Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

മനുഷ്യനെ ആദരിക്കല്‍ <br>ഇസ്‌ലാമിന്റെ അടവുനയമല്ല

ഖാലിദ് മൂസാ നദ്‌വി /കവര്‍‌സ്റ്റോറി

         ദിവസവും മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നുണ്ട്. കൊല്ലുന്നവരില്‍ ജൂതനും ക്രിസ്ത്യാനിയും മുസ്‌ലിമും ഹിന്ദുവും ഉണ്ട്. മത വിശ്വാസികളും ദൈവവിശ്വാസികളും അല്ലാത്തവരും ഉണ്ട്. കൊല്ലപ്പെടുന്നവരും തഥൈവ.

പക്ഷേ, ഏറ്റവും കൂടുതല്‍ വാര്‍ത്തയാവുന്നത് മുസ്‌ലിം നടത്തുന്ന കൊലയാണ്. ഒരു മുസ്‌ലിം അല്ലെങ്കില്‍ മുസ്‌ലിം ഗ്രൂപ്പ് കൊല നടത്തുമ്പോള്‍ ലോകം കൂടുതല്‍ ഞെട്ടുകയാണ്. മറ്റു രീതിയില്‍ കൊല നടത്തുന്നവര്‍ തന്നെ പെട്ടെന്ന് അതിനെതിരെ ഒറ്റക്കെട്ടാവുന്നു. ഹിന്ദുവും ജൂതനും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റും കൊല നടത്തുമ്പോളില്ലാത്ത ഒരു പുകില്‍ മുസ്‌ലിം കൊല നടത്തുമ്പോള്‍ ലോകത്ത് കണ്ടുവരുന്നുണ്ട്.

പക്ഷപാതപരമായ ഈ പുകില്‍ നല്‍കുന്ന പാഠം മറ്റൊന്നുമല്ല. കൊലയോടല്ല പലരുടെയും എതിര്‍പ്പ്, മുസ്‌ലിം നടത്തുന്ന കൊലയോടു മാത്രമാണ്. അഥവാ മുസ്‌ലിമിനോടും ഇസ്‌ലാമിനോടുമാണ്. ഈ എതിര്‍പ്പിന്റെ കാരണം സത്യത്തോടുള്ള അസത്യത്തിന്റെ കുടിപ്പകയാണ്. അസത്യം ഒരു മുന്നണിയായിട്ടാണ് ഈ കുടിപ്പകയില്‍ പങ്കുചേരുന്നത്. അസത്യത്തിന്റെ പക്ഷം ചേരുന്ന മുസ്‌ലിം സമുദായത്തിലെ ചിലരും ഈ മുന്നണിയില്‍ ഉണ്ട്. അസത്യം ഒരു മുന്നണിയായി പക തീര്‍ക്കുന്നുവെന്നതു കൊണ്ടു മാത്രം മുസ്‌ലിം നടത്തുന്ന കൊല ന്യായീകരിക്കാവതല്ല.

ഒരു മുസ്‌ലിമിന് മുസ്‌ലിമോ അല്ലാത്തവനോ ആയ മറ്റൊരു മനുഷ്യനെ കൊല്ലാന്‍ ഇസ്‌ലാം അനുവാദം നല്‍കിയിട്ടില്ല. സ്വജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള യത്‌നത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടേക്കാം. അതാകട്ടെ ഇസ്‌ലാമിന്റെ ഒരു പ്രത്യേക നിയമമൊന്നുമല്ല. പൊതുവായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശമാണ്.

'ഒരു മതനിയമമെന്ന നിലക്ക് മുസ്‌ലിം പൗരന് അമുസ്‌ലിം പൗരനെ കൊല്ലാവുന്നതാണ്, അതില്‍ തെറ്റില്ല, അതൊരു പുണ്യകര്‍മമാണ്, മുസ്‌ലിമിന്റെ ജീവനേ വിലയുള്ളൂ, മുസ്‌ലിമിന്റേതല്ലാത്ത ജീവന്‍ വില കുറഞ്ഞതാണ്' എന്ന് ചിലരൊക്കെ പറയാറും പ്രസംഗിക്കാറുമുണ്ടെങ്കില്‍, അത് ഇസ്‌ലാമിനെക്കുറിച്ച തികഞ്ഞ അജ്ഞതയില്‍നിന്ന് ഉടലെടുക്കുന്നതാണ്.

