Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

സീസിയുടെ 'മതകീയ വിപ്ലവം'

അബൂസ്വാലിഹ

സീസിയുടെ 'മതകീയ വിപ്ലവം'

ഡേവിഡ് ഇഗ്‌നേഷ്യസ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട് (2015 ജനുവരി 13). 'ഷാര്‍ലി എബ്‌ദോ സംഭവത്തോടുള്ള തെറ്റായ പ്രതികരണം' എന്നാണ് അതിന്റെ തലക്കെട്ട്. വെടിവെപ്പിനോടുള്ള പ്രതികരണമായി ഫ്രഞ്ച് ഗവണ്‍മെന്റ് പതിനായിരത്തോളം അര്‍ധ സൈനിക വിഭാഗങ്ങളെ തെരുവിലിറക്കിയതിനെയാണ് ഇഗ്‌നേഷ്യസ് തെറ്റായ പ്രതികരണം എന്ന് വിശേഷിപ്പിച്ചത്. 9/11 ആക്രമണത്തോടുള്ള അമേരിക്കയുടെ തെറ്റായ നിലപാടാണ് ഇന്നത്തെ ലോകത്തെ തീര്‍ത്തും അരക്ഷിതമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് എന്ന് വാദിക്കുന്ന ലേഖകന്‍, മുസ്‌ലിംകളെ 'യഥാര്‍ഥ ഇസ്‌ലാം പഠിപ്പിക്കുക'യാണ് ആദ്യമായി വേണ്ടത് എന്നും നിര്‍ദേശിക്കുന്നു. അതിനു മാതൃകാ യോഗ്യനായ ഒരു അധ്യാപകനെയും അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു- ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദുല്‍ ഫത്താഹ് സീസി!

2015 ജനുവരി ഒന്നിന് അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ചെയ്ത പ്രഭാഷണത്തില്‍ സീസി ഒരു 'മതകീയ വിപ്ലവ'ത്തിന് ആഹ്വാനം ചെയ്തതാണ് ലേഖകനെ ഹരം കൊള്ളിക്കുന്നത്. സീസിയുടെ പ്രഭാഷണത്തിന്റെ സാരം ഇതാണ്: ലോകത്തുള്ള 1.6 ബില്യന്‍ മുസ്‌ലിംകള്‍ 7 ബില്യന്‍ മറ്റു മതസ്ഥര്‍ക്കെതിരെ ആയുധമെടുത്താല്‍ എന്താവും സ്ഥിതി? ഇസ്‌ലാമും മുസ്‌ലിം സമൂഹവുമൊക്കെ നശിപ്പിക്കപ്പെടും. അതിനാല്‍ ഇസ്‌ലാമിക സംസ്‌കാരത്തെ രക്ഷിക്കാന്‍ നാമൊരു 'മതകീയ വിപ്ലവ'ത്തിന് രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. അതിന് ആദ്യമായി വേണ്ടത് നാം ഈജിപ്തുകാര്‍ മാത്രമാവുക എന്നതാണ്. മറ്റൊരു ഐഡന്റിറ്റിയും നമുക്ക് വേണ്ട.

ആ 'മതകീയ വിപ്ലവ'ത്തിന്റെ പ്രാഥമിക നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് ഈജിപ്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മതപാഠശാലകളിലെയും മറ്റും സിലബസ്സുകള്‍ ഇതിനനുസൃതമായി പരിഷ്‌കരിക്കും. ജിഹാദിനെക്കുറിച്ച് തീര്‍ത്തും പുതിയ വ്യാഖ്യാനങ്ങളായിരിക്കും നല്‍കപ്പെടുക. ഇത് സീസിയുടെ സ്വന്തം പരിപാടിയാണെന്നും തെറ്റിദ്ധരിക്കേണ്ട. 'യഥാര്‍ഥ ഇസ്‌ലാം പഠിപ്പിക്കാനുള്ള' വേദികള്‍ വലിയ ഫണ്ടിംഗിന്റെ പിന്‍ബലത്തോടെ പലയിടങ്ങളിലും മുളച്ചു പൊന്തുന്നുണ്ട്. Against Violent Extremism (ഇത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഗൂഗ്ള്‍ ഐഡിയാസ് ആണ്) ഇത്തരമൊരു വേദിയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ തീവ്രവാദികളായിരുന്ന 300 പേരാണ് ഇതിന് പിന്നില്‍. London Institute for Stratagic Dialogue എന്ന സ്ഥാപനവുമായും ഇവര്‍ക്ക്  ബന്ധമുണ്ട്. ഇസ്‌ലാമിക് റാഡിക്കലൈസേഷന്റെ (ഇസ്‌ലാമികമായ സകല നവോത്ഥാന യത്‌നങ്ങളെയും ഈ കള്ളിയില്‍ ഉള്‍പ്പെടുത്താവുന്നതേയുള്ളൂ) എല്ലാ വാതിലുകളും അടച്ചുകളയുക എന്നതാണ് ഇവയുടെയെല്ലാം പൊതു ലക്ഷ്യം. 

