Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

എണ്ണവിലയിടിവിലെ ആഗോള രാഷ്ട്രീയ താല്‍പര്യങ്ങള്‍

പി.പി അബ്ദുര്‍റസാഖ് /വിശകലനം

         അന്താരാഷ്ട്ര  വിപണിയില്‍ എണ്ണവില  വെറും  മൂന്നു മാസത്തിനുള്ളില്‍ 60 ശതമാനം  കുറഞ്ഞുകൊണ്ട് ചരിത്രത്തിലെ ഒരു അഭൂത പ്രതിഭാസം അടയാളപ്പെടുത്തിയിരിക്കുകയാണ്. 2008-'09-ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തുപോലും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ  വില ഇത്രയും കുറഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ  പ്രത്യേക പഠനം അര്‍ഹിക്കുന്നുണ്ട് ഈ വിലത്തകര്‍ച്ച.

പ്രധാന എണ്ണ   രാജ്യങ്ങളുടെയും അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥ രൂപപ്പെടുത്തുന്നതില്‍ പങ്കുള്ള അവരുടെ  അയല്‍പക്ക രാജ്യങ്ങളുടെയും രാഷ്ട്രീയ സാഹചര്യം നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരേണ്ട രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. എണ്ണ ഉല്‍പാദക രാജ്യങ്ങളായ   ഇറാഖും ലിബിയയും സിറിയയും ഏറക്കുറെ പൂര്‍ണമായും ആഭ്യന്തര യുദ്ധത്തിനടിപ്പെട്ട് അരാജകാവസ്ഥയുടെ പിടിയിലാണ്. യമനില്‍ സായുധ വിഭാഗമായ ഹൂഥികള്‍ നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ചതിലൂടെ അതും ആഭ്യന്തര യുദ്ധത്തിലേക്ക് നടന്നടുക്കുകയാണ്.  ബഹ്‌റൈനിലെ സുന്നി-ശീഈ വിഭാഗീയത ആഭ്യന്തര ശിഥിലീകരണത്തിന് വഴിതുറന്നിരിക്കുന്നു. ഇസ്രയേലിനും സിറിയക്കും ഇറാന്റെ കോടാലിയായ ഹിസ്ബുല്ലക്കുമിടയില്‍ വീര്‍പ്പുമുട്ടി ലബനാന്‍ പിടയുകയാണ്.  പട്ടാളത്തെയും പോലീസിനെയും ഏറാം മൂളികളായ മീഡിയയെയും ജീര്‍ണിച്ചു കെട്ടുനാറുന്ന കോടതിയെയും   ഉപയോഗിച്ച്   സീസി ഭരണം നടത്തുന്ന ഈജിപ്ത് സിറിയയുടെ വഴിയെ നീങ്ങുന്നതായാണ് ഏറ്റവും പുതിയ സൂചന. യമനിലെയും ഈജിപ്തിലെയും സിറിയയിലെയും ഇറാഖിലെയും ബഹറൈനിലെയുമൊക്കെ പ്രശ്‌നങ്ങള്‍ ഈ  രാജ്യങ്ങളുടെയൊക്കെ അയല്‍പക്കത്ത് സ്ഥിതി  ചെയ്യുന്ന, അവയില്‍ മിക്കതിനോടും അതിര്‍ത്തി പങ്കിടുന്ന, ജി.സി.സിയിലെ ഏറ്റവും വലിയ രാജ്യമായ സുഊദി അറേബ്യയെ ബാധിക്കുക സ്വാഭാവികം മാത്രമാണ്; പ്രത്യേകിച്ചും, ഇവയില്‍ പലതിലും രാഷ്ട്രീയ സാമൂഹിക സാഹചര്യം രൂപപ്പെടുത്തുന്നതില്‍ സുഊദി അറേബ്യക്ക് പങ്കുണ്ടെന്നിരിക്കെ.   മറ്റൊരു എണ്ണ ഉല്‍പാദക രാജ്യമായ റഷ്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഉക്രൈനുമായുള്ള പ്രശ്‌നത്തില്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്റെയും സാമ്പത്തിക ഉപരോധത്തിനു വിധേയമായി കൈവശമുള്ള എണ്ണ കൊണ്ടും ഗ്യാസ്‌കൊണ്ടും തിരിച്ചടിക്കാനിരിക്കുമ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി എണ്ണ വില വീണ്ടും കുറയുന്നത്.

രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഇങ്ങനെ എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ കുത്തനെ ഇടിയുമ്പോഴും ഒപെക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഊദി അറേബ്യയും ജി.സി.സി രാജ്യങ്ങളും സാധാരണ ചെയ്യാറുള്ളതില്‍ നിന്ന് ഭിന്നമായി എണ്ണ ഉല്‍പാദനം വെട്ടിച്ചുരുക്കുന്നതിനെ എതിര്‍ത്തിരിക്കുകയാണ്. രണ്ടാമതായി, ഇപ്പോള്‍ എണ്ണ വിലയില്‍  ഉണ്ടായിരിക്കുന്ന തകര്‍ച്ച  സുഊദി, യു.എ.ഇ പോലുള്ള  രാജ്യങ്ങളുടെ ബജറ്റുകളെ ബാധിച്ചതായും കാണാന്‍ സാധിക്കുന്നില്ല. 

സ്വാഭാവികമായും എണ്ണ വിലയുടെ അന്താരാഷ്ട്ര  ഇടിവിനു പിന്നില്‍ ചില രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഉല്‍പാദനം  വെട്ടിച്ചുരുക്കുന്നതിനെ ഒപെക് സമ്മേളനത്തില്‍ ചില രാജ്യങ്ങള്‍ എതിര്‍ത്തതും ഈ   വിലയിടിവിന്റെ പേരില്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ ബജറ്റിനെ ബാധിക്കാതെ സൂക്ഷിച്ചതും. ഈ അജണ്ടകളെ മറച്ചുപിടിക്കുന്നതിനു  വേറെ ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ട്. അതിലൊന്നാണ്, ശൈല്‍ ഗ്യാസും (Shale gas) 'ഐസിസി'ന്റെ കരിഞ്ചന്തയിലെ ഓയില്‍ വ്യാപാരത്തെ സംബന്ധിച്ച അതിശയോക്തികളും. ഒന്നാമതായി, ശൈല്‍ ഗ്യാസ് ഒരു പുതിയ പ്രതിഭാസമല്ല. ചുരുങ്ങിയത്, പത്തുവര്‍ഷത്തെ   പഴക്കമെങ്കിലും ഈ വിഷയത്തിനുണ്ട്. ശൈല്‍ ഗ്യാസിനു ക്രൂഡ് ഓയില്‍ പോലെ നിരവധി ഉപോല്‍പന്നങ്ങളില്ല. ശൈല്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ധനത്തിനാവട്ടെ ക്രൂഡ് ഓയിലില്‍നിന്ന് കിട്ടുന്ന ഇന്ധനത്തിന്റെ ഗുണനിലവാരവുമില്ല. ശൈല്‍ ഗ്യാസ് ഫ്രാക്ക് ചെയ്യാനുള്ള സാമ്പത്തിക ചെലവാകട്ടെ, ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കാനുള്ളതിന്റെ പതിന്മടങ്ങുമാണ്.  പുറമേ, ഒരുപ്രത്യേക തരം പാറകള്‍  പൊട്ടിച്ചെടുക്കുന്ന ശൈല്‍ ഗ്യാസ്, നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണവുമായിത്തീരുമെന്ന്  ഇതുസംബന്ധമായി നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ,  ശൈല്‍ ഗ്യാസ്  നിലവിലെ  അവസ്ഥയില്‍  ക്രൂഡ് ഓയലിനു പകരമാവുക സാധ്യമല്ല. ശൈല്‍ ഗ്യാസ് ഉല്‍പാദനം കാരണമായി എണ്ണയുടെ ഡിമാന്റിലോ ഉപയോഗത്തിലോ പ്രത്യേകിച്ച് ഒരു കുറവും സംഭവിച്ചിട്ടുമില്ല. ഇതേപോലെ തന്നെ രാഷ്ട്രീയ അജണ്ടകളെ  മറച്ചുപിടിക്കുന്നതിനുവേണ്ടി ഹൈപ് ചെയ്യപ്പെട്ട കാര്യമാണ് 'ഐസിസി'ന്റെ കരിഞ്ചന്തയിലെ ഓയല്‍ വ്യാപാരം.  'ഐസിസി'ന്റെ കൈവശമുള്ള ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ എണ്ണ ഉല്‍പാദിപ്പിച്ച് കയറ്റിയയക്കാനുള്ള ചുറ്റുപാടിലല്ല ഉള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഇനി വല്ലതും ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കില്‍തന്നെ, സാധാരണഗതിയില്‍ ഉല്‍പാദിപ്പിക്കുന്നതിനേക്കാളും  വളരെ കുറവ് മാത്രമായിരിക്കും. അഥവാ, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആ പ്രദേശങ്ങളില്‍ നിന്ന്  എത്തേണ്ടിയിരുന്ന എണ്ണയുടെ വോള്യത്തേക്കാള്‍ വളരെ കുറഞ്ഞ അളവിലേ കരിഞ്ചന്തയില്‍ അവര്‍ വില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ ഉണ്ടാവുകയുള്ളൂ. അതിനു വേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കാനും രൂക്ഷ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ  ഉല്‍പാദിപ്പിക്കാനും വിതരണം  ചെയ്യാനുമുള്ള 'ഐസിസി'ന്റെ കഴിവിനെ സംബന്ധിച്ച സംശയങ്ങള്‍ നമുക്ക് തല്‍ക്കാലം  മറന്നേക്കാം. എന്നാലും, ഇപ്പോഴുണ്ടായ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയുടെ ഇടിവിനല്ല ഐസിസിന്റെ സാന്നിധ്യം കാരണമാകുക; മറിച്ച്, ക്രമാതീതമായി എണ്ണ വില വര്‍ധിക്കാനായിരുന്നു. എന്നിട്ടും എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞുകൊണ്ടേയിരിക്കുന്നു!  എന്തുകൊണ്ട്?

