Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

സമ്പൂര്‍ണ നിയന്ത്രണം കൈയടക്കാനുള്ള <br>ആഗോള പദ്ധതി

കെ.കെ സുഹൈല്‍ /കവര്‍‌സ്റ്റോറി

         മുസ്‌ലിംകളില്‍ ഭീകരവാദികള്‍ ഉണ്ടോ? തീവ്രവാദ വിഷയങ്ങളെക്കുറിച്ചറിയാന്‍ താല്‍പര്യപ്പെടുന്ന എല്ലാവരും ഉന്നയിക്കുന്ന പ്രധാന ചോദ്യമാണിത്. അതെ, തീവ്രവാദ നിലപാടുള്ളവര്‍ എല്ലാ മത സമുദായങ്ങളിലും മതരഹിത വിഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്; നീതിനിഷേധത്തിന്റെ ദീര്‍ഘകാല അനുഭവങ്ങളുണ്ടാകുമ്പോള്‍ വിശേഷിച്ചും. അത്തരം തീവ്ര നിലപാടുള്ളവര്‍ മുസ്‌ലിം സമുദായത്തിലുമുണ്ട് എന്നത് ശരിയാണ്. പക്ഷേ, മുസ്‌ലിം സമുദായത്തിലെ തീവ്രവാദത്തെ- 2010-നു ശേഷം വിശേഷിച്ചും- ഇളക്കിവിടുന്നതിലും അവരെക്കൊണ്ട് പദ്ധതികള്‍ നടപ്പാക്കുന്നതിലും അതിന് ഫണ്ട് ചെയ്യുന്നതിലും 'ഇസ്‌ലാമിക ഭീകരാക്രമണങ്ങള്‍' സംഘടിപ്പിക്കുന്നതിലും ഇന്റലിജന്‍സ് ഏജന്‍സികള്‍ വലിയ പങ്കുവഹിക്കുന്നുവെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഭീകരത നിര്‍മിക്കപ്പെടുന്ന പാറ്റേണ്‍, അതിനോടുള്ള പ്രതികരണം, പോലീസ് പുറത്ത് വിടുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, അന്വേഷണ-ഇന്റലിജന്‍സ് വിഭാഗങ്ങളുടെ ശിക്ഷാ ഭീതിയില്ലായ്മ , ഭീകരവിരുദ്ധ നിയമങ്ങളുടെ നിര്‍മാണം-ഇവയെല്ലാം ആഗോള തലത്തില്‍ തന്നെ സമാന സ്വഭാവം പുലര്‍ത്തുന്നു.

ഇതൊരു ഉത്തര ആഗോളീകരണ യുഗമാണ്. ഇവിടെ ഫിനാന്‍സ് -കോര്‍പറേറ്റ് ശക്തികളുടെ കുത്തക ഭരണമാണ് നടക്കുന്നത്. ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം ഭീതിദമായി വലുതായിക്കൊണ്ടിരിക്കുന്നു. അസമത്വം ശക്തിപ്പെടുമ്പോള്‍ സ്വാഭാവികമായും വലിയൊരു വിഭാഗം നിരാശരും അസംതൃപ്തരുമായിത്തീരും. നിലവിലുള്ള വ്യവസ്ഥയെ അവര്‍ വെല്ലുവിളിക്കുമ്പോള്‍ അവരെ നേരിടാന്‍ ഭരണകൂടങ്ങള്‍ കടുത്ത നിയമങ്ങള്‍ കൊണ്ടുവരുന്നു. ഒരാളുടെ ചോദ്യം ചെയ്യാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന വിധം കര്‍ശനമായിരിക്കും അത്തരം നിയമങ്ങള്‍. 'ഭീകരവാദികള്‍' പിറന്നുവീഴുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.

അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അവരുടെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ബുള്ളറ്റിനില്‍1 ഒരാള്‍ക്ക് തീവ്രവാദ ആശയങ്ങളോട് ആഭിമുഖ്യം ഉണ്ടായിവരുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ചാര്‍ട്ട് കൊടുത്തിട്ടുണ്ട്. ഇത്തരം ആശയങ്ങളോട് ആഭിമുഖ്യമില്ലാത്ത കാലത്ത് (Pre-radicaliza-tion) ഒരു വ്യക്തിയില്‍ വിശ്വാസപരമായ ചാഞ്ചല്യം പ്രകടമാകുന്നു. അയാള്‍ പ്രതിഷേധ സൂചകമായി മതം മാറുകയോ, തന്റെ നേരത്തെയുള്ള വിശ്വാസത്തെ പുനര്‍വ്യാഖ്യാനിക്കുകയോ ചെയ്യുന്നു. മസ്ജിദ്, ഇന്റര്‍നെറ്റ്, തൊഴില്‍, തടവറ, സമ്മേളനം ഇങ്ങനെ പലതും ആ മാറ്റത്തിന് നിമിത്തമാകാം. വ്യക്തി തന്റെ ലക്ഷ്യം തിരിച്ചറിയുന്നതാണ് (Identification) രണ്ടാമത്തെ ഘട്ടം. ഈ ഘട്ടത്തില്‍ അയാള്‍ തന്റെ പൂര്‍വകാല ജീവിതത്തോട് പൂര്‍ണമായി വിടപറയുകയും പുതിയ സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. നാട്ടില്‍ നിന്നോ ചിലപ്പോള്‍ വിദേശത്ത് പോയോ മതപരിശീലനമോ ഭാഷാ പരിശീലനമോ ഒക്കെ നേടുന്നു. പ്രാഥമികമായ അര്‍ധസൈനിക പരിശീലനങ്ങളും അയാള്‍ക്ക് ലഭിച്ചേക്കാം. ഇത് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് എത്തില്ലെങ്കിലും അതിന്റെ മുന്നൊരുക്കമായി കാണണം.

മൂന്നാമത്തെ ഘട്ടത്തില്‍ വ്യക്തിയുടെ ഭീകര സംഘടനയുമായുള്ള ബന്ധം വളരെ ശക്തമാവുകയും പരിശീലന ക്യാമ്പുകളില്‍ അയാള്‍ പങ്കാളിയായാവുകയും ചെയ്യുന്നു. തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ ആക്രമണം നടത്തിയേ മതിയാവൂ എന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരുന്നു. ആശയ പ്രതിബദ്ധത(Idoctrination)യുടെ ഘട്ടം എന്നതിനെ വിളിക്കാം. അയാള്‍ എന്ത് ആക്ഷന്നും ഈ ഘട്ടത്തില്‍ തയാറായിരിക്കും. 'ആക്ഷന്‍' എന്നു വിളിക്കുന്ന അവസാന ഘട്ടത്തിലാണ് വളരെ ആസൂത്രണത്തോടെയും മുന്നൊരുക്കങ്ങളോടെയുമുള്ള ഭീകരാക്രമണങ്ങള്‍ നടക്കുക.