മിസ് മാര്‍വല്‍ എന്ന മുസ്‌ലിം സൂപ്പര്‍ ഹീറോ

പുതുവര്‍ഷാരംഭത്തില്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന ഒരു തീവ്രവാദി ഗ്രൂപ്പ് അവിടത്തെ സിറ്റി ബസ്സുകളില്‍ അമ്പതോളം പരസ്യങ്ങള്‍ പതിച്ചു. ഓരോന്നും ഇസ്‌ലാം-മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നവ. മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കുള്ള സഹായം നിര്‍ത്തല്‍ ചെയ്യണമെന്നാണ് ഒരു പരസ്യത്തിലെ ആഹ്വാനം. മറ്റൊരു പരസ്യത്തില്‍ ഹിറ്റ്‌ലറോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു മുസ്‌ലിം നേതാവ്. ഇസ്‌ലാമിനെ നാസിസവുമായി സമീകരിക്കുകയാണ് ഇവിടെ. വിവിധ വംശീയ ജനവിഭാഗങ്ങള്‍ ഒത്തൊരുമയോടെ കഴിയുന്ന നഗരത്തില്‍ ഇസ്‌ലാമോഫോബിക് സന്ദേശങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടായില്ല. നഗരത്തിലെ ആര്‍ട്ടിസ്റ്റുകളുടെ ഒരു സംഘം ഉടനടി രംഗത്തിറങ്ങുകയും വിദ്വേഷം വമിക്കുന്ന ആ പരസ്യ ചിത്രങ്ങള്‍ക്ക് മീതെ പുതിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോ മിസ് മാര്‍വലിന്റെ വലിയ ആക്ഷന്‍ ചിത്രങ്ങള്‍ പതിക്കുകയും ചെയ്തു. ഒപ്പം 'വംശീയതയെ ചവിട്ടിപ്പുറത്താക്കുക', 'സംസാര സ്വാതന്ത്ര്യം വിദ്വേഷം പരത്താനുള്ള ലൈസന്‍സല്ല' തുടങ്ങിയ സന്ദേശങ്ങളും.

ആരാണ് ഈ മിസ് മാര്‍വല്‍? അമേരിക്കന്‍ കോമിക് പുസ്തക ചരിത്രത്തിലെ പുതിയ സൂപ്പര്‍ ഹീറോ. കൗമാരക്കാരിയായ ഈ കഥാപാത്രത്തിന്റെ യഥാര്‍ഥ പേര് കമല ഖാന്‍. അമേരിക്കയില്‍ കുടിയേറിയ പാക് ദമ്പതികളുടെ പുത്രി. കോമിക്കുകളുടെ ചരിത്രത്തില്‍ ഒരു മുസ്‌ലിം കഥാപാത്രം സൂപ്പര്‍ താര പദവി നേടുന്നത് ഇതാദ്യമായാണ്. സനാ അമാനത്ത്, ജി. വിലോ വില്‍സന്‍ എന്നീ മുസ്‌ലിം എഴുത്തുകാരികളാണ് ഇതിന്റെ നിര്‍മാതാക്കള്‍. കനേഡിയന്‍ ആര്‍ട്ടിസ്റ്റായ അഡ്രിയാന്‍ അല്‍ഫോണയുടേതാണ് വര.

നേരത്തേ ക്യാപ്റ്റന്‍ മാര്‍വല്‍ എന്ന അമേരിക്കന്‍ കോമിക് പുസ്തക പരമ്പരയില്‍ ചെറിയ റോളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് കമല ഖാന്‍. അവളുടെ ഹീറോയാണ് ക്യാപ്റ്റന്‍ മാര്‍വല്‍.കമല കേന്ദ്ര കഥാപാത്രമായി പരമ്പര വന്നപ്പോള്‍, മാര്‍വലിന്റെ പെണ്‍പതിപ്പായി മാറാന്‍ അത്ഭുത സിദ്ധി കൈവരിച്ചതുകൊണ്ടാണ് അവള്‍ മിസ് മാര്‍വലായി മാറിയത്. സൂപ്പര്‍മാനെ പോലെ സകല ദുഷ്ട ശക്തികളെയും ഇടിച്ചുപരത്തുകയാണ് കമല ഖാന്‍. കൈകാലുകള്‍ എത്ര വേണമെങ്കിലും വലുതാക്കാനും നീട്ടാനും കഴിയുന്നതുകൊണ്ട് വില്ലന്‍മാര്‍ക്ക് യാതൊരു ഗതിയുമുണ്ടാവില്ല.

ഇസ്‌ലാം-മുസ്‌ലിം സ്വത്വമൊന്നും ഈ കഥാപാത്രത്തിന് ഇല്ല. മതഭക്തനായ സഹോദരനോടും കുടുംബം മുറുകെ പിടിക്കുന്ന പാരമ്പര്യങ്ങളോടും അവള്‍ കലഹിക്കുന്നുമുണ്ട്. മുസ്‌ലിമ മീഡിയ വാച്ചിന്റെ സ്ഥാപക ഫാത്വിമ ഫഖ്‌രി നിരീക്ഷിച്ചതുപോലെ, അമേരിക്കന്‍ മുസ്‌ലിംകളും പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന അവബോധം സൃഷ്ടിക്കാന്‍ ഈ കോമിക് പരമ്പരകള്‍ക്ക് കഴിയുന്നുണ്ട്. ഈ ഗ്രാഫിക് നോവലിന്റെ 'നോ നോര്‍മല്‍' എന്ന ഒന്നാം ഭാഗം 2014-ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. 

