ഷാഹുല്‍ ഹമീദ് (മുത്തു)
ഷാഹുല്‍ ഹമീദ് (മുത്തു)
മുപ്പത്തിരണ്ടു വയസ്സിനുള്ളില്‍, ഒരു മനുഷ്യായുസ്സില്‍ നേടാന്‍ കഴിയുന്നതിലേറെ സൗഹൃദവലയമുണ്ടാക്കി, ജാതിമത പ്രായവ്യത്യാസമില്ലാതെ പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഇടംനേടിയ വ്യക്തിത്വത്തിനുടമയായിരുന്നു 'മുത്തു'വെന്ന് സ്‌നേഹപൂര്‍വം വിളിച്ചിരുന്ന ഷാഹുല്‍ ഹമീദ്.
2015 ജനുവരി 22-ന് തിരുവനന്തപുരം ആര്‍.സി.സിയില്‍ വെച്ച് ഈ ലോകത്തോട് വിടപറയുമ്പോള്‍ ഇവിടെ ഇട്ടേച്ച് പോയത് മൂന്നും, ഒന്നരയും പ്രായമായ രണ്ട് പെണ്‍കുഞ്ഞുങ്ങളെയും, ചെറുപ്രായത്തിലുള്ള ഭാര്യയെയും മാത്രമല്ല, വലിയൊരു സ്‌നേഹജനത്തെ കൂടിയായിരുന്നു. മുത്തുവിന്റെ സൗഹൃദവലയത്തില്‍ താഴെ കിടയിലുള്ളവരും ഉന്നത സ്ഥാനങ്ങളിലുള്ളവരുമുണ്ടായിരുന്നു. ഒരാളോടും പുഞ്ചിരിച്ചുകൊണ്ടല്ലാതെ സംസാരിച്ചു കണ്ടിട്ടില്ല. ഒരാവശ്യം പറയുമ്പോള്‍, ഒരു സഹായം ചോദിക്കുമ്പോള്‍ മറുത്തുപറയാത്ത, യുവാക്കള്‍ മാതൃകയാക്കേണ്ട ഒട്ടേറെ സല്‍ഗുണങ്ങള്‍ അദ്ദേഹത്തിലുണ്ടായിരുന്നു.
കലയിലും തന്റേതായ കഴിവുകള്‍ തെളിയിച്ചുകൊണ്ട് നാടകങ്ങളിലും തനിമ കരിങ്ങനാട് ഘടകത്തിന്റെ 'ലക്ഷ്യം,' 'കാലം പറയുന്നത്' എന്നീ ഹോം സിനിമകളിലും നായക വേഷങ്ങള്‍ ചെയ്തു. കരിങ്ങനാട് ഹല്‍ഖയിലായിരുന്ന മുത്തു തന്റെ സേവനം ആവശ്യമുള്ളപ്പോള്‍ വിളിക്കണമെന്ന് ഹല്‍ഖാ നാസിമിനെ ഇടക്ക് വിളിച്ച് ഓര്‍മപ്പെടുത്തുമായിരുന്നു. ജോലിത്തിരക്കിനിടയിലും ഉദുഹിയ്യത്ത്, ഫിത്വ്ര്‍ സകാത്ത്, വസ്ത്രവിതരണം പോലുള്ള കാര്യങ്ങളില്‍ ആവേശത്തോടെ സംബന്ധിക്കും. പ്രായത്തില്‍ കവിഞ്ഞ പക്വത മുത്തുവിന്റെ പ്രത്യേകതയായിരുന്നു. വലിയവര്‍ പോലും ഇടപെട്ടാല്‍ വഷളാവും എന്ന് കരുതിയിരുന്ന വിഷയങ്ങളില്‍ സധൈര്യം ഇടപെടുകയും ഉചിതമായ തീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നു.
