Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

റസ്റ്റോറന്റ് ഫാമിലി

മജീദ് കുട്ടമ്പൂര്‍ /ലൈക് പേജ്

         കാലം മാറി. കുടുംബത്തിന്റെ വലിപ്പവും വിശാലതയും ചുരുങ്ങിച്ചുരുങ്ങി വന്നു. വല്ല്യുപ്പയും വല്ല്യുമ്മയും മാതാപിതാക്കളും കുട്ടികളും പേരക്കുട്ടികളുമടങ്ങിയ വലിയ കുടുംബവും അവരെല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്ന കാലവുമൊക്കെ പോയ് മറഞ്ഞു. കുടുംബങ്ങള്‍ വിഭജിച്ച് കുടുംബ യൂനിറ്റിലെ ഏറ്റവും ചെറിയ ഘടകമായ അണുകുടുംബങ്ങളാണിന്ന് കൂടുതലും. ചെറിയ ക്ലാസുകള്‍ മുതല്‍ തുടങ്ങുന്ന ഭാരിച്ച ട്യൂഷനും പഠനവുമൊക്കെയായി കുട്ടികളും, ജോലിത്തിരക്കും ജീവിതത്തിരക്കുമായി രക്ഷിതാക്കളും. ഒരു വീട്ടിലെ അംഗങ്ങള്‍ തന്നെ ടെലിവിഷനിലും കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലുമായി വ്യത്യസ്ത ലോകങ്ങളില്‍. പല സമയത്ത് വീട്ടില്‍ വരികയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരാണധികം. കുടുംബാംഗങ്ങള്‍ പലപ്പോഴും പരസ്പരം കാണുകയോ ആശയ വിനിമയം നടത്തുകയോ ചെയ്യാറില്ല. നിശ്ശബ്ദരായി താന്താങ്ങളുടെ സൗകര്യത്തിനനുസരിച്ചുള്ള സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്ന രീതി പല വീടുകളിലുമുണ്ട്. ഹോട്ടലിലെയും റസ്റ്റാറന്റിലെയും രീതിയാണത്. ഇങ്ങനെ പല സമയത്ത് ഓരോരുത്തരും അവരവരുടെ ഊഴമനുസരിച്ച് തിന്നുകയും കുടിക്കുകയും ചെയ്യുന്ന രീതിയുള്ള കുടുംബങ്ങളെ റസ്റ്റോറന്റ് ഫാമിലി എന്ന് പറയാറുണ്ട്.

രക്ഷിതാക്കളും കുട്ടികളും തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടാക്കുന്നതിന് ഏറ്റവും അനുയോജ്യമായ അവസരമായി ഉപയോഗപ്പെടുത്താന്‍ പേരന്റ് മാനേജ്‌മെന്റ് ട്രെയിനിംഗിലടക്കം നിര്‍ദേശിക്കുന്നത് വീട്ടില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനാണ്. ഒരു തീന്മേശക്ക് മുമ്പിലിരുന്ന് ഒന്നിച്ച് ഒരേസമയം ഭക്ഷണം കഴിക്കുന്ന കുടുംബാംഗങ്ങള്‍ മാനസിക-ശാരീരിക ആരോഗ്യമുള്ളവരും മാനുഷിക-കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരുമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും മനസ്സിണക്കമില്ലാത്ത കുടുംബങ്ങള്‍ ഇന്നേറെയാണ്.  ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്ത  കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം വേണ്ടത്ര തൃപ്തികരമായിരിക്കില്ല. കലഹത്തിന്റെയോ അകല്‍ച്ചയുടെയോ അനൈക്യത്തിന്റെയോ വിത്ത് അവിടെ വീണിട്ടുണ്ട്. സ്‌നേഹത്തിന്റെ വിനിമയത്തിന് തടസ്സം നേരിട്ടിട്ടുണ്ട്.

ഒരുമിച്ചിരുന്ന് വിളമ്പിയും വിളമ്പിക്കൊടുത്തും ഭക്ഷിക്കുമ്പോള്‍ ബന്ധവും വിളക്കിച്ചേര്‍ക്കാനാവും. എല്ലാവരും ഒന്നാണെന്ന പ്രതീതിയുണ്ടാകും. ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ നിറയുന്നത് പോലെ പ്രധാനമാണ് മനസ്സ് നിറയുന്നതും.

