Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 13

ബുദ്ധമതം ഇസ്‌ലാം കമ്യൂണിസം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-3

         വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ചാല്‍ ബുദ്ധമതം, ഇസ്‌ലാം, കമ്യൂണിസം എന്നിവയിലൂടെ മാത്രമാണ് മാനവികത ആദര്‍ശപരമായൊരൈക്യത്തിനു  ആഗോള വ്യാപകമായി തന്നെ ചരിത്രത്തില്‍ വിധേയമായിട്ടുള്ളതെന്ന് പറയേണ്ടിവരും. ഈ മൂന്നില്‍ ഏതിന്റെയെങ്കിലും സ്വാധീനത്തില്‍ നിന്നു പാടെ കുതറിമാറിയ ഒരു മാനവ ചലനവും ആധ്യാത്മികത്തിലോ സാഹിത്യത്തിലോ സംസ്‌കാരത്തിലോ തത്ത്വചിന്തയിലോ രാഷ്ട്രീയത്തിലോ അവയുടെ ആവിര്‍ഭാവത്തിനുശേഷം പിന്നീടു ലോകത്തെവിടെയും ഉണ്ടായിട്ടില്ല. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ജനാധിപത്യം, മനുഷ്യാവകാശം, സാമൂഹികനീതി, പാരിസ്ഥിതികാവബോധം, അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരായ യുക്തിയുടെ പ്രതിരോധം, ധാര്‍മിക ഭരണം, ലോകസമാധാനം എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു ജനകീയ മുന്നേറ്റത്തിന്റെയും പിന്നിലും ഉള്ളിലും ബുദ്ധ-ഇസ്‌ലാമിക-കമ്യൂണിസ്റ്റ് ആദര്‍ശങ്ങളുടെ സുസംഘടിത വ്യവസ്ഥകള്‍ പ്രചോദനവും സാന്നിധ്യവും നല്‍കി വന്നിരുന്നതായി കാണാം. ഇപ്പോഴും നല്‍കിവരുന്നതായും കാണാം. ലോക വ്യവസ്ഥയെ മാറ്റങ്ങള്‍ക്കു അതിന്റെ യാഥാസ്ഥിതികതയില്‍ തന്നെ നിലനിര്‍ത്തുന്നതിനു സഹായകമായ വ്യാഖ്യാനങ്ങള്‍ ചമക്കുവാന്‍ നിരവധി കോണുകളില്‍നിന്നു ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍, ശ്രീശങ്കരനും, തോമസ് അക്വീനാസിനും, കാന്‍ടിനും, ഹെഗലിനും ദയാനന്ദസരസ്വതിക്കും ഗാന്ധിജിക്കും സമശീര്‍ഷരായ നിരവധി വ്യക്തിത്വങ്ങള്‍ പലതും ചെയ്തിട്ടുണ്ടാകാം; എന്നാല്‍ ഇത്തരക്കാര്‍ക്കൊന്നും കഴിയാത്തവിധം ലോകവ്യവസ്ഥയെ തന്നെ മാറ്റിമറിക്കുന്നതിനുള്ള ധാര്‍മികമായ മാര്‍ഗദര്‍ശനം മാനവികതക്കു പ്രാപ്തമാകുവാന്‍ ഇടയുണ്ടായത് ഭാരതത്തിന്റെ ബുദ്ധനിലൂടെയും അറേബ്യയിലെ മുഹമ്മദിലൂടെയും യൂറോപ്പിലെ മാര്‍ക്‌സിലൂടെയും മാത്രമായിരുന്നു എന്ന കാര്യം പ്രത്യേകം പ്രസ്താവ്യ യോഗ്യവും അനിഷേധ്യവുമായ ചരിത്രവസ്തുതയാണ്. മനഃസ്ഥിതിയെയും വ്യവസ്ഥിതിയെയും മാറ്റിമറിക്കുന്നതിനു മേല്‍പ്പറഞ്ഞ മൂന്നു സമുന്നത വ്യക്തികളില്‍നിന്നു ലഭിച്ചിടത്തോളം പ്രേരണയും പ്രചോദനവും ഭൂമിയില്‍ മറ്റാരില്‍ നിന്നും മാനവികതക്കു ലഭിച്ചിട്ടില്ല.

