Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

സി.ടി സാദിഖ് മൗലവി <br>പരിഭവങ്ങളില്ലാത്ത സാത്വിക ജീവിതം

ടി. ആരിഫലി /കവര്‍സ്‌റ്റോറി

         സി.ടി സാദിഖ് മൗലവി അല്ലാഹുവിലേക്ക് യാത്രയായി. ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി ചെയ്യാനുള്ളതൊന്നും ബാക്കി വെക്കാതെ തന്നെ. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീഊന്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയങ്ങളാല്‍ കടഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമായിരുന്നു സാദിഖ് മൗലവി. ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ പ്രോജ്വലമായ മാതൃകകള്‍ സഹപ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനത്തിന്റെ ഭാവി തലമുറക്കുമായി അവശേഷിപ്പിച്ചുകൊണ്ടാണ് ആ ജീവിത ദൗത്യം പൂര്‍ത്തീകരിച്ചത്. 

ലാളിത്യമായിരുന്നു സാദിഖ് മൗലവിയുടെ മുദ്ര. സ്വഭാവത്തില്‍, ശീലങ്ങളില്‍, ഭക്ഷണത്തില്‍, യാത്രാ സൗകര്യങ്ങളില്‍, പെരുമാറ്റത്തില്‍ എല്ലാം ലാളിത്യം കൊണ്ട് മഹത്വം കൈവരിക്കാന്‍ സാദിഖ് മൗലവിക്ക് സാധിച്ചു. പ്രസ്ഥാന പരിപാടികള്‍ക്കായി ഏര്‍പ്പെടുത്തുന്ന യാത്രാ സൗകര്യങ്ങള്‍ പോലും ഉപയോഗിക്കാത്ത നേതാവായിരുന്നു അദ്ദേഹം. ലാളിത്യത്തെ മനസ്സില്‍ താലോലിക്കുന്നവര്‍ക്കാണല്ലോ ജീവിതത്തില്‍ അത് സാക്ഷാത്കരിക്കാനാവുക. സൗഭാഗ്യമെന്നത് മനസ്സിന്റെ സൗഭാഗ്യമെന്നാണല്ലോ പ്രവാചക പാഠം. പക്ഷേ, ആ ലാളിത്യം മറ്റുള്ളവരും കണിശമായി പിന്തുടരണമെന്ന നിര്‍ബന്ധം സാദിഖ് മൗലവിക്ക് ഒട്ടുമേ ഉണ്ടായിരുന്നില്ല. സ്വന്തം ജീവിതത്തില്‍ കണിശത പുലര്‍ത്തുമ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ വിശാലതയുടെ വലിയൊരു സാധ്യത അദ്ദേഹം ബോധപൂര്‍വം തുറന്നുവെച്ചു. മറ്റുള്ളവര്‍ വിശാലമായ ജീവിത സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നതും അനുഭവിക്കുന്നതും അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയില്ലെന്നു മാത്രമല്ല, അതൊരു അസ്വസ്ഥതയായി വളരുന്നതിനോട് അദ്ദേഹം വിയോജിക്കുകയും ചെയ്തു.

