മുസ്‌ലിം വ്യക്തിത്വത്തിന്റെ നിര്‍മിതി
ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിതം -12
ഇസ്‌ലാമിക മൂല്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ വരേണ്ട ഒരു അടിസ്ഥാന തത്ത്വമുണ്ട്. നീതിയുടെ സംസ്ഥാപനം, മനുഷ്യ സ്‌നേഹം തുടങ്ങിയ അത്തരം മൂല്യങ്ങള്‍ അവയുടെ പൂര്‍ണതയില്‍ പ്രയോഗവത്കരിക്കണമെങ്കില്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവും രക്ഷിതാവുമായ ദൈവത്തിന്റെ അനുശാസനങ്ങള്‍ക്ക് കീഴൊതുങ്ങിയിരിക്കണം എന്നത് സത്യമായിരിക്കെ തന്നെ, അത്തരം പൂര്‍ണത ഉണ്ടായിവരുന്നത് വരെ ഒരാള്‍ കാത്തിരിക്കാന്‍ പാടില്ല എന്നതാണത്. അതായത്, ഇത്തരം മൂല്യങ്ങളെ സമൂഹജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ഒരു ഇസ്‌ലാമിക ഭരണക്രമം നിലവില്‍ വന്നിട്ടു മതി എന്നു വെക്കാന്‍ പാടില്ല. അങ്ങനെയൊരു നിലപാട് ഖുര്‍ആനും സുന്നത്തും മുന്നോട്ടുവെക്കുന്നുമില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നേണ്ട മൂല്യങ്ങളാണിവ. ഒരു ബഹുസ്വര സമൂഹത്തില്‍ എത്രത്തോളം ഈ മൂല്യങ്ങള്‍ സാക്ഷാത്കരിക്കാനാവും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തി അതൊരു സാമൂഹിക ബാധ്യതയായി മുസ്‌ലിം സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.
പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യുക, പീഡനങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും അറുതിവരുത്തുക, വൃദ്ധരെയും അവശരെയും സംരക്ഷിക്കുക, അനാഥകള്‍ക്കും വിധവകള്‍ക്കും ജീവിത മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ഒരു ഇസ്‌ലാമിക ഭരണക്രമം ഉണ്ടായിവരുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ഇസ്‌ലാം അങ്ങനെയൊരു ഉപാധി വെച്ചിട്ടുമില്ല. കാരണം, ഇസ്‌ലാമിക വീക്ഷണത്തില്‍ ഈ ദൗത്യങ്ങളൊന്നും വോട്ട് നേടാനോ സുഹൃത്തുക്കളെ സമ്പാദിക്കാനോ ഉള്ള രാഷ്ട്രീയ ഗിമ്മിക്കുകളല്ല. നിലവിലുള്ള സാമൂഹിക സംവിധാനത്തിലെ കടുത്ത അനീതികള്‍ക്ക് ഇരകളായി ദരിദ്രരെയും മര്‍ദിത വിഭാഗങ്ങളെയും വിട്ടുകൊടുത്തുകൊണ്ട്, അപ്പുറത്തേക്ക് മാറിനിന്ന് ഒരു ആദര്‍ശ സുന്ദര ലോകത്തെ സ്വപ്നം കണ്ട് കഴിയുക എന്നത് കുറ്റകരം തന്നെയാണ്. മാത്രമല്ല, ഇത്തരം സാമൂഹിക മൂല്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഒരാള്‍ മുസ്‌ലിമാവുന്നതിന്റെ മിനിമം യോഗ്യതയാണെന്ന് കൂടി തിരിച്ചറിയപ്പെടണം. മുസ്‌ലിം വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതില്‍ അവക്ക് വലിയ പങ്കുണ്ട്. ആ സാമൂഹിക ദൗത്യങ്ങള്‍ ഏറ്റെടുക്കാത്ത പക്ഷം ഇസ്‌ലാമിക ജീവിതത്തിലെ വലിയ പോരായ്മയായി അത് അവശേഷിക്കും. ഇതിനെക്കുറിച്ചൊക്കെ ഓരോ മുസ്‌ലിമും തന്റെ രക്ഷിതാവിനോട് സമാധാനം ബോധിപ്പിക്കേണ്ടതായും വരും. നാം ജീവിക്കുന്ന സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥകള്‍ എന്തുതന്നെ ആയിക്കൊള്ളട്ടെ, ആ സാഹചര്യങ്ങളിലൊക്കെ ഈ മൂല്യങ്ങള്‍ വളരെ പ്രസക്തമായി തന്നെ നിലനില്‍ക്കും. ഓരോ മുസ്‌ലിമും തന്റെ കഴിവിന്റെ പരമാവധി ആ മൂല്യങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് നിര്‍ബന്ധവുമായിത്തീരും. കഴിവിന്റെ പരിധിയില്‍ വരാത്ത ഒരു ദൗത്യവും ആരെയും അല്ലാഹു ഏല്‍പിക്കുന്നുമില്ല.