ഭൂമിയിലെ ആദ്യത്തെ കൊലപാതകം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആനിലെ അഞ്ചാം അധ്യായം 28 മുതല്‍ 31 വരെ സൂക്തങ്ങള്‍ പ്രസ്തുത സംഭവ വിവരണമാണ്. കൊലപാതകിയുടെ എതിര്‍പക്ഷത്ത് നിന്നുകൊണ്ട് കൊല്ലപ്പെട്ടവന്റെ രാഷ്ട്രീയവും ദര്‍ശനവും പഠിപ്പിക്കുകയാണ് ഖുര്‍ആന്‍ അവിടെ ചെയ്യുന്നത്. 'നിന്നെ ഞാന്‍ കൊല്ലും' എന്ന അക്രമിയുടെ ഭീഷണിക്കെതിരില്‍ ദൈവഭക്തനായ മുസ്‌ലിം സഹോദരന്റെ നിലപാട് ഈ വിവരണത്തില്‍ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്.

1. 'മുത്തഖീങ്ങളുടെ' കര്‍മമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

2. നീ എന്നെ കൊല്ലാന്‍ കൈ ഓങ്ങിയാലും ഞാന്‍ നിന്നെ കൊല്ലാന്‍ കൈ ഓങ്ങുകയില്ല. കാരണം ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നവനാണ്.

ഈ മറുപടിയില്‍ നിന്ന് വെളിപ്പെടുന്ന അടിസ്ഥാന ദര്‍ശനം തഖ്‌വയും ഖൗഫും (ദൈവഭയം) പുലര്‍ത്തുന്ന ജീവിതത്തിന്റെ എതിര്‍പക്ഷത്താണ് കൊലപാതകം എന്നുള്ളതാണ്.

ഭൂമിയില്‍ ആദ്യം നടന്ന ഈ കൊലപാതക സംഭവ വിവരണം സാക്ഷിയാക്കി അല്ലാഹു 'മനുഷ്യ ജീവന്റെ വില'യെക്കുറിച്ച് നടത്തുന്ന പ്രഖ്യാപനമാണ് അഞ്ചാം അധ്യായത്തിലെ 32-ാം സൂക്തം. 'ന്യായ ശൂന്യമായി ഒരാള്‍ കൊല്ലപ്പെടുന്നത് തന്നെ മനുഷ്യ സമൂഹം പൂര്‍ണമായും കൊല്ലപ്പെടുന്നതുപോലെയാണെന്നും ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള യത്‌നം തന്നെ മനുഷ്യ സമൂഹത്തിന്റെ മൊത്തം ജീവന്‍ നിലനിര്‍ത്തുന്നതു പോലെയുള്ള മഹത് കര്‍മമാണെന്നും' അവിടെ അല്ലാഹു വിശദീകരിക്കുന്നു.

ഖുര്‍ആനിലെ 25-ാം അധ്യായം 68-ാം സൂക്തത്തില്‍ റഹ്മാനായ അല്ലാഹുവിന്റെ വിശിഷ്ട ഗുണങ്ങള്‍ പറയുന്നിടത്ത് 'അല്ലാഹു ആദരിച്ച മനുഷ്യനെ അന്യായമായി കൊല്ലാതിരിക്കല്‍' എന്ന ഗുണം ചേര്‍ത്തുവെച്ചത് നമുക്ക് വായിക്കാം. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാതിരിക്കല്‍, വ്യഭിചരിക്കാതിരിക്കല്‍ എന്നീ ഗുണങ്ങള്‍ പറയുന്നതിന്റെ മധ്യത്തിലാണ് 'കൊലപ്പെടുത്താതിരിക്കല്‍' എന്ന കാര്യം പരാമര്‍ശിക്കുന്നത്. 'കൊല' അല്ലാഹുവിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നുവെന്ന് വ്യക്തം.

ഖുര്‍ആന്‍ ആറാം അധ്യായം 151-ാം സൂക്തത്തിലും മൗലിക വിലക്കുകളുടെ കൂട്ടത്തില്‍ 'കൊലപാതക നിരോധം' ഉള്‍പ്പെടുത്തിയത് കാണാം.