മതസൗഹാര്‍ദത്തിന് ഏറെ കോട്ടംതട്ടിയ ഇക്കാലത്ത് മുത്തുവിന്റെ സൗഹൃദങ്ങള്‍ മാതൃകാപരമാണ്. മയ്യിത്ത് കാണാന്‍വന്ന ഇതര മതസ്ഥരില്‍ പലരും തളര്‍ന്നുവീഴുകയും അവരെ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തത് അദ്ദേഹത്തോടുള്ള സ്‌നേഹബന്ധത്തിന്റെ ആഴമാണ് തെളിയിക്കുന്നത്. മിസാജ് ട്രേഡിംഗ് കമ്പനി മാനേജറും സോളിഡാരിറ്റിയുടെയും, തനിമ കലാസാഹിത്യവേദി കരിങ്ങനാട് ഘടകത്തിന്റെയും പ്രവര്‍ത്തകനുമായിരുന്നു. പിതാവ്: കുഞ്ഞുണ്ണി ഹാജി. ഉമ്മ: സൈഫുന്നിസ. ഭാര്യ: ഷഹ്‌നാസ്. മക്കള്‍: ഷഹ്ദാദി, ഷാസ്മീന
അക്ബറലി കരിങ്ങനാട്
എ.പി.എം ഇസ്മാഈല്‍ പൊന്നാനി
അറുപതുകളുടെ അവസാനം ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ആ മാര്‍ഗത്തില്‍ ഊര്‍ജസ്വലതയോടെ കര്‍മനിരതനാവുകയും ചെയ്ത വ്യക്തിയായിരുന്നു പൊന്നാനിയിലെ എ.പി.എം ഇസ്മാമഈല്‍ (65). പൊന്നാനി-ഐ.എസ്.എസിന്റെ തുടക്കം മുതല്‍ സ്ഥാപനവുമായി ബന്ധപ്പെടുകയും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എഴുപതുകളുടെ അവസാനം ഐ.എസ്.എസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
ഗവണ്‍മെന്റ് സര്‍വീസില്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ താലൂക്ക് സര്‍വേയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച എ.പി.എം ഏതാനും വര്‍ഷം സുഊദിയില്‍ പ്രവാസ ജീവിതവും നയിച്ചു. പ്രസ്ഥാന മാര്‍ഗത്തില്‍ ചടുലതയോടെ പ്രവര്‍ത്തിച്ച അദ്ദേഹം പൊന്നാനി സണ്‍ഡേ ക്ലബ് കണ്‍വീനറുമായിരുന്നു.
സമൂഹത്തില്‍ അവശതയും പ്രയാസവും അഭിമുഖീകരിക്കുന്നവരെ കണ്ടെത്തി സഹായം ചെയ്ത് കൊടുക്കുന്നതിലും ഖുര്‍ആന്‍ പഠനത്തിലും ഏറെ താല്‍പര്യം കാണിച്ചു. സാമ്പത്തിക രംഗത്ത് സൂക്ഷ്മത പുലര്‍ത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി സി.വി ജംഗ്ഷന്‍ ഘടകത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് രോഗബാധിതനായത്. ഏറെ പ്രയാസവും വേദനയും സഹിച്ച് ശാന്തപുരത്ത് നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. തന്നെ പിടികൂടിയ രോഗത്തെ മനക്കരുത്തോടെ നേരിട്ട എ.പി.എം മരണപ്പെടുമ്പോള്‍ തര്‍ബിയ്യത്ത് യൂനിറ്റ് കണ്‍വീനര്‍, ഐ.എസ്.എസ് പ്രവര്‍ത്തക സമിതി അംഗം, വെല്‍ഫെയര്‍ പാര്‍ട്ടി സി.വി ജംഗ്ഷന്‍ യൂനിറ്റ് പ്രസിഡന്റ്, പൊന്നാനി മുനിസിപ്പാലിറ്റി ട്രഷറര്‍ മുതലായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു വരികയായിരുന്നു.
സി.വി ജംഗ്ഷന്‍ വനിതാ ഹല്‍ഖയിലെ പി. സുലൈഖയാണ് ഭാര്യ. മക്കള്‍: നബീല്‍ ശരീഫ് (ഖത്തര്‍), മാജിദ ശരീഫ, ജാബിര്‍ ശരീഫ്, അമീനാ ശരീഫ, നാഫില ശരീഫ, യൂനുസ് ശരീഫ്, ജിസിലി ശരീഫ.
അബൂ ശമീം പൊന്നാനി
Comments