പള്ളി ഇമാം, അധ്യാപകന്‍, സംഘാടകന്‍, ജില്ലാ നാസിം, മേഖലാ നാസിം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം, കേന്ദ്ര പ്രതിനിധി സഭാംഗം തുടങ്ങി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ടെങ്കിലും  നാസിം എന്നതായിരുന്നു സാദിഖ് മൗലവിയുടെ പ്രകൃതം. പ്രവര്‍ത്തകരോട് സംസാരിച്ചും സംവദിച്ചും അവരുടെ വീടുകളില്‍ കിടന്നുറങ്ങിയും പ്രസ്ഥാനത്തിന്റെ തര്‍ബിയത്ത് പ്രവര്‍ത്തകരിലേക്ക് കൈമാറുന്ന പഴയ നാസിം സംവിധാനം ഇക്കാലത്തും- മരണം പോലും ഒരു പ്രവര്‍ത്തകന്റെ വീട്ടിലെ രാത്രി ഭക്ഷണത്തിനു ശേഷമായിരുന്നല്ലോ- കൈവിടാതെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. വലിയ പ്രഭാഷണങ്ങളുടെ ഉടമയായിരുന്നില്ല സാദിഖ് മൗലവി; മിതഭാഷിയായിരുന്നു. പക്ഷെ, സാദിഖ് മൗലവിയുടെ സംസാരത്തിലെ ഓരോ വാക്കും ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ പതിഞ്ഞു കിടന്നു. ഒരെഴുത്തുകാരനായിരുന്നില്ല അദ്ദേഹം. പക്ഷേ, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശാശയങ്ങളെ പ്രവര്‍ത്തകരുടെ മസ്തിഷ്‌കങ്ങളില്‍ വരച്ചു വെക്കാനദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

എങ്ങനെ നല്ല നേതാവാകാം, ഇസ്‌ലാമിക പ്രവര്‍ത്തകനാവാം എന്നതിന് മികച്ച മാതൃകയാണ് സാദിഖ് മൗലവി. കാരണം, നല്ലൊരു കേള്‍വിക്കാരനായിരുന്നു അദ്ദേഹം. കൂടെയുള്ളവരെ ധാരാളമായി സംസാരിപ്പിക്കും. സശ്രദ്ധം അത് കേട്ടിരിക്കും. അതുകൊണ്ട് തന്നെ ഏതൊരാളുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ അദ്ദേഹത്തിനറിയാനാകും. പക്ഷേ, ദൗര്‍ബല്യങ്ങള്‍ സാദിഖ് മൗലവിയെ അസ്വസ്ഥപ്പെടുത്തിയില്ല. പ്രവര്‍ത്തകരുടെ കഴിവുകളില്‍ ആവേശം കൊള്ളുകയും ചെയ്തു. രഹസ്യങ്ങള്‍ രഹസ്യങ്ങളായി അദ്ദേഹത്തിന്റെ മനസ്സില്‍ മാത്രം ഒതുങ്ങി. ഇന്നെല്ലാവരും പറയുന്ന  വ്യക്തി/ കുടുംബ കൗണ്‍സിലിംഗിന്റെ അടിസ്ഥാന തത്വങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പ്രയോഗവല്‍ക്കരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ധാരാളമായി കേള്‍ക്കാനുള്ള സന്നദ്ധതയും അസാധാരണ ഓര്‍മശക്തിയും കൊണ്ടുതന്നെ സമുദായത്തിനു പുറത്ത്, സഹോദര സമുദായങ്ങളിലും ധാരാളം അടുത്ത സൗഹൃദങ്ങള്‍ സാദിഖ് മൗലവിക്കുണ്ടായിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പരന്നു കിടക്കുന്ന സൗഹൃദവലയമാണത്. വിവിധ തരക്കാരും പ്രായക്കാരും അതിലുള്‍പ്പെടുന്നു. അത്യസാധാരണ ഓര്‍മ ശക്തി പടച്ച തമ്പുരാന്‍ സാദിഖ് മൗലവിക്ക് കനിഞ്ഞേകിയിരുന്നു. വായിച്ചതും കേട്ടതും കണ്ടതുമെല്ലാം അതുപോലെ മനസ്സില്‍ പതിയും; എന്നെന്നേക്കുമായി. മക്കളുടെ പഠനാവശ്യാര്‍ഥമാണ് വീട്ടില്‍ സയ്യിദ് മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ വാങ്ങേണ്ടി വന്നതെന്ന് അദ്ദേഹം തന്നെ അനുസ്മരിച്ചിട്ടുണ്ട്. 'പഠിപ്പിച്ചതൊക്കെ ഓര്‍മയുണ്ടാകുമെങ്കിലും എല്ലാവരും നോട്ടെഴുതുന്നത് കൊണ്ട് നീയും നോട്ടു പുസ്തകം കൊണ്ട് വന്ന് അതെഴുതിയെടുക്കണ'മെന്ന് ഉസ്താദ് നിര്‍ദേശിച്ചതും സാദിഖ് മൗലവിയുടെ അനുഭവമാണ്.

