പതനത്തിന്റെ കാരണങ്ങളും പ്രതിവിധികളും
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മുസ്‌ലിം ലോകത്തെ ഇളക്കിമറിച്ച ഗ്രന്ഥമാണ് അമീര്‍ ശക്കീബ് അര്‍സലാന്റെ ലിമാദാ തഅഖ്ഖറല്‍ മുസ്‌ലിമൂന്‍ വലിമാദാ തഖദ്ദമ ഗൈറുഹും (മുസ്‌ലിംകള്‍ പിന്നാക്കാവസ്ഥയിലായതും മറ്റുള്ളവര്‍ പുരോഗതി പ്രാപിച്ചതും എന്തുകൊണ്ട്?). ആ പുസ്തകത്തിന് അക്കാലത്തു തന്നെ മലയാളത്തില്‍ പരിഭാഷയുണ്ടായിട്ടുണ്ട്. ശക്കീബ് അര്‍സലാന്റെ വിഖ്യാത ഗ്രന്ഥത്തിന്റെ ആദ്യകാല മലയാള തര്‍ജമയും അതിന്റെ പില്‍ക്കാല ഇംഗ്ലീഷ് തര്‍ജമയും വായിക്കാനിടയായതാണ് ഇങ്ങനെയൊരു ആസ്വാദനത്തിന് സന്ദര്‍ഭമൊരുക്കിയത്.
ഇസ്‌ലാമിലെ അസംഖ്യം പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിട്ടാണ് ചരിത്രം ശക്കീബിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനും ഈജിപ്തിലെ അല്‍മനാര്‍ മാസികയുടെ പത്രാധിപരുമായിരുന്ന റശീദ് രിദായുടെ അടുത്ത സഹചാരിയായിരുന്നു അമീര്‍ ശക്കീബ് അര്‍സ്‌ലാന്‍ (1869-1946). മറ്റൊരു മഹാപണ്ഡിതനും പരിഷ്‌കര്‍ത്താവുമായ മുഹമ്മദ് അബ്ദു(1849-1905)വിന്റെ സ്വാധീനവും ശക്കീബിന്റെ രചനകളില്‍ കാണാം. എന്നാല്‍ റശീദ് രിദാ(1865-1935)യെയോ അബ്ദുവിനെയോ പോലെ എന്തുകൊണ്ടോ അദ്ദേഹം പലര്‍ക്കും അത്ര പരിചിതനല്ല. പരിഷ്‌കര്‍ത്താവ് എന്നതിനേക്കാള്‍ ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലായിരുന്നു അമീര്‍ ശക്കീബ് ഏറെ അറിയപ്പെട്ടിരുന്നത്. ആ നിലക്കാണ് ഇന്തോനേഷ്യയിലെ ജാവയില്‍ ഇസ്‌ലാമിക പണ്ഡിതനായിരുന്ന ശൈഖ് മുഹമ്മദ് ബിസ്‌യൂനി ഉംറാന്‍ മുസ്‌ലിംകളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഗുരുനാഥന്‍ കൂടിയായ റശീദ് രിദായുടെ മുമ്പാകെ ഉന്നയിച്ച രണ്ട് ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കാന്‍ ശക്കീബ് നിയുക്തനായതും ആ മറുപടികള്‍ 'മുസ്‌ലിംകള്‍ എന്തുകൊണ്ട് പിന്നാക്കത്തിലായി?' എന്ന ഗ്രന്ഥത്തിന്റെ പിറവിക്കു കാരണമായതും.
