Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

ചോദ്യോത്തരം

മുജീബ്

ഇസ്‌ലാമിലെ മതപരിവര്‍ത്തന സ്വാതന്ത്ര്യം

സമ്പൂര്‍ണ മതപരിവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരാണ് ഇന്ത്യയിലെ ക്രൈസ്തവ-മുസ്‌ലിം സംഘടനകള്‍. ആ നിലപാട് സ്വീകരിക്കുന്നവര്‍ സ്വമതത്തില്‍ നിന്നുള്ള പരിവര്‍ത്തനത്തെ എങ്ങനെയാണ് വീക്ഷിക്കുന്നത്? മുസ്‌ലിം സംഘടനകള്‍ വിശിഷ്യ ജമാഅത്തെ ഇസ്‌ലാമി പോലുള്ള മത മൗലിക സംഘടനകള്‍, ഇസ്‌ലാമില്‍ നിന്നുള്ള മതംമാറ്റം വധശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്. ഒരു മുസ്‌ലിം ഇസ്‌ലാംമതം ഉപേക്ഷിച്ചാല്‍ അവനെ കൊല്ലണമെന്നാണ് ഇസ്‌ലാമിക നിയമമെന്ന് ജമാഅത്ത് ആചാര്യന്‍ എഴുതിവെച്ചിട്ടുണ്ട്. ആര്‍ക്കും ഇസ്‌ലാമിലേക്ക് വരാം. പക്ഷേ, വന്നുകഴിഞ്ഞ ആരും പുറത്ത് പോകാന്‍ പാടില്ല എന്നാണ് ആചാര്യന്റെ കല്‍പന. ആ സിദ്ധാന്തം പിന്തുടരുന്നവര്‍ക്ക് വി.എച്ച്.പിയെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും? (ഹമീദ് ചേന്ദമംഗല്ലൂര്‍, മലയാളം വാരിക 2015 ജനുവരി 9). മറുപടി?

മുഹമ്മദ് സഖലിന്‍ കണ്ണൂര്‍ സിറ്റി

''മതത്തില്‍ ബലപ്രയോഗമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വേര്‍തിരിഞ്ഞു വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു'' (2:256). ''വിശ്വാസികളാവാന്‍ നീ ജനങ്ങളെ നിര്‍ബന്ധിക്കുകയോ?'' (10:99). ''നീ ഉദ്‌ബോധിപ്പിക്കുക. ഉദ്‌ബോധകന്‍ മാത്രമാകുന്നു നീ. അവരുടെ മേല്‍ അധികാരം ചെലുത്തുന്നവനല്ല'' (88: 21,22). ''നാം മനുഷ്യന് നേര്‍വഴി കാണിച്ചുകൊടുത്തു. ഇനി അത് സ്വീകരിച്ചു നന്ദിയുള്ളവനാവാം, നന്ദികെട്ടവനുമാകാം'' (76:3) എന്നു തുടങ്ങി ഒട്ടേറെ സൂക്തങ്ങളിലായി ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ് മത സ്വാതന്ത്ര്യത്തെക്കുറിച്ച ഇസ്‌ലാമിന്റെ നിലപാട്. പ്രവാചക ജീവിതത്തിലുടനീളം പ്രകടമായതും ആ നിലപാടാണ്. ഒന്നാമത്തെ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട 70 വിഗ്രഹാരാധകരുടെ കാര്യത്തില്‍ പോലും മറിച്ചൊരു സമീപനം അദ്ദേഹം സ്വീകരിച്ചില്ല. പ്രായശ്ചിത്തം നല്‍കാന്‍ തയാറുള്ളവരെ അത് വാങ്ങി വിട്ടയച്ചു. ബാക്കിയുള്ളവരെ മദീനയിലെ നിശ്ചിത എണ്ണം കുട്ടികളെ സാക്ഷരരാക്കാമെന്ന നിബന്ധനയിലും ബന്ധനമുക്തരാക്കി. ഒരാളെ പോലും വിശ്വാസിയാവാന്‍ നിര്‍ബന്ധിച്ചില്ല. പ്രവാചകന്റെ വിയോഗ വേളയില്‍ മദീനയിലെ ഭൂരിപക്ഷം മുസ്‌ലിംകളായിരുന്നില്ല താനും. പൂര്‍വികരും ആധുനികരുമായ ഒരു പണ്ഡിതനും വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ച ഇസ്‌ലാമിന്റെ നയത്തിന് വിരുദ്ധമായി ഒന്നും എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും അക്കൂട്ടത്തില്‍ പെടുന്നു.

