പോത്ത് പൂമരച്ചോട്ടില്‍
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
പോത്ത്
പൂമരച്ചോട്ടില്‍
കാതിലാരോ വേദമോതിയതിനോട്പ്രതികരിച്ചില്ലെന്ന
പച്ചനുണ പടച്ചുണ്ടാക്കി
പണ്ടുമുതലേ വംശത്തെയൊന്നാകെ
അവഹേളിച്ചുകൊണ്ടിരിക്കുന്നു.
ചുകപ്പ് കണ്ട കാളയെപ്പോലെ എന്ന
ചൊല്ലുകൊണ്ട്
സഹോദര സമുദായത്തെയും
കൊല്ലാക്കൊല ചെയ്യുന്നു.
മറ്റൊരു വംശഹത്യാ ചൊല്ലുകൂടി
മെനയാനവസരമുണ്ടാക്കി
കൂടുതല്‍ അധഃകൃത ഭാരം
ശ്രേഷ്ഠ കിരീടമണിഞ്ഞെഴുന്നള്ളുന്ന
ഭാഷയ്ക്കുമേല്‍ കെട്ടിവെക്കേണ്ടെന്ന
ഔചിത്യബോധം കൊണ്ടോ എന്തോ,
അത് തലയുയര്‍ത്തി നോക്കിയതേയില്ല.
പൂതലിക്കാത്തതാം ജീവിത—-
ക്കാതല്‍ മരത്തിലെ
ഋതുഭേദ സൗന്ദര്യ
ഭാവ ഹാവങ്ങളിലേക്കോ
പ്രണയവസന്ത പരാഗം
വാരിയണിഞ്ഞു പറന്നുല്ലസിക്കും
തൈമണിക്കാറ്റിന്‍ കുശുമ്പിലേക്കോ
കവിഭാവനപോലെ കാടുകയറിയുമില്ല.
ഹാ, വസന്തം മരക്കൊമ്പുകളെ
മുത്തി ചുവപ്പിച്ചു ചെയ്യുന്നതെന്തെന്ന്
വിസ്മയക്കണ്ണു തുറന്നുമില്ല.
പകരം,
എവിടെയുമെന്ന പോലെ അവിടെയും
അത് നിലംപറ്റിയ പുല്ലിലേക്ക്
തല താഴ്ത്തി, ചാണകമിട്ടു.
തൃപ്തിയോ അതൃപ്തിയോ
വിളംബരപ്പെടുത്തി ചെറുതായൊന്നമറി.
എന്നിട്ട്,
എവിടേക്കു വേണമെങ്കിലും എന്ന മട്ട്
വാലാട്ടി, തല തലയാട്ടി പതുക്കെ നടന്നു.
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
മുഹമ്മദ്
വെളിച്ചത്തെ തോല്പ്പിക്കാന്ഇരുട്ടിനെ മഷിതേച്ച്
കറുപ്പിച്ചു ഒരുവന്‍...!
അവന്റെ ചോരയില്‍
അത്താഴമുണ്ടു
മറ്റൊരുത്തന്‍...!
അവരൊക്കെ ചാര്‍ത്തിത്തന്ന
കൊമ്പും ദംഷ്ട്രയും
മായ്ചു കളഞ്ഞ്
മുഹമ്മദിപ്പഴും
പാരീസിലുണ്ട്...
ശിരോവസ്ത്രം
കീറിയെറിഞ്ഞ്
തെരുവിലിറക്കപ്പെട്ട
പതിതസ്ത്രീക്കൊപ്പം..
പാരീസിന് പറയാനുണ്ട്
ഒരുപാട്..
നിങ്ങള്‍ ബധിരരല്ലെങ്കില്‍..
ഹേ.. തോക്കെടുത്ത
തെരുവുതെമ്മാടി..!
നിന്റെ സുരക്ഷയിലല്ല
മുഹമ്മദ്..
ആ ചരിത്രത്തിന്
ഹിമാലയത്തോളം
പൊക്കമുണ്ട്..
എഴുതിത്തീര്‍ത്തത്
ഒരു നൈലോളം വരും..
ജീവിതത്തിന്
മണ്ണിന്റെ മണമാണ്..
കണ്ണീര് കാണുന്ന
കണ്ണുകളുണ്ട്...
വരൂ എന്റെ കൂടെ..!
ചരിത്രം ഇമ മൂടാത്ത
ഫലസ്തീന്റെ മണ്ണിലേക്ക്...
കണ്ണീരോടെ കാണൂ..
കൊന്നുതള്ളിയ
കുഞ്ഞുമക്കളെ..
കാണാത്ത മുഹമ്മദിനെ
നെഞ്ചേറ്റിയ
വീരകൗമാരങ്ങളെ..
മുഹമ്മദിനെ 'കാക്കാ'നായി
കൈവെട്ടി മാളത്തിലൊളിച്ചവനേ..
തലവെട്ടി സ്വന്തം
മുഖത്തടിച്ചവനേ..
തലമുടിവെള്ളത്തില്‍
'സ്വര്‍ഗം' തീര്‍ത്തവനേ..
നിനക്ക് കാണാത്തത്രയും
ഉയരത്തിലാണ്
നിനക്ക് കേള്‍ക്കാത്തത്രയും
ഉച്ചത്തിലാണ്..
ഈ തെരുവിലാണ്..
ഈ തണലിലാണ്, മുഹമ്മദ്.
സജദില്‍ മുജീബ് തോട്ടുങ്ങല്‍
മനസ്സ്
മതിവരുവോളം ആഗ്രഹിച്ച്ചെറിയ കനവായ് മെനഞ്ഞെടുത്തു-
അതില്‍ സ്വപ്നങ്ങള്‍ നെയ്തുവെച്ചു-
എന്നിട്ട് 'മനസ്സെന്ന്' പേരുവെച്ചു.
ഷീന ജയചന്ദ്രന്‍, പൊറൂക്കര
Comments