തീവ്രവാദത്തില്‍നിന്ന് തിരിഞ്ഞുനടന്നവര്‍
ഈജിപ്തിലെ 'അല്‍ജമാഅ അല്‍ഇസ്‌ലാമിയ' മുസ്‌ലിം തീവ്രവാദത്തെ സംബന്ധിച്ച മികച്ച പാഠപുസ്തകങ്ങളിലൊന്നാണ്. ആശയ സമരത്തിലൂന്നിയ, ജനാധിപത്യപരവും സമാധാന പൂര്‍ണവുമായ ഇസ്‌ലാമിക പ്രവര്‍ത്തനശൈലിയില്‍ അസംതൃപ്തരായ ഒരു സംഘം വിദ്യാര്‍ഥി, യുവജനങ്ങളാണ് 1970-കളില്‍ 'അല്‍ജമാഅ അല്‍ഇസ്‌ലാമിയ'ക്ക് രൂപം നല്‍കിയത്. സാഹചര്യത്തിന്റെ പ്രതികൂലാവസ്ഥകളോടുള്ള അനിവാര്യമായ പ്രതികരണമെന്ന് വാദിച്ച് പിന്നീട് അവര്‍ സായുധ സംഘട്ടനത്തിന്റെ വഴി തെരഞ്ഞെടുത്തു. രക്തരൂഷിത ആക്രമണങ്ങളും ഒളിപ്പോരുകളും അജണ്ടയാക്കുകയും അതിനായി ഇസ്‌ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ആശയാടിത്തറ ഒരുക്കുകയും ചെയ്തു. പ്രസിഡന്റ് അന്‍വര്‍ സാദാത്തിന്റെ വധമടക്കം ഒട്ടേറെ സായുധ ഓപറേഷനുകള്‍ നടത്തി. ഒടുവില്‍, തീവ്രവാദം കൊണ്ട് ഒന്നും നേടാനാകില്ല, പലതും നഷ്ടപ്പെടുകയേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജനാധിപത്യ മാര്‍ഗത്തിലേക്ക് തിരിഞ്ഞുനടന്നതിന്റെ ചരിത്രമാണ് അല്‍ജമാഅ അല്‍ഇസ്‌ലാമിയക്ക് പറയാനുള്ളത്.
കടുത്ത നീതിനിഷേധത്താലുണ്ടാകുന്ന നിരാശ, പ്രതിയോഗികളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയാനാകാതെ അവരുടെ കെണികളില്‍ ചെന്നുചാടല്‍, ചെറുപ്രായത്തിന്റെ പക്വതക്കുറവ്, അനുഭവജ്ഞാനത്തിന്റെ അഭാവം, ഇസ്‌ലാമിക പ്രമാണങ്ങളിലും ചരിത്രത്തിലുമുള്ള പരിജ്ഞാനക്കുറവ്, വൈകാരിക വിക്ഷുബ്ധതയുടെ ആവേശത്തള്ളല്‍, ക്ഷമാപൂര്‍വം ഭാവിയെ നിര്‍മിച്ചെടുക്കാനുള്ള ദീര്‍ഘ ദൃഷ്ടിയുടെ അഭാവം തുടങ്ങിയവയാണ് തീവ്രവാദത്തിലേക്ക് തലമുറകളെ തള്ളിവിടുന്ന ഘടകങ്ങള്‍. ഈ കാരണങ്ങളെല്ലാം അല്‍ജമാഅയുടെ കാര്യത്തിലും രാസത്വരകമായി വര്‍ത്തിച്ചിട്ടുണ്ട്. 'തീവ്രവാദം' അല്‍ജമാഅയില്‍ ആരെങ്കിലും ആരോപിച്ചതോ, അന്യായമായി വിമര്‍ശിച്ചതോ അല്ല. അവര്‍ തെരഞ്ഞെടുത്ത തെറ്റായ വഴികളെ അവര്‍ തന്നെ തിരിച്ചറിയുകയും അത് സ്വയം തുറന്നുപറയുകയും ചെയ്തതാണ്. 'പുനരാലോചനകള്‍' എന്ന പേരില്‍ ഇസ്‌ലാമിക ലോകത്ത് പ്രസിദ്ധമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് 'അല്‍ജമാഅ' തിരിച്ചുപോക്ക് പ്രഖ്യാപിച്ചത്. മുബാദറതു വഖ്ഫില്‍ ഉന്‍ഫ് റുഅ്‌യതുന്‍ വാഖിഇയ്യ വനള്‌റതുന്‍ ശറഇയ്യ, ഹുര്‍മതുല്‍ ഗുലുവ്വി ഫിദ്ദീന്‍ വതക്ഫീരില്‍ മുസ്‌ലിമീന്‍, തസ്‌ലീത്വുല്‍ അദ്‌വാഇ അലാമാവഖഅ ഫില്‍ജിഹാദി മിന്‍ അഖ്ത്വാഅ്, നഹ്‌റുദ്ദിക്‌റയാത്തില്‍ മുറാജആത്തില്‍ ഫിഖ്ഹിയ്യ ലില്‍ജമാഅ അല്‍ഇസ്‌ലാമിയ, അന്നുസ്വ്ഹു വത്തബ്‌യീനു ഫീ തസ്വ്ഹീഹി മഫാഹീമില്‍ മുഹ്തസിബീന്‍ എന്നിവയാണ് തെറ്റുതിരുത്തല്‍ നയരേഖയായി അവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. യുദ്ധസംബന്ധിയായ ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഇസ്‌ലാമിക ചരിത്ര സംഭവങ്ങളും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതരുടെ ഫത്‌വകളും രചനകളും എങ്ങനെയാണ് സായുധ തീവ്രവാദത്തിന് പ്രമാണമാക്കിയതെന്നും അതില്‍ എന്തൊക്കെ തെറ്റുകള്‍ പിണഞ്ഞുവെന്നും ഈ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. അല്‍ ജമാഅയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ത്വസര്‍ അസ്സയ്യാത്തിന്റെ ലേഖന പരമ്പരയും പുനരാലോചനയുടെ ഭാഗമായി പ്രസിദ്ധീകരിക്കുകയുണ്ടായി.