''കഴിവിന്‍ പെട്ടത് ചെയ്യാനല്ലാതെ അല്ലാഹു ഒരു വ്യക്തിയെയും ചുമതലപ്പെടുത്തുകയില്ല'' (2:286). ഒരാള്‍ക്ക് കഴിയാത്ത ഒരു കാര്യം അല്ലാഹു ചെയ്യാന്‍ കല്‍പിക്കുകയില്ല എന്നതാണ് ഈ സൂക്തത്തിന്റെ പ്രത്യക്ഷത്തിലുള്ള അര്‍ഥം. വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ പരിധികളിലേക്കും ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. ''നിങ്ങള്‍ കഴിയുന്നവിധം അല്ലാഹുവിനെ സൂക്ഷിക്കുവിന്‍'' (64:16) എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അപ്പോള്‍ ഓരോ വ്യക്തിയും അവന്റെ കഴിവിന്റെ പരമാവധി ഇത്തരം സാമൂഹിക മൂല്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ പണിയെടുക്കേണ്ടതുണ്ട് എന്ന, ലോകത്തിന്റെ ഏത് ഭാഗത്തും പ്രസക്തമായ ഒരു സന്ദേശം ഈ സൂക്തം നല്‍കുന്നുണ്ടല്ലോ.
പല ഇസ്‌ലാമിക മൂല്യങ്ങളുടെയും പ്രയോഗവത്കരണം ഇസ്‌ലാമിക രാഷ്ട്രഘടനയുടെ സംസ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നത് ശരി തന്നെ. സാമൂഹിക ചുമതലകളാണ് അവയില്‍ മിക്കതും. ഇത്തരം ചുമതലകള്‍ അതിന് ഉതകുന്ന ഒരു രാഷ്ട്രസംവിധാനം ഉണ്ടാകുന്നത് വരെ നീട്ടിവെക്കുകയും ചെയ്യാം. പക്ഷേ, നീട്ടിവെക്കാന്‍ പറ്റാത്ത ചില ഇസ്‌ലാമിക മൂല്യങ്ങളുണ്ട്. അവ അനിവാര്യമായും മാനുഷിക മൂല്യങ്ങളായിരിക്കും. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു നബിവചനം ഇങ്ങനെയാണ്: ''ജാഹിലി(അന്ധകാര)കാലത്ത് മികച്ച് നിന്നവര്‍ ഇസ്‌ലാമിലും മികച്ച് നില്‍ക്കുന്നവര്‍ തന്നെ'' (മുസ്‌ലിം).
തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കല്‍, നന്മകളോടുള്ള പ്രതിപത്തി-അതാണിവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് ഓരോ മനുഷ്യ പ്രകൃതിയിലും ഉള്ളടങ്ങിയിട്ടുള്ളതാണ്. അതിനാലാണ്, ധര്‍മസംസ്ഥാപനത്തിനും അധര്‍മ വിപാടനത്തിനും അതില്‍ താല്‍പര്യമുള്ള എല്ലാ മനുഷ്യരുടെയും സഹകരണം തേടണമെന്ന് വിശ്വാസികളെ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നത്: ''സല്‍പ്രവൃത്തികളിലും ജീവിത സൂക്ഷ്മതയിലും നിങ്ങള്‍ പരസ്പരം സഹകരിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹകരിക്കാതിരിക്കുക'' (5:2).
~ഒരു ബഹുസ്വര സമൂഹത്തില്‍, നീതിയും മനുഷ്യാവകാശങ്ങളും ലഭ്യമാക്കാനും ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും ആരൊക്കെ പൊരുതുന്നുണ്ടോ അവരെല്ലാം മുസ്‌ലിംകളുടെ അകമഴിഞ്ഞ പിന്തുണ അര്‍ഹിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ അസമത്വവും അടിച്ചമര്‍ത്തലും വളരെ വ്യാപകമാണ്. അവ സമൂഹശരീരത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയിരിക്കുന്നു. പിഴുതുമാറ്റുക എളുപ്പമല്ല. അതിനാല്‍ മതമോ സാമൂഹിക സ്ഥിതികളോ ഒന്നും നോക്കാതെയുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് മാത്രമേ ഇത്തരം തിന്മകളെ ചെറുക്കാനാവുകയുള്ളൂ.
