Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

ജനാധിപത്യത്തെ ഒബാമ വിഴുങ്ങാനെത്തിയപ്പോള്‍

എ. റശീദുദ്ദീന്‍ /ലേഖനം

         ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുത്തപ്പോള്‍ റയ്‌സിനാ കുന്നിറങ്ങി രാജ്പഥിലൂടെ നീങ്ങിക്കൊണ്ടിരുന്ന ആയുധങ്ങള്‍ക്കും ആ പരേഡിനു തന്നെയും നമ്മുടെ സാമ്രാജ്യത്വവിരുദ്ധ നയങ്ങളുടെ പഴങ്കഥകളാണ് പറയാനുണ്ടായിരുന്നത്. സ്വന്തം ജനതയുടെ മുമ്പില്‍ ആയുധം പ്രദര്‍ശിപ്പിച്ച് ആത്മസായൂജ്യമടയുന്ന ഈ ചടങ്ങു പോലും റഷ്യയില്‍ നിന്ന് കടം കൊണ്ടതായിരുന്നുവല്ലോ. ആണവ ശക്തിയെന്നും മൂന്നാം ലോകത്തെ ഉയര്‍ത്തെണീക്കുന്ന സിംഹമെന്നും ഇന്ത്യക്കാരന്‍ അഹങ്കരിച്ചു നടന്ന കാലത്തത്രയും ഈ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റുമാരിലൊരാള്‍ പോലും പങ്കെടുത്തിരുന്നില്ല. എന്നു മാത്രമല്ല അമേരിക്കക്കും റഷ്യക്കുമിടയില്‍ ഇന്ത്യ പുലര്‍ത്തിപ്പോന്ന ചേരിചേരാ നയത്തിനും നമ്മുടെ സവിശേഷമായ പാക് -ചൈനാ തര്‍ക്കങ്ങള്‍ക്കുമൊക്കെ ഈ പരേഡുമായി ബന്ധമുണ്ടായിരുന്നു. നീണ്ട 66 വര്‍ഷമായി അമേരിക്ക അവഗണിച്ച ഈ പരേഡില്‍ സാക്ഷിയാവാനെത്തിയ ബറാക് ഒബാമ വല്ലാത്തൊരു ഔദാര്യമാണ് ഇന്ത്യയോടു കാണിച്ചത്. സ്ഥാനാരോഹണ ചടങ്ങിലല്ലാതെ ഇത്രയും സുദീര്‍ഘമായ സമയം അമേരിക്കന്‍ പ്രസിഡന്റുമാര്‍ തുറസ്സായ വേദികളില്‍ ഇരിക്കാറില്ല. അമേരിക്കന്‍ സുരക്ഷാ സൈനികരുടെ കണക്കനുസരിച്ച് ദല്‍ഹിയിലെ അന്തരീക്ഷവായുവില്‍ കാര്‍ബണ്‍ മാലിന്യങ്ങളുടെ തോത് അപകടകരമാംവിധം കൂടുതലായിരുന്നു. പരേഡ് കാണാനായി ഒബാമ ഇരുന്ന അത്രയും സമയം അദ്ദേഹത്തിന്റെ വിലപിടിച്ച ജീവിതത്തില്‍ നിന്ന് ആറു മണിക്കൂര്‍ നഷ്ടപ്പെടുത്താന്‍ മാത്രം അപകടകരമായിരുന്നുവത്രേ. പക്ഷേ, ആസുരബാണങ്ങളുടെയും ആണവ യന്ത്രങ്ങളുടെയും കച്ചവടസാധ്യതകള്‍ കുതിച്ചുയരുന്ന കാലത്ത് ഇത്തരം ആശങ്കകള്‍ പരിഗണിക്കുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല.

