സി.ടി സാദിഖ് മൗലവി <br> തെക്കന്‍ കേരളത്തിലെ ഇടപെടലുകള്‍
സാദിഖ് മൗലവിയുടെ വിയോഗം സൃഷ്ടിച്ച വേദനകള്‍ മായുന്നില്ല. ആഗസ്റ്റ് 3-ന് ശാന്തപുരത്ത് നടന്ന പ്രവര്‍ത്തക സംഗമത്തിലെ ഖുര്‍ആന്‍ ക്ലാസ്സിന് അദ്ദേഹം തെരഞ്ഞെടുത്ത ആയത്തുകള്‍ സ്വര്‍ഗത്തെക്കുറിച്ച പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതായിരുന്നു. ആ വഴിയിലാണല്ലോ അദ്ദേഹം യാത്രയായത് എന്ന സന്തോഷത്തോടൊപ്പം ആ വൈജ്ഞാനിക ദര്‍സുകള്‍ ഇനി കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്ന ദുഃഖവും നൊമ്പരപ്പെടുത്തുന്നു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മേഖലാ നാസിമായി സാദിഖ് മൗലവി ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ ഈയുള്ളവന്‍ അടിമാലി ഏരിയാ ഓര്‍ഗനൈസര്‍ ആയിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അന്ന് അവസരമുണ്ടായി. മായാത്ത ഓര്‍മകളും അനുഭവങ്ങളുമാണ് അതിലൂടെ ലഭിച്ചത്. ഉയര്‍ന്ന വ്യക്തികളും സാധാരണക്കാരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകളും ക്ലാസ്സുകളും ഇടുക്കിയുടെ പല മേഖലകളിലും മാറ്റങ്ങള്‍ക്ക് കളമൊരുക്കി.
അടിമാലിയില്‍ ബസ്സിറങ്ങി ഹൈറേഞ്ചിലേക്ക് കുത്തനയുള്ള മലകള്‍ ഓരോന്ന് കയറുമ്പോഴും സാദിഖ് മൗലവി കിതപ്പുമാറ്റാന്‍ അല്‍പം നിന്ന്, തമാശകള്‍ പറഞ്ഞ്, ആ യാത്രയും കയറ്റവും ഭാരമല്ലായെന്ന് എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. കിതപ്പുമാറിയാല്‍ വീണ്ടും നടന്ന് ലക്ഷ്യസ്ഥാനത്തെത്തി സാധാരണക്കാര്‍ക്ക് ഖുര്‍ആന്റെ മന്ത്രമധുരമായ സാരാംശങ്ങള്‍ പകര്‍ന്നു നല്‍കും. കിട്ടിയ വീടുകളില്‍ അന്തിയുറങ്ങി നേരം പുലരുമ്പോള്‍ ഹൈറേഞ്ചിന്റെ ഇതുപോലുള്ള മറ്റു മേഖലകളിലേക്ക് വീണ്ടും യാത്രയും ക്ലാസ്സും. ഈ പതിവ് ആവര്‍ത്തിക്കുമ്പോള്‍ പുഞ്ചിരിയും സന്തോഷവും തലയാട്ടിയുള്ള സംസാരവുമല്ലാതെ ഒരിക്കല്‍ പോലും ദേഷ്യത്തിന്റെയോ കുറ്റപ്പെടുത്തലിന്റെയോ സ്വരം കേട്ടിട്ടില്ല. കിട്ടുന്ന ഭക്ഷണം, ലഭ്യമാകുന്ന താമസസ്ഥലം, ഏതറ്റം വരെയുമുള്ള യാത്ര.... സാദിഖ് മൗലവി ഇതിലെല്ലാം സംതൃപ്തനായിരുന്നു.