ഇങ്ങനെ ഒരു വ്യക്തിയെ 'റാഡിക്കലൈസ്' ചെയ്യുന്ന പ്രക്രിയയില്‍ അമേരിക്കയിലെ എഫ്.ബി.ഐ രഹസ്യ ഏജന്റുമാരും അവര്‍ നിയമിക്കുന്ന ആളുകളും പങ്കുവഹിക്കുന്നുണ്ട് എന്നതിന് അനിഷേധ്യ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 'മായയായിത്തീരുന്ന നീതി' (Illusion of Justice) എന്ന പേരില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അമേരിക്കയിലെ ഭീകരാക്രമണ കേസുകളില്‍ പകുതിയും ഔദ്യോഗിക അന്വേഷണ ഏജന്‍സികളുടെ വിവരം ചോര്‍ത്തലുകാര്‍ ഉള്‍പ്പെട്ടിട്ടുള്ളവയാണ്. 'ന്യൂബര്‍ഗ് ഫോര്‍' കേസ് ഉദാഹരണം. ഇതിന്റെ വിചാരണക്കിടെ ജഡ്ജി നിരീക്ഷിച്ചത്! 'ഇത് ഗവണ്‍മെന്റ് നടത്തിക്കൊടുത്ത കുറ്റകൃത്യമാണ്; അതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു; തടസ്സങ്ങള്‍ നീക്കിക്കൊടുത്തു. ഷേക്‌സ്പിയര്‍ നാടകങ്ങളിലെ അന്തംകെട്ട കോമാളിയെപ്പോലുള്ള ഒരാളെ കിട്ടുക കൂടി ചെയ്തപ്പോള്‍ അയാളെ ഒരു ഭീകരനാക്കി മാറ്റിയെടുക്കുകയും ചെയ്തു'2 എന്നാണ്. ഇങ്ങനെ ഔദ്യോഗിക ഏജന്‍സികള്‍ ഭീകരത നിര്‍മിച്ചെടുക്കുന്നതിനെപ്പറ്റി അമേരിക്കന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ട്രവര്‍ ആരണ്‍സണ്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. 9/11-നു ശേഷം അമേരിക്കയില്‍ ഭീകരതയുമായി ബന്ധപ്പെട്ട 500 കേസുകളും പഠനവിധേയമാക്കിയ അദ്ദേഹം കോടതി പരാമര്‍ശങ്ങളിലേക്ക് വിരല്‍ ചൂണ്ടി എഴുതുന്നു:

''വിവരം ചോര്‍ത്തികളും (informants) അവരെ നിയോഗിച്ച എഫ്.ബി.ഐ/ഐ.ബി മേലാളരും വിശ്വാസ തീവ്രതയുള്ള, അമേരിക്കയുടെ ന്യൂനപക്ഷ നയങ്ങളോട് പരസ്യമായി വിയോജിക്കുന്ന, അല്ലെങ്കില്‍ ആഗോള ഭീകര ഗ്രൂപ്പുകളോട് അനുഭാവം പുലര്‍ത്തുന്ന 16-നും 35-നും ഇടക്ക് പ്രായമുള്ള മുസ്‌ലിം യുവാക്കളെയാണ് തേടിക്കൊണ്ടിരുന്നത്. ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍ വഴിയും റാഡിക്കല്‍ ഗ്രൂപ്പകളെ നിരീക്ഷിച്ചുമാണ് ഇത്തരക്കാരെ കണ്ടെത്തുന്നത്. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ അവരില്‍ ഒത്തുവന്നാല്‍ പിന്നെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയായി-സ്റ്റിങ് ഓപറേഷന്‍. അതില്‍ എഫ്.ബി.ഐ ഏര്‍പ്പെടുത്തിയ വിവരം ചോര്‍ത്തലുകാരന്‍ സ്വയം ഒരു ഭീകരനായി അഭിനയിക്കും. എന്നിട്ട് താന്‍ കൊണ്ടുവന്ന ആള്‍ക്ക് ഒരു ഭീകരാക്രമണം നടത്താനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും.''3

അല്‍ജസീറ പുറത്തിറക്കിയ 'വിവരം ചോര്‍ത്തികള്‍' എന്ന ഡോക്യുമെന്ററിയില്‍ അത്തരക്കാരായ മൂന്ന് പേരെ വിശദമായി തുറന്നുകാണിക്കുന്നുണ്ട്. അതായത്, ആഗോള ഭീകരതാ വിരുദ്ധ യുദ്ധത്തില്‍ നിങ്ങള്‍ക്ക് മുസ്‌ലിം ഭീകരന്മാരെ ആവശ്യമുണ്ട്; ഇനി അത്തരക്കാരെ കിട്ടിയില്ലെങ്കില്‍ അത്തരക്കാരെ ഉണ്ടാക്കുക!

