ അറിയാത്തവരോട് പോലും ഓരോ ആളുടെയും പേരെടുത്ത് പറഞ്ഞ് അവര്‍ നിര്‍വഹിച്ച സേവനങ്ങളെ കുറിച്ച് വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍. എന്തുപറയുമ്പോഴും ഉപ്പ ചിരിച്ചുകൊണ്ടേയിരിക്കും; ഇതിലെന്താണിത്ര ചിരിക്കാനെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവില്ലെങ്കിലും. 

തിരുവനന്തപുരത്തും മറ്റുമുള്ള ഉന്നത വ്യക്തികളുമായും ഇതര സംഘടനാ പ്രതിനിധികളുമായും നടത്തിയ സംസാരങ്ങളും ചര്‍ച്ചകളും ആശ്രമങ്ങളിലും മറ്റും നടത്തിയ സന്ദര്‍ശനങ്ങളും പ്രബോധനാനുഭവങ്ങളും സംസാരത്തിനിടയില്‍ കയറിവന്നിരുന്നു. 

പ്രബോധകരുമായി സംവദിക്കുമ്പോള്‍ വിഷയത്തിന്റെ മര്‍മത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ശാഖാപരമായ കാര്യങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും പ്രാഥമിക തലത്തില്‍ ചര്‍ച്ച അതിലേക്ക് തിരിയാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഞങ്ങളെ പഠിപ്പിക്കാനും വാക്കിലൂടെയും മൗനത്തിലൂടെയും ഉപ്പ ശ്രമിച്ചിരുന്നു. ഇസ്‌ലാമിനെ കുറിച്ചായാലും പ്രസ്ഥാനത്തെ പറ്റിയായാലും ഇതായിരുന്നു ഉപ്പയുടെ നിലപാട്.

ഒരിക്കല്‍ ഒരു ക്രൈസ്തവ സഹോദരന്‍ ഉപ്പയോട് ചോദിച്ചു: ''അബ്രഹാം പ്രവാചകന്‍ ബലിനല്‍കാന്‍ തയാറായത് ഇസ്ഹാഖിനെയാണെന്നാണ് ഞങ്ങളുടെ വിശ്വാസം. നിങ്ങള്‍ പറയുന്നു, ഇസ്മാഈലിനെയാണെന്ന്. യഥാര്‍ഥത്തില്‍ ഏതാണ് ശരി?'' ഉപ്പയുടെ മറുപടി ഇങ്ങനെ: ''അബ്രഹാം പ്രവാചകന്റെയും മകന്റെയും ത്യാഗസന്നദ്ധതയും അര്‍പ്പണബോധവുമാണ് ആ സംഭവത്തിന്റെ ഗുണപാഠം. മകനാരായിരുന്നാലും സന്ദേശം ഒന്നാണല്ലോ'' (ഇസ്ഹാഖിനെയാണ് ബലിയറുക്കാന്‍ തയാറായത് എന്ന് സമ്മതിച്ചാല്‍ അത് ഇസ്‌ലാമിക ചരിത്രത്തെ പല രീതിയിലും ബാധിക്കുമെന്നറിയാതെയല്ല ഇങ്ങനെ പറഞ്ഞത്).  പിന്നീടൊരു ദിവസം ഒരു ക്രൈസ്തവ മതമേധാവി ഉപ്പയെ കണ്ടപ്പോള്‍ ആ വിഷയം അനുസ്മരിച്ചുകൊണ്ട് പറഞ്ഞത്രേ: ''ഞാനാണ് പ്രസ്തുത വ്യക്തിയെ പറഞ്ഞയച്ചത്; നിങ്ങളുടെ മറുപടി എന്താണെന്നറിയാന്‍. ഇപ്പോള്‍ നിങ്ങളോടുള്ള എന്റെ ബഹുമാനം കൂടിയിരിക്കുന്നു.''

ഉദാഹരണത്തിനായി ഇത്തരം ചില അനുഭവങ്ങള്‍ പങ്കുവെക്കുമെങ്കിലും സ്വന്തം പ്രവര്‍ത്തനങ്ങള്‍ തുറന്നുപറയാന്‍ ഉപ്പ സന്നദ്ധമായിരുന്നില്ല. ഉപ്പയുടെ ജീവിതത്തിന് അക്ഷര ഭാഷ്യം നല്‍കാനുള്ള എന്റെ ആഗ്രഹം വിഫലമായത് അങ്ങനെയാണ്.  വായിക്കാനും എഴുതാനും ക്ലാസ്സെടുക്കാനും പ്രസംഗിക്കാനുമെല്ലാം ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കാന്‍ ഞങ്ങളുടെ ചെറുപ്പംതൊട്ടേ ഉപ്പ ശ്രദ്ധിച്ചിരുന്നു. ജുമുഅ ഖുത്വ്ബ ഒരിക്കലും കവല പ്രസംഗമാവരുതെന്ന് പ്രത്യേകം ഉപദേശിച്ചിരുന്നു. 