പുനരാലോചനാ രേഖകള്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല, നയനിലപാടുകളിലും പ്രവര്‍ത്തന ശൈലിയിലും വലിയ മാറ്റങ്ങള്‍ വരുത്തുകയും പുതിയ കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്തു അല്‍ജമാഅ. വിശുദ്ധ ഖുര്‍ആനും വാളും ചേര്‍ത്തുവെച്ച ചിത്രത്തിന്റെ പശ്ചാത്തലത്തില്‍, 'ഫിത്‌ന ഇല്ലാതാവുകയും ദീന്‍ അല്ലാഹുവിന് മാത്രമായിത്തീരുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യുക' (അല്‍ബഖറ 193) എന്ന ആയത്ത് എഴുതിയതായിരുന്നു ആദ്യം അല്‍ജമാഅയുടെ ചിഹ്‌നം. തീവ്രവാദത്തില്‍ നിന്ന് തിരിച്ചുപോയ ശേഷം വിശുദ്ധ ഖുര്‍ആനും അതിനുതാഴെ, 'ദീന്‍ സ്ഥാപിച്ചു നിലനിര്‍ത്തുക (ഇഖാമത്തുദ്ദീന്‍), അതില്‍ ഭിന്നിക്കരുത്' (അശ്ശൂറാ:13) എന്ന ആയത്തും പുതിയ ചിഹ്‌നമായി അവര്‍ സ്വീകരിച്ചു. പുനരാലോചനക്ക് മുമ്പും ശേഷവുമുള്ള ചിഹ്‌നത്തിന്റെ സ്വഭാവവും അതിലെ ഖുര്‍ആന്‍ സൂക്തങ്ങളും മാത്രം മതി അല്‍ജമാഅയുടെ രണ്ടു ഘട്ടങ്ങളെ കൃത്യമായി അടയാളപ്പെടുത്താന്‍.
അല്‍ജമാഅയുടെ പുനരാലോചനാ രേഖകള്‍ മുസ്‌ലിം ലോകത്ത് വന്‍ സ്വീകാര്യത നേടുകയും ചര്‍ച്ചയാവുകയും ചെയ്തു. തീവ്രവാദം കൈയൊഴിച്ചതു മാത്രമല്ല, തെറ്റ് തിരുത്താനും അത് തുറന്നുപറയാനുമുള്ള അവരുടെ ആര്‍ജവവും പരക്കെ അഭിനന്ദിക്കപ്പെട്ടു. ആത്മവിമര്‍ശനം നടത്താനും ചരിത്രത്തിലെ അബദ്ധങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താനുമുള്ള അല്‍ജമാഅയുടെ ആദര്‍ശധീരത ഇസ്‌ലാമിക സമൂഹത്തിന് മാതൃകയാണെന്ന് പണ്ഡിത നേതാക്കള്‍ പ്രശംസിക്കുകയുണ്ടായി.