അമീര്‍ ശക്കീബ് അര്‍സലാന്‍ അല്‍മനാറില്‍ എഴുതിയിരുന്ന ലേഖനങ്ങളില്‍ അത്യന്തം ആകൃഷ്ടനായ അദ്ദേഹത്തെക്കൊണ്ട് മറുപടി എഴുതാനായി രണ്ട് ചോദ്യങ്ങളാണ് ബിസ്‌യൂനി ഉംറാന്‍ റശീദ് രിദാക്കു സമര്‍പ്പിച്ചത്. 'പ്രാബല്യം (മഹിമ) അല്ലാഹുവിനും അവന്റെ ദൂതനും വിശ്വാസികള്‍ക്കും അത്രെ,' എന്ന് ഖുര്‍ആന്‍ 63:8-ല്‍ പറയുന്നുണ്ടെങ്കിലും, വിശ്വാസികള്‍ക്ക് ഇന്ന് എവിടെയാണ് പ്രാബല്യവും അധികാരവും മഹത്വവുമെന്ന് സങ്കടപ്പെടുന്നതായിരുന്നു ബിസ്‌യൂനിയുടെ ഒന്നാമത്തെ ചോദ്യത്തിന്റെ കാതല്‍. യൂറോപ്യന്മാരും അമേരിക്കക്കാരും ജപ്പാന്‍കാരും നേടിയ വിസ്മയാവഹമായ പുരോഗതിയുടെ കാരണങ്ങളെന്താണ്? ഭൗതിക പുരോഗതി നേടുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ സ്വായത്തമാക്കിക്കൊണ്ട്, അതേസമയം സ്വന്തം മതത്തില്‍ നിന്ന് വ്യതിചലിക്കാതെ, മുസ്‌ലിംകള്‍ക്കും അമ്മാതിരി നേട്ടം കൈവരിക്കുക സാധ്യമാണോ? അതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചോദ്യം.
ബിസ്‌യൂനിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി അല്‍മനാറില്‍ പരമ്പരയായിട്ടാണ് ശക്കീബ് പ്രസിദ്ധപ്പെടുത്തിയത്. അതിന്റെ ഇംഗ്ലീഷു പരിഭാഷയായ Our Decline: Its Causes and Remedies 1944-ല്‍ പുറത്തുവന്നു. ഇംഗ്ലീഷു പരിഭാഷയുടെ പരിഷ്‌കരിച്ച മറ്റൊരു പതിപ്പ് 2004-ല്‍ മലേഷ്യയിലെ ഇസ്‌ലാമിക ബുക്ട്രസ്റ്റും (ഐ.ബി.റ്റി) പ്രസിദ്ധീകരിച്ചു. എന്നാല്‍ ശക്കീബിന്റെ മറുപടി അല്‍മനാറില്‍ വന്ന കാലത്തുതന്നെ അതിന്റെ മലയാള തര്‍ജമ ഉണ്ടായി എന്നതാണ് ഏറെ കൗതുകകരമായ സംഗതി. വക്കം പി. മുഹമ്മദുമൈതീന്‍ (1899-1967) ആയിരുന്നു വിവര്‍ത്തകന്‍. അല്‍അമീന്‍ എന്ന ത്രൈവാരികപ്പത്രത്തിന്റെ 1935 സെപ്തംബര്‍ മുതലുള്ള ഇരുപത്തിരണ്ട് ലക്കങ്ങളിലായിട്ടാണ് അദ്ദേഹത്തിന്റെ വിവര്‍ത്തനം വെളിച്ചം കണ്ടത്. പ്രസ്തുത വിവര്‍ത്തനം 'മുസ്‌ലിംകള്‍ എന്തുകൊണ്ട് പിന്നോക്കത്തിലായി' എന്ന പേരില്‍ 1937-ല്‍ ഇടവായിലെ സി.എം പ്രസ്സ് പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. വക്കം പി. മുഹമ്മദ് മൈതീന്റെ പുസ്തകത്തിന് 1946-ല്‍ രണ്ടാം പതിപ്പും സി.എം പ്രസ്സ് പുറത്തിറക്കുകയുണ്ടായി. ഒന്നാം പതിപ്പിന്റെ പ്രസ്താവനയില്‍ പരിഭാഷകന്‍ എഴുതുന്നു: ''മുസ്‌ലിംകളുടെ പിന്നോക്കത്തിനുള്ള കാരണങ്ങളായി പൊതുവെ ഇതില്‍ പറഞ്ഞു കാണാവുന്ന സംഗതികളില്‍ പലതും ഒരു നോട്ടത്തില്‍ കേരളീയ മുസ്‌ലിംകളെ നേരെ സംബന്ധിക്കുന്നവയല്ല എന്നു തോന്നാമെങ്കിലും അവരുടെ പരിതസ്ഥിതികളെയും കിടപ്പിനെയും കുറിച്ചു സൂക്ഷ്മമായി ആലോചിച്ചു നോക്കുന്നവര്‍ക്ക് അവയൊക്കെ ഒരു പ്രകാരത്തില്‍ അല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ അവരെ സംബന്ധിച്ചും അന്വര്‍ഥമായിരിക്കുന്നുവെന്നു മനസ്സിലാക്കുവാന്‍ പ്രയാസമില്ല.''
ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ കോളനിവാഴ്ചകള്‍ പാരമ്യത്തിലെത്തി നില്‍ക്കുകയും മുസ്‌ലിം രാജ്യങ്ങളുടെ സ്വാതന്ത്ര്യം വിദൂര സ്വപ്നമായിരിക്കുകയും ചെയ്തിരുന്ന ഒരു ദശാസന്ധിയിലാണ് ബിസ്‌യൂനി ഉംറാന്റെ ചോദ്യങ്ങള്‍ വരുന്നത്. യൂറോപ്യന്മാരുടെ പ്രജകളായിക്കഴിഞ്ഞിരുന്ന മുസ്‌ലിംകള്‍ അവരുടെ ആശയങ്ങളുമായി പരിചയിച്ചുവെന്ന് മാത്രമല്ല അവയെ തങ്ങളുടേതായ നിലയില്‍ മുന്നോട്ടുനയിക്കുന്നതിനു വേണ്ട സംഭാവനകള്‍ അര്‍പ്പിക്കുക കൂടി ചെയ്തിരുന്നു. പടിഞ്ഞാറിന്റെ ശക്തിയും കരുത്തും കണ്ടറിഞ്ഞ അവരില്‍ പലരും അതിന്റെ തിന്മകളും കൂടി അനുഭവിച്ചറിഞ്ഞ സാഹചര്യമായിരുന്നു അത്. പാശ്ചാത്യവത്കൃതവും പാരമ്പര്യാധിഷ്ഠിതവുമായ രണ്ട് മേഖലകളിലായി മുസ്‌ലിം സംസ്‌കാരം ഉരുത്തിരിഞ്ഞ് വരികയായിരുന്നു; മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമായിരുന്നു അതേസമയം മുസ്‌ലിം വരേണ്യവര്‍ഗം.
പേരു കൊണ്ടും വിശ്വാസം കൊണ്ടും മാത്രം മുസ്‌ലിമായാല്‍ പോരെന്നും കര്‍മം കൊണ്ടുകൂടി മുസ്‌ലിമായാല്‍ മാത്രമേ മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ വാഗ്ദാനം ചെയ്ത പ്രൗഢി ലഭിക്കുകയുള്ളൂവെന്നുമുള്ളതാണ് ശക്കീബിന്റെ വാദഗതിയുടെ മുഖ്യപരിസരം. തന്റെ വാദഗതിയുടെ സത്യാവസ്ഥ സ്ഥാപിക്കുന്നതിനായി അദ്ദേഹം ഖുര്‍ആനെയും ചരിത്രത്തെയും നിര്‍ലോപം ആശ്രയിച്ചിരിക്കുന്നു. ഇസ്‌ലാമില്‍ അടിയുറച്ച് നിന്ന് മുസ്‌ലിംകള്‍ക്ക് പുരോഗമിക്കാന്‍ സാധിക്കുകയില്ലെന്ന നിലപാട് മുസ്‌ലിംകളില്‍ തന്നെ പലര്‍ക്കുമുണ്ടല്ലോ! അതിനെയും ശക്കീബ് കടന്നുപിടിക്കുന്നു. ഓറിയന്റലിസ്റ്റ് ചിന്താഗതിക്കാരില്‍ നിന്നാണ് മുസ്‌ലിംകള്‍ അത്തരമൊരു സമീപനം സ്വീകരിക്കാനിടയായത്. വിഗ്രഹപൂജകരുടെ സമൂഹമായിട്ടും ജപ്പാന്‍ വലിയ ഭൗതിക പുരോഗതി നേടി. യൂറോപ്പ് ഇരുണ്ട യുഗത്തില്‍ കിടന്നുഴലുന്നതിന് കാരണം ക്രിസ്തുമതമല്ല; മുസ്‌ലിംകള്‍ പിന്നാക്കാവസ്ഥയിലായതിന് കാരണം ഇസ്‌ലാമുമല്ല-പുരോഗതിയും സമുന്നതിയും മുസ്‌ലിം ആയതുകൊണ്ടു മാത്രം ഉറപ്പാകുന്നില്ല എന്നിടത്താണ് ശക്കീബിന്റെ ഊന്നല്‍.