ഒട്ടേറെ നന്മകളുള്ള ഉദാരമനസ്‌കനായ ഒരു സമ്പന്ന വ്യാപാരിയുണ്ടായിരുന്നു. ഒരു ദല്‍ഹി യാത്രയില്‍ അദ്ദേഹം ഉയര്‍ന്ന കച്ചവടക്കാരനായ (ഖാദിയാനി) സുഹൃത്തിനോടൊപ്പമായിരുന്നു. യാത്രയിലുടനീളം ഖാദിയാനി സുഹൃത്ത് അദ്ദേഹത്തോട് ഖാദിയാനിസത്തെക്കുറിച്ച് പറഞ്ഞ് അതിലേക്ക് ക്ഷണിച്ചു. അദ്ദേഹം ഖാദിയാനിസത്തില്‍ ആകൃഷ്ടനായി. യാത്ര കഴിഞ്ഞ് തിരിച്ചുവന്ന് അദ്ദേഹം എന്നെ വിളിച്ചുവരുത്തുകയും ഖാദിയാനിസത്തിന്റെ ഗുണഗണങ്ങള്‍ വിവരിച്ചുതരികയും ചെയ്തു. ഇത് പല ദിവസങ്ങളില്‍ തുടര്‍ന്നു. ഖാദിയാനി സാഹിത്യങ്ങളും എനിക്ക് തന്നു. കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമെന്ന് മനസ്സിലായപ്പോള്‍ വിഷയം സാദിഖ് മൗലവിയുമായി പങ്കുവെച്ചു. എത്രയും വേഗത്തില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച തരപ്പെടുത്താന്‍ സാദിഖ് മൗലവി ആവശ്യപ്പെട്ടു. സംസാരിക്കാനുള്ള സമയം നിശ്ചയിച്ച് ഞങ്ങള്‍ പുറപ്പെട്ടു. വഴിമധ്യേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. സമ്പന്ന വ്യാപാരിയുടെ വീട്ടില്‍ നിന്നുള്ള ഭക്ഷണം സാദിഖ് മൗലവി ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. രണ്ടര മണിക്കൂര്‍ മിതവും അളന്ന് മുറിച്ചുള്ളതുമായ സംസാരവും ചര്‍ച്ചയും ചോദ്യോത്തരങ്ങളും. കൂടിയിരിക്കലിന്റെ പര്യവസാനം അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് ഖാദിയാനിസത്തിന്റെ സകല ബാധയും പൂര്‍ണമായും ഒഴിഞ്ഞുപോയി എന്നതായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും ആ വ്യാപാരി സുഹൃത്ത് സാദിഖ് മൗലവിയെക്കുറിച്ച് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും ഹംസയും സാദിഖ് മൗലവിയും ഇസ്‌ലാമിക സാഹിത്യങ്ങള്‍ നല്‍കാനായി അടിമാലി പോലീസ് സ്റ്റേഷനില്‍ ചെന്ന് സി.ഐയെ കണ്ടു. സാദിഖ് മൗലവിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ സി.ഐ ദീര്‍ഘനേരം ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ച് ചര്‍ച്ച ചെയ്തു. സി.ഐ അടിമാലിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി പോകുന്നത് വരെ ഒരു സഹകാരിയെപ്പോലെ കൂടെ നിന്നുവെന്നത് സാദിഖ് മൗലവിയുടെ വ്യക്തിത്വത്തിന്റെ ആകര്‍ഷണീയതയാണ് കാണിക്കുന്നത്.
എസ്.എന്‍.ഡി.പി യോഗം സംസ്ഥാന സമിതി അംഗമായിരുന്ന കെ.എന്‍ ദിവാകരനുമായി അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ സാദിഖ് മൗലവി അദ്ദേഹത്തിന്റെ കുടുംബം, മക്കള്‍, വീട് തുടങ്ങിയ കാര്യങ്ങള്‍ മാത്രം ചോദിക്കുകയും നന്നായി പരിചയപ്പെട്ട് തിരിച്ചുപോരുകയും ചെയ്തു. ഇസ്‌ലാം, പ്രസ്ഥാനം ഇതൊന്നും ചര്‍ച്ചയില്‍ വന്നതേയില്ല. പിന്നീട് അടിമാലി ഹിറാ മദ്‌റസയില്‍ നടന്ന ഒരു ഈദ് മീറ്റിലേക്ക് ദിവാകരനെയും ക്ഷണിക്കുകയുണ്ടായി. യുക്തിദീക്ഷയുള്ള പ്രബോധനശൈലിയാണ് സാദിഖ് മൗലവി സ്വീകരിച്ചിരുന്നത്.
മലകളും കുന്നുകളും കയറിയിറങ്ങി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുതന്ന സാദിഖ് മൗലവിയെ, പകരം സ്വര്‍ഗത്തിലെ അത്യുന്നതങ്ങളില്‍ സ്ഥാനമാനങ്ങള്‍ നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ.
Comments