'കൊല്ലരുത്' എന്നത് ഖുര്‍ആന്റെ ശാഖാപരമായ നിര്‍ദേശമല്ല, മൗലിക നിര്‍ദേശമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്, അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യരുത്, വ്യഭിചരിക്കരുത്, മാതാപിതാക്കളെ അവഗണിക്കരുത് തുടങ്ങിയ മൗലിക വിലക്കുകളോട് ചേര്‍ന്നു നില്‍ക്കുന്ന വിലക്കാണത്.

താലിബാനും അല്‍ഖാഇദയും ഐസിസും തലങ്ങും വിലങ്ങും കൊല നടത്തുന്നത്, അവരുടെ കാഴ്ചപ്പാടിലുള്ള മുസ്‌ലിം മാത്രമാണ് വിശുദ്ധിയും പവിത്രതയും ജീവിക്കാന്‍ അവകാശവും ഉള്ളവര്‍ എന്ന ന്യായത്തിലാണോ? അങ്ങനെയെങ്കില്‍ ആ ന്യായം ഖുര്‍ആനിക വിരുദ്ധമാണ്.

ഖുര്‍ആനില്‍ 'മനുഷ്യന്‍' തന്നെ ആദരണീയനാണ്. മനുഷ്യനെ മതനിരപേക്ഷമായി സ്‌നേഹിക്കല്‍ ഒരു ദൈവികഗുണമാണ്. അതുകൊണ്ടാണല്ലോ അല്ലാഹുവിനെ 'റഹ്മാന്‍' എന്ന് വിളിക്കുന്നത്. അല്ലാഹുവിനെ അനുസരിക്കുന്നവരോടും അനുസരിക്കാത്തവരോടും അല്ലാഹു കരുണ ചെയ്യുന്നുവെന്നതിന്റെ തെളിവ് ഈ ഭൂമിയിലെ നമ്മുടെ അനുഭവങ്ങള്‍ തന്നെയാണ്. കാഫിറിന്റെയും മുഅ്മിനിന്റെയും മുശ്‌രിക്കിന്റെയും ഫാസിഖിന്റെയും ചെടിയില്‍ പൂ വിരിയുന്നതും, പച്ചക്കറി തോട്ടം കായ്ക്കുന്നതും വാഴ കുലയ്ക്കുന്നതും ആര് വലയെറിഞ്ഞാലും അതില്‍ മീന്‍ കുടുങ്ങുന്നതും നമ്മുടെ നിത്യ കാഴ്ചയല്ലേ. മതനിരപേക്ഷമായ ദൈവിക സ്‌നേഹ പ്രകടനത്തിന് ഇതിലും വലിയ ഉദാഹരണം മറ്റെന്തു വേണം?

''ആദമിന്റെ മക്കളെയെല്ലാം നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും അവര്‍ക്ക് നാം യാത്രാ സൗകര്യം ചെയ്തിരിക്കുന്നു. അവര്‍ക്കെല്ലാം നാം നല്ല ഭക്ഷണം നല്‍കിയിരിക്കുന്നു. എന്റെ മറ്റേത് സൃഷ്ടിയേക്കാളും മനുഷ്യര്‍ക്ക് നാം ശ്രേഷ്ഠത കൂടുതല്‍ നല്‍കിയിരിക്കുന്നു'' (അല്‍ഇസ്‌റാഅ് 70).

മനുഷ്യ സമൂഹത്തെ കുറിച്ചുള്ള ഈ മൗലിക പ്രഖ്യാപനം ഇസ്‌ലാമിന്റെ അടയാളമായി ലോകസമൂഹം അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ഖിലാഫത്തും ദഅ്‌വത്തും പൂര്‍ത്തിയാവുന്നത്. അതിനു പകരം ദഅ്‌വത്ത് എന്നാല്‍ വധഭീഷണിയും, ഖിലാഫത്തെന്നാല്‍  കൊന്നു തീര്‍ക്കാനുള്ള ലൈസന്‍സുമാണെന്ന് വരുന്നത് ആര്‍ക്ക് ഗുണം ചെയ്താലും ഇസ്‌ലാമിന് ദോഷമേ വരുത്തുകയുള്ളൂ. മനുഷ്യനെ ആദരിക്കല്‍ ഇസ്‌ലാമിന്റെ അടവുനയമാണെന്ന് കരുതുന്നവര്‍ അകത്തും പുറത്തുമുണ്ട്. അബദ്ധമാണ് അവര്‍ പറയുന്നത്. മനുഷ്യനെ ആദരിക്കല്‍ തനി ഇസ്‌ലാം തന്നെയാണ്. അഖീദയുടെ ഭാഗമാണത്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതിന്റെ ഭാഗമാണത്. അസ്മാഉല്‍ ഹുസ്‌നയില്‍ നിന്ന് ലഭ്യമാകുന്ന മൂല്യവിചാരത്തിന്റെ ഭാഗമാണത്.