മറ്റേതൊരു ആധുനിക രാഷ്ട്രത്തെയും പോലെ പുരോഗതി പ്രാപിച്ച് നേതൃത്വത്തിലെത്തണമെന്നുണ്ടെങ്കില്‍ മുസ്‌ലിംകള്‍ ജിഹാദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ശക്കീബ് ഗ്രന്ഥം ഉപസംഹരിക്കുന്നത്. പൂര്‍ണമായ ത്യാഗമനോഭാവത്തോടെ ദൈവമാര്‍ഗത്തില്‍ പരിശ്രമിക്കുക എന്നതാണ് ജിഹാദിന് അദ്ദേഹം നല്‍കുന്ന അര്‍ഥം. പ്രയത്‌നിക്കുക, ഖുര്‍ആനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ജീവനോ സ്വത്തോ വെടിയാന്‍ പോലും സന്നദ്ധരായിക്കൊണ്ട് ദൈവമാര്‍ഗത്തില്‍ പരിശ്രമിക്കുക-പുരോഗതിയിലേക്കുള്ള മാര്‍ഗം അതു മാത്രം. നിരാശയും, സാഹസികതക്ക് ഒരുമ്പെടാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വവും വെടിയുക. അചഞ്ചലമായ അച്ചടക്കത്തോടെ, മുന്നേറാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ, സത്യവിശ്വാസത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്ന അടിസ്ഥാന വസ്തുതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കഠിനയത്‌നം ചെയ്തു കൊണ്ടേയിരിക്കുക. അങ്ങനെയെങ്കില്‍ മാത്രമേ നമ്മുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പൂവണിയുകയുള്ളൂ. ''നമ്മുടെ കാര്യത്തില്‍ കഠിനയത്‌നം ചെയ്യുന്നവരുണ്ടല്ലോ, അവര്‍ക്ക് നാം നമ്മുടെ മാര്‍ഗങ്ങള്‍ കാട്ടിക്കൊടുക്കും. നിശ്ചയമായും, അല്ലാഹു സത്തുക്കളുടെ കൂടെയാകുന്നു'' (അല്‍അന്‍കബൂത്ത്:69). വിശുദ്ധ ഖുര്‍ആന്റെ ആദ്യ സമ്പൂര്‍ണ മലയാള പരിഭാഷകന്‍ കൂടിയായ വക്കം പി. മുഹമ്മദ് മൈതീന്‍, ശക്കീബിന്റെ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ട് എണ്‍പതു വര്‍ഷത്തോളമാകുന്നു. ആ തര്‍ജമ സംശോധനം ചെയ്ത് പരിഷ്‌കരിച്ച് വീണ്ടും ഇറക്കുന്നത് മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യത്തിന് മുതല്‍ക്കൂട്ടായിരിക്കും.
Comments