Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

ആ യാത്ര നിന്നിലേക്കാണല്ലോ

സുബൈര്‍ കുന്ദമംഗലം /ചിന്താവിഷയം

ഒരു നാള്‍ എനിക്കും മരിക്കേണ്ടതുണ്ട്
എല്ലാം ഉപേക്ഷിച്ച് ഇവിടം വിട്ടു പോകേണ്ടതുണ്ട്.
സ്‌നേഹിച്ചതും വെറുത്തതുമായ എല്ലാം ഉപേക്ഷിച്ച്.
നിന്നെയും, എന്റെ പ്രിയപ്പെട്ട മറ്റെല്ലാം വിട്ട്  
എനിക്കും ഇവിടം വിട്ടു പോകേണ്ടതുണ്ട്!
 
നാം തമ്മില്‍ എന്തായിരുന്നു എന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ.
എനിക്ക് നീ എന്തായിരുന്നു എന്ന് നീ അറിഞ്ഞിരുന്നെങ്കില്‍
ജീവിതം ചിലപ്പോള്‍  മറ്റൊന്നാകുമായിരുന്നു.
ഓ,അങ്ങനെ പറയാനാകില്ല.
കാരണം നമ്മുടെ വഴികള്‍ നാം മാത്രം തീരുമാനിക്കുന്നതല്ലല്ലോ.
എല്ലായ്‌പോഴും ആരോ അതില്‍ ഇടപെട്ടു കൊണ്ടേയിരിക്കുന്നു. എല്ലായ്‌പോഴും!
 
നാം ജീവിച്ച ജീവിതം നമ്മുടേത് തന്നെയായിരുന്നുവോ?
നമ്മുടേത് എന്നതില്‍ നിന്ന് എന്റേതും നിന്റെതുമെന്നാകുമ്പോള്‍
ഞാനും നീയും എത്ര അപരിചിതരായിരുന്നു.
സ്‌നേഹം പിന്നെയും ഉത്ക്കടമായ് ആശിച്ചു കൊണ്ടേയിരുന്നു.
നിന്നിലും, എന്നിലും! 
എഴുതാനാകാതെ പോയ ഒരു കവിതയുടെ
ഉള്ളില്‍ കിടന്നു വിങ്ങുന്ന വാക്കുകളുടെ ഏകാന്തത.
നീയതറിഞ്ഞിരുന്നുവോ എപ്പോഴെങ്കിലും?
നിന്നിലെ പലതും ഞാനറിയാതെ പോയ പോലെ നീയും.......
 
ഒരു നാള്‍ എനിക്കും മരിക്കേണ്ടതുണ്ട്.
അത് ഈ നിമിഷത്തിലായേക്കാം.
അല്ലെങ്കില്‍ മറ്റൊരു ദിവസം
മറ്റൊരു നിമിഷത്തില്‍.
പക്ഷേ അത് സുനിശ്ചിതമാണ്.
വൈകുന്നു എന്നത് കൊണ്ട് അതില്ലാതാകുന്നില്ല.
അത് നാം നിശ്ചയിക്കുന്നതല്ല എന്നത് തന്നെ കാരണം!
 
ഇന്നലെകളെക്കുറിച്ചുള്ള വേദനകളും, നാളെയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ക്കുമിടയില്‍ നാം മറന്നു പോകുന്ന ഈ നിമിഷങ്ങള്‍ ആരുടേതാണ്?
 