ഇന്ത്യയിലേക്ക് വരാം. ഇര്‍ശാദ് അലി. അല്‍ബദ്ര്‍ ഭീകരന്‍ എന്ന് മുദ്രകുത്തപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലായ ആള്‍. അയാള്‍ പറയുന്ന സംഭവത്തിലും കാണുന്നത് ഭീകരതയുടെ അതേ പാറ്റേണ്‍ തന്നെ. ഇന്റലിജന്‍സ് ഏജന്‍സികള്‍ സംസ്ഥാന പോലീസുമായി ധാരണയുണ്ടാക്കി ഒരു ഭീകരക്കഥ മെനയുന്നതും എന്നിട്ട് അവര്‍ തന്നെ ആ ഭീകരപദ്ധതി  'തകര്‍ത്തു'കളയുന്നതുമാണ് സംഭവം. ഇര്‍ശാദ് അലി തീഹാര്‍ ജയിലില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ നിന്ന്-

''സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുക്കുന്ന കെണികളില്‍ നിന്ന് നിരപരാധികളായ യുവാക്കളെ രക്ഷപ്പെടുത്താനാണ് ഞാന്‍ തീഹാര്‍ ജയിലില്‍ നിന്ന് താങ്കള്‍ക്ക് ഈ കത്തെഴുതുന്നത്. ഞാന്‍ ദല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിന് വേണ്ടി ഇന്‍ഫോര്‍മര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഐ.ബിയുമായും അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. അവരോടൊപ്പം ജോലി ചെയ്ത ആളെന്ന നിലക്ക്, എങ്ങനെയാണ് അവര്‍ ഭീകരന്മാരെ ഉണ്ടാക്കുന്നത് എന്ന് രാഷ്ട്രത്തോട് വെളിപ്പെടുത്താനുള്ള കടമ എനിക്കുണ്ട്. സഭവം നടക്കുന്നിന് മുമ്പ് തന്നെ നമ്മുടെ ഏജന്‍സികള്‍ കുറ്റവാളികളെ പിടികൂടാറുണ്ടെന്നത് താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ?

എനിക്കതിന് ഉത്തരമുണ്ട്...

സ്ഥാനക്കയറ്റത്തിനും പാരിതോഷികങ്ങള്‍ കൈക്കലാക്കാനും സ്‌പെഷ്യല്‍ സെല്‍ ഭീകരവാദികളെ ഉണ്ടാക്കുകയാണ്. വളരെ തുഛം വേതനത്തിന് അവര്‍ കുറെ യുവാക്കളെ ജോലിക്ക് വെച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കാരല്ല, അലഞ്ഞ് നടക്കുന്ന ആളുകള്‍. അവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കും, സുരക്ഷയും നല്‍കും. അവര്‍ നഗരത്തില്‍ എവിടെയെങ്കിലും താമസം ശരിയാക്കി, തൊഴില്‍ രഹിതരായ യുവാക്കളെ തേടിയിറങ്ങി അവരുമായി ചങ്ങാത്തമുണ്ടാക്കും. എന്നിട്ട് എളുപ്പത്തില്‍് വഴങ്ങുന്ന ആളുകളെ ചേര്‍ത്ത് അവര്‍ ഒരു ഗ്രൂപ്പിന് രൂപം നല്‍കുകയും, ആയുധങ്ങള്‍ സംഘടിപ്പിച്ച് ഈ യുവാക്കളെ കവര്‍ച്ചക്ക് പ്രേരിപ്പിക്കുകയും ചെയ്യും. ഇതിനു വേണ്ടി മോഷ്ടിക്കപ്പെട്ട ഒരു വാഹനം സ്‌പെഷ്യല്‍ സെല്‍ ഒരുക്കിക്കൊടുക്കും. അറിയപ്പെടുന്ന ഏതെങ്കിലും വാഹന കവര്‍ച്ചക്കാരില്‍ നിന്നാവും ഇത് സംഘടിപ്പിച്ചിട്ടുണ്ടാവുക.