എന്നാല്‍, ഒരു ഇസ്‌ലാമിക സ്റ്റേറ്റിലെ പൗരനായ മുസ്‌ലിം, മതം ഉപേക്ഷിച്ച് സ്റ്റേറ്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്താല്‍, അയാള്‍ പശ്ചാത്തപിക്കാന്‍ തയാറില്ലെങ്കില്‍ വധശിക്ഷക്ക് അര്‍ഹനാണ് എന്നതാണ് പ്രവാചകന്റെ വിധി. 'മൂന്ന് കാര്യങ്ങളാലല്ലാതെ മുസ്‌ലിമായ മനുഷ്യന്റെ രക്തം അനുവദനീയമല്ല. കൊലയാളി, വിവാഹിതനായ വ്യഭിചാരി, തന്റെ മതം ഉപേക്ഷിച്ച് സ്റ്റേറ്റിനോട് വിഘടിച്ചവന്‍' എന്ന പ്രബലമായ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക സ്റ്റേറ്റിലെ വിഘടിതന് -അയാള്‍ മുസ്‌ലിമാണെങ്കിലും അല്ലെങ്കിലും- മരണശിക്ഷയാണ് വിധിക്കേണ്ടതെന്ന കാര്യത്തില്‍ നാല് മദ്ഹബ് ആചാര്യന്മാര്‍ക്കോ, മദ്ഹബുകള്‍ക്കതീതനായി സുന്നത്തിനെ അവലംബിക്കുന്ന ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെപോലുള്ള മഹാ പണ്ഡിതന്മാര്‍ക്കോ ഭിന്നാഭിപ്രായമില്ല. പുതുതായി ഒരു മദ്ഹബിന്റെയും ഉപജ്ഞാതാവല്ലാത്ത മൗദൂദിയും അതേ അഭിപ്രായം തന്നെ സ്വീകരിക്കുകയാണ് ചെയ്തത്. രാജ്യദ്രോഹത്തിന് ജനാധിപത്യ രാജ്യങ്ങളും കമ്യൂണിസ്റ്റ് രാജ്യങ്ങളുമെല്ലാം നല്‍കുന്ന പരമാവധി ശിക്ഷ തന്നെയാണ് ഇസ്‌ലാമിലും എന്നര്‍ഥം. ഇത് ശരിയല്ല എന്നഭിപ്രായമുള്ളവര്‍ക്ക് അത് പറയാം. പക്ഷേ, മൗദൂദിയെ ഒറ്റപ്പെടുത്തി കുരിശിലേറ്റുന്നത് കുത്സിതമാണെന്ന് മാത്രം.

ചില ആധുനിക മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് മതപരിത്യാഗിയുടെ വധശിക്ഷ ഇസ്‌ലാം അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന അഭിപ്രായമുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളുടെ വ്യാഖ്യാന പ്രകാരവും ഹദീസുകളെ നിരാകരിച്ചുമാണ് അവരുടെ വീക്ഷണം. വര്‍ത്തമാനകാലത്ത് ഈ വീക്ഷണത്തിന് സ്വീകാര്യത ഏറിവരികയാണ്. ഏത് നിലക്കും ആളുകളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന ഘര്‍ വാപസിക്കാര്‍ക്ക് തുല്യരായി ഇസ്‌ലാമില്‍ ആരുമില്ല. എന്തിനും ഏതിനും ഇസ്‌ലാമില്‍ സമാന്തരം കണ്ടെത്താന്‍ നോമ്പും നോറ്റിരിക്കുന്ന ചിലരുടെ മനോഘടനക്ക് പ്രതിവിധിയില്ല.  

ബാങ്കുവിളി ഏകീകരിക്കേണ്ടതല്ലേ?

