അബ്ദുല്ല രാജാവ് <br> പക്വമതിയായ നേതാവ്
അബ്ദുല്ല രാജാവ്
പക്വമതിയായ നേതാവ്
മുസ്‌ലിം ലോകത്തിന്റെ പക്വമതിയായ നേതാവായിരുന്നു അബ്ദുല്ല രാജാവെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. ''സ്‌നേഹത്തിനും സൗഹാര്‍ദത്തിനും അബ്ദുല്ല രാജാവ് മുന്‍ഗണന നല്‍കി. അദ്ദേഹത്തിന്റെ ഭരണകാലത്താണ് രണ്ട് വിശുദ്ധ ഭവനങ്ങള്‍ നവീകരിക്കുകയും ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തത്. ചില രാഷ്ട്രീയ നീക്കങ്ങളോട് വിയോജിപ്പുള്ളതോടൊപ്പം തന്നെ, സുഊദി അറേബ്യ വിദ്യാഭ്യാസ സാമ്പത്തിക ആരോഗ്യ വ്യവസായ മേഖലകളില്‍ നേടിയ വലിയ പുരോഗതിക്ക് അബ്ദുല്ല രാജാവ് അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.'' അനുശോചന കുറിപ്പില്‍ അമീര്‍ പറഞ്ഞു.
കലാപത്തിന്റെ ഇരകള്‍ക്ക്
വീടുകള്‍
രണ്ട് വര്‍ഷം മുമ്പ് നടന്ന അസം കലാപത്തിലെ ഇരകള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വീട് നിര്‍മിച്ചുനല്‍കി. അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി താക്കോല്‍ദാനം നിര്‍വഹിച്ചു. 1100-ഓളം വീടുകളും 40 പള്ളികളുമാണ് പ്രദേശത്ത് ജമാഅത്ത് പുനര്‍ നിര്‍മിച്ചത്.
'വോട്ട് വാല്യൂ' ചോര്‍ന്നുപോയ
ബട്‌ലാ ഹൗസ്
2008-ലെ നിയമസഭാ ഇലക്ഷനില്‍ ദല്‍ഹിയില്‍ പ്രചാരണ കോലാഹലങ്ങളൊക്കെയും ബട്‌ലാ ഹൗസ് 'ഏറ്റുമുട്ടലി'നെച്ചുറ്റിപറ്റിയായിരുന്നു. അന്നേരം കേന്ദ്രം ഭരിക്കുന്നത് മന്‍മോഹന്‍ സിംഗ്. ഷീലാ ദീക്ഷിത് ദല്‍ഹി വാഴുന്നു. ഷീല ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിത് ഈസ്റ്റ് ദല്‍ഹിയുടെ എം.പി, പര്‍വേസ് ഹാശ്മി ഓഖ്‌ലയിലെ എം.എല്‍.എ, ഷൊഹൈബ് ദാനിഷ് സാകിര്‍ നഗര്‍ 205-ാം വാര്‍ഡ് കൗണ്‍സിലര്‍. സംഭവത്തില്‍ കോണ്‍ഗ്രസ്സിനെ പഴിക്കാന്‍ വേണ്ടും പോലെ കാരണങ്ങളുണ്ടായിരുന്നു.
ആര്‍.ജെ.ഡിയിലെ ആസിഫ് മുഹമ്മദ് ഖാന്‍ അവസരം കൃത്യമായി തന്നെ ഉപയോഗപ്പെടുത്തി. അദ്ദേഹം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമെന്ന് തെളിയിക്കുന്നതിനാണ് നിങ്ങള്‍ എനിക്ക് നല്‍കുന്ന ഓരോ വോട്ടും എന്ന് ആസിഫ് മുഹമ്മദ് ജനങ്ങളെ വിശ്വസിപ്പിച്ചു. 541 വോട്ടിനദ്ദേഹം തോറ്റെങ്കിലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം നടന്ന ബൈ ഇലക്ഷനില്‍ ജയിച്ചുകയറി. പിന്നീട് കോണ്‍ഗ്രസ്സിന്റെ കൂടെ കൂടി. നിയമസഭയില്‍ പിന്നീട് 'ബട്‌ലാ ഹൗസ്' സംഭവത്തെപ്പറ്റി ഒരക്ഷരം മിണ്ടാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇടക്കാലത്ത് ആം ആദ്മി അധികാരത്തില്‍ വന്നപ്പോള്‍ അന്വേഷണം വേണമെന്നും കെജ്‌രിവാള്‍ വാക്ക് പാലിക്കണമെന്നും പറഞ്ഞുനോക്കി. 2013-ല്‍ ദ്വിഗ് വിജയ് സിംഗ് ബട്‌ലാ ഹൗസില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഉറക്കെ പറഞ്ഞു. ബി.ജെ.പിയാകട്ടെ ബട്‌ലാ ഹൗസില്‍ നടന്നത് വ്യാജമല്ലെന്ന് ബഹളം വെച്ചു.
മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണിന്ന് ദല്‍ഹി. പക്ഷേ, ബട്‌ലാ ഹൗസ് സംഭവത്തിനിപ്പോള്‍ പഴയ വോട്ട് വാല്യു ഇല്ലെന്ന 'തിരിച്ചറിവില്‍' രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അതേപ്പറ്റി തികഞ്ഞ മൗനത്തിലാണ്.
Comments