സെപ്ഷ്യല്‍ സെല്‍ നിയോഗിച്ച ഏജന്റിനെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്ന ഈ ചെറുപ്പക്കാര്‍ ഒരു ദിവസം ഓപ്പറേഷന്‍ നടത്താന്‍ നിശ്ചിത സ്ഥാനത്ത് എത്തിച്ചേരുന്നു. അവരെ കാത്ത് അവിടെ ഒരു കെണി ഒരുക്കിവെച്ചിട്ടുണ്ടാവും; പോലീസിന്റെ കെണി. ആ ചെറുപ്പക്കാരെ പോലീസ് പിടിച്ച് കൊണ്ടുപോകുന്നു; ഇതിന്റെയൊക്കെ സൂത്രധാരനായ ഏജന്റിനെ പിടിക്കുന്നുമില്ല... പിന്നെ മെഡലുകളും ധീരതക്കുള്ള അവാര്‍ഡുകളും വരവായി. ഇന്റലിജന്‍സ് ബ്യൂറോ അപ്പോഴേക്കും ഗവണ്‍മെന്റിനും മീഡിയക്കും കെട്ടിച്ചമച്ച കഥകള്‍ നല്‍കിയിട്ടുണ്ടാവും.''4

നാല് രീതികള്‍

ഭീകരപ്രവര്‍ത്തന കേസുകള്‍ ഉണ്ടാക്കിയെടുക്കുന്നത് നാല് തരത്തിലാണെന്ന് 9/11-ന് ശേഷമുള്ള അത്തരം കേസുകള്‍ പരിശോധിച്ചാല്‍ ബോധ്യമാവും.

1. നിരപരാധികളെ പിടികൂടി പീഡിപ്പിച്ച് അവരെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുക. ഉദാ: അക്ഷര്‍ധാം ആക്രമണ കേസ്.

2. മതവൈകാരികമായി ഉത്തേജിപ്പിച്ച് കെണിയില്‍ കുടുക്കുക. ഉദാ: ഇര്‍ശാദ് അലി

3. വിവരം ചോര്‍ത്തുന്നവര്‍ തന്നെ കെണിയില്‍ പെടുക. ഉദാ: അബ്‌റാര്‍ അഹ്മദ്, മാലേഗാവ്.

4. ക്രിമിനലുകളെ ഭീകരവാദികളായി ചിത്രീകരിക്കുക. ഉദാ: ബര്‍ദ്വാന്‍ സ്‌ഫോടനം, 2014.

ഈ നാല് രീതികളില്‍ നടക്കുന്ന സംഭവങ്ങളിലും അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെട്ടിരുന്നു എന്നതിന് തെളിവുകളുണ്ട്. പക്ഷേ, അവര്‍ തെളിവുകളും രേഖകളും കെട്ടിച്ചമച്ച് അന്വേഷണത്തെ വഴിതെറ്റിക്കുകയായിരുന്നു. അതിനാല്‍ ആക്രമണത്തിന്റെ പിന്നിലെ യഥാര്‍ഥ കുറ്റവാളികള്‍ പിടിക്കപ്പെടാതെ പോകുന്നു.

ബഹുമാനപ്പെട്ട സുപ്രീംകോടതി ഇക്കാര്യം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണകേസില്‍ രേഖകളും തെളിവുകളും കെട്ടിച്ചമച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ സുപ്രധാന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നുംകുറ്റാരോപിതരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നുമൊക്കെ സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. അന്വേഷണത്തിന്റെയും വിചാരണയുടെയും എല്ലാ ഘട്ടങ്ങളെക്കുറിച്ചും ഇത്തരം ഗുരുതരമായ പരാതികള്‍ ഉണ്ടെങ്കില്‍, പ്രോസിക്യൂഷന്‍ നല്‍കുന്ന വിവരണവും പൂര്‍ണമായി ശരിയാകാന്‍ സാധ്യതയില്ല. അവരുടെ വിവരണത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് തെറ്റായ പരാമര്‍ശങ്ങള്‍ ഉള്ളതെങ്കില്‍ പോലും, ബാക്കി ഭാഗങ്ങള്‍ തൃപ്തികരമായ ഉത്തരം നല്‍കുന്നുണ്ടോ എന്നും നാം അന്വേഷിക്കണം. പ്രോസിക്യൂഷന്റെ ഗൂഢാലോചന സിദ്ധാന്തം നാമപ്പടി സ്വീകരിക്കരുത് എന്നര്‍ഥം.5