ജീവിത പ്രാരാബ്ധങ്ങളെ കുറിച്ച് അദ്ദേഹം അസ്വസ്ഥനായില്ല. ജമാഅത്തിന്റെ വിവിധ ഉത്തരവാദിത്തങ്ങളേല്‍പിച്ചപ്പോഴൊന്നും വേതനം എത്രയെന്ന് അദ്ദേഹം നോക്കാറേയില്ല. പൂര്‍ത്തീകരിക്കേണ്ട ആവശ്യങ്ങളുടെ പട്ടികയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കിട്ടിയതുകൊണ്ട് സന്തോഷപൂര്‍വം ജീവിക്കാന്‍ തീരുമാനിച്ച വ്യക്തിത്വം. അദ്ദേഹം ഏറ്റുവാങ്ങേണ്ട വലിയൊരു തുക ഇന്നും ജമാഅത്തിന്റെ കണക്കു പുസ്തകത്തിലുണ്ട്. ബൈത്തുല്‍മാലില്‍ പണമില്ലാതാകുമ്പോള്‍ എടുത്തുപയോഗിക്കാമല്ലോ എന്നാണ് സാദിഖ് മൗലവിയുടെ ന്യായം.

കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇത്രമേല്‍ സഞ്ചരിച്ച നേതാക്കളും വിരളമായിരിക്കും; പരിപാടികള്‍ക്കല്ല; പ്രവര്‍ത്തകരെ കാണാനും സംസാരിക്കാനും. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഉത്തര കേരളത്തിലുമെല്ലാം പലതവണ മേഖലാ നാസിമായി. അന്യ നാട്ടില്‍ പോലും അദ്ദേഹം വാടകക്കൊരു മുറിയെടുത്തില്ല. താമസം സഹപ്രവര്‍ത്തകരുടെ വീട്ടില്‍, അല്ലെങ്കില്‍ പള്ളിയില്‍. രണ്ടും ഒത്തു കിട്ടിയില്ലെങ്കില്‍ ഒരല്‍പം ദൂരത്തേക്ക് ഒരു ബസ് യാത്ര, തിരിച്ച് അതേ സ്ഥലത്തേക്ക് തന്നെ വീണ്ടും യാത്ര. കുറഞ്ഞ ചെലവില്‍ കൊതുകുകടിയേല്‍ക്കാതെ ഒരുറക്കം അതിനിടക്ക്  സാധ്യമാവുമെന്നായിരുന്നു സാദിഖ് മൗലവിയുടെ നിലപാട്.

ആദര്‍ശത്തിലെന്ന പോലെ സ്വന്തം നിലപാടിലും സ്ഥിരതയുള്ള വ്യക്തിയായിരുന്നു സാദിഖ് മൗലവി. കാലമെത്ര മാറി, ആളുകളെത്ര മാറി. എന്നാല്‍ പഴയ സാദിഖ് മൗലവി തന്നെയായിരുന്നു പുതിയ സാദിഖ് മൗലവിയും- അതേ വേഷം, അതേ ശരീര ഭാഷ, അതേ ജീവിത ശൈലി.