രൂപീകരണ ചരിത്രം
1970-കളുടെ ആദ്യ വര്‍ഷങ്ങളിലാണ് ഈജിപ്തിലെ കാമ്പസുകളില്‍ 'അല്‍ജമാഅ അല്‍ ഇസ്‌ലാമിയ'യുടെ അനൗപചാരിക തുടക്കം. കയ്‌റോ, അലക്‌സാണ്ട്രിയ യൂനിവേഴ്‌സിറ്റികളിലും അസ്‌യൂതിലെയും മറ്റും ചില കോളേജുകളിലും ദീനീ സ്വഭാവമുള്ള ചില വിദ്യാര്‍ഥി കൂട്ടായ്മകള്‍ രൂപപ്പെട്ടുവന്നു. ഇസ്‌ലാമിക താല്‍പര്യം എന്ന പൊതുസ്വഭാവം ഇവയ്ക്കുണ്ടായിരിക്കെ തന്നെ അവ ഏക സംഘടനാ രൂപം കൈക്കൊണ്ടിരുന്നില്ല. 1971-ല്‍ ഈജിപ്തിലെത്തിയ ഫലസ്ത്വീനിയായ സ്വാലിഹ് സരിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ ഈ കൂട്ടായ്മകളെ സ്വാധീനിക്കുകയുണ്ടായി. സ്വഈദ് പ്രവിശ്യയിലെ അസ്‌യൂത്വ് യൂനിവേഴ്‌സിറ്റിയില്‍ സ്വലാഹ് ഹാഷിമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ മറ്റു കാമ്പസുകളിലേക്കും വ്യാപിപ്പിക്കുകയും 'അല്‍ ജമാഅത്തുദ്ദീനിയ്യ' എന്ന പേരില്‍ അവര്‍ ഏകീകരിക്കപ്പെട്ടു തുടങ്ങുകയും ചെയ്തു. ഈജിപ്തിലെ ഏതാണ്ടെല്ലാ യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും അംഗങ്ങള്‍ ഉണ്ടായ സംഘടന 1974-ല്‍ 'അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ്യ' എന്ന പേര് സ്വീകരിച്ചു. വ്യവസ്ഥാപിത സംഘടനാ സ്വഭാവം നല്‍കുകയും 'അല്‍ അമീറുല്‍ ആം, മജ്‌ലിസുശൂറാ അല്‍ ജാമിആത്ത്, അമീര്‍' തുടങ്ങിയ നേതൃ ഘടനകള്‍ നിലവില്‍ വരികയും ചെയ്തു. അബ്ദുല്‍ മുന്‍ഇം അബുല്‍ ഫതൂഹ്, ഇസ്വാമുല്‍ ഉര്‍യാന്‍, ഹില്‍മി അല്‍ ജസാര്‍, ഇബ്‌റാഹീമു സുഅ്‌റാഫി, അബുല്‍ അലാ മാദീ, മുഹ്‌യിദ്ദീന്‍ അഹ്മദ് ഈസാ തുടങ്ങിയവരായിരുന്നു ആദ്യ ഘട്ടത്തില്‍ അല്‍ ജമാഅയുടെ നേതാക്കള്‍. സംഘടനയുടെ രൂപീകരണത്തിലും ആദ്യകാല വളര്‍ച്ചയിലും മുഖ്യ പങ്കുവഹിച്ചവര്‍ ഇവരായിരുന്നു. വിദ്യാര്‍ഥികളുടെ ഇസ്‌ലാമികവത്കരണത്തിലായിരുന്നു സംഘടനയുടെ മുഖ്യ ശ്രദ്ധ. ആത്മീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഈ ഘട്ടത്തില്‍ അല്‍ ജമാഅ സജീവമായി. മറ്റു പ്രവര്‍ത്തനങ്ങളൊന്നും സംഘടനക്ക് ഉണ്ടായിരുന്നില്ല. 1975-'76 കാലത്ത് കറം സുഹ്ദി, ഹംദി അബ്ദുര്‍റഹ്മാന്‍, ഉസാമ ഹാഫിള്, അഹ്മദ് അബ്ദു, മുഹമ്മദ് ശൗഖി അല്‍ ഇസ്‌ലാം ബൂലി, ആസ്വിം അബ്ദുല്‍ മാജിദ്, ഇസ്വാം ദര്‍ബാല, ഫുആദ് ദഹ്‌ലീബി തുടങ്ങിയ നേതാക്കള്‍ സംഘടനയില്‍ ഉയര്‍ന്നുവന്നു.
ഇഖ്‌വാനുല്‍ മുസ്‌ലിമൂനോട് ആഭിമുഖ്യമുണ്ടായിരുന്ന നേതാക്കള്‍ ആ രീതിയില്‍ അല്‍ ജമാഅയെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍, ഒരു വിഭാഗത്തിന് അതിഷ്ടപ്പെട്ടില്ല. അങ്ങനെ 1977-ല്‍ അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ ഫതൂഹ്, ഇസ്വാമുല്‍ ഉര്‍യാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കളും അനുയായികളും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഭാഗമായി. ഇഖ്‌വാന്റെ നേതൃത്വം അംഗീകരിച്ച് സമാധാനപരമായ പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നോട്ടുപോയി. കറം സുഹ്ദി, ഉസാമ ഹാഫിള്, സ്വലാഹ് ഹാശിം, ഹംദി അബ്ദുര്‍റഹ്മാന്‍, നാജിഹ് ഇബ്‌റാഹീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ മറ്റൊരു വഴിയിലൂടെയും മുന്നോട്ട് നീങ്ങി.
ഈജിപ്ഷ്യന്‍ യൂനിവേഴ്‌സിറ്റികളില്‍ ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞിരുന്ന അല്‍ ജമാഅ, 1978-ലെ കാമ്പസ് തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടി. നാജിഹ് ഇബ്‌റാഹീമിന്റെ കരുത്തുറ്റ നേതൃത്വത്തില്‍ സംഘടന കാമ്പസിനു പുറത്തേക്കും സാമൂഹിക വിഷയങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തുടങ്ങി. വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളും നാസിറിസ്റ്റ് യൂനിയനുകളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടുകൊണ്ടാണ് അല്‍ജമാഅ വളര്‍ന്നുവന്നത്. ഇത് ഏറ്റുമുട്ടലിന്റേതായ പ്രവര്‍ത്തനരീതിയും മനോഘടനയും അല്‍ജമാഅ എന്ന വിദ്യാര്‍ഥി സംഘടനയില്‍ സൃഷ്ടിച്ചിരുന്നു.