നീതിയും സമത്വവും പുലരാനും അഴിമതിയും ദാരിദ്ര്യവും രോഗങ്ങളും തുടച്ചുനീക്കാനുമുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളികളാകാനാണ് ഇസ്‌ലാം മുസ്‌ലിംകളെ ആഹ്വാനം ചെയ്യുന്നത്. ഈ പോരാട്ടങ്ങളെ ഏതെങ്കിലും സാമുദായികതയുടെ സങ്കുചിത വൃത്തത്തിലേക്ക് വളച്ചുകെട്ടുന്നതിന് യാതൊരു ന്യായീകരണവുമില്ല. കാരണം, നേരത്തെ വിശദീകരിച്ച പോലെ, ഇത്തരം മൂല്യങ്ങള്‍ സാര്‍വജനീനമാണ്; ഒരു മനുഷ്യജീവിയും അതിന്റെ വൃത്തത്തില്‍ നിന്ന് പുറത്തല്ല. അനീതി ആടിത്തിമര്‍ക്കുമ്പോള്‍ അത് തന്റെ സമുദായത്തിന്റെ അവകാശങ്ങളെ ബാധിക്കുന്നില്ലെങ്കില്‍ മിണ്ടാതിരിക്കുകയും ബാധിക്കുകയാണെങ്കില്‍ ഒച്ചവെക്കുകയും ഓലിയിടുകയും ചെയ്യുന്ന രീതി, സര്‍വ മനുഷ്യരുടെയും പ്രയാസങ്ങള്‍ നിങ്ങളുടെ വിഷയമായിരിക്കണമെന്ന ഖുര്‍ആനിക അധ്യാപനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. മര്‍ദിതര്‍ക്കൊപ്പം നില്‍ക്കുന്ന മതത്തിന് അവര്‍ ഏത് വിഭാഗക്കാരെന്ന നോട്ടമുണ്ടാവാന്‍ പാടില്ല; രക്ഷിക്കേണ്ടത് മര്‍ദിതരെ മുഴുവനുമാണ്.
ഇതിന്റെ തിളങ്ങുന്ന മാതൃക പ്രവാചക ജീവിതത്തില്‍ നിന്ന് നമുക്ക് കണ്ടെടുക്കാനാവും. മക്കയുടെ ചരിത്രത്തില്‍ ഹില്‍ഫുല്‍ ഫുദൂല്‍ എന്നൊരു കരാറിനെക്കുറിച്ച് പറയുന്നുണ്ട്. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ നബിയും അതില്‍ പങ്കാളിയായിരുന്നു. അനീതിക്കും അതിക്രമത്തിനും എതിരായി ഒന്നിച്ചു അണിനിരക്കും എന്ന പ്രതിജ്ഞയായിരുന്നു ആ കരാറിന്റെ സാരം. അതില്‍ ബഹുദൈവവിശ്വാസികളും ഏകദൈവവിശ്വാസികളും നിരീശ്വരവാദികളുമെല്ലാം അണിചേര്‍ന്നിരുന്നു. ഈ കരാറിനെ വളരെ ഉയര്‍ന്ന നിലയില്‍ വില മതിച്ചിരുന്നു പ്രവാചകന്‍. ഇനിയും അത്തരമൊരു കരാര്‍ ഉണ്ടാവുകയാണെങ്കില്‍ പ്രവാചകനായതിന് ശേഷവും താനതില്‍ പങ്കുചേരുമെന്ന് അവിടുന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
സഹായത്തിന്റെ കൈ നീട്ടിക്കൊടുക്കുക എന്നത് ഏതൊരു മുസ്‌ലിമിന്റെയും മിനിമം ധാര്‍മിക ബാധ്യതയാണെന്ന് ചുരുക്കം. ഇങ്ങനെ സഹായിക്കേണ്ട ഒരു ഘട്ടം വരുമ്പോള്‍, പൂര്‍ണമായ അര്‍ഥത്തില്‍ നമുക്ക് ആ സഹായം നല്‍കാന്‍ സാധിക്കുമോ, സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ എല്ലാ തിന്മകളെയും അഭിമുഖീകരിക്കാനുള്ള പ്രാപ്തി നമുക്കുണ്ടോ എന്നിത്യാദി സന്ദേഹങ്ങള്‍ക്കൊന്നും ഒരര്‍ഥവുമില്ല. എന്താണോ ചെയ്യാന്‍ കഴിയുന്നത് അത് ചെയ്യുക. പ്രവാചകന്റെ മാതൃക അതാണ്. ഒരു ഗ്രാമീണന്‍ തന്റെ ഒട്ടകത്തെ മക്കയിലെ പ്രമാണിയായ അബൂജഹ്‌ലിന് വിറ്റിരുന്നു. അബൂജഹ്ല്‍ അതിന്റെ വില നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഗ്രാമീണന് വേണ്ടി പ്രവാചകന്‍ നേരിട്ട് ഇടപെടുകയാണുണ്ടായത്.