മക്കയില്‍ ഇസ്‌ലാം സമര്‍പ്പിച്ച പ്രബോധന ലക്ഷ്യത്തില്‍ പ്രധാനമായത്  മനുഷ്യ ജീവന്റെ പവിത്രത ഉയര്‍ത്തിപ്പിടിക്കലായിരുന്നു. ആ മാര്‍ഗത്തില്‍ തീക്ഷ്ണമായ ഒരു ട്രെയ്‌നിംഗ് പ്രോഗ്രാം തന്നെയാണ് ഇസ്‌ലാം ആവിഷ്‌കരിച്ചത്. അതാണ് 'സ്വബ്‌റ്'. ഒട്ടകം തന്റെ വളപ്പില്‍ കയറുന്നത് പോലും സഹിക്കാത്ത മനുഷ്യരോട് അല്ലാഹു പറഞ്ഞത്: 'കുഫൂഐദിയകും'- കൈകള്‍ അടക്കിവെക്കുക- എന്നാണ്. അതവര്‍ അനുസരിച്ചു; അക്രമികള്‍ക്ക് മുമ്പില്‍ 'സ്വബ്‌റും' 'ശഹാദത്തും'-സഹനവും രക്തസാക്ഷിത്വവും- പ്രതിരോധ മാര്‍ഗമായി അവര്‍ സ്വീകരിച്ചു. ദുരഭിമാനത്തിന്റെ പെണ്‍ ഹത്യകള്‍ അവര്‍ നിര്‍ത്തിവെച്ചു. അടി വാങ്ങിയും ജീവിക്കാന്‍ പഠിച്ചു. സാമൂഹിക അച്ചടക്കത്തിന്റെ മാര്‍ഗത്തിലെ ജീവാര്‍പ്പണമായി അവര്‍ സ്വബ്‌റിനെയും ശഹാദത്തിനെയും ഉള്‍ക്കൊണ്ടു. രക്തദാഹികളുടെ സംസ്‌കാരം ഉപേക്ഷിച്ച് രക്ത വിശുദ്ധി അംഗീകരിക്കപ്പെടുന്ന ഒരു സാംസ്‌കാരിക പ്രതലത്തിലേക്ക് അവര്‍ വളര്‍ന്നു. ആ വളര്‍ച്ച തൗഹീദ് പകര്‍ന്നു നല്‍കിയ സംസ്‌കാരമായിരുന്നുവെന്ന വസ്തുത മുസ്‌ലിമും മുശ്‌രിക്കും മറക്കാന്‍ പാടില്ലാത്തതാണ്.

ഭ്രൂണത്തിന് വിലയുണ്ട്, ഗര്‍ഭസ്ഥ ശിശുവിന് വിലയുണ്ട്, കുഞ്ഞിന് വിലയുണ്ട്- ആണാവട്ടെ പെണ്ണാവട്ടെ- ഈ സംസ്‌കാരം ലോകം പഠിച്ചത് ഇസ്‌ലാമില്‍ നിന്നാണ്. ഏത് മനുഷ്യ ജീവന്നും വിലയുണ്ട്- കറുത്തവനും വെളുത്തവനും. ഏത് ഭാഷ സംസാരിക്കുന്നവനും ഏത് കുടുംബത്തില്‍ പിറന്നവനും മാനുഷികമായ തുല്യ പരിഗണനയാണുള്ളത്. ഈ ബോധവും ലോകത്തിന് പകര്‍ന്നു നല്‍കിയത് ഇസ്‌ലാമാണ്. 'മനുഷ്യ ജീവന്റെ വില' എന്ന ഈ മഹത്തായ മൂല്യത്തെ കൊല്ലുന്നവരാണ് എല്ലാ തീവ്രവാദികളും ഭീകരന്മാരും. താലിബാനും മാവോയിസ്റ്റും വലതുപക്ഷ തീവ്രവാദിയും യഹൂദ വംശീയവാദിയും സംഘ്പരിവാറുമെല്ലാം ഇവിടെ ഒരേ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. നിരപേക്ഷമായ മനുഷ്യ സ്‌നേഹത്തെ റദ്ദ് ചെയ്യുന്നതാണ് ഈ പ്രത്യയശാസ്ത്രം.