ദല്‍ഹിയിലെ ബോംബ് സ്‌ഫോടനം

2012 ഫെബ്രുവരി 13-ന് ന്യൂദല്‍ഹിയില്‍ ഒരു നയതന്ത്രജ്ഞന്റെ കാറില്‍ സ്‌ഫോടനമുണ്ടായി. ഇസ്രയേലീ നയതന്ത്രജ്ഞന്റെ ഭാര്യ ടില്‍ യെഹോശുവ (42)ക്കും ഒരു ജീവനക്കാരനും രണ്ട് കാല്‍നട യാത്രക്കാര്‍ക്കും പരിക്കേറ്റു. 2012 മാര്‍ച്ച് 7-ന് ദല്‍ഹി പോലീസ്, ഒരു ഇറാനിയന്‍ വാര്‍ത്താ ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അഹ്മദ് കസ്മിയെ അറസ്റ്റ് ചെയ്തു. മറ്റു മൂന്ന് ഇറാനിയന്‍ പൗരന്മാരും പിടിയിലായി. യു.എ.പി.എ, ഐ.പി.സി നിയമങ്ങള്‍ പ്രകാരം കൊലപാതക ശ്രമത്തിന് അസ്മിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. 2012 ഒക്‌ടോബറില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. അറസ്റ്റിലായിരുന്ന അഞ്ചു പേരെയും വിട്ടയച്ചു.

നയതന്ത്ര പ്രതിനിധിയുടെ ഭാര്യ കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാനായി പോകുമ്പോള്‍ അവര്‍ സഞ്ചരിച്ചിരുന്ന ടയോട്ട ഇന്നോവ കാറില്‍ ഒരു മോട്ടോര്‍ സൈക്കിളുകാരന്‍ ഒട്ടിപ്പിടിക്കുന്ന ബോംബ് ഘടിപ്പിച്ചു എന്നാണ് ദല്‍ഹി പോലീസ് പറയുന്നത്. സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് ഇതേ രീതിയിലാണ് തെഹ്‌റാനില്‍ ഒരു ആണവശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയത് എന്നോര്‍ക്കണം. ബോംബ് വെച്ചു എന്ന് ആരോപിക്കപ്പെടുന്ന ഹൊഷാന്‍ ഇറാനി എന്നയാള്‍ കാറില്‍ ബോംബ് ഒട്ടിച്ച് വെച്ചു എന്നതിന് യാതൊരു തെളിവും ഉണ്ടായിരുന്നില്ല. ദൃക്‌സാക്ഷികളെല്ലാം ബോംബ് വെച്ചയാള്‍ സഞ്ചരിച്ചിരുന്നത് ചുവന്ന ബൈക്കിലാണെന്ന് പറയുമ്പോള്‍, കേസ് ഷീറ്റിലുടനീളം കറുത്ത ബൈക്ക് എന്നാണുള്ളത്!

ഈ ആക്രമണം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇസ്രയേല്‍, ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അത്യധ്വാനം ചെയ്ത് വരികയായിരുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആഗോള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. പക്ഷേ, ആ സമയത്ത് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യ വലിയൊരു വ്യാപാര പ്രതിനിധി സംഘത്തെ ഇറാനിലേക്കയക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എണ്ണ ആവശ്യത്തിന്റെ 12-15 ശതമാനം വരെ ഇന്ത്യ ഇറാനെയാണ് ആശ്രയിച്ചിരുന്നത്. ആക്രമണം നടക്കുന്നതിന് ഒരു മാസം മുമ്പ് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 37 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

