Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

ജീവിക്കുന്നത് പ്രപഞ്ചവിസ്മയങ്ങളറിയാതെ

പി.കെ കുഞ്ഞിമൊയ്തീന്‍, കൊടുങ്ങല്ലൂര്‍ /കുറിപ്പ്

         എന്തിനും ഏതിനും ശാസ്ത്രം പറയുന്ന മനുഷ്യര്‍ അശാസ്ത്രീയമായ ജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് ഭക്ഷണ പാനീയങ്ങളും വായുവും അശുദ്ധമാക്കിയും മലിനമാക്കിയും ഉപയോഗിക്കുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (Co2) ന്റെ അളവ് കൂടുന്നത് മനസ്സിലാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ സിമന്റ് ഉല്‍പാദനം ഗണ്യമായി കുറച്ചു. ഞാന്‍ ജോലി ചെയ്തിരുന്ന സിമന്റ് കമ്പനി 25000 ടണ്‍ സിമന്റ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ Co2 ന്റെ ഓഡിറ്റ് ചെയ്തു നോക്കി. ഒരു ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ടണ്‍ Co2 അന്തരീക്ഷത്തില്‍ ലയിക്കുന്നുണ്ട്. അതായത് 25000 ടണ്‍ Co2 ഓരോ ദിവസവും അന്തരീക്ഷത്തില്‍ ലയിക്കുന്നുണ്ട്. ഇങ്ങനെ ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സിമന്റിന്റെ അത്രയും അളവ് Co2 അന്തരീക്ഷത്തില്‍ ലയിക്കുന്നുണ്ട്. ഇതൊന്നും സാധാരണ മനുഷ്യര്‍ക്ക് അറിയില്ല.

നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, പാര്‍പ്പിടങ്ങള്‍, വാഹനങ്ങള്‍ വ്യവസായ ശാലകള്‍, വ്യവസായ അസംസ്‌കൃത ഉല്‍പന്നങ്ങള്‍, റോഡുകള്‍ മുതല്‍ മൊട്ടുസൂചി വരെയുള്ള സര്‍വ വസ്തുക്കളും ഉണ്ടാക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അമിതമായി അന്തരീക്ഷത്തില്‍ ലയിക്കുന്നുണ്ട്. കൂടാതെ So2, No, ക്ലോറിന്‍, ഫ്‌ളോറിന്‍, മീതെയിന്‍ മുതലായവയുടെ മിശ്രിതങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുന്നു. ലോകത്ത് അപൂര്‍വം ചിലര്‍ മാത്രമേ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തനിക്ക് പ്രാണവായു ലഭിക്കുമോ എന്ന് ചിന്തിക്കാറുള്ളൂ. സഹാറാ മരുഭൂമിയുടെ നടുവിലും ശാന്തസമുദ്രത്തിന്റെ നടുവിലും അത് സുലഭമായി കിട്ടുന്നത് കൊണ്ട് ആരും അതിനെ പറ്റി ചിന്തിക്കാറില്ല. എന്നാല്‍ മനുഷ്യര്‍ അതിനെ പറ്റി ചിന്തിക്കേണ്ട കാലം വിദൂരമല്ല. ഇതിനര്‍ഥം നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെയും അളവ് ഗണ്യമായി കുറക്കേണ്ടതുണ്ട് എന്നാണ്.

നമ്മുടെ ഭൂമിയും അത് ഉള്‍ക്കൊള്ളുന്ന പ്രപഞ്ചവും മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഭൂമിയില്‍ മനുഷ്യര്‍ ശാസ്ത്ര ബോധത്തോടെ ജീവിക്കണമെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വേദഗ്രന്ഥത്തെ ശാസ്ത്രീയമായി പരിചയപ്പെടുത്തിക്കൊടുക്കാന്‍ പ്രാപ്തരായ പണ്ഡിതന്മാര്‍ മുസ്‌ലിം ലോകത്ത് വളരെ കുറവാണ് എന്നതാണ് പ്രശ്‌നം. ആധുനിക ശാസ്ത്രം വളര്‍ന്ന് വന്നപ്പോള്‍ പല മുസ്‌ലിം മതപണ്ഡിതന്മാരും സംശയദൃഷ്ടിയോടെയാണ് അതിനെ നോക്കിക്കൊണ്ടിരുന്നത്. ആധുനിക ശാസ്ത്രവും പരിശുദ്ധ ഖുര്‍ആനില്‍ പറയുന്ന ശാസ്ത്രീയ കാര്യങ്ങളും ഒത്തുനോക്കാനുള്ള അറിവ് അവര്‍ക്കില്ലായിരുന്നു. അതുകൊണ്ട് ആധുനിക ശാസ്ത്രം പഠിച്ചാല്‍ ഈശ്വരവിശ്വാസം (ഈമാന്‍) നഷ്ടപ്പെടുമെന്ന് അവര്‍ അന്ധമായി ചിന്തിച്ചു. ആധുനിക ശാസ്ത്രം പഠിക്കുന്നതില്‍നിന്ന് മുസ്‌ലിംകളെ അവര്‍ നിരുത്സാഹപ്പെടുത്തി. മുസ്‌ലിം സമൂഹം ഒരുപാട് പിന്നോട്ട് പോകാന്‍ അത് കാരണമായി. എന്നാല്‍ ആധുനിക ശാസ്ത്രം മാത്രം പഠിച്ചുവന്ന ആളുകള്‍ക്ക് പരിശുദ്ധ ഖുര്‍ആനില്‍ പറയുന്ന യഥാര്‍ഥ ശാസ്ത്രം എന്താണെന്ന് മനസ്സിലാവാഞ്ഞത് കൊണ്ട് അവരും ദിശമാറി സഞ്ചരിക്കുകയും നിരീശ്വരവാദികളും മറ്റുമായി മാറുകയും ചെയ്തു.

പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ച് അറിയാതെ ആധുനിക ശാസ്ത്രജ്ഞന്മാര്‍ ഇരുട്ടില്‍ തപ്പിത്തടയുമ്പോള്‍ അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ അത് എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമായി പറഞ്ഞുതരുന്നുണ്ട്. അല്ലാഹു അവന്റെ കരങ്ങള്‍ (ശക്തി) ഉപയോഗിച്ച് ആകാശത്തെ സൃഷ്ടിച്ച് വികസിപ്പിച്ചതാണെന്നും അപ്പോള്‍ അത് ഒരു പുകയായിരുന്നുവെന്നും പിന്നീട് അതില്‍നിന്ന് നക്ഷത്രങ്ങളും ഗോളങ്ങളും രൂപാന്തരപ്പെട്ടുവെന്നും ആകാശങ്ങളെ ഏഴ് തട്ടായി തിരിച്ചെന്നും അതില്‍ ഒന്നാമത്തെ ആകാശം നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചെന്നും പറഞ്ഞുതരുന്നുണ്ട്. അങ്ങനെ കുറ്റമറ്റ നിയമ വ്യവസ്ഥയിലൂടെയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ളതും അത് പരിപാലിക്കപ്പെടുന്നതും. പ്രപഞ്ചത്തെ മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്നും പരീക്ഷണങ്ങളിലൂടെ ഉത്തമരായ മനുഷ്യരെ തെരഞ്ഞെടുത്ത് സ്വര്‍ഗത്തിലേക്ക് അയക്കുമെന്നും അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുന്നു.

ഭൂമിയുടെ സൃഷ്ടിപ്പിനെ കുറിച്ചും നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട് ഖുര്‍ആന്‍. ഭൂമിയും ആകാശവും ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നെന്നും അതിനെ വേര്‍പ്പെടുത്തി ആകാശത്തെ മേല്‍പോട്ട് ഉയര്‍ത്തി ഭൂമിയുടെ സംരക്ഷണത്തിന് വേണ്ടി ഒരു മേല്‍ക്കൂരയുണ്ടാക്കിയെന്നും ആകാശത്ത് നിന്ന് വെള്ളം ഇറക്കി, വെള്ളത്തില്‍ നിന്നും സര്‍വ ജീവജാലങ്ങളെയും സൃഷ്ടിച്ച് സംവിധാനിക്കുകയും ചെയ്‌തെന്നും പറഞ്ഞുതരുന്നു. ആദ്യ ഘട്ടത്തില്‍ ഭൂമിയുടെ ഉപരിതലം ഇളകിയിരുന്നതായും അതിനെ ഉറപ്പിച്ചു നിറുത്താന്‍ ഉറച്ച പര്‍വതങ്ങളെ ആണി പോലെ നാട്ടിയെന്നും പറയുന്നു.

പ്രകൃതി ശാസ്ത്രവുമായി മനുഷ്യര്‍ എത്രമാത്രം യോജിച്ചു പോകണമെന്ന് അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്. പ്രകൃതിയില്‍ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് എല്ലാ സൃഷ്ടികളും പ്രവര്‍ത്തിക്കുന്നത് കാണാം. ഇബ്‌റാഹീം നബി(അ)യോട് മക്കയില്‍ കഅ്ബയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ അല്ലാഹു കല്‍പ്പിച്ചത് ത്വവാഫ് ചെയ്യാനാണ്. ത്വവാഫ് ചെയ്യുന്നത് പരിശുദ്ധ കഅ്ബയെ ആന്റി ക്ലോക്ക്‌വൈസായി ചുറ്റിക്കൊണ്ടാണ്. ഈ ആരാധന പ്രകൃതിയുമായി പൊരുത്തപ്പെടുന്നതാണ്. അണുവിന്റെ ഇലക്‌ട്രോണ്‍സ് അതിന്റെ ന്യൂക്ലിയസ്സിനെ ചുറ്റുന്നതും സൂര്യന്റെ എല്ലാ ഗോളങ്ങളും സൂര്യനെ ചുറ്റുന്നതും ഇതുപോലെ ആന്റി ക്ലോക്ക്‌വൈസായിട്ടാണ്. പ്രപഞ്ചത്തിലെ എല്ലാ നക്ഷത്ര ഗോളങ്ങളും ഈ നിര്‍ദേശം പാലിക്കുന്നു. എന്തിനധികം, പുരുഷ ബീജങ്ങള്‍ സ്ത്രീകളുടെ അണ്ഡത്തിനെ ചുറ്റുന്നതും ഈ രീതിയിലാണ്. ഈ പ്രപഞ്ചത്തില്‍ എല്ലാ സൃഷ്ടികളും നിലനില്‍ക്കുന്നത് അല്ലാഹുവിന്റെ ഈ നിര്‍ദേശം പാലിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് പ്രപഞ്ചത്തില്‍ എല്ലാം നിലനില്‍ക്കുന്നതും സമാധാനത്തോടെ വര്‍ത്തിക്കുന്നതും.