കയറ്റുമതി ചെയ്യുന്നത് 
വിപ്ലവമോ വിഭാഗീയതയോ?

റബ് ലോകത്ത് വളരെയേറെ ആദരിക്കപ്പെടുന്ന പണ്ഡിതനാണ് ലബനാനിലെ സയ്യിദ് മുഹമ്മദ് അലി ഹുസൈനി. 'അല്‍ മജ്‌ലിസുല്‍ ഇസ്‌ലാമി അല്‍ അറബി' എന്ന കൂട്ടായ്മയുടെ സെക്രട്ടറി ജനറലുമാണ് അദ്ദേഹം. ശീഈ പണ്ഡിതനാണെങ്കിലും അറബ് ലോകത്ത് ഇറാന്ന് ഹിഡന്‍ അജണ്ടകളുണ്ടെന്നും അത് മുസ്‌ലിം സമൂഹത്തിന്റെ ഒരുമയെ ശിഥിലീകരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. അല്‍ജസീറ നെറ്റില്‍ എഴുതിയ ലേഖനത്തില്‍ (28-1-2015) സുഊദി അറേബ്യ, ബഹ്‌റൈന്‍, സിറിയ, ഇറാഖ്, ലബനാന്‍, യമന്‍ എന്നീ അറബ് രാഷ്ട്രങ്ങളിലേക്ക് 'വിപ്ലവം കയറ്റി അയക്കാന്‍' ഇറാന്‍ കൃത്യമായ പദ്ധതികള്‍ തയാറാക്കിയതായി അദ്ദേഹം ആരോപിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ ഇങ്ങനെ പോകുന്നു: അറബ് ലോകത്തെ ജനവിഭാഗങ്ങളെ, പ്രത്യേകിച്ച് ശീഈ വിഭാഗങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാനാണ് ഇറാന്‍ ശ്രമിക്കുന്നത്. അതിന് പ്രത്യേകം കൂട്ടായ്മകളുണ്ടാക്കുകയും മിലീഷ്യകളെ സംഘടിപ്പിക്കുകയും ചെയ്യുന്നു. ടിവി ചാനലുകള്‍ തുറക്കുന്നു. അടുത്തകാലത്ത് ബൈറൂത്തില്‍നിന്ന് സംപ്രേഷണം തുടങ്ങിയ മൂന്ന് ടിവി ചാനലുകള്‍ ഉദാഹരണം. ഇവയുടെ മുഴുവന്‍ സാമ്പത്തിക ചെലവുകളും വഹിക്കുന്നത് ഇറാനാണ്. 'ലുഅ്‌ലുഅ' എന്ന ചാനല്‍ തുടങ്ങിയത് ബഹ്‌റൈനെ ഉന്നം വെച്ചുകൊണ്ടാണ്. 'അല്‍ മസീറ' ചാനല്‍ യമനെയും 'നബഅ്' ചാനല്‍ സുഊദിയെയും ലക്ഷ്യമിടുന്നു. അന്നാടുകളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊലിപ്പിച്ച് കാട്ടിയും തെറ്റായ വാര്‍ത്തകള്‍ നല്‍കിയും അവിടത്തെ ശീഈ വിഭാഗങ്ങളെ ഇളക്കിവിടാനാണ് ഈ ചാനലുകള്‍ ശ്രമിക്കുന്നത്.

ഈ പ്രചാരണ യുദ്ധങ്ങളെ നേരിടാന്‍ ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഫോക്കസ് ചെയ്തുകൊണ്ടുള്ള ചാനലുകള്‍ അറബ് രാഷ്ട്രങ്ങളും ആരംഭിക്കണമെന്നാണ് മുഹമ്മദ് അലി ഹുസൈനിയുടെ അഭിപ്രായം. നമുക്കിതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്ന ഒരു വലിയ സത്യമുണ്ട്. ഇറാഖും യമനും ഇന്നുള്ള വിധം ശിഥിലീകരിക്കപ്പെടാനുണ്ടായ പ്രധാന കാരണം ഇറാന്റെ വിഭാഗീയ ഇടപെടലുകളാണ്. യമനില്‍ ഹൂഥി കലാപകാരികളെയും ഇറാഖില്‍ നൂരി മാലിക എന്ന കടുത്ത വിഭാഗീയ വാദിയെയും ആളും അര്‍ഥവും നല്‍കി സഹായിച്ചത് ഇറാനായിരുന്നു. ഒരു കാലത്ത് ശീഈ-സുന്നി ഐക്യത്തിന് വേണ്ടി ആഗോള വേദി വരെ ഉണ്ടാക്കിയ ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ നിലപാട് മാറ്റം ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