ഒത്തുതീര്‍പ്പല്ല, നീതിയാണ് <br>നാദാപുരം സംഘര്‍ഷത്തിന് പരിഹാരം
നാദാപുരം സംഘര്‍ഷമേഖലയില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. തായാട്ട് ബാലന്‍, ബി.എം സുഹ്‌റ, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, അഡ്വ: പി.എ പൗരന്‍, പി.കെ ഗോപി, കെ.ടി സൂപ്പി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ തുടങ്ങി കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍, സെക്രട്ടറി എന്‍.എം അബ്ദുര്‍റഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. നാദാപുരത്തെ സമാധാന പ്രിയരായ പൊതുപ്രവര്‍ത്തകരുടെ ഒരു കൂട്ടവും ഈ സംഘത്തോടൊപ്പം ചേര്‍ന്നു. നാദാപുരം സംഘര്‍ഷത്തെ കുറിച്ച് പുറംലോകം കേട്ടറിഞ്ഞതിനെക്കാള്‍ എത്രയോ ഭീകരവും ആശങ്കപ്പെടുത്തുന്നതുമാണ് അവിടത്തെ നേര്‍ക്കാഴ്ചകള്‍. എന്തുകൊണ്ടോ നമ്മുടെ പത്രമാധ്യമങ്ങളും കേരളീയ പൊതുസമൂഹവും അര്‍ഹിക്കുന്ന അളവില്‍ ഈ പ്രശ്‌നത്തെ മുഖവിലക്കെടുത്തിട്ടില്ല എന്ന് തോന്നുന്നു. മുസ്‌ലിം ലീഗും സി.പി.എമ്മും ഒരേസമയം ഈ സംഭവം മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. കൊലപാതകം മുസ്്‌ലിം ലീഗിനെ പ്രതിക്കൂട്ടിലാക്കി. ഒപ്പം തങ്ങള്‍ക്ക് അധികാരമുള്ള സമയത്ത് സമുദായത്തിന് നേരെ നടന്ന വ്യാപകമായ അക്രമവും കൊള്ളയും തടയാന്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. മറുഭാഗത്ത് സി.പി.എം ആകട്ടെ തങ്ങളുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു സമുദായത്തിനുനേരെ നടന്ന വ്യാപകമായ അക്രമവും സമാനതകളില്ലാത്ത കൊള്ളയും പുറംലോകം അറിയാതിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവാം. നിസ്സാരമായ ഒരു പ്രശ്‌നത്തെ ചൊല്ലി, ഷിബിന്‍ എന്ന ചെറുപ്പക്കാരനെ ഒരു അക്രമി സംഘം വെട്ടിക്കൊന്നു. അതിനെ തുടര്‍ന്ന് വ്യാപകമായ ആക്രമണമാണ് നാദാപുരത്തുണ്ടായത്. 70-ലേറെ വീടുകള്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പകല്‍ക്കൊള്ളയാണിത്. കൊള്ള ചെയ്യപ്പെട്ട വീടുകള്‍ ശേഷം തീവെച്ചും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചും തകര്‍ത്തു. ഒരു നാട് മുഴുവന്‍ മരണവീട് പോലെ എന്നതാണ് തൂണേരിയിലെ ഇന്നത്തെ അവസ്ഥ.
ഞങ്ങള്‍ കൊല്ലപ്പെട്ട ഷിബിന്റെ വീടും ആക്രമിക്കപ്പെട്ട വീടുകളും സന്ദര്‍ശിച്ചു. ഹൃദയഭേദകമായ കാഴ്ചകളാണ് എങ്ങും കാണാന്‍ കഴിഞ്ഞത്. ഒരു വാക്കേറ്റം എളുപ്പം കൊലപാതകത്തിനും, കൊലപാതകം വളരെവേഗം വ്യാപകമായ ആക്രമണത്തിനും കൊള്ളക്കും എന്തുകൊണ്ട് കാരണമായി എന്നതിനെ കുറിച്ച ഗൗരവമേറിയ വിശകലനങ്ങള്‍ നടക്കേണ്ടതുണ്ട്. സത്യസന്ധമായ അത്തരം വിശകലനങ്ങളായിരിക്കും നാദാപുരം സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുക. തന്റെ മകന്റെ മരണം നാദാപുരം രാഷ്ട്രീയ കൊലപാതക പരമ്പരയിലെ അവസാനത്തേതാകണേ എന്നാണ് കൊല്ലപ്പെട്ട ഷിബിന്റെ പിതാവ് ഭാസ്‌കരന്‍ ഞങ്ങളോട് പങ്കുവെച്ച വികാരം. മകന്‍ നഷ്ടപ്പെട്ട ആ പിതാവ് തന്റെ പ്രവാസജീവിതം പോലും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിസ്സാരമായ ഒരു വാക് തര്‍ക്കമാണ് ഷിബിന്‍ എന്ന ചെറുപ്പക്കാരന്റെ ജീവന്‍ അപഹരിച്ചത്.