1600-ഓളം പ്രതിനിധികളാണ് അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ഇന്ത്യയിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 400. ദല്‍ഹി നഗരത്തെ മണത്തു ശുദ്ധീകരിക്കാന്‍ കൊണ്ടുവന്ന നായകള്‍ മാത്രമുണ്ടായിരുന്നു 40 എണ്ണം. ഇക്കൂട്ടത്തില്‍ ചിലത് ഓഫീസര്‍ റാങ്കിലുള്ളവയായതു കൊണ്ട് പഞ്ചനക്ഷത്ര സ്യൂട്ട് റൂമുകള്‍ തന്നെ അവയ്ക്കായി തുറന്നുകൊടുക്കേണ്ടി വന്നു. ഒബാമക്കു വേണ്ടി ഇന്ത്യയിലെത്തിയ അമേരിക്കന്‍ രഹസ്യ പോലീസ് കഴിഞ്ഞ രണ്ടു മാസമായി ദല്‍ഹി പോലീസിനെ വെള്ളം കുടിപ്പിക്കുന്നുണ്ടായിരുന്നു. 15,000 സിസി ടീവികള്‍ സ്ഥാപിച്ച് ദല്‍ഹിയെ മൂന്നു ദിവസം അമേരിക്കന്‍ പോലീസ് അരിച്ചു പെറുക്കി. പ്രസിഡന്റിന്റെ സുരക്ഷാ സൈനികര്‍ക്ക് ഇന്ത്യയിലെ പോലീസിനെ ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങള്‍ പോലും അവരാണ് അടക്കിഭരിച്ചത്. ഇംഗ്ലീഷില്‍ ബീസ്റ്റ് എന്നു പേരിട്ട, മലയാളത്തില്‍ ഭീകര ജന്തു എന്ന് അര്‍ഥമുള്ള, അമേരിക്കന്‍ പ്രസിഡന്റിന്റെ കാഡിലാക് കാര്‍ വിമാനത്തില്‍ കയറ്റി ഇന്ത്യയിലെത്തിച്ചു. 8 ഇഞ്ച് കനമുള്ള ലോഹത്തകിടു കൊണ്ടുണ്ടാക്കിയ ഈ കാറിന്റെ ചില്ലുകളുടെ കനം മാത്രം 5 ഇഞ്ച്! തീര്‍ന്നില്ല, പ്രസിഡന്റിനു കുടിക്കാനുള്ള വെള്ളം മുതല്‍ മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലെ അടുക്കളയില്‍ ഉപയോഗിക്കേണ്ട ഉപ്പു വരെ വാഷിംഗ്ടണില്‍ നിന്ന് കണ്ടൈനറുകളിലായി ഇന്ത്യയിലെത്തിച്ചു. നാണക്കേട് ഇതൊന്നുമായിരുന്നില്ല. ഇരു നേതാക്കളും ഹൈദരാബാദ് ഹൗസിന്റെ മുറ്റത്ത് ഉലാത്തി ഒടുവില്‍ മോദി ഒബാമക്ക് ഒഴിച്ചു കൊടുത്ത ചായയില്‍ പോലും അമേരിക്കക്ക് ഇന്ത്യയെ വിശ്വാസമുണ്ടായിരുന്നില്ല. ആ ചായപ്പൊടിയും അമേരിക്കയില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു.