ഇറാന്‍ മധ്യ പൗരസ്ത്യദേശത്ത് ഒരു റീജ്യണല്‍ ശക്തിയായി മാറിയിരിക്കുന്നു. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ കൈവരിച്ച ഇറാന്‍, സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ റൂഹാനി അധികാരത്തില്‍ വന്നശേഷവും അണു കിട വിട്ടുകൊടുത്തിട്ടില്ല. പുറമേ, മേഖലയിലെ പ്രധാന രാജ്യങ്ങളെല്ലാം, ഇറാന്റെ സാമന്തര്‍ ആണ്. ഇറാഖ് പ്രതിസന്ധിയില്‍ ഏറ്റവുമധികം മുതലെടുപ്പ് നടത്തിയത് ഇറാനായിരുന്നല്ലോ. ഒരര്‍ഥത്തില്‍, ഇപ്പോള്‍ ഇറാനാണ് ഇറാഖ് ഭരിക്കുന്നത് എന്നു പോലും  പറയാം. സിറിയയില്‍ ബശ്ശാര്‍ അസദ് രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനിടയിലും പിടിച്ചുനിന്നുപോകുന്നത് ഇറാന്റെ പിന്തുണ കൊണ്ടാണ്. യമനിലും ഹൂഥികളിലൂടെ ഇറാന്‍ പിടിമുറുക്കിക്കഴിഞ്ഞു. ലബനോനിനു ഹിസ്ബുല്ലയെ  ഒഴിവാക്കി നിലനില്‍ക്കാന്‍  സാധിക്കില്ല. ഹിസ്ബുല്ലയാവട്ടെ, ഇസ്രയേലിന്റെ അതിര്‍ത്തിയിലെ  ഇറാനിയന്‍ സാന്നിധ്യമാണ്. ശീഈ വിഭാഗങ്ങള്‍ക്ക് സാന്നിധ്യമുള്ള സുഊദി അറേബ്യയുടെ എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രദേശങ്ങളും ശീഈ ഭൂരിപക്ഷമുള്ള ബഹറൈനുമാണ് ഇറാന്റെ അടുത്ത ലക്ഷ്യങ്ങള്‍. എണ്ണയാണ് ഇറാന്റെയും പ്രധാന വരുമാനമാര്‍ഗം. ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഭിന്നമായി ദീര്‍ഘകാലമായി പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് സാമ്പത്തികവും സാങ്കേതികവുമായ ഉപരോധം നേരിടുന്നതിന്റെ കൂടി ഫലമായി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നിടത്തെ പരിമിതികള്‍ കാരണമായും മറ്റും എണ്ണ കുഴിച്ചെടുക്കാനുള്ള ചെലവ് ഇറാനില്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ, ഇറാനെ മുട്ടുകുത്തിക്കുക എന്നത് പാശ്ചാത്യശക്തികളുടെയും മധ്യപൗരസ്ത്യദേശത്തെ ചില രാജ്യങ്ങളുടെയും പൊതു ലക്ഷ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. 

