പൊതുജനത്തെ അവഗണിച്ച് <br>ശ്രേഷ്ഠ ജനതക്ക് മുന്നോട്ടുപോകാനാകില്ല
ശൈഖ് സല്‍മാന്‍ നദ്‌വി ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന പണ്ഡിതന്‍മാരില്‍ പ്രമുഖനാണ്. അറബി, ഉര്‍ദു ഭാഷകളില്‍ നിരവധി ഗ്രന്ധങ്ങളുടെ രചയിതാവായ അദ്ദേഹം ലക്‌നൗ, ദാറുല്‍ ഉലൂം ശരീഅ ഫാക്കല്‍റ്റി ഡീന്‍ ആണ്. ലോകമുസ്‌ലിം പണ്ഡിതവേദി, റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി, മുസ്‌ലിം പേഴ്‌സനല്‍ ലോ-ബോര്‍ഡ്, അലിഗഢ് യൂനിവേഴ്‌സിറ്റി കോര്‍ട്ട് എന്നീ വേദികളില്‍ അംഗമാണ്. 2015 ജനുവരി 1, 2, 3 തിയ്യതികളില്‍ പെരുമ്പിലാവ് ഹദ്ദാദ് കാമ്പസില്‍ നടന്ന ഹദീസ് സെമിനാറില്‍ പങ്കെടുക്കാനെത്തിയ സല്‍മാന്‍ നദ്‌വി പ്രബോധനത്തിന് അനുവദിച്ച സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
സുന്നത്തും ഹദീസും പര്യായപദങ്ങളായി വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടല്ലോ. രണ്ടും ഒരേ അര്‍ഥത്തിലാണോ വിവക്ഷിക്കപ്പെടാറ്?
പൊതുവെ സുന്നത്തും ഹദീസും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്നത് നേരുതന്നെ. പക്ഷേ, അവ തമ്മില്‍ വളരെ പ്രകടമായ വ്യത്യാസങ്ങളുണ്ട്. നബി(സ)യുടെ വാചികമായ പ്രസ്താവനകളാണ് വാസ്തവത്തില്‍ ഹദീസ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ആകത്തുകയാണ് സുന്നത്ത്. അഥവാ നബി(സ)യുടെ പ്രവൃത്തിമാര്‍ഗമെന്ന അര്‍ഥത്തിലാണ് പൂര്‍വ സൂരികളായ പണ്ഡിതന്മാര്‍ സുന്നത്തിനെ മനസ്സിലാക്കിയിട്ടുള്ളതും അവരുടെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ക്ക് സുനനുകള്‍ എന്ന് പേരു നല്‍കിയിട്ടുള്ളതും. ഉദാഹരണം: തിര്‍മിദി, അബൂദാവൂദ്, നസാഈ എന്നിവരുടെ സുനനുകള്‍. വാചികമായ ഹദീസുകളെയും സുന്നത്തുകളെയും അവയോടൊപ്പം മാഹാത്മ്യങ്ങള്‍ (മനാഖിബ്), ഖുര്‍ആന്‍ വിശദീകരണങ്ങള്‍ (തഫ്‌സീര്‍) എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്നവയാണ് ജാമിഉകള്‍. ബുഖാരി, മുസ്‌ലിം എന്നിവരുടെ ജാമിഉകള്‍ ഉദാഹരണം.
അസറുകള്‍ എന്നാല്‍ മുന്‍പറഞ്ഞ അര്‍ഥത്തിലാണോ മുഹദ്ദിസുകള്‍ മനസ്സിലാക്കിയിട്ടുള്ളത്?