തീവ്രവാദത്തിന്റെ നിമിത്തങ്ങള്‍
1979-ല്‍ അല്‍ ജമാഅയുടെ മുതിര്‍ന്ന നേതാവ് കറം സുഹ്ദി 'തന്‍ളീമുല്‍ ജിഹാദ്' എന്ന സംഘടനയുടെ നേതാക്കളിലൊരാളായ മുഹമ്മദ് അബ്ദുസ്സലാമുമായി കൂടിക്കാഴ്ച നടത്തി. ഭരണകൂടത്തിനെതിരിലും തിന്മകള്‍ തടയാന്‍ വേണ്ടിയും സായുധ നീക്കങ്ങള്‍ നടത്തേണ്ടതിന്റെ അനിവാര്യത മുഹമ്മദ് അബ്ദുസ്സലാം, കറം സുഹ്ദിയെ ബോധ്യപ്പെടുത്തി. അല്ലാഹുവിന്റേതല്ലാത്ത നിയമങ്ങള്‍ കൊണ്ട് വിധി നടത്തുക വഴി ഭരണാധികാരി കാഫിറായെന്നും മുസ്‌ലിം വൃത്തത്തില്‍ നിന്ന് പുറത്തുപോയെന്നും, അവര്‍ക്കെതിരെ സായുധ വിപ്ലവം നടത്തി ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നുമൊക്കെ മുഹമ്മദ് അബ്ദുസ്സലാം വാദിച്ചു. ഈ ചിന്തകള്‍ കറം സുഹ്ദിയെ ആഴത്തില്‍ സ്വാധീനിക്കുക മാത്രമല്ല, അല്‍ജമാഅയുടെ കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ അദ്ദേഹം ഇത് അവതരിപ്പിച്ചപ്പോള്‍ ഏതാണ്ടെല്ലാവരും അംഗീകരിക്കുകയും ചെയ്തു. വിദ്യാര്‍ഥി സംഘടനയെന്ന നിലക്ക് അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന കാമ്പസ് സംഘര്‍ഷങ്ങളും, കണ്‍മുമ്പിലുണ്ടായിരുന്ന ചില സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളും തീവ്ര നിലപാടുകളിലേക്ക് എളുപ്പത്തില്‍ അവരെ കൊണ്ടെത്തിച്ചു. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ 'കീഴടങ്ങിയ സമാധാന കാംക്ഷികള്‍' എന്നാണവര്‍ കുറ്റപ്പെടുത്തിയത്. ആദ്യകാലത്ത് മാതൃകാപരമായി പ്രവര്‍ത്തിച്ച ഈജിപ്തിലെ വിദ്യാര്‍ഥി സംഘടനയെ വഴിതെറ്റിച്ചത് ഒന്നോ രണ്ടോ വ്യക്തികളുടെ വികല ചിന്തകളാണ്. തെറ്റ് തിരിച്ചറിഞ്ഞ് അവരത് തിരുത്തുമ്പോഴേക്കും വലിയ നഷ്ടങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരുന്നു.
ഈജിപ്തിന്റെ ദുരന്തപൂര്‍ണമായ രാഷ്ട്രീയ, സാമൂഹിക അവസ്ഥകള്‍ വിദ്യാര്‍ഥി യുവജനങ്ങളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രതികൂലാവസ്ഥകളെ ബുദ്ധിപൂര്‍വം അവലോകനം ചെയ്ത് ആരോഗ്യകരമായ പ്രവര്‍ത്തന രീതി കണ്ടെത്തുന്നതിലുള്ള പക്വതക്കുറവ് അതിന് ഗതിവേഗം വര്‍ധിപ്പിച്ചു. അനുഭവ സമ്പത്തുള്ള ഇഖ്‌വാന്റെ മുതിര്‍ന്ന നേതാക്കളുടെ ഉപദേശങ്ങള്‍ ചെവികൊള്ളാതെയാണ് ഒരു പറ്റം വിദ്യാര്‍ഥി യുവജനങ്ങള്‍ തീവ്രവാദത്തിലേക്ക് നടന്നുപോയത്.
1. ഈജിപ്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യം. 1967-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഈജിപ്തിന്റെയും സഖ്യകക്ഷികളുടെയും പരാജയം വലിയൊരു വിഭാഗത്തില്‍ കടുത്ത നിരാശയും അമര്‍ഷവും സൃഷ്ടിച്ചു. ഈജിപ്ത് ഭരണാധികാരികള്‍ പിന്നീട് അധിനിവിഷ്ട ഖുദ്‌സില്‍ നടത്തിയ സന്ദര്‍ശനം, ഇസ്രയേലുമായി ഉണ്ടാക്കിയ ക്യാമ്പ് ഡേവിഡ് കരാര്‍, ഇസ്രയേല്‍ മന്ത്രിമാരുടെ ഈജിപ്ത് സന്ദര്‍ശനം, ഇറാന്‍ ഏകാധിപതി ഷായുമായുള്ള ഈജിപ്തിന്റെ അടുപ്പം, ഷായുടെ ഈജിപ്ത് സന്ദര്‍ശനം തുടങ്ങിയവയെല്ലാം കടുത്ത എതിര്‍പ്പിന് വഴിവെച്ചു. ഇതിനെല്ലാമെതിരായി കടുത്ത പ്രതിഷേധങ്ങളുള്ള ഒരു പറ്റം മുസ്‌ലിം വിദ്യാര്‍ഥി യുവജനങ്ങളില്‍ ഈ സ്ഥിതിവിശേഷം നിരാശയും നിഷേധാത്മക ചിന്തയും വളര്‍ത്തി.