വളരെ നിസ്സാരമായ ഒരു സ്‌ഫോടനം ഇതെല്ലാം മാറ്റിമറിച്ചുകളഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇസ്രയേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. ഇറാനുമായുള്ള സകല വ്യാപാര ചര്‍ച്ചകളും നിശ്ചലമായി. ഇറാനില്‍ നിന്നുള്ള ഏറ്റവും മികച്ചതും എന്നാല്‍ വില കുറഞ്ഞതുമായ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചത് കാരണം ഇന്ത്യക്കുണ്ടായ നഷ്ടം 8.5 ബില്യന്‍ ഡോളര്‍ (75000 കോടി രൂപ) ആണെന്ന് അന്നത്തെ പെട്രോളിയം കാര്യമന്ത്രി വീരപ്പമൊയ്‌ലി പാര്‍ലമെന്റില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇറാനില്‍ നിന്ന് വാങ്ങിക്കൊണ്ടിരുന്ന ഈ അസംസ്‌കൃത എണ്ണ അമേരിക്കന്‍ കമ്പനികളിലേക്ക് വഴിതിരിച്ചുവിട്ടത് കാരണം ആ കമ്പനികള്‍ ഭീമമായ ലാഭം കൊയ്യുകയും ചെയ്തു. എല്ലാം, എന്തെന്നോ ഏതെന്നോ മനസ്സിലായിട്ടില്ലാത്ത ഒരു 'ഭീകരാക്രമണ'ത്തിന്റെ പേരില്‍. ഇങ്ങനെയൊരു ആക്രമണത്തിന് ഏതാനും ആയിരങ്ങളേ ചെലവാക്കിയിട്ടുണ്ടാവുകയുള്ളൂ. പക്ഷേ, ചില കമ്പനികള്‍ക്ക് അതുകൊണ്ടുണ്ടായ ലാഭം ബില്യന്‍ കണക്കിന് ഡോളറുകളാണ്. നമ്മുടെ കാലത്തെ 'രാഷ്ട്രീയ സമ്പദ്ഘടന' എന്നൊക്കെ പറയുന്നത് ഇതാണ്. അമേരിക്കയും ഇസ്രയേലുമാണ് ഇന്ത്യക്ക് പ്രതിരോധാവശ്യത്തിന് ഏറ്റവുമധികം ഉപകരണങ്ങള്‍ നല്‍കുന്നത് എന്നും ചേര്‍ത്തുവായിക്കുക.

കരിനിയമങ്ങളും ഭീകരാക്രമണങ്ങളും

കരിനിയമങ്ങളെല്ലാം ഏതെങ്കിലും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാസാക്കിയെടുത്തിട്ടുള്ളതാണ് എന്ന് കാണാന്‍ കഴിയും. 2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന് തൊട്ടുടനെയാണ് 'പോട്ട' നിയമമാക്കിയത്. 2002-ല്‍ കൊല്‍ക്കത്ത അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റര്‍ ആക്രമിക്കപ്പെട്ടതിന് തൊട്ടുടനെയാണ് ഇലക്‌ട്രോണിക് വിനിമയങ്ങളില്‍ ഇടപെടാന്‍ അനുവാദം നല്‍കുന്ന ടെലിഗ്രാഫ് ആക്ട് വരുന്നത്. കരിനിയമങ്ങളില്‍ ഏറ്റവും അപകടകരമായ 'യു.എ.പി.എ' 26/11-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉല്‍പന്നമാണ്. ടാഡയും പോട്ടയും പിന്‍വലിച്ചിട്ടുണ്ടെങ്കിലും AFSPH, MCOCA, KCOCA, GUJCOCA തുടങ്ങിയ കരിനിയമങ്ങള്‍ ഇപ്പോഴും പ്രയോഗത്തിലുണ്ട്.

കരിനിയമങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയല്‍ ആധിപത്യം നിലനിര്‍ത്താനുള്ള ആയുധങ്ങളായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങളാണ് യു.എ.പി.എ ഭേദഗതി നിയമം കൊണ്ടുവരാനുള്ള പ്രേരണയെന്ന് അതിന്റെ ആമുഖത്തില്‍ സൂചനയുണ്ട്.