ഇസ്‌ലാമിക ശരീഅത്ത് എന്നത് ഒരു സാകല്യത്തിന്റെ പേരാണ്. അതില്‍ പ്രഥമ പരിഗണനയുള്ള പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തും തന്നെ. ഈ സുന്നത്തിന്റെ വിശദാംശങ്ങളാണ് വാസ്തവത്തില്‍ അസറുകള്‍. നബി(സ)യുടെ ഹദീസുകളുടെ വ്യാഖ്യാനമായി സ്വഹാബികളുടെ ഉദ്ധരണികള്‍ ആ അര്‍ഥത്തിലും വ്യാപ്തിയിലുമാണ് പണ്ഡിതലോകം സ്വീകരിക്കുന്നതെന്നര്‍ഥം. ഇജ്മാഉം ഇജ്തിഹാദും ഈ പ്രമാണങ്ങളുടെ കൈത്താങ്ങുകളാണ്. പില്‍ക്കാലത്ത് പല വിഷയങ്ങളിലും ഇജ്തിഹാദിലേക്ക് തെളിച്ചം ലഭിച്ചിട്ടുള്ളത് സ്വഹാബത്തിന്റെ ഇജ്മാഅ്, മദ്ഹബ് എന്നിവയില്‍ നിന്നാണ്. ആയതിനാല്‍ അവയെ പരിഗണിക്കാതെയുള്ള ശരീഅത്ത് ഭദ്രമായ അടിസ്ഥാനത്തില്‍ സ്ഥാപിതമാണെന്ന് പറയാന്‍ കഴിയില്ല. മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത്, ചില വിഷയങ്ങളിലെങ്കിലും ഇസ്‌റാഈലീ റിപ്പോര്‍ട്ടുകളും ഖുര്‍ആന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന അഭിപ്രായങ്ങളും അസറുകള്‍ എന്ന പേരില്‍ സ്വഹാബികളോട് ചേര്‍ത്തു പറയാറുണ്ട് എന്നതാണ്. ഇവ സ്വീകാര്യമല്ല എന്നു മാത്രമല്ല നിരുത്സാഹപ്പെടുത്തേണ്ട പ്രവണത കൂടിയാണ്. അത്തരം അസറുകള്‍ ശരീഅത്തില്‍ തെളിവുമല്ല.
പ്രമാണങ്ങളുടെ അക്ഷരവായന ഇക്കാലത്തൊരു പ്രശ്‌നമാണല്ലോ. ഇതിനെ നാം എങ്ങനെയാണ് മറികടക്കുക?
അക്ഷരവായന(ഖിറാഅ ഹര്‍ഫിയ്യ) ഇന്നു മാത്രമല്ല എന്നും പ്രശ്‌നമാണ്. വളരെ പ്രാകൃതവും അശാസ്ത്രീയവുമായ കാടന്‍ രീതിയാണത്. ആടുവളര്‍ത്തലും ബഹുഭാര്യാത്വവും ശൈശവ വിവാഹവുമെല്ലാം പ്രബലമായ സുന്നത്തുകളായി തെറ്റിദ്ധരിക്കപ്പെടുന്നത് പ്രമാണങ്ങളുടെ ഉപരിതല വായനയിലൂടെയാണ്. ഉപമകളെയും അലങ്കാരങ്ങളെയും ആ അര്‍ഥത്തിലെടുക്കാതെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് ഖവാരിജുകളുടെ കാലം മുതലേ നിലവിലുണ്ട്. ഈ അക്ഷരപൂജയാണ് ആചാരങ്ങളെ നിര്‍ബന്ധങ്ങളായും സുന്നത്തുകളായും വായിക്കപ്പെടാന്‍ ഇടയാക്കുന്നത്. ശരീഅത്തിന്റെ സൗന്ദര്യത്തെ കെടുത്തിക്കളയുന്ന അപകടകരമായ പ്രവണതയാണത്. പണ്ഡിതന്മാര്‍ വളരെ ഗൗരവമായി ഇടപെടേണ്ട ഒരു മേഖല.
കേരളത്തെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ മതപരമായും രാഷ്ട്രീയമായും ഛിദ്രതയിലാണല്ലോ. എന്തായിരിക്കും കാരണം?
