തീവ്രവാദത്തെ ഗൗരവത്തോടെ കാണണം
ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകമെങ്ങും പതഞ്ഞുപൊങ്ങിയ തീവ്രവാദ വിരുദ്ധ ചര്‍ച്ചകള്‍ ഇനിയും ശമിച്ചിട്ടില്ല. അതിനിടെ ഐസിസ് തീവ്രവാദികള്‍ നടത്തിയ ചില ക്രൂരകൃത്യങ്ങള്‍ ആ ചര്‍ച്ചക്ക് കൂടുതല്‍ ചൂടുപകരുകയായിരുന്നു. ചര്‍ച്ചകളേറെയും - വിശേഷിച്ചും പാശ്ചാത്യ ലോകത്ത് - ഇസ്‌ലാംവിരുദ്ധ പ്രചാരണമായി മാറുന്നതായാണ് കാണുന്നത്. മഹാ സംഭവങ്ങളുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുക സ്വാഭാവികം. പക്ഷേ, ചര്‍ച്ചകളെല്ലാം ഏകമുഖമാകുന്നതില്‍ അസ്വാഭാവികതയുണ്ട്. അതിന്റെ പിന്നില്‍ ഗൂഢമായ അജണ്ടയുള്ളതായി സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. മാധ്യമ വിശകലനങ്ങളുടെയും ചാനല്‍ ചര്‍ച്ചകളുടെയും പൊതുവായ ഗതി ഏതാണ്ടിങ്ങനെയാണ്: 'ഭീകരതയുടെ ഉറവിടം ഇസ്‌ലാം മതമാണ്. ആധുനിക ലോകം നേരിടുന്ന അതീവ ഗുരുതരമായ വിപത്താണിത്. ലോക യുദ്ധത്തേക്കാള്‍ മാരകമായ ഭീഷണി. സാമാന്യ ജനങ്ങളെ മാത്രമല്ല, സര്‍ക്കാറുകളെയും വെല്ലുവിളിക്കുന്ന 'ഇസ്‌ലാമിക ഭീകരത' ലോകത്തിലെ മിക്ക രാജ്യങ്ങളിലും ആഴത്തില്‍ വേരൂന്നി ത്വരിതമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. കുറെ മനുഷ്യരെ കൊല്ലുകയും കൊള്ളയടിക്കുകയും മാത്രമല്ല ഇസ്‌ലാമിക ഭീകരതയുടെ ലക്ഷ്യം. പ്രത്യുത മുസ്‌ലിംകളല്ലാത്തവരെ നശീകരിക്കുകയോ കീഴടക്കുകയോ ചെയ്തുകൊണ്ട് ലോകം മുഴുവന്‍ തങ്ങളുദ്ദേശിക്കുന്ന ജീവിതരീതിയും സംസ്‌കാരവും സ്ഥാപിക്കുകയാണ് ആത്യന്തിക ലക്ഷ്യം. പ്രവചിക്കപ്പെട്ട, 'സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടന'ത്തിന്റെ പ്രാരംഭം തന്നെയാണിത്. യൂറോപ്പിനെ സംബന്ധിച്ചേടത്തോളം പുതിയൊരു കുരിശുയുദ്ധത്തിന്റെ നാന്ദി. ഇസ്‌ലാം ഭീകരതയും ഹിംസയും പ്രോത്സാഹിപ്പിക്കുന്ന മതമായതിനാല്‍ മുസ്‌ലിം സമുദായം പൊതുവില്‍ ഭീകരാക്രമണങ്ങള്‍ക്കനുകൂലമാണ്. മുസ്‌ലിം സമുദായം പ്രതിരോധത്തിനു വേണ്ടി തള്ളിപ്പറയുന്നുണ്ടെങ്കിലും ജനങ്ങളില്‍ തീവ്രവാദ പ്രവണതകള്‍ വളരുന്നത് തടയാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല...' ജനഹൃദയങ്ങളെ ഈയൊരു വിചാരഗതിയൂട്ടിക്കൊണ്ട്, ഭീകരതാ വിരോധത്തിന്റെ ചെലവില്‍ ഇസ്‌ലാം-മുസ്‌ലിം വിരോധം മാര്‍ക്കറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍. ഈ പ്രചാരണരീതി പൗരസ്ത്യ മാധ്യമങ്ങളെയും സ്വാധീനിച്ചുവരുന്നുണ്ട്.