ചെറിയ തിന്മകള്‍ നിസ്സാരമായി കാണരുതെന്ന് ഒരു പ്രവാചക വചനമുണ്ടല്ലോ. നാം നമ്മുടെ നിത്യജീവിതത്തില്‍ അവഗണിച്ച് കളയുന്ന വലിയൊരു തത്ത്വം ആ വചനത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ആ നബിവചനം: ''ഓ ആഇശ! ചെറിയ തിന്മകളില്‍ നിന്ന് നീ സ്വന്തത്തെ കാക്കുക. കാരണം, ആ തിന്മകള്‍ കുമിഞ്ഞുകൂടി ഒരാളെ നശിപ്പിച്ചുകളയും'' (ബൈഹഖി).
ചെറിയ തിന്മകള്‍, അല്ലെങ്കില്‍ നാം നിസ്സാരമായി അവഗണിക്കുന്ന അനീതികള്‍ അവ ഒന്നിച്ച് ചേരുമ്പോള്‍ സമൂഹത്തിനുണ്ടാകുന്ന ആഘാതം ഭയങ്കരമായിരിക്കും. അത്തരം ചെറിയ അനീതികള്‍ നിരന്തരം ഉണ്ടാകുന്ന പക്ഷം തിന്മകളുടെ ഒരു വന്‍മല തന്നെ സൃഷ്ടിക്കപ്പെടും. ഈ നബിവചനത്തിന് ഒരു മറുവശമുണ്ട്. നാം നിസ്സാരമായി കരുതുന്ന ചെറിയ ചെറിയ നന്മകള്‍, അവ ഒന്നിച്ച് ചേരുമ്പോള്‍ സമൂഹത്തില്‍ അവ സൃഷ്ടിക്കുന്ന ചലനം ഒട്ടും ചെറുതായിരിക്കില്ല. ദയയും കാരുണ്യവുമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് അത് വഴിയൊരുക്കും.
നമ്മള്‍ ജീവിക്കുന്നത് നീതിബോധവും അലിവും നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണെന്ന് പറയുമ്പോള്‍, സമൂഹം പൊതുവേ അങ്ങനെയാണ് എന്നു മാത്രമല്ല അര്‍ഥമാക്കുന്നത്. ഓരോ വ്യക്തിയും ക്രൂരനും സ്‌നേഹം വറ്റിയവനുമായി മാറിയിരിക്കുന്നു. റോഡില്‍ ഒരാള്‍ അപകടം പറ്റി രക്തത്തില്‍ കുളിച്ച് കിടക്കുമ്പോള്‍, ദരിദ്രനായ വഴിയോരക്കച്ചവടക്കാരനെ പോലീസുകാരന്‍ പിഴിയുമ്പോള്‍, അര്‍ധ നഗ്നരായ കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മാലിന്യക്കൂമ്പാരങ്ങള്‍ പരതുമ്പോള്‍, തെമ്മാടിക്കൂട്ടങ്ങള്‍ സ്ത്രീകളെ നഗ്നകളാക്കി തെരുവിലൂടെ നടത്തുമ്പോള്‍, ഭീമാകാരങ്ങളായ കൊട്ടാരങ്ങളുടെ അയല്‍പക്കത്ത് താമസിക്കുന്ന ദരിദ്രര്‍ മരണത്തിലേക്ക് പട്ടിണി കിടക്കുമ്പോള്‍ നാം നിസ്സംഗരാവാറില്ലേ? ആ നിസ്സംഗതയാണ് ക്രൂരത, മനുഷ്യത്വ രാഹിത്യം. സ്വന്തം കാര്യം മാത്രം ആലോചിക്കുന്ന ഒരു സമൂഹമായി നാം തരംതാണിരിക്കുന്നു. അവശര്‍ക്കോ രോഗികള്‍ക്കോ വേണ്ടി നീക്കിവെക്കാന്‍ നമ്മുടെ പക്കല്‍ സമയമില്ല. നമ്മുടെ സമൂഹത്തിലെ യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ഭൗതിക സമൃദ്ധി എന്ന