ലോകത്ത് സമാധാനത്തിനു പകരം അരാജകത്വം സൃഷ്ടിക്കുന്നവരെല്ലാം ഇസ്‌ലാമിന്റെ 'നിയമവാഴ്ച' എന്ന കാഴ്ചപ്പാടിനെ ബഹുമാനിക്കാത്തവരാണ്. 'കൊല' ഉള്‍പ്പെടെയുള്ള സാമൂഹിക അച്ചടക്ക നടപടികള്‍ 'നിയമവാഴ്ച'യുടെ ഭാഗമായിട്ട് മാത്രമാണ് ഇസ്‌ലാം അനുവദിച്ചിരിക്കുന്നത്. 'നിയമവാഴ്ച'യെക്കുറിച്ചുള്ള അജ്ഞതയോ അല്ലെങ്കില്‍ അതിന്റെ നിരാകരണമോ ആണ് തീവ്രവാദവും ഭീകരവാദവും.

മദ്യപാനി ശിക്ഷിക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് 'ശിക്ഷിക്കപ്പെടണം' എന്നു തന്നെയാണ് ഇസ്‌ലാമിന്റെ മറുപടി. ഒരു മതേതര കൈയടിക്കു വേണ്ടിയും 'ശിക്ഷ വേണ്ടതില്ലാത്ത പാപമാണ് മദ്യപാനം' എന്നു പറയാന്‍ മുസ്‌ലിം ഒരുക്കമല്ല. പക്ഷേ, എങ്ങനെ ശിക്ഷിക്കണം? നിയമവാഴ്ചയിലൂടെ മാത്രം ശിക്ഷിക്കണം.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേതാണ് സകാത്ത്. അത് മുതലാളിയുടെ ഔദാര്യമല്ല. ദരിദ്രന്റെ അവകാശമാണ്. മുതലാളിയുടെ ഖജാനകളില്‍ നിന്ന് അത് പൊക്കിയെടുത്ത് ദരിദ്രന്റെ അടുപ്പിലെ തീയായും കലത്തിലെ കഞ്ഞിയായും അതിനെ മാറ്റണം. ആര്? എങ്ങനെ? 'നിയമവാഴ്ച'ക്ക് അനുവാദമുള്ള ആധികാരിക ഏജന്‍സി. ഞാനും എന്റെ അയല്‍പക്കത്തെ മുതലാളിയും തമ്മിലുള്ള മല്‍പ്പിടുത്തമല്ല അത്. സകാത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന സര്‍ക്കാറിന്റെ നടപടിക്രമം മാത്രമാണ്.

നിയമവാഴ്ചയുടെ ഈ ചാപ്റ്ററില്‍ ഇസ്‌ലാമില്‍ 'കൊല' എന്ന നടപടിക്രമവും ഉണ്ട്. പക്ഷേ അത് കൊല'പാതക'മല്ല. രാഷ്ട്രീയ ദൗത്യത്തിന്റെ നിര്‍വഹണവും നിയമവാഴ്ചയുടെ പൂര്‍ത്തീകരണവുമാണ്. രാഷ്ട്രീയ ദൗത്യ നിര്‍വഹണത്തിലും നിയമവാഴ്ചയിലും ഇസ്‌ലാം അഹിംസാ ദര്‍ശനമല്ല. ഒരു അഹിംസാ ദര്‍ശനത്തിലും രാഷ്ട്രീയ ദൗത്യവും നിയമവാഴ്ചയുടെ പൂര്‍ത്തീകരണവും ഏറ്റെടുക്കുക സാധ്യമല്ല- സിവില്‍ ബന്ധങ്ങളിലാവട്ടെ ഇസ്‌ലാം പൂര്‍ണമായും അഹിംസാ ദര്‍ശനമാണ്. എന്നാല്‍, ആത്മരക്ഷക്കായുള്ള മുഖാമുഖ സംഘര്‍ഷത്തില്‍ അക്രമി കൊല്ലപ്പെട്ടാല്‍ അത് ഹിംസയുമല്ല. 