എന്റേത് നിന്റേത് എന്ന് മുറിച്ചു മാറ്റി വേര്‍പ്പെടുത്തി
പങ്കിട്ടെടുത്തതെല്ലാം നമ്മെ ഉപേക്ഷിച്ചു പോയതെങ്ങോട്ടാണ്?
നോക്ക്, ഇതെഴുതുമ്പോള്‍ എന്തെല്ലാമാണ് എന്റെ മുന്നിലൂടെ കടന്നു പോകുന്നത്!
ഏതെല്ലാം മുഖങ്ങളാണ്!
തീര്‍ച്ചയായും, ചിത്ര ശലഭങ്ങളെപ്പോലെ നിന്നിലൂടെ എനിക്ക് കിട്ടിയ ദൈവത്തിന്റെ സമ്മാനമായ രണ്ടു നക്ഷത്രക്കുഞ്ഞുങ്ങള്‍.
പക്ഷേ,അവര്‍ എവിടെയാണ്,
മഴ
വെയില്‍
കാറ്റ്
കടല്‍
എല്ലാം ഉള്ളിലൊളിപ്പിച്ച നീയും?
ആരെല്ലാമോ കടന്നു വരികയും പിരിഞ്ഞു പോകുമ്പോള്‍ അലങ്കോലപ്പെടുകയും ചെയ്യുന്ന സ്വീകരണ മുറി പോലെ എന്റെ ഹൃദയം പിന്നെയും ഞാന്‍ വൃത്തിയാക്കി സൂക്ഷിച്ചു വെക്കുന്നു,
നീ വരുമെന്നു പിന്നെയും മോഹിച്ചു കൊണ്ട്.
പക്ഷേ നീ വരികയില്ലല്ലോ.
നിനക്കെങ്ങനെയാണ് വരാനാവുക?
ഞാന്‍ നിന്നിലേക്കാണല്ലോ വരേണ്ടത്.
ഞാനതിനായ് കാത്തിരിക്കുന്നു.
എന്റെ നിന്നിലേക്കെത്താനുള്ള ആ അനാദിയായ നിമിഷങ്ങള്‍ക്കായ്.
അങ്ങിനെ നിന്നില്‍ പടര്‍ന്നു കിടന്നു, നിന്നില്‍ ലയിച്ച്....
ഒടുവില്‍ ഞാന്‍ എന്ന എന്നെ ഇല്ലാതെയാക്കാന്‍ നിനക്കല്ലാതെ മറ്റെന്തിനാണാവുക?
ഈ നിമിഷങ്ങള്‍ ഇവിടെത്തന്നെ ഉള്ളതാണ്.
എല്ലായ്‌പോഴും ഉണ്ടായിരുന്നതുമാണ്.
നാമത് അറിഞ്ഞില്ലെന്നു മാത്രം.
നാമറിയാത്തത് കൊണ്ട് അതില്ലാതാകുന്നില്ലല്ലോ.
ഏതെല്ലാം നുണകളിലൂടെയാണ് നാം കടന്നു പോയത്,
പരമമായ ആ സത്യത്തിലേക്കെത്താന്‍!
ഏതെല്ലാം വഴികളിലൂടെ ഇഷ്ടപ്പെട്ടും അല്ലാതെയും.
ഒടുവില്‍ നാമത് കണ്ടെത്തുകയുണ്ടായോ?
അതോ അത് നമ്മെ കണ്ടെത്തുകയായിരുന്നുവോ?
 
വായിക്കപ്പെടാതെ പോയ വിശുദ്ധ വചനങ്ങളുടെ
വെളിച്ചം നഷ്ടപ്പെട്ട് ഇരുട്ടിലകപ്പെട്ട ഒരു ജനതയുടെ കണ്ണീര്‍.
ഗിരിശൃംഗങ്ങളില്‍ പ്രകമ്പനമായ് പെയ്ത വചനധാരകള്‍
കേള്‍ക്കാതെ പോയ കാതുകളുടെ ബധിരത.
ഉച്ചരിച്ചത് തിരിച്ചെടുക്കാനാകാതെ
പല്ലുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന നാവിന്റെ മൂകത.
കണ്ട കാഴ്ചകളില്‍ നിന്ന് ഒളിച്ചു വെക്കാനാകാത്ത, മറച്ചു വെക്കാനാകാത്ത, തിരശ്ശീലകള്‍ക്കകത്തെ പല കണ്ണുകള്‍.
എനിക്കും നിനക്കും ഒരേ കാഴ്ചകള്‍ക്കു തന്നെ രണ്ടര്‍ഥങ്ങളായിരുന്നു.
വിജയത്തിലേക്കും, നന്മയിലേക്കും വിളിക്കുമ്പോള്‍ തിരിഞ്ഞുനടന്ന കാലുകളുടെ വൈകല്യം.
ഹാ കാലം തന്നെയാണ് സത്യം.
ഞാനും നീയും നമുക്കെതിരെ സാക്ഷികളാകുമെന്നതിന്
 