'റിപ്പബ്ലിക് ദിനാഘോഷ'ത്തില്‍ പങ്കെടുക്കാനെത്തിയ ഒബാമയുടെ സംഘത്തില്‍ ആയുധക്കമ്പനികളുടെ പ്രതിനിധികളായിരുന്നു കൂടുതലും. ആണവോര്‍ജം, പരമ്പരാഗത ആയുധം, മിസൈലുകള്‍, അവ തൊടുക്കാനുള്ള ടാങ്കുകള്‍, പോര്‍ വിമാനങ്ങള്‍, പടക്കപ്പലുകള്‍, സ്മാര്‍ട്ട് സിറ്റികള്‍, എ.ടി.എം കാര്‍ഡുകള്‍, പുതിയ തരം വിസകള്‍... ഇവയെല്ലാം ഇന്ത്യക്കു വില്‍ക്കാനുള്ള ഏജന്റുമാരായിരുന്നു അവര്‍. നിലവില്‍ നമ്മുടെ കൈയിലുള്ളതൊക്കെ വല്ലാതെ പഴഞ്ചനായി മാറിയെന്ന് പരേഡ് കണ്ടപ്പോഴേ അമേരിക്കക്കാര്‍ക്കു മനസ്സിലായി. ഈ പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യാ മഹാരാജ്യത്തെ രക്ഷിക്കാന്‍ അമേരിക്കന്‍ ആയുധപ്പുരയുടെ അട്ടത്തുവെച്ച ഉപകരണങ്ങളെങ്കിലും നല്‍കാനുള്ള കനിവ് ഒബാമ കാണിച്ചു. രാജ്യത്തിന്റെ 7 ലക്ഷം കോടി രൂപ അമേരിക്കക്കാര്‍ക്ക് നല്‍കുന്ന 15 കരാറുകള്‍ ഒപ്പിട്ടു കൊടുത്ത് പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു. അതിന്റെ കമ്മീഷന്‍ എത്രയെന്ന് കരാറുകളില്‍ ആരും രേഖപ്പെടുത്താറില്ലാത്തത് ഭാഗ്യം, ആ ഇന്ത്യയിലേക്കു കയറ്റുമതി നടത്താനാഗ്രഹിക്കുന്ന എല്ലാ അമേരിക്കന്‍ ബ്രാന്‍ഡുകളുടെയും മാനേജര്‍മാര്‍ക്കു മുമ്പില്‍ വെയ്‌രാജാ വെയ് വിളിച്ച് പ്രധാനമന്ത്രി ഇന്ത്യയെ തുറന്നിട്ടു കൊടുത്തു. ഈ ഷൈലോക്കുമാര്‍ക്കായി മന്ത്രാലയത്തില്‍ പ്രത്യേക വകുപ്പ് തന്നെ ആരംഭിക്കുമെന്നു കൂടി അദ്ദേഹം പ്രഖ്യാപിച്ചു. മുതലാളിമാരുടെ വ്യാമോഹങ്ങള്‍ക്ക് മുകളിലൂടെ പട്ടം പറപ്പിച്ച് ഇരു നേതാക്കളും ഒന്നിനു പിറകേ മറ്റൊന്നായി ഏഴ് തവണയാണ് ചര്‍ച്ചാ മേശകള്‍ക്കു മുമ്പിലിരുന്നത്. അതിന്റെയെല്ലാം ഭാഗമായിട്ടാണ് 5700 വാക്കുകളുള്ള സംയുക്ത പ്രസ്താവന ഇരു നേതാക്കളും പുറത്തിറക്കിയതെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഒരു റേഡിയോ സംഭാഷണം ഉള്‍പ്പെടെ പൊതുജനത്തെ അഭിസംബോധന ചെയ്യുന്ന അഞ്ച് ചടങ്ങുകളിലും പലപ്പോഴായി ഒബാമ പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് രണ്ട് ദിവസങ്ങളില്‍ രണ്ട് സ്യൂട്ട് ധരിച്ചപ്പോള്‍ പ്രധാനമന്ത്രി ആറു തവണ വരെ കുപ്പായം മാറി. അതിലൊന്നില്‍ സ്വന്തം പേരു പോലും തുന്നിപ്പിടിപ്പിച്ചിരുന്നു. പത്തു ലക്ഷം രൂപയായിരുന്നു ഈ സ്യൂട്ടിന്റെ വിലയെന്ന വാര്‍ത്തകള്‍ പുറകെ എത്തിയതോടെ, അധികാരക്കസേരയില്‍ അര്‍മാദിച്ച സ്വേഛാധിപതികളെയും ഏകാധിപതികളെയുമൊക്കെ കടത്തിവെട്ടി നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി.