ഇസ്‌ലാം മതത്തിന്റെ സമാധാനവാഞ്ഛയെക്കുറിക്കുന്നതാണ് അതിന്റെ നാമം പോലും. ഒരു നിരപരാധിയെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിന് തുല്യമാണെന്ന് വിധിച്ച മതമാണത്. ഇസ്‌ലാം തീവ്രവാദത്തെയോ ഭീകരതയെയോ ഒട്ടും അംഗീകരിക്കുന്നില്ലെന്ന് അതിന്റെ പ്രമാണങ്ങള്‍ നിഷ്പക്ഷമായി പഠിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഭിന്നതകളെയും വിയോജിപ്പുകളെയും ആയുധം കൊണ്ട് നേരിടാന്‍ ഇസ്‌ലാം കല്‍പിച്ചിട്ടില്ല. ആയുധം കൊണ്ട് അത് സാധ്യമാകുമെന്ന് കരുതുന്നുമില്ല. ഇസ്‌ലാം അഭിസംബോധന ചെയ്യുന്നത് മനുഷ്യ മനസ്സുകളെയാണ്. ആശയ പ്രചാരണവും സമാധാനപരമായ സംവാദവും സദുപദേശവും എല്ലാവരും യോജിക്കുന്ന പൊതു മൂല്യങ്ങളിലേക്കുള്ള ക്ഷണവുമാണ് മനസ്സുകളെ പ്രാപിക്കാന്‍ അത് നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. പ്രബോധന പ്രവര്‍ത്തനത്തില്‍ പ്രതിയോഗികളെ ശകാരിക്കുന്നതും പുഛിക്കുന്നതും പരിഹസിക്കുന്നതും വരെ നിരോധിച്ചിരിക്കുന്നു. പുഛവും പരിഹാസവും നേരിടേണ്ടിവന്നാല്‍ അതേ ശൈലിയില്‍ തിരിച്ചടിക്കുന്നതിനും വിലക്കുണ്ട്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബി (സ)യും അത്യന്തം ഹീനമായ രീതിയില്‍ പരിഹസിക്കപ്പെടുമ്പോഴും ഈസാ മസീഹിനെയോ മോസസ് പ്രവാചകനെയോ അപഹസിക്കാന്‍ മുസ്‌ലിംകള്‍ തയാറാവാത്തത്. 160 കോടി ജനങ്ങളുള്ള മുസ്‌ലിം സമുദായത്തില്‍ ഒറ്റപ്പെട്ട ചില ഗ്രൂപ്പുകളുണ്ട് എന്നത് സത്യമാണ്. അതിന്റെ പേരില്‍ മതത്തെയും സമുദായത്തെയും മൊത്തം തീവ്രവാദികളെന്ന് ചാപ്പകുത്തുകയാണെങ്കില്‍ എല്ലാ മത സമൂഹങ്ങളില്‍ പെട്ടവരും ഈ ചാപ്പകുത്തലിനര്‍ഹരാണ്. അഹിംസാ വിശ്വാസികളെന്നവകാശപ്പെടുന്ന ബുദ്ധമതക്കാരാണ് മ്യാന്മറിലും ശ്രീലങ്കയിലും മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്നത്. ഭീകരാക്രമണങ്ങളില്‍ മറ്റേതു സമുദായത്തിന്റെയും മുന്നിലാണ് സയണിസ്റ്റ് യഹൂദര്‍. ഹിന്ദുത്വ തീവ്രവാദികള്‍ ഇന്ത്യയില്‍ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ക്രൈസ്തവ ഭീകര പ്രസ്ഥാനങ്ങളുണ്ട്.
