നെടുനാള്‍ മംഗല്യം
ഈയിടെ വിവാഹിതനായ ആ യുവാവ് പറഞ്ഞു തുടങ്ങി: ''ഞങ്ങള്‍ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചതേയുള്ളൂ, എനിക്കും ഭാര്യക്കുമിടയില്‍ നിരവധി അഭിപ്രായ ഭിന്നതകള്‍ തലപൊക്കി തുടങ്ങി. ഞങ്ങളുടെ ദാമ്പത്യജീവിതം തകരുമെന്നാണ് എന്റെ ഭീതി. വൈവാഹിക ജീവിതത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിനെന്തുണ്ട് വഴി? എനിക്ക് എന്റെ ഭാര്യയോട് അങ്ങേയറ്റത്തെ സ്‌നേഹമുണ്ട്. അവളെ കൂടാതെ എനിക്ക് ജീവിതം സാധ്യമല്ല. അവളെ കൂടെ നിര്‍ത്തി ദാമ്പത്യജീവിതം തുടര്‍ന്നുപോകാനുള്ള മാന്ത്രിക വിദ്യയെന്തെങ്കിലും നിര്‍ദേശിച്ചു തരാമോ?''
''എന്റെ കൈവശം മാന്ത്രിക വിദ്യകളൊന്നുമില്ല. പക്ഷേ, ചില സവിശേഷ സ്വഭാവങ്ങളും നൈപുണിയും നിങ്ങള്‍ സ്വായത്തമാക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ ദാമ്പത്യബന്ധം എന്നും നിലനില്‍ക്കും. ഈടുറ്റതാവും.'' തന്റെ മൊബൈല്‍ ഫോണ്‍ ഓണാക്കി അദ്ദേഹം: ''അങ്ങയുടെ നിര്‍ദേശങ്ങള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യട്ടെ. ഭാര്യക്കും അറിയാമല്ലോ. അങ്ങനെ സഹകരിച്ചു ഞങ്ങള്‍ക്ക് നീങ്ങാനായെങ്കില്‍!''
ഞാന്‍ പറഞ്ഞു തുടങ്ങി. ഒന്ന്: ഭാര്യയോടുള്ള താങ്കളുടെ പെരുമാറ്റത്തിലും ഇടപെടലിലും അങ്ങേയറ്റം ഉദാരത പുലര്‍ത്തണം. 'ഔദാര്യശീലം ഇഹലോകത്തെയും പരലോകത്തെയും ന്യൂനതകള്‍ മറയ്ക്കും' എന്നൊരു ചൊല്ലുണ്ടല്ലോ. പെരുമാറ്റത്തിലും സമീപനത്തിലും ഉദാരമതിയാണ് താങ്കളെങ്കില്‍ താങ്കളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം അതില്ലാതാക്കുകയും നിങ്ങളുടെ ദാമ്പത്യ ജീവിത വിജയത്തില്‍ അത് പങ്കുവഹിക്കുകയും ചെയ്യും.
രണ്ട്: എല്ലാം പരീക്ഷിച്ചു നോക്കുക. പുതിയ പരീക്ഷണങ്ങള്‍ ജീവിതത്തിന് ഭിന്ന രുചി പ്രദാനം ചെയ്യും. വിവിധയിനം ഭക്ഷണങ്ങള്‍, വ്യത്യസ്ത വിധം വസ്ത്രങ്ങള്‍, നാനാ രീതിയിലുള്ള വ്യായാമങ്ങള്‍-ഇവയെല്ലാം ഭാര്യയോടൊപ്പം നിങ്ങള്‍ക്ക് പരീക്ഷിച്ചു നോക്കാം. നടന്ന് പഴകിയ പാതകള്‍ വിട്ട് പുതിയ വഴികള്‍ തെരഞ്ഞെടുക്കുന്നത് നവംനവങ്ങളായ അനുഭവങ്ങളിലേക്ക് നയിക്കും. പത്‌നി ആഇശ(റ)യോടൊപ്പം കായിക വിനോദ മത്സരങ്ങളില്‍ നബി(സ) ഏര്‍പ്പെട്ടത് പുതിയ അനുഭവങ്ങള്‍ തേടിയുള്ള പ്രയാണമായിരുന്നു.