2009-ലെ ആണവക്കരാറില്‍ അമേരിക്ക ആവശ്യപ്പെട്ട അടിമത്തത്തിന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തലവെച്ചു കൊടുക്കാതിരുന്നതിനെ നയതന്ത്ര പക്ഷാഘാതം എന്നായിരുന്നു കോര്‍പറേറ്റ് മാധ്യമങ്ങള്‍ പേരിട്ടത്. ആ ആഘാതത്തില്‍ നിന്ന് പുതിയ പ്രധാനമന്ത്രി എങ്ങനെ ഇന്ത്യയെ മോചിപ്പിച്ചുവെന്ന് പിന്നീട് കണ്ടു. ആണവ ബാധ്യതാ കരാറില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ മോചിപ്പിക്കുകയും അവരുണ്ടാക്കാനിടയുള്ള ദുരന്തങ്ങള്‍ക്ക് ഇന്ത്യ തന്നെ നഷ്ടപരിഹാരം കൊടുക്കുകയും വേണമെന്ന ഒബാമയുടെ നിര്‍ദേശം മോദി അപ്പാടെ അംഗീകരിക്കുകയാണ് ചെയ്തത്. അമേരിക്കയിലെ അംബാസഡര്‍ ജയ്ശങ്കര്‍ സുബ്രഹ്മണ്യത്തിലൂടെ ഇങ്ങനെയൊരു ഉറപ്പ് കൈമാറിയതിനു ശേഷമാണ് ഒബാമയെ മോദി ദല്‍ഹിയിലെത്തിച്ചതെങ്കിലും ഹൈദരാബാദ് ഹൗസിന്റെ മുറ്റത്തു നടന്ന നാടകത്തിനൊടുവിലാണ് ആണവകരാറിന്റെ കെട്ടഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ജപ്പാനിലെ ഫുക്കുഷിമാ റിയാക്ടര്‍ 2011-ല്‍ തകര്‍ന്നപ്പോള്‍ അമേരിക്കന്‍ കമ്പനിയായ ജി.ഇക്ക് ഒരു നഷ്ടപരിഹാരവും നല്‍കേണ്ടിവന്നിരുന്നില്ല. എന്നല്ല ഫുക്കുഷിമയിലെ ആണവ മാലിന്യങ്ങള്‍ നീക്കാന്‍ മാത്രം 2100 കോടി ജപ്പാന് ചെലവ് വന്നുവെന്നാണ് കണക്ക്. ഈ യാഥാര്‍ഥ്യങ്ങളെ കണ്ണടച്ചിരുട്ടാക്കിയാണ് ഇന്ത്യ 1500 കോടിയുടെ ഇന്‍ഷുറന്‍സ് ഫണ്ട് രൂപീകരിച്ചത്. ഭോപാലിലെ മരണങ്ങള്‍ക്ക് യൂനിയന്‍ കാര്‍ബൈഡും കേന്ദ്രസര്‍ക്കാറും നിശ്ചയിച്ച ആളൊന്നുക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടപരിഹാരം പോലും മോദിയുടെ കാലത്ത് കിട്ടാന്‍ പോകുന്നില്ലെന്ന് ചുരുക്കം. ജപ്പാനിലെ അതേ വ്യവസ്ഥ തന്നെയാണ് അമേരിക്ക ഇന്ത്യയോടും ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. അവരുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്ക് നമ്മള്‍ നഷ്ടപരിഹാരം നല്‍കുന്നു എന്നതിലുപരി, നല്‍കുന്ന റിയാക്ടറുകളുടെ കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നതിനും ഈ കരാര്‍ വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കരാറും ഉടമ്പടിയുമൊക്കെ നേരത്തേ തയാറാക്കിയതിനു ശേഷം നടന്ന ചര്‍ച്ചാ നാടകമായിരുന്നു ഇത്തവണത്തേത്. ഒബാമയുടെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം ദല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെ ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ജയ്ശങ്കര്‍ സുബ്രഹ്മണ്യത്തെ മോദി പുതിയ വിദേശകാര്യ സെക്രട്ടറിയാക്കുകയും ചെയ്തു. പക്ഷേ അതില്‍ പോലും അമേരിക്കയുടെ ഒരു കൈയൊപ്പുണ്ട്. അമേരിക്കന്‍ പോലീസ് ഉടുവസ്ത്രമഴിച്ചു പരിശോധന നടത്തിയെന്ന് ആരോപിക്കപ്പെട്ട ദേവയാനി കോബ്രഗഡ വിഷയത്തില്‍ തിരിച്ചടിയെന്നോണം അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ദല്‍ഹിയില്‍ ശക്തമായി നടപടിയെടുത്ത, ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞ സുജാതാ സിംഗിനെ കസേരയില്‍ നിന്നു വലിച്ചു പുറത്തിടാനും മോദി തയാറായി.