 എന്റെ നാട്ടില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ക്കു കീഴിലെ പള്ളികള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് ഒരുമിച്ച് ബാങ്കുവിളി ഉയരുമ്പോള്‍ അതൊരു കൂട്ട നിലവിളി പോലെയാണ് അനുഭവപ്പെടാറുള്ളത്. പരസ്പരമുള്ള അഭിപ്രായ ഭിന്നത ഈ ശബ്ദ മാത്സര്യത്തിലൂടെ പ്രകടമാണ്. മാത്രമല്ല ബാങ്കിന്റെ പദങ്ങള്‍ ഏറ്റുചൊല്ലാനും സാധിക്കില്ല. അമിത ശബ്ദം എല്ലാ പ്രദേശത്തും അശാന്തി പടര്‍ത്തുന്നു. ഇക്കാര്യം ഗുണദോഷിച്ചാല്‍ ബാങ്കുവിരോധിയായി ചിത്രീകരിക്കുന്നതായിട്ടാണ് അനുഭവം. നമസ്‌കാര സമയമറിയാന്‍ എല്ലാ സംവിധാനവുമുള്ള ഇക്കാലത്ത് ബാങ്കുവിളി ഏകീകരിച്ചുകൂടേ? അനേകം മുസ്‌ലിം രാജ്യങ്ങളില്‍ ബാങ്കുവിളി ഏകീകരിച്ചിട്ടുണ്ടല്ലോ. അലോസരമാകുന്ന ഈ ശബ്ദബാഹുല്യം നിയന്ത്രിക്കേണ്ടത് ഒരു ബഹുമത സമൂഹത്തില്‍ അനിവാര്യമല്ലേ?

സമദ് കല്ലടിക്കോട്

പള്ളികളില്‍ നമസ്‌കാര സമയം അറിയിക്കാന്‍ ബാങ്കുവിളി ഏര്‍പ്പെടുത്തിയത് പ്രവാചകനാണ്. നബി പക്ഷേ, ഒരാളെയും ദ്രോഹിക്കാനോ ശല്യപ്പെടുത്താനോ അല്ല, വിശ്വാസികളെ സമയം ഓര്‍മപ്പെടുത്താന്‍ മാത്രമാണ് 'അദാന്‍' നിയമമാക്കിയതെന്ന് വ്യക്തം. ഉച്ചഭാഷിണി കണ്ടുപിടിക്കപ്പെടുന്നത് വരെ ശബ്ദമലിനീകരണ പ്രശ്‌നം ഉണ്ടായിരുന്നുമില്ല. ഇപ്പോള്‍ ലൗഡ് സ്പീക്കര്‍ എല്ലാ പള്ളികളിലുമുണ്ട്. ഒരേ സ്ഥലത്ത് പല പള്ളികളും ഉണ്ടെന്നിരിക്കെ അവയിലെല്ലാം ഒരേസമയം ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളി മുഴങ്ങിയാല്‍ അത് വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പീഡനമാകുന്നു. ഒരു പള്ളിയില്‍ മാത്രം ഉച്ചഭാഷിണി പ്രയോഗം മതി എന്ന് തീരുമാനിച്ചാല്‍ അതേത് പള്ളി എന്ന കാര്യത്തില്‍ തര്‍ക്കമാവും. ഏറ്റവും പഴക്കമുള്ള പള്ളി എന്ന ഒരൊത്തുതീര്‍പ്പാവാം. ചില നമസ്‌കാരങ്ങളുടെ സമയ വ്യത്യാസം അപ്പോഴും പ്രശ്‌നമാവും. ഏകീകൃത നമസ്‌കാര സമയം സാധ്യമാക്കാന്‍ കഴിയേണ്ടതാണ്. വാശിയും അനാവശ്യമായ സംഘടനാ പക്ഷപാതിത്വവുമാണ് എല്ലാറ്റിന്റെയും മൂലഹേതു. മുസ്‌ലിം സര്‍ക്കാറുകള്‍ തീരുമാനിക്കുന്നേടത്ത് പ്രശ്‌നമില്ല. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലാണ് അനേകം ബാങ്കുകളും മാസപ്പിറവി നിശ്ചയങ്ങളും മറ്റും തലവേദനയാകുന്നത്. സര്‍ക്കാറുകള്‍ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അതിനെതിരെ ഒച്ച വെക്കുന്നതില്‍ എല്ലാവരും ഒന്നിക്കുകയും ചെയ്യും! രമ്യമായ പരിഹാരത്തിന് സമുദായ സ്‌നേഹികള്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അഹിതകരമായ പരിണതിക്കാണ് വഴിയൊരുങ്ങുക.  