ഇതില്‍ ഏറ്റവും കൂടുതല്‍ ജനസ്വാധീനത നൂറ്റാണ്ടുകളോളമായി പറയത്തക്ക ഉടവോ തടവോ ചടവോ കൂടാതെ നിലനിര്‍ത്തുവാനായത് മുഹമ്മദ് നബിക്കും അദ്ദേഹം പ്രബോധനം ചെയ്ത ഇസ്‌ലാമിനുമാണെന്ന കാര്യം പറയുവാന്‍ മടിക്കുന്നത് വസ്തുതാപരമായ വഞ്ചനയായിരിക്കും. ഇക്കൂട്ടത്തില്‍ യേശുക്രിസ്തുവിനെ ഒഴിവാക്കിയത് ന്യായമോ എന്നു സന്ദേഹമുള്ളവരുണ്ടാകാം. എന്നാല്‍ ശ്രീബുദ്ധന്റെ 'ധര്‍മപദ' വായിച്ചിട്ട് യേശുക്രിസ്തുവിന്റെ 'പുതിയ സുവിശേഷം' വായിക്കുന്ന ഏതൊരാള്‍ക്കും നാം ഇപ്പോള്‍ അനുഭവിച്ചുവരുന്ന ക്രിസ്തു - ബുദ്ധന്റെ ഒരു പടിഞ്ഞാറന്‍ പതിപ്പല്ലാതെ മറ്റെന്തെങ്കിലുമാണെന്നു ബോധ്യമാവുകയില്ല. 'എന്നെ കണ്ടവന്‍ എന്റെ പിതാവിനെ കണ്ടിരിക്കുന്നു' എന്നും, 'കാണുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണാനാകാത്ത ദൈവത്തെ സ്‌നേഹിക്കാനാവുകയില്ല' എന്നുമൊക്കെയുള്ള ക്രിസ്തു വചനങ്ങള്‍ വിശകലനവിധേയമാക്കിയാല്‍ അതിലൊന്നും ബൗദ്ധേതരമായൊന്നും കണ്ടെത്താനാവില്ല. ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മേല്‍പ്പറഞ്ഞ വാക്യങ്ങള്‍ ക്രിസ്തു പറയുന്നത്. ആ വാക്യങ്ങളുടെ സാരം നിങ്ങള്‍ ദൈവത്തെ വെറുതെ വിടുക, മനുഷ്യനിലേക്ക് ശ്രദ്ധയൂന്നുക എന്നതാണ്. ബുദ്ധന്റെയും നിലപാട് ഇതു തന്നെയായിരുന്നു. ബുദ്ധന്‍ ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു നേരെയെല്ലാം എല്ലായ്‌പ്പോഴും അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിച്ചു. ദൈവം സൗമ്യനാണെന്നോ രൗദ്രനാണെന്നോ ഒന്നും ബുദ്ധന്‍ പറഞ്ഞില്ല. ദൈവത്തിന്റെ സ്വഭാവം നിരൂപണം നടത്തുവാന്‍ മനുഷ്യന്‍ എത്ര വളര്‍ന്നാലും അപ്രാപ്തന്‍ തന്നെയാണെന്നതായിരുന്നോ ബുദ്ധന്റെ സന്ദേശം എന്നുപോലും തോന്നിപ്പോകും. ബുദ്ധന്‍ ദൈവത്തെപ്പറ്റി യാതൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹം എല്ലായ്‌പ്പോഴും ധ്യാനനിരതനാവുക പതിവായിരുന്നു. എന്തിനെയാണ് ബുദ്ധന്‍ ധ്യാനിച്ചിരുന്നത്? ഇതിനു വ്യക്തമായ വിശദീകരണങ്ങളൊന്നും ഇന്നോളം ലഭ്യമായിട്ടില്ല. ഇതൊക്കെ വെച്ചു ചിന്തിക്കുമ്പോള്‍ ബുദ്ധനും ക്രിസ്തുവും സൂര്യനും ചന്ദ്രനും തമ്മിലുള്ള ബന്ധമാണുള്ളതെന്ന നിഗമനത്തിലേ എത്തിച്ചേരാനാകൂ. അതിനാല്‍ ബുദ്ധനും ആഗോള മാനവ ചരിത്രത്തില്‍ ഇവിടെ നല്‍കിയിരിക്കുന്ന സ്ഥാനം തീര്‍ച്ചയായും യേശുക്രിസ്തുവിനും കൂടി അവകാശപ്പെട്ടതാണെന്നു മാത്രം സൂചിപ്പിച്ചു നിര്‍ത്തട്ടെ. സൂര്യപ്രഭാവത്തെപ്പറ്റി കൂടി പറയുക എന്നാല്‍ അര്‍ഥം ചന്ദ്രപ്രകാശത്തെപ്പറ്റി കൂടി പറയുക എന്നാണ്. കാരണം സൂര്യപ്രഭാവത്തിന്റെ പ്രതിഫലിത പ്രകടനം തന്നെയാണ് ചന്ദ്രപ്രകാശം. ബുദ്ധന്‍ പാശ്ചാത്യനാഗരികതയില്‍ തട്ടി പ്രതിഫലിച്ചതു തന്നെയാണ് യേശുക്രിസ്തു. അതിനാല്‍ ബുദ്ധന്റെ സ്വാധീനം ക്രിസ്തുവിന്റേതു കൂടിയാണ്. ബുദ്ധന്റെ സ്വാധീനം ഒരു മതസംഘടന എന്ന നിലയില്‍ താരതമ്യേന ചെറുതാണെങ്കിലും ബുദ്ധന്റെ ആശയപരമായ സ്വാധീനം സംഘടനാതീതമായി ആഗോളതലത്തില്‍ തന്നെ വളരെ വലുതാണ്. അംബേദ്കര്‍, ജിദ്ദുകൃഷ്ണമൂര്‍ത്തി, രജനീഷ് എന്നിവര്‍ക്കൊന്നും ബുദ്ധന്‍ പറഞ്ഞതിനപ്പുറമൊന്നും പറയാനില്ലെന്നു ബോധ്യപ്പെടുന്നവിധം ബുദ്ധന്‍ സമകാലീനമായിപ്പോലും ജനതതികളെ നാനാവിധത്തില്‍ സ്വാധീനിച്ചുവരുന്നുണ്ട്. ബുദ്ധനെന്നാല്‍ വെറും വിഗ്രഹമല്ല. മറിച്ച് മാനവ മനഃസ്ഥിതിയെ അത്യഗാധമായി സ്വാധീനിക്കാന്‍ കഴിഞ്ഞ ഒരു പ്രബോധകനായിരുന്നു എന്നതിനാലാണ് ബുദ്ധമതം ഇപ്പോഴും നിലക്കൊള്ളുന്നത്.

കാള്‍മാര്‍ക്‌സിന്റെ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം ഉളവാക്കിയ സ്വാധീനങ്ങളും അനുരണനങ്ങളും പണിയെടുക്കുന്നവരുടെ ക്ഷേമത്തെ അവഗണിക്കാനാവാത്ത നില എവിടെയെവിടെ കാണുന്നുവോ അവിടെയെല്ലാം ഇപ്പോഴും അനുഭവവേദ്യമാണ്. വിമോചന ദൈവശാസ്ത്രം എന്ന സവിശേഷമായൊരു ദൈവശാസ്ത്ര ശാഖ പോലും ലോകത്ത് അവഗണിക്കാനാവാത്തവിധം ഉരുവം കൊണ്ടതില്‍ കമ്യൂണിസ്റ്റ് വീക്ഷണഗതികളുടെ പങ്ക് നിഷേധിക്കാനാവുകയും ഇല്ല. എന്തിനേറെ പറയുന്നു, യൂറോപ്യന്‍ മുതലാളിത്തം പോലും അതിന്റെ പ്രതിസന്ധികളുടെ കാരണം കണ്ടെത്താന്‍ ഇപ്പോഴും ചികഞ്ഞു നോക്കുന്നത് കാള്‍മാര്‍ക്‌സിന്റെ രചനകള്‍ തന്നെയാണ്. കാള്‍മാര്‍ക്‌സ് മറ്റെന്തായാലും