കിട്ടുന്ന ഓരോ അവസരത്തിലും ഇന്ത്യന്‍ പക്ഷത്തിന് അടി കൊടുക്കുകയാണ് യഥാര്‍ഥത്തില്‍ ബറാക് ഒബാമ ചെയ്തുകൊണ്ടിരുന്നത്. പലപ്പോഴും അമേരിക്കയുടെ ഈ അഹങ്കാരം ഇന്ത്യക്ക് നിശ്ശബ്ദം സഹിക്കേണ്ടി വന്നു. ബറാക്, ബറാക് എന്നിങ്ങനെ 17 തവണയാണ് മോദി ഈ സന്ദര്‍ശനകാലത്ത് അമേരിക്കന്‍ പ്രസിഡന്റിനെ പൊതുവേദിയില്‍ അഭിസംബോധന ചെയ്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രിയെ 'ദാമോദര്‍ ദാസ്' എന്നോ 'നരേന്ദ്ര' എന്നോ ഒബാമ തിരികെ വിളിച്ചില്ല. അതായത് പേര് വിളിക്കാന്‍ മാത്രമൊന്നും സൗഹൃദം തമ്മിലില്ലെന്ന് യു.എസ് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഭംഗ്യന്തരേണ ഓര്‍മിപ്പിച്ചു. മോദി എന്ന വ്യക്തിയെ അല്ല അദ്ദേഹം ഇരിക്കുന്ന കസേരയെ ആണ് അമേരിക്ക അംഗീകരിച്ചതെന്നാണ് ഇതിന്നര്‍ഥം. ഇന്ത്യയുടെ വികസനത്തെ കുറിച്ച് ബി.ജെ.പി പ്രചരിപ്പിച്ച കണക്കുകള്‍ മോദിയെ വേദിയിലിരുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് പൊളിച്ചടുക്കിയത്. മൊത്ത വളര്‍ച്ചാ നിരക്കും ബാലന്‍സ് ഷീറ്റുകളുമല്ല വികസനത്തിന്റെ അടിസ്ഥാനമെന്നും രാജ്യത്തെ ദരിദ്രരുടെയും മധ്യവര്‍ഗക്കാരുടെയും ജീവിത സാഹചര്യം മെച്ചപ്പെടുമ്പോഴാണ് വികസനം യാഥാര്‍ഥ്യമാകുന്നതെന്നും ഇന്തോ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കവെ ഒബാമ ചൂണ്ടിക്കാട്ടി. മോദിയുടെ ഗുജറാത്ത് മോഡല്‍ ജി.ഡി.പിയെ കുറിച്ച ഈ സത്യം മാധ്യമങ്ങള്‍ എക്കാലത്തും മൂടിവെച്ച ഒന്നായിരുന്നല്ലോ.