മതപണ്ഡിതനായിരുന്നു സാദിഖ് മൗലവി. കേവല മതപണ്ഡിതനായിരുന്നില്ല. മതഗ്രന്ഥങ്ങള്‍ക്കപ്പുറം പരന്ന വായനയുടെ ഉടമയായിരുന്നു അദ്ദേഹം. കഥയും കവിതയും സാഹിത്യവും നാടകവുമെല്ലാം ആ വായനയില്‍ കടന്നു വന്നു, ആ വ്യക്തിത്വത്തെ പുഷ്ടിപ്പെടുത്തി. വായിച്ചു തള്ളുകയല്ല, ഓരോന്നിനെ കുറിച്ചും നിലപാട് രൂപീകരിക്കാനും അദ്ദേഹത്തിനായി. എന്നാല്‍ അത്തരം വായനയുടെ ഉടമയാണെന്നറിയിക്കുന്നതില്‍ തെല്ലുമേ താല്‍പര്യം ഇല്ലായിരുന്നു. വ്യക്തി സംഭാഷണങ്ങളില്‍ അത്തരം വിഷയങ്ങള്‍ കടന്നു വന്നാല്‍ ആ ശരീരവും വസ്ത്രങ്ങളും നല്‍കുന്ന നിര്‍വചനങ്ങളില്‍ നിന്ന് സാദിഖ് മൗലവി പതുക്കെ പുറത്തു കടക്കുന്നതു കാണാം.

പ്രസ്ഥാനത്തോടുള്ള അളവറ്റ പ്രതിബദ്ധതയുടെയും തകര്‍ക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും പേരാണ് സാദിഖ് മൗലവി. വിവിധ ഉത്തരവാദിത്തങ്ങളേല്‍പ്പിക്കപ്പെട്ടപ്പോഴൊന്നും ഒഴിഞ്ഞുമാറാന്‍ അദ്ദേഹം പഴുതുകള്‍ അന്വേഷിച്ചില്ല. ഒഴികഴിവുകളും പറയാനുണ്ടായിരുന്നില്ല. ഞെട്ടിപ്പിക്കുന്ന ഏതു വാര്‍ത്തയും ഏതു പ്രതിസന്ധിയും സാദിഖ് മൗലവിയുടെ പുഞ്ചിരിക്കു മുന്നില്‍ കീഴടങ്ങും. കുലുങ്ങാത്ത മനസ്സ്, സമര്‍പ്പിത വ്യക്തിത്വം.

പ്രസ്ഥാന പരിപാടികള്‍ കഴിഞ്ഞാല്‍ പിന്നെ, സാദിഖ് മൗലവി കുടുംബത്തോടൊപ്പമായിരിക്കും. വീട്ടില്‍ പൂമുഖത്ത്, ഭാര്യയോടൊപ്പം അടുക്കളപ്പണിയില്‍, മക്കളോടൊത്തുള്ള ദീര്‍ഘ സംഭാഷണങ്ങള്‍... എല്ലാവരെയും പ്രസ്ഥാന മാര്‍ഗത്തില്‍ അണി നിരത്താന്‍ സാധിച്ചതും അതുകൊണ്ടാണ്.

ഫീല്‍ഡിലായിരിക്കുക, ഫീല്‍ഡിലായിരിക്കെ മരണം വരിക്കുക എന്നതായിരുന്നു സാദിഖ് മൗലവിയുടെ ആഗ്രഹം. ആ മോഹം പൂവണിയുന്നതിനായി അല്ലാഹുവിനോട് ആ കര്‍മയോഗി നിരന്തരം പ്രാര്‍ഥിച്ചിരിക്കാം. അത് കൊണ്ടാണല്ലോ തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ വെച്ചു തന്നെ അദ്ദേഹം അല്ലാഹുവിലേക്ക് തിരിച്ചത്.

പരിചയവും പാണ്ഡിത്യവുമുള്ള നേതാവിനെയാണ് സാദിഖ് മൗലവിയുടെ വിയോഗത്തോടെ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നഷ്ടമായത്. ഈ വിടവ് നികത്താന്‍ അല്ലാഹു ഇസ്‌ലാമിക പ്രസ്ഥാനത്തെ സഹായിക്കുമാറാകട്ടെ. അദ്ദേഹത്തിന്റെ നല്ല മാതൃകകള്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ. പടച്ച തമ്പുരാന്‍ സാദിഖ് മൗലവിയെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