നാം പരസ്പരം അറിയണമെന്നുള്ളതായിരുന്നു,
എന്നാല്‍ നാം പരസ്പരമറിഞ്ഞത് പരസ്പരം എങ്ങനെ ഇല്ലാതെയാക്കാമെന്നതിനായിരുന്നു.
ചിരിച്ചു കൊണ്ട് നാം കഴുത്തറുത്തു.
വിരുന്നു വിളിച്ചു വിഷമൂട്ടി വിട്ടു.
നീയറിയാതെ നിന്നില്‍ വിഷം കലര്‍ത്തി കൊന്നു.
ഞാനും നീയും ജയിക്കാന്‍ വേണ്ടി പോരാടിയ യുദ്ധത്തില്‍ പരസ്പരം പരാജയപ്പെടുന്നതറിയാതെ സ്വന്തം മരണത്തിനു കാവല്‍ നിന്നു.
നമുക്ക് ആയുധം തന്നവന്‍ ആര്‍ത്തട്ടഹസിച്ചു.
നാം വിജയിച്ചുവെന്നു എന്നെയും നിന്നെയും അവന്‍ ആള്‍ക്കൂട്ടങ്ങള്‍ക്കു സാക്ഷ്യം പറഞ്ഞു.
യുദ്ധം സമാധാനത്തിനെന്നു വിശ്വസിച്ച നപുംസകങ്ങള്‍ പിന്നെയും അവന്റെ പിന്നാലെ പാഞ്ഞു.
വചനങ്ങള്‍ സാക്ഷികളായിരുന്നു
വാക്കുകള്‍ സാക്ഷികളായിരുന്നു
കത്തുന്ന വാക്കുകള്‍!
 
അര്‍ഥമറിയാതെ നാമുരുവിട്ട വാക്കിന്റെ വെളിച്ചം കാത്തു സൂക്ഷിക്കുമെന്നത് അത് പറഞ്ഞവന്റെ തന്നെ വാഗ്ദാനമാണ്.
എന്നിട്ടും നാം സംശയിച്ചു നില്‍ക്കുന്നു.
കാത്തു നില്‍ക്കുന്നു.
തിരിച്ചറിയാന്‍ വൈകുന്നു.
അറിഞ്ഞതെല്ലാം ഉപകരിക്കപ്പെടാതെ പോകുന്ന
ഒരു കാലത്തിലേക്ക് നാം സ്വരൂപിച്ചുവെച്ചതെല്ലാമുപേക്ഷിച്ച് പോകേണ്ടി വരുമെന്നത്.................
 
ഓ, സമയമാകുന്നു.
ആരോ കാത്തു നില്‍ക്കുന്നു.
കാലൊച്ച കേള്‍പ്പിക്കാതെ നടന്നടുക്കുന്നു.
യാത്ര നിന്നിലേക്കെന്നത് എത്ര ആശ്വാസമാണ്!
വേദനകളില്ലാതെ.
ഭാരങ്ങളില്ലാതെ.
തനിച്ച്,
അല്ല,കൂടെ ആരൊക്കെയോ ഉണ്ട്.
പാതിരാ പ്രാര്‍ഥനകള്‍,
വിശന്നവന് നല്‍കിയ അന്നം,
ദാഹിച്ചു വലഞ്ഞപ്പോള്‍ പകുത്തു കൊടുത്ത വെള്ളം,
ആവശ്യക്കാരനായിരിക്കെ കൊടുത്തത്,
കിട്ടാനുള്ളത് വാങ്ങാതെ വിട്ടത്,
കൂട്ടിനാരുമില്ലാതെ,തനിച്ചായ വാര്‍ധക്യത്തിനു നല്‍കിയ ഒരിറ്റു സ്‌നേഹം,അലിവ്, കരുണ.
വെളിപാടിന്റെ വചനങ്ങള്‍,
വെളിച്ചത്തിന്റെ കവചങ്ങള്‍.
 
ഹാ ആശ്വാസം!
യാത്ര നിന്നിലേക്കാണെന്നത് എത്ര മാത്രം ആശ്വാസമാണ്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