ഇന്ത്യയുടെ യഥാര്‍ഥ ബിസിനസ് പങ്കാളിയാണ് അമേരിക്കയെന്ന് മോദി സര്‍ക്കാര്‍ വായ്ക്കുരവ ഇടുമ്പോഴും ആയുധങ്ങളും ആണവക്കരാറുകളുമല്ലാത്ത ഇന്തോ- അമേരിക്കന്‍ ബിസിനസ് ഒരു ചുക്കുമല്ലെന്നായിരുന്നു ഒബാമയുടെ സൂചന. യൂറോപ്പിലേക്ക് അമേരിക്ക കയറ്റുമതി ചെയ്യുന്നതിന്റെ ഒരു ശതമാനമാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. ചൈനയുമായി അമേരിക്ക 560 ബില്യന്‍ ഡോളറിന്റെ കച്ചവടം ചെയ്യുമ്പോള്‍ ഇന്ത്യയുമായി 100 ബില്യന്‍ മാത്രമേ നടക്കുന്നുള്ളൂ. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ രണ്ടു ശതമാനമാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് വാങ്ങുന്നത്. ഒരു ഭാഗത്ത് പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും മധ്യവര്‍ഗ സമൂഹത്തിന്റെയുമൊക്കെ കാര്യം പറയുന്നതിനിടയില്‍ തന്നെ ജീവന്‍രക്ഷാ മരുന്നുകളുടെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒബാമ ഇന്ത്യയുടെ കഴുത്തിനു പിടിക്കുകയും ചെയ്തു. അവാക്‌സ്, ഓക്‌സ്ഫാം, ആംഫാം, ഗാപ് മുതലായ അമേരിക്കന്‍ ആരോഗ്യ സംഘടനകള്‍ പോലും വില കുറഞ്ഞ ഇന്ത്യന്‍ മരുന്നുകളുടെ വിപണന അവകാശം സംരക്ഷിക്കണമെന്നാണ് ഒബാമക്കു നല്‍കിയ നിവേദനം. പക്ഷേ ആഗോള മരുന്നു ഭീമന്മാരുടെ നിലപാടുകളാണ് ഒബാമ ചര്‍ച്ചയില്‍ ഏറ്റുപിടിച്ചത്. ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ ഇന്തോ അമേരിക്കന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായികളെ അഭിസംബോധന ചെയ്യവെ മോദി അറിയിച്ചു.

അമേരിക്ക വിരല്‍ വെക്കാന്‍ പറഞ്ഞിടത്ത് ഇങ്ങനെയൊക്കെ ഉരലു വെച്ചു കീഴടങ്ങിയിട്ടും സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒരു രാഷ്ട്രീയ വെടിയും കൂടി പൊട്ടിച്ചാണ് ഒബാമ മടങ്ങിയത്. ഗോഡ്‌സെയും ഹറാം സാദയും ഘര്‍വാപസിയും ത്രിലോക്പുരിയുമൊക്കെയായി ഇന്ത്യയില്‍ പിടി മുറുക്കുന്ന വലതുപക്ഷ വര്‍ഗീയതയെ അമേരിക്കന്‍ പ്രസിഡന്റ് പരസ്യമായി വിമര്‍ശിച്ചു. കറുത്തവനും വെളുത്തവനും തമ്മിലും, താടിയുള്ളവനും ഇല്ലാത്തവനും തമ്മിലും അദ്ദേഹത്തിന്റെ നാട്ടിലും ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും മതങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാവാത്തിടത്തോളം ഇന്ത്യ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നാണ് ഒബാമ ചൂണ്ടിക്കാട്ടിയത്. പിന്നീട് അമേരിക്കയിലെത്തി ഈ മുറിവില്‍ ഒരിക്കല്‍ കൂടി ഉപ്പുതേച്ച് അമേരിക്ക മോദിയെ കൂടുതല്‍ പരിഹാസ്യനാക്കി മാറ്റി. ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ രാജ്യത്തുടനീളം നടക്കുന്ന വംശീയ വിദ്വേഷ പ്രചാരണങ്ങളെ കുറിച്ച് ഒബാമക്ക് ഹ്യൂമന്‍ റൈറ്റ് വാച്ച് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പരാമര്‍ശം ഉണ്ടായതത്രേ. ഇതേ ഹ്യൂമന്‍ റൈറ്റ് വാച്ച് നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും കാലം മോദിക്ക് അമേരിക്ക വിസ നിഷേധിച്ചതെന്നും ചേര്‍ത്തു വായിക്കുക. എന്തായാലും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വീഡിയോ ക്ലിപ്പില്‍ പ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കാണാനില്ലായിരുന്നു.