കേരളത്തിലെ മറ്റേതൊരു ഗ്രാമത്തെയും പോലെയുള്ള ഈ ഗ്രാമത്തില്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ഇതെല്ലാമെങ്ങനെ രൂപപ്പെടുന്നു എന്നതിനെ കുറിച്ച് വിശകലനങ്ങള്‍ നടക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും പൊതുപ്രവര്‍ത്തകരും ഭരണകൂടവും ഉണര്‍ന്നു പ്രവര്‍ത്തിച്ച് നടപടി സ്വീകരിക്കേണ്ടതുണ്ട്. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു കാര്യം. സംഘര്‍ഷ സാധ്യതയുള്ള പ്രദേശമെന്ന നിലയില്‍ കേരളത്തിലെ മറ്റൊരു സ്റ്റേഷനിലുമില്ലാത്ത “വജ്ര”സുരക്ഷാസംവിധാനമാണ് നാദാപുരം പോലീസ് സ്റ്റേഷനിലുള്ളത്. പോലീസുകാരുടെ എണ്ണം നോക്കിയാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷനുകളിലൊന്നാണ് നാദാപുരം. പക്ഷേ, കൊലപാതകത്തിന് ശേഷം നടന്ന കൊള്ളയും കൊള്ളിവെപ്പും തടയാന്‍ പോലീസ് ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല. എന്നു മാത്രമല്ല, പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് ചില വീടുകള്‍ ആക്രമിക്കപ്പെട്ടത് എന്നത് കൂടുതല്‍ ആശങ്കയുളവാക്കുന്നു.
മൂന്ന് ഘട്ടങ്ങളായാണ് അക്രമപ്രവര്‍ത്തനങ്ങള്‍ നടന്നത്. ആദ്യ ഘട്ടത്തില്‍ വീടുകള്‍ ആക്രമിക്കുകയും വീട്ടുകാരെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു. പിന്നീട് വ്യാപകമായ കൊള്ള. പണം, സ്വര്‍ണം വീട്ടുപകരണങ്ങള്‍ തുടങ്ങിയതെല്ലാം കൊള്ളയടിക്കപ്പെട്ടു. അവസാനം വീടുകള്‍ പൂര്‍ണമായോ‘ഭാഗികമായോ തീവെച്ച് നശിപ്പിച്ചു. അക്രമം നടക്കുമ്പോള്‍ നിസ്സഹായരായ സ്ത്രീകളും കുട്ടികളും ബാത്ത്‌റൂമുകളില്‍ ശ്വാസം അടക്കിപ്പിടിച്ച് ഒളിച്ചിരിക്കുകയായിരുന്നു. അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പലരും പോലീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാന്‍ മുകളില്‍ നിന്ന് തങ്ങള്‍ക്ക് നിര്‍ദേശമൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. പിന്നീടാകട്ടെ, വീടുകള്‍ക്ക് സുരക്ഷ നല്‍കുന്നതിന് പകരം, വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ മാത്രമായി അവരുടെ സേവനം.
ആക്രമണങ്ങള്‍ക്കിരയായ വീടുകളുടെ ദൃശ്യം പോലെ ഭീകരമാണ് കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിച്ച കാഴ്ച. ഗ്യാസ്, രാസവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ഏതാണ്ടെല്ലാ കിണറുകളിലും വലിച്ചെറിഞ്ഞിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞ കിണറുകള്‍ ഞങ്ങള്‍ കാണുകയുണ്ടായി. ഈ ജലസ്രോതസ്സുകള്‍ അത്രയെളുപ്പത്തിലൊന്നും ശുദ്ധീകരിച്ചെടുക്കാന്‍ കഴിയില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നാദാപുരം സംഘര്‍ഷപരമ്പരയില്‍ കുടിവെള്ള സ്രോതസ്സുകള്‍ക്ക് നേരെ വ്യാപകമായി നടന്ന ആക്രമണം പുതിയതാണെന്നും വിലയിരുത്തപ്പെടുന്നു.