ഉത്തരേന്ത്യയില്‍ മാത്രമല്ല, മൊത്തം മുസ്‌ലിം ലോകം തന്നെ ഛിദ്രതയിലും പോര്‍വിളികളിലുമാണ്. ഒരുപക്ഷേ അറബ് ലോകത്താണ് നമ്മുടെ നാടിലേതിനേക്കാള്‍ ഭിന്നത രൂക്ഷമായിട്ടുള്ളത്. ഉത്തരേന്ത്യയില്‍ മുസ്‌ലിംകളുടെ ഭിന്നതക്ക് പ്രധാന കാരണം കുടുംബ-വംശ-പാരമ്പര്യങ്ങളിലുള്ള അമിതാവേശമാണ്. ഭാഷാപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളും ഒരു പരിധിവരെ കാരണങ്ങളാണ്. ഇവയെല്ലാം മുതലെടുക്കുന്നത് പക്ഷേ, രാഷ്ട്രീയ കോമരങ്ങളാണ്. അവരുടെ അധികാര പ്രമത്തതക്ക് മുസ്‌ലിമിന്റെ വിവരമില്ലായ്മ ഇന്ധനമാകുന്നു എന്നതാണ് യാഥാര്‍ഥ്യം.
ലോകത്ത് പ്രശ്‌നങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കര്‍മശാസ്ത്രപരമായ വിഷയങ്ങളും അക്കൂട്ടത്തില്‍ പെടും. നവംനവങ്ങളായ 'ഫിഖ്ഹീ മസ്അലകള്‍'ക്ക് നാം എങ്ങനെയാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ പരിഹാരം ആരായേണ്ടത്?
പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണല്ലോ പരിഹാരത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുക. അങ്ങനെ തന്നെയാണ് നമ്മുടെ ഫിഖ്ഹീ പരിഹാരവും. സാങ്കല്‍പികമായ വിഷയങ്ങളെ മുന്‍കൂട്ടി കണ്ട് കാടടച്ചു വെടിവെക്കുന്ന സമ്പ്രദായം ഇടക്കാലത്ത് ഉണ്ടായിട്ടുണ്ട് എന്നത് നേരുതന്നെ. മുന്‍കാലത്തുണ്ടായിരുന്ന വിഷയങ്ങളല്ല ഇന്നത്തേത് എന്ന് മനസ്സിലാക്കിയാല്‍ തന്നെ ഉറക്കെ ചിന്തിക്കാനുള്ള ധൈര്യം നമ്മുടെ പണ്ഡിതന്മാര്‍ക്കുണ്ടാകും. ഇത്തരം വിഷയങ്ങളില്‍ വ്യക്തിപരമായ ഫത്‌വകള്‍ മാറ്റിവെച്ച് ഫിഖ്ഹ് അക്കാദമി പോലെയുള്ള സാമൂഹിക സമന്വയത്തിലെത്തി ജനങ്ങള്‍ക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് വേണ്ടത്. ഓരോരുത്തരും മുഫ്തിമാരും പ്രസ്ഥാനങ്ങളുമാകുന്ന രീതി നാം ഉപേക്ഷിച്ചേ മതിയാവൂ.
ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രബുദ്ധതയില്ലായ്മക്കും ഭിന്നതക്കും വല്ല പരിഹാരവും താങ്കള്‍ക്ക് നിര്‍ദേശിക്കാനുണ്ടോ?
ഈ വിഷയസംബന്ധിയായി എനിക്കൊന്നേ പറയാനുള്ളൂ. അല്‍ ഔദ ഇലല്‍ വഹ്ദ (ഐക്യത്തിലേക്കുള്ള തിരിഞ്ഞു നടത്തം). ഈ ഐക്യം രാജ്യത്തുടനീളമുള്ള പീഡിതരായ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതീക്ഷയേകും. അവരെ അവഗണിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ മുന്നേറ്റം നാം സ്വപ്നത്തില്‍ പോലും കണ്ടുപോകരുത്. 'അന്നാസി'നെ (പൊതുജനത്തെ) അവഗണിച്ചുകൊണ്ട് എന്ത് 'ഖൈറു ഉമ്മ(ശ്രേഷ്ഠ ജനത)? അഥവാ മതാതീതമായ ഒരു രാഷ്ട്രീയ മുന്നേറ്റമാണ് ഇന്ന് നമുക്ക് വേണ്ടത്.
Comments