ഈ സന്ദര്‍ശനത്തില്‍ ഇന്ത്യ ഒപ്പുവെച്ച സുപ്രധാനമായ കരാര്‍ ഇന്ത്യന്‍, പസഫിക് മഹാസമുദ്രങ്ങളിലെ ജലപാതകളുമായി ബന്ധപ്പെട്ടതായിരുന്നു. ദക്ഷിണ ചൈനാ സമുദ്രത്തില്‍ സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്ന് ഒബാമയും മോദിയും ഇന്ത്യാ സന്ദര്‍ശനത്തിനിടെ സംയുക്തമായി പ്രസ്താവനയിറക്കിയ അവിവേകം അവിടെ നില്‍ക്കട്ടെ. അമേരിക്കന്‍ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ നേരിട്ട ആദ്യത്തെ ചോദ്യം പോലും റഷ്യയുടെ ഉക്രയിന്‍ ആക്രമണവുമായി ബന്ധപ്പെട്ടതായിരുന്നു. ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങള്‍ ആയിരുന്നില്ല ഇവയൊന്നും. ചൈനയുമായി ഉടക്കിയതു കൊണ്ട് പ്രതിരോധ മേഖലയിലെ ചെലവ് വര്‍ധിപ്പിക്കാമെന്നല്ലാതെ മറ്റ് നേട്ടങ്ങളൊന്നും ഇന്ത്യക്ക് ഉണ്ടായിരുന്നുമില്ല. രാഷ്ട്ര നിര്‍മാണ മേഖലയില്‍ ഇന്ത്യ ചെലവഴിക്കേണ്ട പണം അന്താരാഷ്ട്ര ആയുധക്കച്ചവടക്കാര്‍ക്കും അവരുടെ കമ്മീഷന്‍ ഏജന്റുമാര്‍ക്കും തീറെഴുതുന്ന കരാറുകളായിരുന്നു ഒപ്പുവെച്ചവയുടെ സിംഹോഹരിയും. ചൈനക്കെതിരെ അമേരിക്ക മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ ഒരു ചര്‍ച്ചപോലും ഇല്ലാതെ ഒപ്പിട്ടു കൊടുത്ത ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറി. ഇത്രയും വിധേയത്വം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

സംഘര്‍ഷത്തിന്റെ നാളുകളാണ് ഇന്തോ-യു.എസ് സംയുക്ത പ്രസ്താവന ബാക്കിവെച്ചതെന്ന് അയല്‍പക്ക രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ തെളിയിച്ചു. ഒബാമയുടെ സന്ദര്‍ശന കാലയളവില്‍ ചൈനയുടെ പിന്തുണ തേടി പാക് സര്‍വ സൈന്യാധിപന്‍ റാഹീല്‍ ശരീഫ് ബീജിംഗിലെത്തി. ഈ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് ചൈന നല്‍കിയത്. റഷ്യയും ഈ മുന്നണിയില്‍ ചേരുന്നതോടെ അമേരിക്കയുടെ സൈനിക സഖ്യശക്തിയായി മാറാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഇന്ത്യക്കു മുമ്പില്‍ രൂപം കൊള്ളുന്നത്. ഒബാമ മടങ്ങിപ്പോയതിനു പിന്നാലെ ചൈനയിലേക്കു പുറപ്പെട്ട കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കിയിട്ടില്ലെന്നാണ് സൂചനകള്‍. ഉഭയകക്ഷി മേഖലയില്‍ ഇതുവരെ നടന്ന ചര്‍ച്ചകള്‍ വ്യാപാര മേഖലയിലും അതിര്‍ത്തിയിലും മികച്ച ഫലം നല്‍കുമ്പോള്‍ ഇന്ത്യ ഇത്തരമൊരു ശത്രുതാപരമായ കരാറില്‍ ഏര്‍പ്പെടരുതായിരുന്നു എന്നാണ് ചൈനയുടെ പ്രതികരണം. വികസനമെന്നത് ആയുധക്കച്ചവടത്തിന്റെ ഓമനപ്പേരായി മാറുന്ന ലോകത്ത് ഇന്ത്യയുടെയും അമേരിക്കയുടെയും ഇരു രാജ്യങ്ങളിലെയും കുത്തകകളുടെയും ജി.ഡി.പി കുതിച്ചുയരുമായിരിക്കാം. പക്ഷെ സാധാരണക്കാരന്റെ ജി.ഡി.പി മെച്ചപ്പെടുത്തുന്ന ഒന്നും ഒബാമ ഇന്ത്യക്ക് നല്‍കുന്നതിലില്ലായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