ചുരുക്കത്തില്‍ ആഗോള ഭീകരവിരുദ്ധ യുദ്ധം എന്ന് പേരിട്ട് വിളിക്കുന്ന പ്രതിഭാസം, കോര്‍പറേറ്റ് വരേണ്യ വിഭാഗം ആസൂത്രണം ചെയ്യുന്നതാണ്. പരമാവധി ലാഭം കൊയ്യുക, രാഷ്ട്രീയത്തിലെ എതിര്‍ സ്വരങ്ങളെ നിശ്ശബ്ദമാക്കുക എന്നീ രണ്ട് ഘടകങ്ങളാണ് അതിനുള്ളത്. അതായത് എതിരാളികളില്ലാത്ത ഏകധ്രുവ ലോകം. ''ലോകത്തെ എല്ലാ ഭാഗത്തുമുള്ള എല്ലാ രാജ്യങ്ങളും ഇനി ഒരു തീരുമാനമെടുത്തേ പറ്റൂ. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കില്‍ ഭീകരന്മാരോടൊപ്പം.'' ബുഷിന്റെ 9/11 പ്രസംഗത്തില്‍ നിന്നുള്ളതാണ് ഈ വരികള്‍. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നതിന്റെ ഒന്നാമത്തെ ഘട്ടമാണ് കരിനിയമങ്ങള്‍. രണ്ടാമത്തെ ഘട്ടമാണ് നിയമപരിധികള്‍ക്കപ്പുറത്തുള്ള കൊലപാതകങ്ങള്‍- ഏറ്റുമുട്ടലുകളിലൂടെയും ഡ്രോണ്‍ ആക്രമണങ്ങളിലൂടെയുമുള്ള കൊലകള്‍. ഇതിന്റെ ലക്ഷ്യം വ്യക്തമാണ്-രാഷ്ട്രീയമായി എതിരഭിപ്രായമുള്ള വ്യക്തികളോ ഗ്രൂപ്പുകളോ സംഘടനകളോ രാഷ്ട്രങ്ങളോ ഇല്ലാത്ത രാഷ്ട്രീയ മേലാളന്മാരുടെ ഒരു ലോകം. ഇവരുടെ കാല്‍ക്കീഴിലായിരിക്കും സര്‍വ ജനങ്ങളും സര്‍വ വിഭവങ്ങളും.

വെറുതെ പ്രതിഷേധിച്ചതുകൊണ്ട് മാത്രം ഫലമുണ്ടാവില്ല. ജനങ്ങളെയൊന്നാകെ അടിമകളാക്കാനുള്ള ഈ നീക്കത്തിനെതിരെ തന്ത്രപരമായ പ്രതികരണങ്ങള്‍ ഉണ്ടാവണം. ഗവേഷണവും വിദഗ്‌ധോപദേശവുമാണ് ഇതിന്റെ ആദ്യപടി. ഭീകരതയെക്കുറിച്ച് ഗവേഷണ പഠനങ്ങള്‍ നടത്തുന്ന ഒരു 'തിങ്ക് ടാങ്ക്' ഉണ്ടാവുമെങ്കില്‍ പ്രതിചേര്‍ക്കപ്പെടുന്ന നിരപരാധികള്‍ക്ക് പ്രതിരോധമൊരുക്കാന്‍ അത് വലിയൊരു താങ്ങാവും. ഇന്റലിജന്‍സ് ഏജന്‍സികള്‍ പടച്ചുവിടുന്ന കള്ളക്കഥകള്‍ പൊളിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് യഥാര്‍ഥ വിവരങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ അതുവഴി സാധ്യമാകും.

റഫറന്‍സ്

1. FBI Law Enforcement Bulletin, 2007 December

2. 'Illuision of Justice: Human Rights Abuses in US Terrorism Prosecutions'- by Human Rights Watch & Colombian Law School. P2

3. Terror Factory: FBI's Manufactured War on Terror by Trevor Aaronson. P 27.

4. Framed, Damned, Acquitted: The dossiers of a very special cell-JTSA Report. p 179

5. December 13, Terror over Democracy by Nirmalangshu Mukherji

6. God's Children by Subash Gatade, Appendixx-Confessions of Saffron Terrorists. p 377

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