നിയമവാഴ്ച ഉറപ്പുവരുത്താന്‍, ന്യായമായ 'വധം' ഖുര്‍ആന്‍ അംഗീകരിക്കുകയും ആ ചുമതല ഭരണകൂടത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 'വധം' ഭീകര പാതകമാണെന്ന ഇസ്‌ലാമിന്റെ മൗലിക തത്ത്വത്തില്‍ ഊന്നിയാണ് പ്രതിക്രിയാ നിലപാടും ഇസ്‌ലാം ആവിഷ്‌കരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അല്ലാഹു പറയുന്നത് 'പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവനുണ്ട്' (അല്‍ബഖറ 179) എന്ന്.

പ്രതിക്രിയയിലെ 'ജീവന്‍' എന്ന തത്ത്വം ഒരു സിവില്‍ സൊസൈറ്റിയിലെ തലങ്ങും വിലങ്ങും നടക്കുന്ന കൊലപാതകങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്നതല്ല. മറിച്ച് മനുഷ്യഹത്യകളുടെ പരമ്പരയാണത് സൃഷ്ടിക്കുക. ലോകത്തെ മുഴുവന്‍ തീവ്രവാദ ഗ്രൂപ്പുകളും ബാക്കി വെച്ചതും അതുതന്നെയാണ്.

നിയമവാഴ്ചക്കെതിരായ കലാപമാണ് തീവ്രവാദവും ഭീകര പ്രവര്‍ത്തനവും. ഖുര്‍ആനിലെ ഒരു സൂക്തവും അതിന് തെളിവല്ല. നിയമവാഴ്ചക്ക് വഴങ്ങാത്ത 'കൊല' നടത്തിയെന്നത് മൂസാ നബിക്കെതിരെ പോലും ഖുര്‍ആന്‍ ഉന്നയിക്കുന്ന കുറ്റപത്രമാണ് (അല്‍ഖസ്വസ്വ് 15-17). സിവില്‍ ലഹളയില്‍ ഇടപെട്ട മൂസാ നബിയുടെ കൈപ്രയോഗം 'കൊല'യില്‍ കലാശിച്ചപ്പോള്‍ ആ കൊല 'പൈശാചിക പ്രവര്‍ത്തനം' 'അക്രമം' 'കുറ്റവാളികള്‍ക്ക് പ്രയോജനകരമായ നടപടി' എന്നീ നിരൂപണങ്ങള്‍ക്ക് ഖുര്‍ആന്‍ വിധേയമാക്കുന്നുണ്ട്.

മൂസാ നബി ഉന്നത പൗരനാണ്. കൊല ചെയ്യപ്പെട്ടത് ഫിര്‍ഔന്റെ ഗ്രൂപ്പില്‍ പെട്ട, പ്രത്യക്ഷത്തില്‍ ശത്രു നിരയില്‍  പെട്ട ഒരു സാധാരണ പൗരനാണ്. ഒരു സാധാരണ ഖിബ്തി പൗരന്റെ ജീവന്‍ പോലും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ വിലയേറിയതാണ്. നിയമവാഴ്ചയുടെ നീതി-ന്യായ വിചാരണക്കകത്ത് അവന്‍ അപരാധിയോ നിരപരാധിയോ എന്ന് നിര്‍ണയിക്കപ്പെടാതെ, ഒരു തെരുവ് യുദ്ധത്തിന്റെ ഭാഗമായി അവന്റെ ജീവന്‍ അപായപ്പെടുത്താന്‍ ഒരു പ്രവാചകന് പോലും അധികാരമില്ലെന്ന പാഠമാണ് പ്രസ്തുത സംഭവ നിരൂപണത്തിലൂടെ ഖുര്‍ആന്‍ പ്രകാശിപ്പിക്കുന്നത്.

ഇവിടെയും നില്‍ക്കുന്നില്ല അല്ലാഹു. ഫിര്‍ഔന്റെ മുമ്പില്‍ പ്രബോധകനായി ചെല്ലുന്ന മൂസാ നബി(അ)യോട് ആ കുറ്റം ഏറ്റെടുക്കാനും അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. കൊലയും പ്രബോധനവും ഒരേ സമയം ഒത്തുപോകില്ലെന്ന് വ്യക്തം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