മൂന്ന്: അഭിരുചികള്‍ കാത്തുസൂക്ഷിക്കുക. ഓരോ ആള്‍ക്കുമുണ്ട് അപരനില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിത്വവും തനിമയും. നിങ്ങളുടെ ഭാര്യയുടെ സ്വത്വത്തെ നിങ്ങള്‍ നശിപ്പിക്കുകയോ അവളുടെ വ്യക്തിത്വത്തിലെ സവിശേഷതയെ ഇല്ലാതാക്കുകയോ ചെയ്യരുത്. വ്യക്തികളിലെ സ്വഭാവ വൈജാത്യങ്ങളും രുചിഭേദങ്ങളും രൂപവ്യത്യാസങ്ങളുമെല്ലാം ജീവിതത്തിന് സൗകുമാര്യം നല്‍കുന്നതാണ്. അവള്‍ക്ക് ഒരു നിര്‍ണിത വ്യക്തിത്വം നിങ്ങള്‍ നിശ്ചയിച്ചു നല്‍കരുത്. നിങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി നിങ്ങളുടെ മുമ്പില്‍ നാട്യത്തിന് അവള്‍ക്ക് കഴിഞ്ഞേക്കാമെങ്കിലും അത് എന്നും നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല.
നാല്: നിങ്ങള്‍ക്കിടയിലെ അകലം മാനിക്കുക. ഓരോ വ്യക്തിയും അപരന്റെ സ്വകാര്യതയും സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുമ്പോഴാണ് ബന്ധങ്ങള്‍ വിജയിക്കുക. ഉദാഹരണത്തിന്, ഓരോരുത്തര്‍ക്കുമുണ്ടാവും ഒരു ഹോബി, ഒരു വ്യായാമ ശീലം, കൂട്ടുകാരുമൊത്ത് പുറത്ത് പോകുന്ന പതിവ്, അങ്ങനെ പലതും. ഇതില്‍ ഇരുവരും അതിര് ഭേദിച്ച് കടന്നുകയറാതെ ഓരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന്റെ ഇടങ്ങളില്‍ പാട്ടിന് വിട്ടേക്കാനുള്ള വിശാല മനസ്സുണ്ടായാല്‍ ദാമ്പത്യ ജീവിതത്തിന് ആയുസ്സ് കൂടും.
അഞ്ച്: പിണക്കങ്ങള്‍ വര്‍ധിപ്പിക്കരുത്. നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ പിണങ്ങുകയോ ബന്ധം മുറിക്കുകയോ ചെയ്യാതെ അതെങ്ങനെ പരിഹരിക്കാമെന്ന് പഠിക്കണം. പിണങ്ങാനും തെറ്റി നില്‍ക്കാനും ആര്‍ക്കും സാധിക്കും. ക്രമേണ അത് ദാമ്പത്യബന്ധത്തെ തകര്‍ക്കുകയും വിവാഹ ജീവിതത്തിന്റെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. 'ആഹാരത്തില്‍ ഉപ്പ്' എന്ന പോലെ മാത്രമേ ദമ്പതികള്‍ പിണക്കം എന്ന ചികിത്സാ ക്രമം പരീക്ഷിക്കാവൂ. ഭാര്യമാര്‍ ഒന്നിച്ച് ചെലവിനുള്ള തുക വര്‍ധിപ്പിക്കാനാവശ്യപ്പെട്ട ഒരേയൊരു സന്ദര്‍ഭത്തില്‍ മാത്രമാണ് നബി(സ) തന്റെ ജീവിതത്തില്‍ 'പിണക്കം' പ്രയോഗിച്ചത്. കുറുമ്പ് കാട്ടുന്ന ഭാര്യയെ ഇണക്കിയെടുക്കാനുള്ള ശിക്ഷണ നടപടിയെന്ന നിലയില്‍ ഖുര്‍ആന്‍ പിണക്കത്തെ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനുള്ളതാണ്.
ആറ്: ഇറങ്ങിവരിക, ത്യാഗത്തിന് തയാറാവുക. ആവശ്യങ്ങളില്‍ നിന്ന് ഒരുപടി ഇറങ്ങുന്നതും അഭിപ്രായം ത്യജിക്കുന്നതും ബന്ധങ്ങള്‍ വിഘ്‌നമില്ലാതെ നിലനിര്‍ത്താനുള്ള സമര്‍ഥ രീതികളാണ്. 'ഇറങ്ങി കൊടുത്താല്‍' വലിയ നഷ്ടങ്ങളൊന്നും വരാതെ വിവാഹബന്ധം തടസ്സങ്ങളില്ലാതെ തുടരും.
ഏഴ്: ഇരു കുടുംബങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുക. ദമ്പതികള്‍ക്കിടയില്‍ പല പ്രശ്‌നങ്ങളുമുണ്ടായാലും ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ കുടുംബങ്ങളിലെ നന്മ ബന്ധങ്ങള്‍ തുടര്‍ന്നുപോകാന്‍ നിമിത്തമാകും. മക്കള്‍ തമ്മിലെ ബന്ധങ്ങള്‍ തകര്‍ന്നാല്‍ ഇരു കുടുംബങ്ങളുടെയും ബന്ധം അറ്റുപോകുമല്ലോ എന്ന ഭീതി, ദാമ്പത്യ ബന്ധത്തെ തകരാതെ നിലനിര്‍ത്തും.