2. ഈജിപ്തിലെ കാമ്പസുകളില്‍ സജീവ സാന്നിധ്യമായിരുന്ന നാസറിസ്റ്റ് സ്റ്റുഡന്റ്‌സ് യൂനിയനുകളും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടാണ് ഇസ്‌ലാമിക വിദ്യാര്‍ഥി കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചത്. ആശയ സംവാദങ്ങള്‍ക്കപ്പുറം കായികവും സായുധവുമായ ഏറ്റുമുട്ടലുകള്‍ ഇരു വിഭാഗത്തിനുമിടയില്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളോട് തീവ്രമായി പ്രതികരിച്ച ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടനയായ അല്‍ ജമാഅ കാമ്പസിനകത്തും പുറത്തും 1978-'79 കാലത്തോടെ സായുധമായ ഇടപെടലുകള്‍ നടത്താന്‍ തുടങ്ങിയിരുന്നു. അല്‍ ജമാഅയെ തീവ്രവാദ സംഘടനയാക്കി മാറ്റിയതില്‍ കാമ്പസ് രാഷ്ട്രീയത്തിലെ പ്രവര്‍ത്തന ശൈലിയും പങ്കുവഹിച്ചു.
3. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ നീതിനിഷേധം. ഇഖ്‌വാനും മറ്റും നേരിടേണ്ടിവന്ന നിരന്തര പീഡനം, കൊലപാതകങ്ങള്‍, ജയില്‍ മര്‍ദനം, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ വിദ്യാര്‍ഥി യുവജനങ്ങളുടെ മനസ്സില്‍ അമര്‍ഷം നുരഞ്ഞു പൊന്തി. ഈജിപ്തില്‍ ഭരണകൂടം പ്രധാന വില്ലനായിത്തീര്‍ന്നപ്പോള്‍ എന്ത് ശക്തി ഉപയോഗിച്ചും അതിനെ നേരിടുകയെന്ന നിലപാടിലേക്ക് അല്‍ജമാഅ എത്തിച്ചേര്‍ന്നു. ഇത്തരം ഭരണാധികാരികള്‍ക്കെതിരെ സായുധ ജിഹാദ് വേണമെന്ന ഫത്‌വയും അവര്‍ക്ക് ലഭിച്ചു.
4. 1979-ലെ ഇറാന്‍ വിപ്ലവം, അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ്യയുടെ ചിന്തകള്‍ക്ക് ആവേശം പകര്‍ന്നു. അല്‍ ജമാഅ സായുധ തീവ്രവാദത്തിലേക്ക് മാറുന്ന സന്ദര്‍ഭത്തിലായിരുന്നു ഇറാന്‍ വിപ്ലവം. ഈജ്പിത് പ്രസിഡന്റ് അന്‍വര്‍ സാദാത്തും ഇറാനിലെ ഷായും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഇറാനില്‍ ഷായെ മറിച്ചിട്ടപോലെ ഈജിപ്തില്‍ സാദാത്തിനെ മറിച്ചിടാം എന്നും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാമെന്നും അല്‍ ജമാഅ സ്വപ്നം കണ്ടു. 1979-'80-കളില്‍ ഇതായിരുന്നു സംഘടനയുടെ പ്രധാന ചിന്ത. ഇത് അന്‍വര്‍ സാദാത്തിന്റെ വധത്തില്‍ കലാശിക്കുകയും ചെയ്തു. അതോടെ തങ്ങളുടെ വഴി ശരിയാണെന്നും വിജയിക്കുമെന്നും അവര്‍ക്ക് തോന്നി.
5. അഫ്ഗാന്‍ ജിഹാദില്‍ പങ്കെടുക്കാന്‍ അല്‍ ജമാഅ പ്രവര്‍ത്തകര്‍ക്ക് പിന്നീട് അവസരം ലഭിച്ചു. സോവിയറ്റ് റഷ്യക്കെതിരായ യുദ്ധം, ഈജിപ്ഷ്യന്‍ കാമ്പസിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളോടുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി അവര്‍ മനസ്സിലാക്കി. അഫ്ഗാന്‍ ജിഹാദ് അല്‍ ജമാഅയുടെ സായുധ മനസ്സിന് വര്‍ധിത വീര്യം നല്‍കി.