ക്രീമിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുപോലെ റഷ്യയെയും പാശ്ചാത്യശക്തികള്‍ വരച്ചവരയില്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നു. റഷ്യയുടെയും പ്രധാന വരുമാനമാര്‍ഗം എണ്ണ തന്നെയാണ്. പിന്നെ, ലാറ്റിന്‍ അമേരിക്കയിലെ അമേരിക്കയുടെ നിത്യ തലവേദനയാണ് വെനിസുല. അവരുടെയും പ്രധാന വരുമാനമാര്‍ഗവും എണ്ണ.  ഈ മൂന്നു രാജ്യങ്ങള്‍ക്കും ജി.സി.സി രാജ്യങ്ങള്‍ക്കുള്ളതു പോലെ ഭീമമായ സോവറൈന്‍ വെല്‍ത്ത് ഫണ്ട് (SWF) ഇല്ല. പുറമേ  ഇവര്‍ക്കൊക്കെ എണ്ണ കുഴിച്ചെടുക്കാനുള്ള ചെലവും ജി.സി.സി രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. സമ്പത്തികമായി ഇവരുടെ നടുവൊടിച്ചു മുട്ടുകുത്തിക്കാനുള്ള അടവാണോ ഇപ്പോഴത്തെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവ്? എങ്കില്‍ വെനിസുലയില്‍ അതിന്റെ അനുരണനങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളായി കണ്ടുതുടങ്ങിയിരിക്കുന്നു. ഇറാനും റഷ്യയും ഇതിലേക്ക് വ്യക്തമായും സൂചിപ്പിച്ചുകൊണ്ട് പ്രസ്താവനകള്‍ നടത്തിക്കഴിഞ്ഞു.  പിന്നെ  മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീരു കാണാനുള്ള സങ്കുചിത രാഷ്ട്രീയ മനസ്സ് കാണാന്‍ ആഗ്രഹിക്കുന്നവര്‍  അത് കാണാന്‍ മറ്റെവിടെയും പോകേണ്ടതില്ല. തുര്‍ക്കിയുടെ കീഴിലുള്ള ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിനു പോലും കാരണമായ, ഇന്നും തുടരുന്ന മധ്യപൗരസ്ത്യദേശത്തെ ഗോത്ര രാഷ്ട്രീയം മാത്രം നോക്കിയാല്‍  മതി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