എല്ലാവരും ഒത്തുചേരുമ്പോള്‍ ഭക്ഷണ മേശ ഒരു സ്‌നേഹ കൂട്ടായ്മയാണ്. അദൃശ്യമായ ഒരു സ്‌നേഹച്ചരടില്‍ കുടുംബം ബന്ധിക്കപ്പെടും. ഒരു മേശക്ക് ചുറ്റുമിരുന്ന് സ്ഥിതി വിവരങ്ങള്‍ അന്വേഷിക്കാനും പ്രയോജനപ്രദമായ ചര്‍ച്ചകള്‍ നടത്താനും കഴിയുന്നതിനെക്കാള്‍ സുന്ദരവും ഹൃദ്യവുമായ എന്താണ് ഒരു കുടുംബത്തിലുള്ളത്!

ഇത്തരം ആഹ്ലാദകരവും അനുകൂലവുമായ ഒത്തുചേരലുകളുണ്ടാകുമ്പോള്‍ മക്കള്‍ തങ്ങളുടെ ഹൃദയങ്ങള്‍ മാതാപിതാക്കള്‍ക്ക് മുമ്പില്‍ തുറന്ന് വെക്കും. അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും ചിന്തകളും സത്യസന്ധമായി പ്രകടിപ്പിക്കാനുള്ള സാഹചര്യം അവിടെയുണ്ടാകും. തെറ്റോ അപകടകരമോ ആയ വഴിയിലേക്ക് അവര്‍ ചുവട് വെക്കാനുള്ള സാധ്യതകളെ അടച്ചുകളയാന്‍ കഴിയും. അവരെ സ്‌നേഹപൂര്‍വം ശാസിക്കാനും തിരുത്താനുമുള്ള സാഹചര്യമുണ്ടാകും. കാരുണ്യം, സ്‌നേഹം, സഹകരണം, വിട്ടുവീഴ്ച, നന്മ, ക്ഷമ, ദയ തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും പരിശീലിപ്പിക്കാനും കഴിയും. ഒന്നിച്ചിരുന്ന് ടെലിവിഷന്‍ ദൃശ്യങ്ങള്‍ കാണുമ്പോള്‍ സ്‌നേഹത്തിന്റെ ആ ഒരു കൂട്ടായ്മയുണ്ടാവില്ല.

മുതിര്‍ന്നവരുമായി കുട്ടികള്‍ ഒന്നിച്ചിരുന്ന് ആഹാരം പങ്കുവെക്കുമ്പോള്‍ സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാഠങ്ങള്‍ അവര്‍ക്ക് ലഭിക്കും. ബഹുമാനാദരവുകള്‍ അര്‍ഹിക്കുന്നവര്‍ക്ക് അത് നല്‍കാനും പരിശീലിപ്പിക്കപ്പെടും. ഈ കൂട്ടായ്മയില്‍ കുട്ടികളുടെ അഭിപ്രായങ്ങളും പ്രശ്‌നങ്ങള്‍ക്ക് അവരുടേതായ പരിഹാരങ്ങളും അന്വേഷിക്കുന്നത് അവരെ അംഗീകരിക്കുന്നുവെന്ന തോന്നലുണ്ടാക്കുകയും അന്യതാ മനോഭാവം ഇല്ലാതാക്കുകയും ചെയ്യും. ഇതവരുടെ മാനസിക വളര്‍ച്ചക്കും സ്വയം പര്യാപ്തതക്കും സഹായകരമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കുട്ടികളില്‍ ഒരായുസ്സു മുഴുവന്‍ നീണ്ട് നില്‍ക്കുന്ന നന്മകള്‍ ഉണ്ടാക്കി നിലനിര്‍ത്താന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ അവരെ നിങ്ങളോടൊപ്പം തീന്‍മേശക്ക് മുമ്പിലിരുത്തുക. സ്‌നേഹത്തോടെ ഊട്ടുകയും ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുക. അവരെ കേള്‍ക്കാനും പരിഗണിക്കാനും അവരുടെ ശീലങ്ങളെ നിരീക്ഷിക്കാനും വളര്‍ച്ച, കഴിവ്, പ്രാപ്തി തുടങ്ങിയവ മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ കൂടിയാകട്ടെ  തീന്‍മേശയിലെ ഒത്തുകൂടലുകള്‍. നിങ്ങള്‍ക്ക് നല്ല വീടുണ്ടാവണം എന്ന സ്വപ്നത്തേക്കാള്‍ വലുതാവണം സുന്ദരമായ കുടുംബം ഉണ്ടാവണമെന്നത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