പഠനകാലയളവില്‍ ഞങ്ങള്‍ക്ക് പണത്തോട് താല്‍പര്യമുണ്ടാവരുതെന്നത് ഉപ്പയുടെ സാമ്പത്തിക നയങ്ങളുടെ ഭാഗമായിരുന്നു. വെക്കേഷന്‍ കാലയളവില്‍ അമ്മാവന്മാര്‍ അവരുടെ കടകളിലേക്ക് സഹായത്തിനായി ഞങ്ങളിലാരെയെങ്കിലും വിളിച്ചാല്‍ ഉപ്പ അനുവാദം തരില്ലായിരുന്നു.

എല്ലാവരെയും ഒരേ മാനദണ്ഡപ്രകാരം അളക്കുന്നതിനോട് ഉപ്പക്ക് യോജിപ്പുണ്ടായിരുന്നില്ല. ഏതൊരാളെയും അയാളുടെ പരിമിതികളും ദൗര്‍ബല്യങ്ങളും ജീവിതസാഹചര്യങ്ങളും പരിഗണനക്കെടുത്തുകൊണ്ടേ വിലയിരുത്താവൂ എന്നായിരുന്നു ഉപ്പയുടെ പക്ഷം. പ്രസ്ഥാനത്തിന്റെ വിവിധ സംരംഭങ്ങളെ കുറിച്ച വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ അവ അവധാനതയോടെ കേള്‍ക്കുമായിരുന്നു. അതിനോടൊക്കെയുള്ള പ്രതികരണത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ: യാഥാര്‍ഥ്യബോധത്തോടെയുള്ള വിമര്‍ശങ്ങളാവാം. പക്ഷേ അത് ക്രിയാത്മകമാവണം. ഗുണകാംക്ഷയാവണം അതിന്റെ പ്രചോദനം. ഒരിക്കലും, തളര്‍ത്തുന്നതോ നിരാശപ്പെടുത്തുന്നതോ ആവരുത്. 

മക്കളുടെ വിവാഹങ്ങള്‍ ലളിതമാക്കാന്‍ ഉപ്പ ശ്രമിച്ചു. 'നമ്മുടെ ചമ്മന്തിയും കഞ്ഞിയും കുടിക്കാന്‍ തയാറുള്ളവളാവണം വധു' എന്നതായിരുന്നു ഉപ്പയുടെ നിബന്ധന. പ്രസ്ഥാന നേതാക്കളെയൊന്നും വിവാഹത്തിന് ക്ഷണിച്ച് അവരുടെ സമയം നഷ്ടപ്പെടുത്തേണ്ട എന്നതും ഉപ്പയുടെ നയമായിരുന്നു. പ്രസ്ഥാന പരിപാടികള്‍ക്കായി എത്ര വേണമെങ്കിലും യാത്ര ചെയ്യും. ശാരീരിക ബുദ്ധിമുട്ടുകളൊന്നും അതിന് തടസ്സമായിരുന്നില്ല. എന്നാല്‍ ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ മറ്റോ വിവാഹം, വിനോദയാത്ര പോലുള്ളവയില്‍ പങ്കെടുക്കാന്‍ ഒരുപാട് സമയം ചെലവഴിക്കുന്നതില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല.

മൂന്ന് മാസം മുമ്പ് ആകെയുള്ള സ്ഥലവും വീടും ഇരു ഭാര്യമാരിലുമായുള്ള ഞങ്ങള്‍ എട്ടു മക്കളില്‍, അഞ്ച് പേര്‍ക്കായി വീതിച്ചു. ബാക്കിയുള്ളവര്‍ക്ക് ആനുപാതികമായ വിഹിതം നല്‍കണമെന്നും ഒത്തൊരുമയോടെ ജീവിക്കണമെന്നും വസ്വിയ്യത്ത് ചെയ്തു. സമ്പത്തിന്റെ ആധിക്യത്തെ സൂക്ഷിക്കണമെന്ന് പ്രത്യേകം ഓര്‍മപ്പെടുത്താറുണ്ടായിരുന്നു.