ഒറ്റ ചിന്തയേ ഉള്ളൂ. ജീവിതതാളത്തിന് സ്‌നേഹവും അനുകമ്പയും നഷ്ടമായിരിക്കുന്നു. സ്ത്രീധനം മതിയായില്ലെന്ന് പറഞ്ഞ് ഭാര്യമാരെ കൊല്ലുന്നവരുണ്ട് നമ്മുടെ സമൂഹത്തില്‍. വലിയൊരു വിഭാഗത്തിന് പെണ്‍കുട്ടി ജനിക്കുന്നത് തന്നെ അപമാനകരമാണ്. ഇത്തരമൊരു സമൂഹത്തില്‍ നമ്മള്‍ ചെയ്യുന്ന ചെറിയ നന്മകള്‍ക്ക് വരെ വലിയ പരിഗണനയും സഹകരണവും ലഭിക്കുമെന്ന് മനസ്സിലാക്കണം. അത്തരം ശ്രമങ്ങളില്‍ മുസ്‌ലിംകകള്‍ പങ്കാളികളായേ മതിയാവൂ. ചെയ്യുന്ന പ്രവൃത്തികള്‍ പ്രത്യക്ഷത്തില്‍ അപ്രധാനവും നിസ്സാരവുമെന്ന് തോന്നിച്ചാലും അതിന്റെ പ്രതിഫലനം അങ്ങനെയാവണമെന്നില്ല. അഗതിയായ ഒരു സാധാരണ സ്ത്രീയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ പ്രവാചകന്‍ വ്യക്തിപരമായിത്തന്നെ താല്‍പര്യമെടുത്തിരുന്ന സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രവാചക വചനം ഇങ്ങനെയാണ്: ''രണ്ട് ആളുകള്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നത് പുണ്യമാണ്. ഒരാളെ വാഹനം കയറാന്‍ സഹായിക്കുന്നതും തലച്ചുമട് ഉയര്‍ത്തിക്കൊടുക്കുന്നതും ഒരാളോട് നല്ല വാക്കുകള്‍ പറയുന്നതും പുണ്യമാണ്. പ്രാര്‍ഥനാ സ്ഥലത്തേക്കുള്ള നിന്റെ ഓരോ കാലടിയും പുണ്യമാണ്. പൊതുവഴിയില്‍ നിന്ന് തടസ്സങ്ങള്‍ നീക്കുന്നതും പുണ്യമാണ്'' (മുസ്‌ലിം).
ഇത്തരം നിസ്സാരമെന്ന് തോന്നിക്കുന്ന കര്‍മങ്ങളെല്ലാം വളരെ പുണ്യകരം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, ഒരു വിഭാഗം മുസ്‌ലിംകള്‍ക്ക് പുണ്യത്തെക്കുറിച്ച് തെറ്റായതും വിചിത്രവുമായ കാഴ്ചപ്പാടാണ് ഉള്ളത്. അത് കാരണം മനുഷ്യന്റെ ദുരിതങ്ങള്‍ തെല്ലെങ്കിലും കുറയ്ക്കുന്ന ഇത്തരം ചെറിയ സേവനങ്ങളില്‍നിന്ന് പോലും അവര്‍ മാറിനിന്നുകളയും. ഏറ്റവും വലിയ തിന്മ അല്ലാഹുവിനെക്കുറിച്ച അവിശ്വാസമാണല്ലോ, ആ തിന്മ നീങ്ങിക്കഴിഞ്ഞാല്‍ എല്ലാ മനുഷ്യ ദുരിതങ്ങളും സ്വയം നീങ്ങിക്കൊള്ളും എന്ന് ആശ്വാസമടയുകയാണ് അവര്‍. ശരീഅത്തിന് അവര്‍ നല്‍കുന്ന ഈ വ്യാഖ്യാനം ഒട്ടും ന്യായീകരിക്കാവതല്ല. വ്യക്തിപരവും സാമൂഹികവുമായ മാറ്റത്തിന്റെ ചാലകശക്തികളെക്കുറിച്ച പൂര്‍ണമായ വിവരക്കേടും ഈ വ്യാഖ്യാനത്തിന് പിന്നിലുണ്ട്.
(തുടരും)
Comments