വാസ്തവത്തില്‍ ഭീകരാക്രമണങ്ങളുടെ ഏറ്റവും വലിയ ഇരകളാണ് മുസ്‌ലിം സമുദായം. കൊല്ലപ്പെടുന്നവരിലേറിയ കൂറും അവരാണ്. അവരുടേതാണ് മസ്ജിദുകളടക്കം തകര്‍ക്കപ്പെടുന്ന സ്ഥാപനങ്ങളേറെയും. പാരീസില്‍ 17 പേര്‍ കൊല്ലപ്പെട്ട ദിവസം തന്നെ ഇറാഖില്‍ ഒരു ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 35 മുസ്‌ലിംകളാണ്. അതിനു തൊട്ടു മുമ്പ് പെഷാവറില്‍ കൂട്ടക്കുരുതിക്കിരയായ 140-ഓളം സ്‌കൂള്‍ കുട്ടികളും മുസ്‌ലിംകളായിരുന്നു. സ്വന്തം സമുദായത്തിലെ തീവ്രവാദികളുടെയും ഇതര സമുദായങ്ങളിലെ തീവ്രവാദികളുടെയും ആക്രമണം അനുഭവിക്കുന്നവരാണ് മുസ്‌ലിംകള്‍. ഭീകര വിരുദ്ധ നടപടിയുടെ പേരില്‍ ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ നടക്കുന്ന ഔദ്യോഗിക ഭീകരതയുടെ കെടുതികളനുഭവിക്കുന്നതും അവര്‍ തന്നെ. ഏതെങ്കിലും മുസ്‌ലിം രാജ്യം ഭീകരാക്രമണത്തിനിരയാകാതെ ഒരു നാളും കടന്നുപോകുന്നില്ല. ഈ പരമാര്‍ഥത്തിനു നേരെ കണ്ണടച്ചുകൊണ്ടാണ് ഭീകരാക്രമണ വിശകലന വിദഗ്ധന്മാര്‍ ഇസ്‌ലാമും മുസ്‌ലിം സമുദായവും തീവ്രവാദം വളര്‍ത്തുന്നുവെന്നാക്ഷേപിക്കുന്നത്.
ഇതഃപര്യന്തം ലോകത്തരങ്ങേറിയിട്ടുള്ള എല്ലാ ഭീകരാക്രമണങ്ങളെയും മുസ്‌ലിം സമുദായവും മുഖ്യധാരാ ഇസ്‌ലാമിക സംഘടനകളും രൂക്ഷമായി അപലപിച്ചുവന്നിട്ടുണ്ട്. സമുദായാംഗങ്ങള്‍ തീവ്രവാദത്തിലേക്ക് വഴുതുന്നത് തടയാനുള്ള ശ്രമവും നടക്കുന്നുണ്ട്. അത് പൂര്‍ണമായി വിജയിക്കുന്നില്ലെങ്കില്‍ അതിനു കാരണം ഭീകരവാദത്തെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള, ഭീകരതാ വിരുദ്ധരുടെ നടപടികളും നയനിലപാടുകളുമാണ്. പാരീസ് സംഭവം ഇസ്‌ലാംവിരോധത്തിന്റെയും നീചമായ പ്രവാചക നിന്ദയുടെയും പ്രതികരണമാണെന്നറിഞ്ഞുകൊണ്ടുതന്നെ മുസ്‌ലിം സര്‍ക്കാറുകളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ്(ഒ.ഐ.സി) തുടങ്ങിയ അന്താരാഷ്ട്ര ഇസ്‌ലാമിക സംഘടനകള്‍ മുതല്‍ കേരളത്തിലെ പ്രാദേശിക മത സംഘടനകള്‍ വരെ അപലപിക്കുകയുണ്ടായി. ഐസിസ് ഇന്ത്യയില്‍ ആക്രമണമഴിച്ചുവിടുമെന്ന് ഭീഷണിയുയര്‍ത്തിയപ്പോള്‍ രാജ്യ മുസ്‌ലിംകളൊന്നടങ്കം അതിനെതിരെ രംഗത്തെത്തിയതിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ശ്ലാഘിച്ചത് സ്മരണീയമാണ്. സമുദായ നേതൃത്വത്തിന്റെയും സംഘടനകളുടെയും തീവ്രവാദവിരുദ്ധ നിലപാടിന് മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പിന്തുണയോ പ്രചാരണമോ നല്‍കാറില്ല. ഇത് സമുദായം തെറ്റിദ്ധരിക്കപ്പെടാന്‍ അവസരം സൃഷ്ടിക്കുന്നു. ഒപ്പം തീവ്രവാദ പ്രവണതയുടെ വളര്‍ച്ചക്ക് സഹായകവുമാകുന്നു. സങ്കീര്‍ണമായ ഈ സാഹചര്യത്തെ മുസ്‌ലിം നേതൃത്വം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
Comments