ദൈവത്തെക്കുറിച്ച് സനല്‍ ഇടമറുകിന്റെയോ യു. കലാനാഥന്റെയോ ധൈഷണിക നിലവാരത്തിലോ ഭാഷാ ശൈലിയിലോ എഴുതിയിട്ടുള്ള ഒരാളല്ല. മാര്‍ക്‌സ് കേന്ദ്രീകരിച്ചത് മനുഷ്യനിലും മനുഷ്യരില്‍ ബഹുഭൂരിപക്ഷമായ മര്‍ദിതരുടെ വിമോചനത്തിലുമായിരുന്നു. അതിനനുസൃതമായ ഒരു ഭരണകൂട മാറ്റത്തിനുള്ള ചരിത്രപരവും സാമ്പത്തികവുമായ കാരണങ്ങളെയാണ് അക്കാലത്ത് സാധ്യമാകാവുന്ന വസ്തുതകളത്രയും ശേഖരിച്ച് മാര്‍ക്‌സ് രേഖപ്പെടുത്തിയത്. ഒരു സാമൂഹിക സ്ഥാപനം എന്ന നിലയില്‍ മതത്തെപ്പറ്റി മാര്‍ക്‌സ് വിമര്‍ശനാത്മകമായി ധാരാളം എഴുതിയിട്ടുണ്ട്; പക്ഷേ, അദ്ദേഹം നേരിട്ട് ദൈവത്തെപ്പറ്റി അനുകൂലിച്ചോ പ്രതികൂലിച്ചോ എഴുതാന്‍ ഏറെയൊന്നും താല്‍പര്യം കാണിച്ചിട്ടില്ല. വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്റെ ആദ്യത്തെ ഭരണഘടന തയാറാക്കിയപ്പോള്‍ പോലും അതിലെ അംഗത്വത്തിന് ദൈവവിശ്വാസം ഒരു അയോഗ്യതയാണെന്ന് മാര്‍ക്‌സ് എഴുതിയിട്ടുമില്ല. മതത്തെപ്പറ്റിയുള്ള മാര്‍ക്‌സിന്റെ നിരീക്ഷണങ്ങളില്‍ പോലും ഒരു സാമൂഹികശക്തി എന്ന നിലയില്‍ മതങ്ങള്‍ക്കുള്ള ചരിത്രപരമായ പ്രാധാന്യത്തെ അദ്ദേഹം ഒരിടത്തും തീരെ ചെറുതായി കാണുന്നുമില്ല. 'ഏതൊരു ആശയവും മനുഷ്യ മനസ്സ് ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ അതൊരു ഭൗതിക ശക്തി തന്നെയാണ്' എന്നൊരു നിരീക്ഷണം കാള്‍മാര്‍ക്‌സില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഇതുപ്രകാരം ദൈവം എന്നത് ഒരു ആശയമാണെന്ന് വാദത്തിനു സമ്മതിച്ചുകൊണ്ട് ചിന്തിക്കുന്ന പക്ഷം എത്തിച്ചേരാവുന്ന നിഗമനം ഇതായിരിക്കും-ദൈവത്തിനു മനുഷ്യമനസ്സില്‍ അനിഷേധ്യമായ ഇടമുണ്ടെന്നതിനാല്‍ മനുഷ്യനോളം തന്നെ യാഥാര്‍ഥ്യമാണ് ദൈവവും. ദൈവം എന്നാല്‍ മനുഷ്യനിലൂടെ യാഥാര്‍ഥ്യമായിത്തീരുന്ന ആശയമാണെന്നു ചുരുക്കം. ചക്രവര്‍ത്തിമാരും പ്രഭുക്കന്മാരും ജന്മികളും മുതലാളിമാരും ഉള്‍പ്പെടുന്ന ചൂഷകവൃന്ദത്തിനു കുടപിടിച്ചുകൊടുക്കുന്ന സ്ഥാപനവത്കൃത മതപൗരോഹിത്യത്തിനു നേരെ മാര്‍ക്‌സ് ലോകത്തെ മുഴുവന്‍ മര്‍ദിതര്‍ക്കും വേണ്ടി ഉയര്‍ത്തിയ കഠിന വിമര്‍ശനങ്ങളെ ചൂണ്ടി മാര്‍ക്‌സ് സാധാരണക്കാരുടെ ദൈവവിശ്വാസത്തിനെതിരാണെന്നു പ്രചരിപ്പിച്ചു ലോകമാസകലം നടന്ന മുതലെടുപ്പുകള്‍ കാണാതെ പോകരുത്. സര്‍വശക്തനായ ദൈവത്തിനു ജനമനസ്സുകളിലുള്ള സ്ഥാനം അവിടത്തെ സൃഷ്ടികളിലൊരുവന്‍ മാത്രമായ കാള്‍മാര്‍ക്‌സ് നാലു പുസ്തകങ്ങള്‍ എഴുതി പ്രചരിപ്പിച്ചാല്‍ പോയ്‌പ്പോകുന്നതാണെന്ന് പറഞ്ഞ് കമ്യൂണിസത്തിനെതിരെ പോരിനിറങ്ങിയ പാതിരിപ്പട 'വിശ്വാസ'ത്തെ സംരക്ഷിക്കാനാണോ ചൂഷണ വ്യവസ്ഥിതിയെ സംരക്ഷിക്കാനാണോ പ്രസ്തുത കുരിശുയുദ്ധം നടത്തിയതെന്ന കാര്യം പരിശോധന അര്‍ഹിക്കുന്നുണ്ട്. എന്തായാലും മാര്‍ക്‌സ് ചൂഷണത്തിനും അതിന്റെ അകമ്പടി സേവകര്‍ക്കും എതിരായിരുന്നു എന്നതിനോളം മര്‍ദിത മാനവരുടെ ദൈവവിശ്വാസത്തിന് എതിരായിരുന്നു എന്നു തീര്‍ച്ച പറയാന്‍ എന്റെ മാര്‍ക്‌സിയന്‍ സാഹിത്യ പരിചയം എന്നെ അനുവദിക്കുന്നില്ല.

ഇവിടെ സൂചിപ്പിച്ചുവന്നതുപോലെ ചരിത്രഗതിയെ തന്നെ അനിഷേധ്യവും നിര്‍ണായകവുമായി മാറ്റിമറിക്കുന്ന തരത്തില്‍, ആഴത്തിലും പരപ്പിലും സ്വാധീനിച്ച മൂന്ന് ആദര്‍ശ പദ്ധതികളില്‍ ഏറ്റവും വലിയതും സുസംഘടിതവുമാണ് ഇസ്‌ലാം. അതിനാല്‍ ഇസ്‌ലാമിന്റെ മൂലപ്രമാണമായ വിശുദ്ധ ഖുര്‍ആന്റെ പഠനത്തില്‍നിന്ന് മാനവികതയെ മാനിക്കുന്ന ഒരാള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. വിശ്വമാനവികതയെ മാനിക്കുന്ന ഒരാള്‍ ബുദ്ധനെയോ കാള്‍മാര്‍ക്‌സിനെയോ വായിച്ചു മനസ്സിലാക്കാതെ പോകുന്നത് സാരമായ കുറവേ ആകൂ എങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനവിധേയമാക്കാതെ പോകുന്നത് വല്ലാത്ത ഒരു അപരാധം തന്നെയാകും. അത്രക്ക് ഗണനീയവും അനിര്‍വാണ്യവുമാണ് വിശ്വമാനവികതയുടെ ഗതിവിഗതികളില്‍ വിശുദ്ധ ഖുര്‍ആന്റെ പ്രാമാണ്യവും പ്രാധാന്യവും. അതിനാല്‍ 'സൂക്ഷ്മതയുള്ളവര്‍ക്ക് സമാധാനം' എന്ന വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനപാഠത്തെ കേന്ദ്രമാക്കി വിശുദ്ധ ഖുര്‍ആനെപ്പറ്റി എനിക്ക് മനസ്സിലാക്കാനായത് ഇനി വിശദമാക്കട്ടെ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /92-95
എ.വൈ.ആര്‍