മാധ്യമങ്ങളെന്തിന്?

'മുസ്‌ലിംകള്‍ പത്രവും ചാനലും നടത്തുന്നതിനെ ചില മുസ്‌ലിംകളും മുസ്‌ലിം സംഘടനകളും എതിര്‍ത്തുവരുന്നു. കുത്തഴിഞ്ഞ പരസ്യവും നിലവാരം കുറഞ്ഞ വിനോദ പരിപാടികളുമായി നേരും നന്മയും അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഇല്ലെങ്കിലും ഇവിടെ ഇസ്‌ലാം നിലനില്‍ക്കില്ലേ, നിലനിര്‍ത്താന്‍ കഴിയില്ലേ, പൂര്‍ണമാകില്ലേ എന്നാണ് അവരുടെ ചോദ്യം? സംഗീതവും പെണ്‍രൂപവും ആട്ടവും പാട്ടുമായി സമയം കളയുന്ന മാധ്യമങ്ങളില്‍ 'പുട്ടിന് തേങ്ങ ചേര്‍ക്കുന്ന' രീതിയില്‍ പേരിന് അല്‍പം ആത്മീയതയുടെ മേമ്പൊടിയും ചേര്‍ക്കുന്നു. നിഷ്‌കളങ്കരും നല്ലവരുമായ പൊതുജനങ്ങളില്‍നിന്ന് മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കുന്നതുപോലും കാപട്യവും വഞ്ചനയുമായും ചിലര്‍ കാണുന്നു. വ്യക്തികള്‍ തെറ്റു ചെയ്താല്‍ അത് വ്യക്തിയില്‍ അധിഷ്ഠിതമാകും. പക്ഷേ, വ്യക്തികളെ ഇത്തരം സംരംഭങ്ങളിലേക്ക് പങ്കാളികളാക്കാന്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇത്തരം തിന്മകള്‍ക്ക് അവരും ഉത്തരവാദിയാകുകയില്ലേ? പൊതുജനങ്ങളെ കൂടി തെറ്റിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയാക്കുകയല്ലേ?

എന്‍.പി രിയാദ്

ഇസ്‌ലാമിനെക്കുറിച്ച മൗലിക കാഴ്ചപ്പാട് എന്താണെന്നതാണ് വിഷയത്തിന്റെ മര്‍മം. ഇസ്‌ലാം ഒരുപിടി വിശ്വാസാചാരങ്ങളുടെ പേരാണെന്നും അതു കൊണ്ടുനടക്കുന്ന സമുദായമാണ് മുസ്‌ലിംകളെന്നും ആത്മീയമെന്ന് കരുതപ്പെടുന്ന കാര്യങ്ങളില്‍ അഭിരമിക്കുകയാണ് അവരുടെ ദൗത്യമെന്നും തീരുമാനിച്ചാല്‍ പിന്നെ ചോദ്യത്തില്‍ പറഞ്ഞ പോലെ പത്രമോ ചാനലുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ പ്രസിദ്ധീകരണങ്ങളോ ഒന്നും ആവശ്യമില്ല. നിലവിലുള്ളവയില്‍ ഉപഭോക്താക്കളായി മുസ്‌ലിംകളും കഴിഞ്ഞുകൂടിയാല്‍ മതി. അതല്ല, മനുഷ്യരെ മുഴുവന്‍ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാനും നന്മ സംസ്ഥാപിക്കാനും തിന്മ തടയാനും ബാധ്യസ്ഥരായ ഒരാദര്‍ശ സമൂഹത്തിന്റെ പേരാണ് മുസ്‌ലിംകള്‍ എങ്കില്‍ അവര്‍ പ്രബോധനത്തിനും സംസ്‌കരണത്തിനും സേവനത്തിനും കാലോചിതമായ മാര്‍ഗങ്ങളും മാധ്യമങ്ങളും പ്രയോജനപ്പെടുത്തേണ്ടതായിത്തന്നെ വരും. സാങ്കേതിക വിദ്യ അത്യാധുനികമായ പുരോഗതി കൈവരിച്ചിരിക്കെ അത് ഉപയോഗപ്പെടുത്തി തിന്മയുടെ ശക്തികള്‍ മുസ്‌ലിംകളടക്കമുള്ള മനുഷ്യരെ വഴിതെറ്റിക്കാന്‍ നിരന്തരം ശ്രമിക്കുമ്പോള്‍ അതൊന്നും കണ്ടില്ലെന്ന് നടിച്ച് ദിക്ര്‍ ഹല്‍ഖകളും ഇശ്ഖുര്‍റസൂല്‍ സദസ്സുകളും സ്വലാത്ത് വാര്‍ഷികങ്ങളുമായി നടക്കലാണ് കാലഘട്ടത്തിലെ ജിഹാദെന്ന് കരുതുന്നവരുണ്ട്. അവരും പക്ഷേ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണ്. കേവല ആത്മീയതയുടെ വക്താക്കളായി വേഷം കെട്ടുന്ന ത്വരീഖത്തുകാര്‍ക്ക് വരെ ആനുകാലിക പ്രസിദ്ധീകരണങ്ങളുണ്ട്. അവയിലൂടെ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഡാന്‍സും പാട്ടും പരസ്യങ്ങളും മാത്രം തെറ്റും, വിശ്വാസപരമായ ചൂഷണം ശരിയും എന്നില്ലല്ലോ.

സത്യം, നീതി, നന്മ, സഹിഷ്ണുത, സ്‌നേഹം, സമത്വം മുതലായ മാനവിക മൂല്യങ്ങളാണ് ഇസ്‌ലാമിന്റെ ആത്മാവ്. ഈ വികാരങ്ങളിലൊന്നെങ്കിലും ഉല്‍പാദിപ്പിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ കലാ സൃഷ്ടികളെ ഇസ്‌ലാമികമായി തന്നെ സൃഷ്ടിപരമായി കാണാന്‍ കഴിയണം. അതുപോലെ പ്രകൃതിക്കും പരിസ്ഥിതിക്കും ക്ഷതമേല്‍പിക്കുന്ന പ്രവൃത്തികള്‍ക്കെതിരെ ബോധവത്കരിക്കുന്ന സൃഷ്ടികളും നന്മ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കാണണം. പിരിമുറുക്കം കുറക്കാനും സന്തുഷ്ടി നൈമിഷികമായെങ്കിലും ഉണ്ടാക്കാനും വഴിയൊരുക്കുന്ന നിര്‍ദോഷ വിനോദങ്ങള്‍ക്കും വിലക്ക് കല്‍പിക്കേണ്ടതില്ല. പള്ളിയില്‍ പോലും കായികാഭ്യാസം അനുവദിക്കുകയും അത് നോക്കിക്കാണുകയും പത്‌നി ആഇശക്ക് കാണാന്‍ അവസരമൊരുക്കുകയും ചെയ്തതാണ് പ്രവാചക മാതൃക. നബിയേക്കാള്‍ ആത്മീയ നിര്‍വൃതി നേടാന്‍ ആരും മെനക്കെടേണ്ട. പുറമെ, നിരര്‍ഥകമായ വിനോദ പരിപാടികള്‍ക്കു വേണ്ടി സമയം മുഴുവന്‍ കളയുന്ന തലമുറകളുടെ ശ്രദ്ധ താരതമ്യേന നിരുപദ്രവമായ പരിപാടികളിലേക്ക് തിരിച്ചുവിടുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. സര്‍വോപരി മാധ്യമങ്ങള്‍ വായിക്കാനോ കാണാനോ ആസ്വദിക്കാനോ ആരെയും നിര്‍ബന്ധിക്കുന്നില്ല. ആത്മീയ കാര്യങ്ങളില്‍ അഭിരമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരിഷ്ടപ്പെടുന്ന വഴിയേ പോകട്ടെ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