പ്രമാണവും പ്രയോഗവും
സായുധ വിപ്ലവത്തിലൂടെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക, ശരീഅത്ത് നടപ്പിലാക്കുക, തിന്മകളെ ആയുധങ്ങള്‍ കൊണ്ട് തുടച്ചുനീക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തന രീതിയാണ് 1979 മുതല്‍ അല്‍ ജമാഅ സ്വീകരിച്ചത്. 1980-ല്‍ സംഘടന ജമാഅത്തുല്‍ ജിഹാദുമായി ബന്ധം സ്ഥാപിച്ചു. കറം സുഹ്ദിയുടെയും മറ്റും നേതൃത്വത്തില്‍ പ്രമാണങ്ങളും പണ്ഡിത രചനകളും പരതി തങ്ങള്‍ക്കാവശ്യമുള്ള ആയത്തുകളും ഹദീസുകളും ഫത്‌വകളും അടര്‍ത്തിയെടുത്ത് സായുധ ആക്രമണങ്ങള്‍ക്കുള്ള ഫിഖ്ഹ് രൂപപ്പെടുത്തിയെടുത്തു. തഫ്‌സീറു ഇബ്‌നു കഥീര്‍, അഖീദത്തുത്വഹാവിയ്യ, മആരിജുല്‍ ഖുബൂല്‍ ലി ഹാഫിള് ബ്‌നുല്‍ ഹകമി, നൈലുല്‍ ഔത്വാര്‍ ലിശൗകാനി, നവവിയുടെ രിയാളുസ്വാലിഹീന്‍, താര്‍ത്താരികള്‍ക്കെതിരായ യുദ്ധത്തിന് ഇബ്‌നു തൈമിയ്യ നല്‍കിയ ഫത്‌വകള്‍, സയ്യിദ് ഖുത്വ്ബിന്റെ ചില ഉദ്ധരണികള്‍, അബ്ദുസ്സലാം ഫര്‍ജിന്റെ അല്‍ ഫരീദത്തുല്‍ ഗാഇബ തുടങ്ങിയവയില്‍നിന്നെല്ലാം ചില വശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സുഹ്ദി സായുധ നീക്കങ്ങള്‍ക്ക് പ്രാമാണിക അടിത്തറയൊരുക്കിയത്.
'അല്ലാഹുവിന്റെ നിയമമനുസരിച്ചല്ലാതെ വിധി നടത്തിയവന്‍ കാഫിറും, ബലം പ്രയോഗിച്ച് അധികാരത്തില്‍ നിന്ന് നീക്കപ്പെടേണ്ടവനും കൊല്ലപ്പെടേണ്ടവനുമാണ്, ഈ വിധി അന്‍വര്‍ സാദാത്തിന് ബാധകമാണ്'- ഇതായിരുന്നു അല്‍ ജമാഅയുടെ പ്രധാനപ്പെട്ട ആദ്യ തീരുമാനം. 'തിന്മകള്‍ കൈകൊണ്ട് തടയലാണ് ശ്രേഷ്ഠം' എന്ന ഹദീസും അവര്‍ വ്യാഖ്യാനിച്ചു. ശരീഅത്ത് നടപ്പിലാക്കുക എന്നതിനെ ഇതുമായി ബന്ധിപ്പിച്ചു. തങ്ങളുടെ സ്വാധീന മേഖലയില്‍ ശരീഅത്ത് വിരുദ്ധമായ എല്ലാറ്റിനുമെതിരെ കായിക സായുധ നീക്കങ്ങള്‍ നടത്തി. സംഗീതം, ഗാനം, ക്ലബ്ബുകള്‍ തുടങ്ങിയവക്കെതിരെ കര്‍ക്കശ നിലപാടെടുത്തു. കാമ്പസില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു. ഇങ്ങനെ മുന്നോട്ടുപോയ പ്രവര്‍ത്തനങ്ങള്‍ സായുധ സംഘട്ടനത്തിലേക്ക് നയിച്ചു. 1980-ല്‍ തന്നെ സംഘടന അംഗങ്ങള്‍ക്ക് സായുധ പരിശീലനം നല്‍കിയിരുന്നു. 1981-ല്‍ ജമാഅത്തുല്‍ ജിഹാദിന്റെ നേതൃത്വത്തില്‍ നടന്ന പ്രസിഡന്റ് അന്‍വര്‍ സാദാത്തിന്റെ വധത്തില്‍ അല്‍ ജമാഅയും പങ്കാളികളായി. തുടര്‍ന്നങ്ങോട്ട് അല്‍ ജമാഅയും ജമാഅത്തുല്‍ ജിഹാദും ഒരു ഭാഗത്തും, ഭരണകൂടം മറുഭാഗത്തും നിലയുറപ്പിച്ച് രക്തരൂഷിത സംഘട്ടനമാണ് നടന്നത്. 1981 ഒക്‌ടോബറില്‍ അസ്‌യുതില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവമുണ്ടായി. 'അഹ്ദാസ് അസ്‌യൂത്' എന്ന പേരിലായിരുന്നു കറം സുഹ്ദിയുടെ തീരുമാനപ്രകാരം ഈ ഓപറേഷന്‍ അരങ്ങേറിയത്. ഇത്തരം ഓപറേഷനുകളുടെയും സായുധ സംഘട്ടനങ്ങളുടെയും ചരിത്രം ഇനിയും വിശദീകരിക്കേണ്ടതില്ല. ഇതിന്റെയെല്ലാം ബാക്കിപത്രമെന്നോണം അല്‍ ജമാഅയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ജയിലലകപ്പെട്ടു. കുറേ പേര്‍ സൈനിക നടപടികള്‍ക്ക് വിധേയമായി ജയിലിന് പുറത്ത് കൊല്ലപ്പെട്ടു. അതോടെ ഇസ്‌ലാമിക രാഷ്ട്രവും ശരീഅത്തും മാറ്റിവെച്ച് കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രതികാരങ്ങളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനം മാറി. ഈ ഘട്ടത്തില്‍ അല്‍ ജമാഅയുടെ നേതാക്കളെല്ലാം 20-നും 30-നും ഇടക്ക് പ്രായമുള്ള വിദ്യാര്‍ഥികളായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1981-ല്‍ നേതാക്കളില്‍ പലരും ജയിലിലടക്കപ്പെട്ടതോടെ സംഘടന മൂന്നു ഘട്ടങ്ങളുള്ള പുതിയൊരു കര്‍മപദ്ധതിക്ക് രൂപം നല്‍കി. മൂന്ന് വര്‍ഷത്തെ രഹസ്യ പ്രവര്‍ത്തനമാണ് ഒന്നാം ഘട്ടം. അടുത്ത അഞ്ചു വര്‍ഷം സംഘടന ശക്തമായ രൂപത്തില്‍ കെട്ടിപ്പടുക്കുക. ഏഴു വര്‍ഷം നീണ്ടുനില്‍ക്കുന്ന മൂന്നാം ഘട്ടത്തില്‍ അല്‍ ജമാഅക്ക് സുസജ്ജമായൊരു സൈനിക വിംഗ് രൂപീകരിക്കുക. ഇത്തരമൊരു പദ്ധതിയുമായി സംഘടന മുന്നോട്ടുപോയി.
യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറാകാതെ ഭരണകൂടം അതിരൂക്ഷമായ സൈനിക നടപടികളാണ് അല്‍ ജമാഅക്കെതിരെ സ്വീകരിച്ചത്. രാജ്യത്തിന്റെ വഴിതെറ്റിപ്പോയ മക്കളോട് തെറ്റുതിരുത്താന്‍ പര്യാപ്തമായ നടപടികളല്ല ഗവണ്‍മെന്റ് കൈക്കൊണ്ടത്. രാജ്യത്തിന്റെ കൊടിയ ശത്രുക്കള്‍ എന്ന വണ്ണം ഭരണകൂടം അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു. ഇത് പലപ്പോഴും ഈജിപ്തിന്റെ തെരുവുകളില്‍ ചോരക്കളം തീര്‍ത്തു. എല്ലാ മനുഷ്യാവകാശങ്ങളും ഭരണകൂടം കാറ്റില്‍ പറത്തി. രണ്ട് ഭാഗത്തും ആള്‍നാശമുണ്ടായി. ഈ ഘട്ടത്തിലാണ് മുതവല്ലി ശഅ്‌റാവിയ്യ, മുഹമ്മദുല്‍ ഗസാലി പോലുള്ള പണ്ഡിതര്‍ അല്‍ ജമാഅക്കും ഗവണ്‍മെന്റിനുമിടയില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്. പക്ഷേ, ഗവണ്‍മെന്റ് നയനിലപാടില്‍ അയവുവരുത്താന്‍ കൂട്ടാക്കിയില്ല.
സായുധ വിപ്ലവത്തിന്റെ ദീനീന്യായങ്ങള്‍ അണികളെ പഠിപ്പിക്കുക, വിമര്‍ശകര്‍ക്ക് മറുപടി പറയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംഘടന ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. നേതാക്കളില്‍ പലരും സൈനിക നടപടികള്‍ക്ക് വിധേയമായി കൊല്ലപ്പെട്ടാല്‍ വരും തലമുറക്ക് അല്‍ ജമാഅയുടെ ആശയങ്ങള്‍ കൈമാറാന്‍ ധൃതിപ്പെട്ട് പുസ്തകങ്ങള്‍ തയാറാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചു. മീസാഖുല്‍ അമലില്‍ ഇസ്‌ലാമി, ഹുക്മുത്ത്വാഇഫത്തില്‍ മുംതനിഅ, ഹത്മിയത്തുല്‍ മുവാജഹ തുടങ്ങിയവയായിരുന്നു പ്രധാന കൃതികള്‍. എന്നാല്‍, പിന്നീട് രണ്ട് പതിറ്റാണ്ട് കഴിയുമ്പോള്‍ സംഭവിച്ചത് ഈ പുസ്തകങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ തന്നെ 'പുനരാലോചനാ രേഖകള്‍' പ്രസിദ്ധീകരിച്ചുവെന്നതാണ്.
മറ്റൊരു വൈരുധ്യം കൂടി ചരിത്രത്തില്‍ കാണാനാകുന്നുണ്ട്. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അല്‍ ജമാഅയുടെ അംഗങ്ങള്‍ക്ക് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയതാണത്. എന്താണിതിന്റെ കാരണം എന്ന് തീര്‍ത്തുപറയാനാകില്ല. അല്‍ ജമാഅയെ സായുധ വിപ്ലവത്തില്‍ മുന്നോട്ടുപോകാനാണ് ഇത് പ്രേരിപ്പിച്ചത്. അഫ്ഗാന്‍ ജിഹാദും സോവിയറ്റ് റഷ്യയുടെ പരാജയവും അല്‍ ജമാഅക്ക് ആവേശം പകര്‍ന്നു. സായുധ നീക്കം തന്നെയാണ് ഈജിപ്തിലും വിജയത്തിന്റെ വഴി എന്നവര്‍ക്ക് തോന്നി. 1990-കളില്‍ അല്‍ ജമാഅക്കും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിനുമിടക്കുള്ള സംഘട്ടനം രൂക്ഷമാകാനാണ് ഇതു വഴിവെച്ചത്.