ഉത്തരേന്ത്യയിലേത് പോലെ സാമുദായികമായ ഗല്ലികളോ ചേരികളോ അല്ല ഈ പ്രദേശത്തുള്ളത്. കേരളത്തിലെ മറ്റേതൊരു ഗ്രാമത്തേയും പോലെ ഇടകലര്‍ന്ന വീടുകളും പരസ്പര ബന്ധങ്ങളുള്ള ജീവിതവുമാണ് തൂണേരിയിലേതും. എന്നിട്ടുമെന്തേ ഇത്രമേല്‍ പരസ്പരം അക്രമാസക്തമാവുന്നു എന്നതാണ് പുനരാലോചനകള്‍ക്ക് വിധേയമാക്കപ്പെടേണ്ട പ്രശ്‌നം. ഒരു സമൂഹമെന്ന നിലയില്‍ ആഴമുള്ളതും ജനാധിപത്യപരവുമായ പരസ്പരബന്ധങ്ങള്‍ മേഖലയില്‍ കുറവാണ് എന്ന് വേണം വിലയിരുത്താന്‍. അതേസമയം ഇതിന് മറുവശവുമുണ്ട്. അക്രമികളില്‍ നിന്ന് മൂന്ന് വീടുകള്‍ കാത്തുരക്ഷിച്ച കുഞ്ഞിരാമേട്ടനെ ഞങ്ങള്‍ കാണുകയുണ്ടായി. സഹോദര സമുദായക്കാര്‍ക്കുള്‍പ്പെടെ പലര്‍ക്കും വീട് വെച്ച് കൊടുത്ത റഫീഖ് എന്ന ആ നാട്ടുകാരനായ ചെറുപ്പക്കാരന്‍ ഈ യാത്രയുടെ സംഘാടകന്‍ തന്നെയായിരുന്നു. വളരെ വലിയ ആസൂത്രണം ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ നടന്നിട്ടുണ്ട് എന്നു വേണം അപ്പോള്‍ അനുമാനിക്കാന്‍. പുറത്തുള്ള അക്രമിസംഘത്തിനും അതില്‍ വലിയ പങ്കുണ്ടാകും.
ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് അവസാനിക്കാത്ത നാദാപുരം സംഘര്‍ഷങ്ങളുടെ കാരണങ്ങളിലൊന്ന്. സി.പിഎമ്മും മുസ്‌ലിംലീഗും മേഖലയില്‍ ക്രിമിനലുകളെ വളര്‍ത്തുന്നുണ്ട്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇരു പാര്‍ട്ടികളിലും പെട്ട ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. അങ്ങനെ കൊലക്കിരയായവരുടെ കുടുംബങ്ങളും അക്രമത്തിന്റെ ഇരകളും നിരന്തരം തോല്‍പ്പിക്കപ്പെടുന്നു. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി മതിയായ ശിക്ഷ നല്‍കുകയും ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയുമാണ് നാദാപുരം പ്രശ്‌നങ്ങളുടെ പ്രധാന പരിഹാരം. നീതി പുലരാത്ത കാലത്തോളം അവിടെ ശാന്തി പുലരില്ല എന്ന് എല്ലാവരും തിരിച്ചറിയണം.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ച നാദാപുരം സംഘര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകത്തിനു ശേഷമുള്ള ആക്രമണം എന്നത് നാദാപുരം മേഖലയിലെ ഏറെ നാള്‍ പഴക്കമുള്ള ഒരു നാട്ടുശീലമാണ്. എന്നിട്ടും പോലീസ് ജാഗ്രത കാണിച്ചില്ല. ജില്ലാ കലക്ടര്‍ ഇനിയും സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. നാദാപുരത്ത് നടന്ന കൊലപാതകത്തിന്റെയും പകല്‍ക്കൊള്ളയുടെയും ഗൗരവമുള്‍ക്കൊണ്ട് മുഖ്യമന്ത്രി തന്നെ സ്ഥലം സന്ദര്‍ശിക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്താല്‍ കൊലയാളികളും കൊള്ളക്കാരും രക്ഷപ്പെടാതിരിക്കാന്‍ ഭരണകൂടമാണ് ജാഗ്രത കാണിക്കേണ്ടത്. അക്രമത്തിനും കൊള്ളക്കും ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. കൊലപാതകത്തിന്റെയും അക്രമത്തിന്റെയും ഇരകളും സാക്ഷികളുമായി ആ മേഖലയില്‍ വളര്‍ന്ന് വരുന്ന തലമുറ ഇതിനോട് എങ്ങനെയായിരിക്കും ഭാവിയില്‍ പ്രതികരിക്കുകയെന്ന് ജനാധിപത്യസമൂഹം ഏറെ ഗൗരവത്തോടെ ആലോചിക്കണം.
സന്ദര്‍ശാനന്തരം വൈകുന്നേരം ഞങ്ങള്‍ നാദാപുരം സര്‍ഗാ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി. സ്ഥലത്തെ സമാധാന കാംക്ഷികളായ പൊതുപ്രവര്‍ത്തകരും പൗരപ്രമുഖരും അവിടെ വന്നുചേര്‍ന്നിരുന്നു. ആ നാടിന്റെ വര്‍ത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും യാത്രാംഗങ്ങളും നാട്ടുകാരും സത്യസന്ധമായ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. നാടിന്റെ മൂല്യങ്ങളും സമാധാനാന്തരീക്ഷവും തിരിച്ചു പിടിക്കാന്‍ ആഗ്രഹമുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ അവിടെയുണ്ട്. അവരിലാണ് ആ നാടിന്റെ ഭാവി.
Comments