വിഷമവൃത്തം
നളിനാക്ഷന്‍ ഇരട്ടപ്പുഴ
വിഷമവൃത്തം
ഇരയെ പിടിക്കാന്ചെറുമീനിനെ കൊളുത്തി
വാ പിളര്‍ന്ന
ഒരു ചൂണ്ടയുണ്ട് പിറകില്‍...
തെളിനീരില്‍ വിഷം ചേര്‍ത്ത്
കുടിനീരില്‍ മായം ചേര്‍ത്ത്
ഭീതിയുടെ കരിമ്പടം വിരിച്ചു
ഒരു വല വീശുകാരനുണ്ട്
പിറകില്‍...
യുവ മനസ്സില്‍ മോഹത്തിന്‍
മദഗന്ധ പൂക്കള്‍ വിരിയിച്ച്
അത്ഭുതം സൃഷ്ടിക്കും
മാജിക്കുകാരനുണ്ട് പിറകില്‍...
അരുതെന്ന് പറഞ്ഞും
അരുതായ്മ ചെയ്തും
ചെറുതായി പോവുന്ന
ലോകത്തിലാണ് നമ്മള്‍...
പറയുന്ന വാക്കിന്റെ
പതിര് തിരിയാതെ
നട്ടം തിരിയുന്ന
തലമുറയിലാണ് നമ്മള്‍...
മനസ്സാക്ഷിയില്ലാത്ത
ഹൃദയവും പേറി
നേരിനെ കാണാതെ
തിമിരവും ബാധിച്ച്
തപ്പി തടഞ്ഞ്....
നളിനാക്ഷന്‍ ഇരട്ടപ്പുഴ
രാത്രി
ഞങ്ങള്‍ വിശപ്പിന്റെകടലിനു നടുവില്‍
തളര്‍ന്ന് കിടക്കുന്നു.
ഉറക്കത്തിന്റെ പക്ഷി
ഞങ്ങളുടെ അകമരം
തേടി വരുന്നില്ല.
വിളറിയ ചന്ദ്രന്‍,
ഭിത്തി പൊട്ടിയ വീട്
ഉറങ്ങിയിട്ടേ ഇല്ല.
എന്തോ ഓര്‍ത്ത്
രാപക്ഷി വിലപിക്കെ
'മാനിഷാദ' ഓര്‍മ വരുന്നു.
ഇരുട്ട് പ്രാഞ്ചി
പ്രാഞ്ചി നടന്ന് കൈയിലുള്ള
കറുത്ത പുതപ്പ്
വഴിയിലും വയലിലും
നിവര്‍ത്തി ഇടുകയാണ്.
മരങ്ങള്‍ പേടിച്ച്
കണ്ണ് പൊത്തി
വായും ചെവിയും
പൊത്തി നില്‍ക്കുകയാണ്.
പുകയാത്ത അടുപ്പ്,
തേഞ്ഞ ചെരുപ്പ്,
മുനയൊടിഞ്ഞ വാക്ക്,
അഴുക്കു പിടിച്ച ഉടല്‍
എല്ലാം ഓര്‍മയുടെ
കളത്തില്‍ കിടപ്പുണ്ട്.
ദിലീപ്, വെളിനല്ലൂര്‍
യാഥാര്‍ഥ്യം
പണ്ടൊരിക്കല്‍,സുറുമിയുടെ മൈലാഞ്ചിക്കയ്യിലെ-
കുപ്പിവളകള്‍ക്കായ് വാശിപിടിച്ചപ്പോള്‍,
അമ്മ പറഞ്ഞതോര്‍മയുണ്ട്
'നെനക്ക് അപ്പനില്ലെന്ന്,
നീ അനാഥയാണെന്ന്'
പിന്നീടൊരിക്കല്‍,
അമ്മുവിന്റെ തത്തമ്മച്ചുണ്ടിലെ-
കളര്‍മിഠായി കണ്ട് കൊതി പറഞ്ഞപ്പോള്‍,
അമ്മ പറഞ്ഞതിങ്ങനെയാണ്:
'അവള്‍ ഒള്ളേടത്തെയാ...'
അങ്ങനെയെങ്കില്‍ ഞാനോ?
വീണ്ടുമൊരിക്കല്‍,
കുപ്പിവളക്കിലുക്കത്തിനും മിഠായിക്കൊതിക്കുമായി
രാത്രിക്കഞ്ഞി തട്ടിത്തെറിപ്പിച്ചപ്പോള്‍,
അമ്മ പറഞ്ഞില്ല-
ഒന്നും
പകരം കണ്ണീരൊളിപ്പിച്ചുകൊണ്ട്
തട്ടിച്ചിതറിയ രാത്രിക്കഞ്ഞിയെ ഒപ്പിയെടുത്തു.
ഇന്ന്,
യാഥാര്‍ഥ്യത്തിലിരുന്നു ഞാനറിയുന്നു
നാട്യത്തോടെയുള്ള വളകിലുക്കത്തിനും
നൊട്ടിനുണഞ്ഞ മധുരമിഠായിക്കും
ഒരുപാടു നാളത്തെ വിയര്‍പ്പിന്റെ ചവര്‍പ്പുണ്ടായിരുന്നെന്ന്.
ഫിദ റെന്‍സി. കെ
ക്ലാസ്-9, അല്‍ ഫുര്‍ഖാന്‍ ഇംഗ്ലീഷ് സ്‌കൂള്‍, ശാന്തിവയല്‍
ഇന്റര്‍നെറ്റ്
എല്‍സയുടെ ബര്‍ത്ത്‌ഡേ ആണത്രെ. സൈറ്റ് തുറന്ന് Happy birthday എന്നയച്ചു. രമയുടെ അച്ഛന്‍ മരിച്ചത്രെ. Don't be sad എന്നയച്ച് ദുഃഖം പ്രകടിപ്പിച്ചു. റിമയുടെ Divorce ആണത്രെ.
'വിചാരിച്ചതു പോലെ നടന്നല്ലോ' എന്ന് തമാശിച്ചു. അടുത്ത E-mail യില്‍ കണ്ടു. അമ്മ മരിച്ചു. ഗ്ലിസറിന്‍ Bottle തുറന്ന് രണ്ട് തുള്ളി കണ്ണീര്‍ പൊഴിച്ചു. സൈറ്റ് തുറന്ന് ഏട്ടനുവേണ്ടി ഒരു 'മഹാഭാരതം' തന്നെ ടൈപ്പ് ചെയ്തു. സംസ്‌കാരത്തിനും മറ്റിനുമായി അഞ്ഞൂറ് ഡോളേര്‍സ് അയച്ചു. കടമകളെല്ലാം തീര്‍ന്നു. ഇനി പെട്ടെന്നു റെഡിയാകണം. രാത്രി Club ല്‍ പോവാനുള്ളതാ.
ജസ്‌ന ടി.വി
ക്ലാസ്-9 കടമ്പൂര്‍ ഇ.എം.സ്‌കൂള്‍, താഴെ ചൊവ്വ കണ്ണൂര്‍
Comments