ഇതേ തുടര്‍ന്ന് അല്‍ ജമാഅയുടെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ജയിലിലടക്കപ്പെട്ടു. സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ വരെ തടവിലായി. 30,000 അല്‍ ജമാഅക്കാരാണ് ഒരു ഘട്ടത്തില്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടത്. നൂറുക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. തടവില്‍ കഴിയുന്നവര്‍, ഓടി രക്ഷപ്പെട്ടവര്‍, കൊല്ലപ്പെട്ടവര്‍ എന്നിങ്ങനെ അല്‍ ജമാഅയുടെ മൊത്തം പ്രവര്‍ത്തകര്‍ വിഭജിക്കപ്പെട്ടപ്പോള്‍ ഈജിപ്തിന്റെ തെരുവുകളില്‍ നിന്ന് സംഘടന പിഴുതറിയപ്പെട്ടതുപോലെയായി. ഇത് അല്‍ ജമാഅയുടെ ആദ്യകാല മുതിര്‍ന്ന നേതാക്കളെ പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിച്ചു. തീവ്രവാദത്തില്‍ നിന്ന് തിരിച്ചുപോകുന്നതായി 1997-ല്‍ തന്നെ ജയിലിനു പുറത്തുള്ള നേതാക്കള്‍ പ്രഖ്യാപിച്ചുവെങ്കിലും ഗവണ്‍മെന്റ് അതിനെ സംശയത്തോടെ വീക്ഷിച്ചു. പിന്നീട്, അത് സത്യസന്ധമാണെന്ന് മനസ്സിലായപ്പോള്‍ ജയിലിനകത്തുള്ള നേതാക്കളെ കാണാനും പുനരാലോചനാ രേഖകള്‍ അവര്‍ക്ക് നല്‍കാനും ഗവണ്‍മെന്റ് അനുമതി നല്‍കി. അതിലേക്ക് സംഘടന മാറുകയും ചെയ്തു.
തീവ്രവാദത്തെ അടിച്ചമര്‍ത്തിയ സൈനിക വിജയം മാത്രമായിരുന്നില്ല പുനരാലോചനകള്‍ക്ക് പിന്നിലുണ്ടായിരുന്നത്. ഒരു രാജ്യത്തും സൈനിക നടപടി കൊണ്ടുമാത്രം തീവ്രവാദം അവസാനിക്കുകയുമില്ല. അതിന് മനശ്ശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായുള്ള സമീപനങ്ങള്‍ ആവശ്യമാണ്. അല്‍ ജമാഅയുടെ തിരിച്ചുപോക്കിന് സൈനിക നടപടികള്‍ക്ക് പുറമെ ചിന്താപരവും കര്‍മശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. വഴിതെറ്റിയ വാശിക്കാരനായ മകനോടുള്ള പിതാവിന്റെ ശത്രുതാപരമായ സമീപനം അവനെ തെറ്റായ വഴിയില്‍ തുടരാന്‍ പ്രേരിപ്പിക്കും. എന്നാല്‍, സ്‌നേഹം നിറഞ്ഞ വിട്ടുവീഴ്ച സമീപനം അവനെ മാറി ചിന്തിക്കാനാണ് പ്രേരിപ്പിക്കുക. ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ സുരക്ഷാ സൈനിക നേതാക്കളില്‍ ചിലര്‍ ജയിലിനകത്ത് അല്‍ ജമാഅയുടെ നേതാക്കളോടും പ്രവര്‍ത്തകരോടും സ്വീകരിച്ചുവന്നിരുന്ന കടുത്ത സമീപനങ്ങളില്‍ പിന്നീട് മാറ്റം വരുത്തി. കൊടിയ ശിക്ഷാ രീതികള്‍ ഉപേക്ഷിച്ചു. നിയമവിരുദ്ധമായ ഭേദ്യം ചെയ്യലുകള്‍ ഒഴിവാക്കി. അപ്പോള്‍ അല്‍ ജമാഅയുടെ നിലപാടുകളിലും മാറ്റം വന്നുതുടങ്ങി. അവരുടെ ബുദ്ധി പ്രവര്‍ത്തിച്ചു, കാര്യങ്ങളെ പുനര്‍ വിചിന്തനം ചെയ്തു, ഇസ്‌ലാമിക പ്രമാണങ്ങളും ചരിത്രവുമെല്ലാം കൂടുതല്‍ വായിച്ചു പഠിക്കാന്‍ അവസരം ലഭിച്ചു. അതോടെ അവര്‍ യാഥാര്‍ഥ്യ ബോധമുള്ളവരായി. ഇതുവരെ സ്വീകരിച്ച സായുധ കലാപത്തിന്റെ വഴി തെറ്റാണെന്നന്നും, ജയിലില്‍ കിടന്നപ്പോഴാണ് കാര്യങ്ങള്‍ പഠിക്കാനും ചിന്തിക്കാനും അവസരമുണ്ടായതെന്നും അവര്‍ തുറന്നുപറഞ്ഞു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേരത്തെ ഉപദേശിച്ച വഴിയിലേക്ക് അവര്‍ തിരിഞ്ഞുനടന്നു. പ്രമാണ വായനയിലും പ്രയോഗത്തിലും അവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ എന്തൊക്കെയാണ്? പുനരാലോചനകളില്‍ പിറന്ന പുതിയ പ്രസ്ഥാനത്തിന്റെ നയപരിപാടികള്‍ എന്താണ്? അതേക്കുറിച്ച് കൂടി പറയേണ്ടതുണ്ട്.
Comments