ഭൂമിക്ക് നാലോ അതില്‍ കൂടുതലോ ചലനവ്യവസ്ഥകളാണുള്ളത്. ഭൂമി സ്വയം തിരിയുന്നത് കൊണ്ടാണ് നമുക്ക് രാവും പകലും ഉണ്ടാകുന്നത്. സ്വയം തിരിയുമ്പോള്‍ ഭൂമിയുടെ ഉപരിതല വേഗത ഭൂമധ്യരേഖയോട് അടുത്ത് കിടക്കുന്ന സ്ഥലങ്ങളില്‍ ഏകദേശം മണിക്കൂറില്‍ 1500 കിലോമീറ്ററാണ്. നമ്മള്‍ ഇതറിയുന്നില്ല. ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ നമുക്ക് വര്‍ഷം ഉണ്ടാകുന്നു. സൂര്യനെ വലം വെക്കുമ്പോള്‍ ഓരോ സെക്കന്റിലും ഭൂമി സഞ്ചരിക്കുന്നത് 29 കിലോമീറ്ററാണ്. നമ്മള്‍ ഇതറിയുന്നില്ല. നമ്മുടെ സൗരയൂഥം അതിന്റെ ഗ്യാലക്‌സിയുടെ കേന്ദ്രബിന്ദുവിനെ ലക്ഷ്യമാക്കി ചുറ്റുന്നുണ്ട്. ഇതിന് കോസ്മിക് വര്‍ഷം എന്നുപറയുന്നു. ഓരോ സെക്കന്റിലും സൗരയൂഥം സഞ്ചരിക്കുന്നത് 220ല്‍ പരം കിലോമീറ്ററാണ്. നമ്മള്‍ ഇതറിയുന്നില്ല. പ്രപഞ്ചത്തിലെ എല്ലാ ഗ്യാലക്‌സികളും ഒരേ ദിശയില്‍ പ്രകാശത്തോടടുത്ത വേഗത്തില്‍ സഞ്ചരിക്കുന്നു. ഇത് അവയുടെ സ്രഷ്ടാവായ അല്ലാഹുവിനെ ലക്ഷ്യമാക്കിയായിരിക്കാം സഞ്ചരിക്കുന്നത്. ഇതും നമ്മള്‍ അറിയുന്നില്ല. അങ്ങനെ അല്ലാഹു നമ്മളെ എല്ലാവരെയും തൊട്ടിലില്‍ കിടത്തിയിരിക്കയാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ഒരുപാട് ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ഭൂമി അതിന്റെ സഞ്ചാരപാതയില്‍ നിന്ന് അല്‍പം തെന്നിമാറി സഞ്ചരിച്ചാല്‍ അതിനെ നേരെയാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഈ ഭൂമിയില്‍ വസിക്കുന്ന ഏതെങ്കിലും മനുഷ്യര്‍ക്ക് കഴിയുമോ? അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ച് അതില്‍ ഏറ്റവും നല്ല ഒരു നക്ഷത്രവും ഗോളവും തെരഞ്ഞെടുത്ത് മനുഷ്യര്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും ഒരുക്കി ഹ്രസ്വമായ കാലം സമാധാനത്തോടെ ഇവിടെ അല്ലാഹുവിനെ സ്തുതിച്ച് ജീവിക്കണമെന്ന് പറഞ്ഞ് അമാനത്തായി ഏല്‍പിച്ച ഈ ഭൂമിയോട് എത്രമാത്രം അനീതിയാണ് ചെയ്യുന്നത്. നമ്മള്‍ ഒരു വീട് എല്ലാ സൗകര്യങ്ങളോടും കൂടി യാതൊരു വാടകയും ഇല്ലാതെ ഒരാളെ അമാനത്തായി ഏല്‍പ്പിച്ചാല്‍ ആ വീട് പൂര്‍ണമായും സംരക്ഷിക്കേണ്ട ചുമതല അയാള്‍ക്കുണ്ടല്ലോ. എന്നാല്‍ ആ വീട് തല്ലിപ്പൊളിച്ച് വൃത്തിഹീനമാക്കി ഉപയോഗ്യമല്ലാതാക്കിയാല്‍ നമ്മള്‍ അയാളെ ചവിട്ടി പുറത്താക്കുന്നതുപോലെ അല്ലാഹു പുറത്താക്കാതെയിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