എട്ട്: സന്തോഷവാനും ഉല്ലാസവാനുമായിരിക്കുക. ഉല്ലാസവും ആനന്ദവും മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കും. ബന്ധങ്ങളിലെ ഊഷരത ഇല്ലാതാക്കും. വിഷാദം അകറ്റുകയും ആഹ്ലാദം പകരുകയും ചെയ്യും. സര്‍വോപരി മനസ്സില്‍ സ്‌നേഹം നിറയ്ക്കും. 'പല നേരങ്ങളില്‍ പല മനുഷ്യര്‍' -സാഅത്തുന്‍ വ സാഅ- (ഹദീസ്) സിദ്ധാന്തം നെടുനാള്‍ മംഗല്യത്തിന് സഹായകമാണ്.
ഒമ്പത്: പ്രേമവും സ്‌നേഹവും വാക്കുകളിലൂടെ പ്രകടിപ്പിക്കുക. അത് സംസാരത്തിലൂടെയാവാം, സമ്മാനം നല്‍കിയാവാം, ജനന തീയതിയോ വിവാഹ വാര്‍ഷികമോ ഓര്‍ത്തുവെച്ച് പരസ്പരം കൈമാറുന്ന പാരിതോഷികങ്ങളിലൂടെയാവാം.
പത്ത്: പരസ്പരം സദ്‌വിചാരം വേണം. സംശയത്തില്‍ നിന്നും തെറ്റിദ്ധാരണയില്‍ നിന്നും അകന്നു നില്‍ക്കണം. ദമ്പതികള്‍ തങ്ങളുടെ കുടുംബാംഗങ്ങളിലാരെയെങ്കിലും കുറിച്ച് നടത്തുന്ന അഭിപ്രായ പ്രകടനത്തിലൂടെയാവും തര്‍ക്കത്തിന്റെ തുടക്കം. ''നിങ്ങളുടെ കൈയില്‍ പണമുണ്ടാവുമ്പോള്‍ അവരെല്ലാം അടുത്തു കൂടും. പണം ഇല്ലാതാകുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ ഒരാളും ഉണ്ടാവുകയില്ല', 'അവര്‍ നിങ്ങളുടെ നല്ല മനസ്സ് ചൂഷണം ചെയ്യുകയാണ്' എന്നൊക്കെ ഭാര്യ കുറ്റപ്പെടുത്തുമ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?'' - ഞാന്‍ അയാളോട് ചോദിച്ചു.
അയാള്‍: ''അത് അവരുടെ നന്മയല്ലേ എടുത്തു കാട്ടുന്നത്. എന്റെ കൈയില്‍ പണമുള്ളപ്പോഴല്ലേ അവര്‍ ചോദിച്ചത്. ഇല്ലാത്തപ്പോള്‍ ചോദിച്ച് എന്നെ വേദനിപ്പിച്ചില്ലല്ലോ.'' പ്രശ്‌നത്തെ രചനാത്മകമായി സമീപിച്ച അയാളുടെ രീതിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച് ഞാന്‍: ''ഇതാണ് 'സദ്‌വിചാരം' എന്ന് നാം പറഞ്ഞത്. അതില്‍ നിന്നാണ് ഹൃദയശുദ്ധി ഉണ്ടാവുന്നത്. അത് മനസ്സമാധാനത്തിന് വഴിവെക്കും. 'അവരുടെ മനസ്സില്‍ നിന്ന് പോരും പകയും നാം എടുത്തുമാറ്റും. സഹോദരങ്ങളായിത്തീരുന്ന അവര്‍ ചാരുമഞ്ചങ്ങളില്‍ അഭിമുഖമായിരിക്കും' (അല്‍ഹിജ്ര്‍ 47). സ്വര്‍ഗത്തിലെ സ്ഥിതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. അപ്പോള്‍ ഇത് ഭൂമിയില്‍ തന്നെ, ദാമ്പത്യ ജീവിതത്തില്‍ തന്നെ അനുഭവിക്കാന്‍ കഴിഞ്ഞാല്‍ എന്തൊരു ഭാഗ്യമാണ്, അനുഗ്രഹമാണ്! ഒന്നു കൂടി ഓര്‍ക്കുക. വിവാഹത്തിലെ ആദ്യ നാളുകള്‍ മധ്യനാളുകളെയോ അന്ത്യനാളുകളെയോ പോലെയാവില്ല. ഓരോ ഘട്ടത്തിനുമുണ്ട് അതിന്റേതായ പ്രശ്‌നങ്ങളും വെല്ലുവിളികളും. സഹനം അവലംബിക്കുക. ഈ പത്ത് വഴികളും പരീക്ഷിക്കുക. പ്രാര്‍ഥിക്കുക.''
വിവ: പി.കെ ജമാല്‍
Comments