'നിങ്ങളൊക്കെ ജോലിയിലായില്ലേ, ഇനിയെങ്കിലും ഉപ്പയെ വീട്ടിലിരുത്തിക്കൂടേ' എന്ന് ചില ബന്ധുക്കളും അയല്‍വാസികളും ഞങ്ങളോട് ചോദിക്കാറുണ്ടായിരുന്നു. ഞങ്ങളും അങ്ങനെ പറയാതിരുന്നിട്ടില്ല. പക്ഷേ അവസാനശ്വാസം വരെ ഇസ്‌ലാമിന് സേവനം ചെയ്യണമെന്നതായിരുന്നു ഉപ്പയുടെ നിശ്ചയം. ആ വലിയ മനസ്സിന് വഴങ്ങിക്കൊടുക്കുകയല്ലാതെ ഞങ്ങള്‍ക്ക് നിര്‍വാഹമുണ്ടായിരുന്നില്ല.

ഒരു മാസം മുമ്പ് ശൂറായോഗത്തിന് പോകാന്‍ ഒരുങ്ങവെ എന്നോട് പറഞ്ഞു: ‘''വളാഞ്ചേരിയിലെത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിത്തരണം. അവിടെയെത്തിയാല്‍ ഓട്ടോ വിളിച്ച് ഹിറയിലേക്ക് പൊയ്‌ക്കോളാം.'' പ്രയാസമാണെങ്കില്‍ പോകേണ്ടതുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞു. 'ആളുകള്‍ വിശ്വസിച്ചേല്‍പിച്ച ഉത്തരവാദിത്തമാണ് ശൂറാംഗത്വം. അതിനോട് നീതി കാണിക്കാന്‍ ശ്രമിക്കണ്ടേ' എന്നായിരുന്നു മറുപടി. അങ്ങനെ കോഴിക്കോട്ടേക്കുള്ള ബസ് പുറപ്പെട്ടപ്പോള്‍ കൊച്ചുകുട്ടിയെ പോലെ കൈവീശിക്കാണിച്ച ഓര്‍മ മായുംമുമ്പേയുള്ള ഉപ്പയുടെ പെട്ടെന്നുള്ള വിയോഗം ഞങ്ങള്‍ക്ക് താങ്ങാനാവാത്തതായിരുന്നു.

ഫെബ്രുവരി 3-ന് തളരുന്ന ശരീരവും വേദനിക്കുന്ന കാലുകളും കാഴ്ച മങ്ങിയ കണ്ണുകളുമായി, ഉള്ളതില്‍ വെച്ചേറ്റവും ഇഷ്ടപ്പെട്ട നീലവര ഷര്‍ട്ട് ധരിച്ച്, 'മൂന്ന് ദിവസത്തെ പരിപാടിയുണ്ട്, യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് കഴിഞ്ഞിട്ടേ വരൂ' എന്നു പറഞ്ഞ് പറവണ്ണ(തിരൂര്‍)യിലേക്ക് പുറപ്പെട്ട ഉപ്പ അന്ന് രാത്രി തന്നെ തിരിച്ചെത്തി ചേതനയറ്റ ശരീരമായി.... എവിടെപ്പോയാലും രാത്രിയില്‍ ഉപ്പ വീട്ടിലേക്ക് വിളിക്കുമായിരുന്നു. എന്നാല്‍, അല്ലാഹ്... അല്ലാഹ്... എന്ന് ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കാമായിരുന്ന ആ ഹൃദയതാളം നിലച്ച വാര്‍ത്തയാണ് പതിവു ഫോണ്‍കോള്‍ കാത്തുനിന്ന എളേമയെ തേടിയെത്തിയത്.

അപ്രതീക്ഷിതമായത് സംഭവിച്ചതിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടിയിട്ടില്ലെങ്കിലും ഞങ്ങള്‍ അഭിമാനിക്കുന്നു, അങ്ങനെയൊരു ഉപ്പയുടെ മക്കളായി ജനിക്കാന്‍ കഴിഞ്ഞതില്‍. അല്‍ഹംദു ലില്ലാഹ്. ആ ഉപ്പയോടൊപ്പം നേരത്തേ പോയ ഉമ്മയെയും എളേമയെയും മക്കളെയും മരുമക്കളെയും പേരമക്കളെയുമെല്ലാം  സ്വര്‍ഗത്തില്‍ സംഗമിപ്പിക്കേണമേ എന്നാണ് ഞങ്ങളുടെ പ്രാര്‍ഥന. അതിനായി പ്രാര്‍ഥിക്കണമെന്നാണ് അഭ്യര്‍ഥനയും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