സാമൂഹിക ജീവിതത്തെ നിര്‍ണയിക്കുന്ന തത്ത്വങ്ങള്‍
ലോകത്തെ മനുഷ്യരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെന്ന നിലക്ക് തുല്യപരിഗണനക്കും ആദരവിനും അര്‍ഹരാണ്. മൗലികാവകാശങ്ങള്‍, ഓരോ വ്യക്തിയുടെയും ആത്മാഭിമാനത്തിന്റെയും സ്വത്തിന്റെയും സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ എല്ലാവര്‍ക്കും ലഭ്യമാവണം. ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നത് ഖുര്‍ആനോ നബിചര്യയോ അംഗീകരിക്കുന്നില്ല. താന്‍ സ്വമേധയാ തെരഞ്ഞെടുക്കുന്ന മതം പിന്തുടരാനുള്ള സ്വാതന്ത്ര്യം ഇതില്‍ പരമപ്രധാനമാണ്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന നീതി സങ്കല്‍പത്തിന്റെ തേട്ടമാണിത്. സഹജീവികളുമായുള്ള മുസ്‌ലിം സമൂഹത്തിന്റെ ഇടപഴക്കങ്ങളിലെല്ലാം മനുഷ്യകുലത്തെക്കുറിച്ച ഇസ്‌ലാമിന്റെ ഈ ഉദാത്ത കാഴ്ചപ്പാട് എങ്ങനെയെല്ലാമാണ് പ്രതിഫലിക്കുന്നത്? അയല്‍ക്കാരോടും മൊത്തം രാജ്യവാസികളോടുമുള്ള നിലപാട് എങ്ങനെയായിരിക്കണം? ആദരവ്, പരിഗണന, ഹൃദയാലുത്വം, ഔദാര്യ മനസ്‌കത, സത്യസന്ധത, സുതാര്യത, പാവങ്ങളെയും അധഃസ്ഥിതരെയും സഹായിക്കാനുള്ള സന്മനസ്സ് ഇത്തരം സദ്ഗുണങ്ങളായിരിക്കണം മുസ്‌ലിം സ്വഭാവത്തെ നിര്‍ണയിക്കേണ്ടത്. ഈ മൂല്യങ്ങളെ പ്രയോഗവത്കരിക്കുന്നതില്‍ യാതൊരു തരത്തിലുള്ള മുസ്‌ലിം-അമുസ്‌ലിം ഭേദവും ഉണ്ടാവരുതെന്നും ഖുര്‍ആനും സുന്നത്തും നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ജീവന്റെ പരിപാവനത്വം
ഓരോ മനുഷ്യന്റെയും ജീവന്‍ പവിത്രവും പരിപാവനുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. കാരണമത് ദൈവത്തില്‍ നിന്നുള്ള ഏറ്റവും വിലപിടിച്ച വരദാനമാണ്. ഖുര്‍ആന്‍ അക്കാര്യം അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു മനുഷ്യനെതിരെയും എന്തെങ്കിലും നടപടി എടുക്കേണ്ടിവരുന്നത് സത്യത്തിന്റെയും നീതിയുടെയും താല്‍പര്യമനുസരിച്ച് മാത്രമാവണം; കഴിയുന്നത്ര അത്തരം നടപടികളുടെ രൂക്ഷത കുറക്കുകയും വേണം.
''കാരുണ്യവാനായ നാഥന്റെ യഥാര്‍ഥ ദാസന്മാര്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു സംരക്ഷണമേര്‍പ്പെടുത്തിയ മനുഷ്യ ജീവനെ അന്യായമായി ഹനിക്കാത്തവരുമാണ്'' (25:68).
എല്ലാവരുമായും നല്ല ബന്ധം
നിങ്ങളുമായി യുദ്ധത്തിന് വരാത്ത ആരുമായും സൗഹൃദവും സഹകരണവും വേണമെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. കാരണമത് ഇസ്‌ലാമിക മൂല്യസങ്കല്‍പത്തിന്റെ അടിത്തറയാണ്. ഇനി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സന്ദര്‍ഭത്തിലാണെങ്കിലും ഈ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കര്‍ശന വ്യവസ്ഥകളാണ് ഇസ്‌ലാം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
''മതത്തിന്റെ കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാത്ത, നിങ്ങളെ ജന്മനാട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കാത്ത ആരുമായും ഹൃദയാലുത്വത്തോടെയും
നീതിപൂര്‍വകമായും ഇടപഴകുന്നതില്‍ നിന്ന് അല്ലാഹു ഒരിക്കലും നിങ്ങളെ തടയുന്നില്ല. നീതി പുലര്‍ത്തുന്നവരെയാണ് അല്ലാഹുവിന് ഇഷ്ടം'' (60:8).
ഈ വിശ്വ സാഹോദര്യ സങ്കല്‍പം ഊന്നിപ്പറയുന്ന ഒരു പ്രവാചക വചനം കാണുക:
''മനുഷ്യര്‍ അല്ലാഹുവിന്റെ കുടുംബമാണ്. തന്റെ കുടുംബക്കാര്‍ക്ക് നന്മ ചെയ്യുന്നവരാണ് അല്ലാഹുവിന്റെ അടുക്കല്‍ പ്രിയപ്പെട്ടവര്‍'' (മിശ്കാത്ത്).
ദൈവത്തിനുള്ള വഴിപ്പെടല്‍ മുസ്‌ലിം വിശ്വാസത്തിന്റെ ആണിക്കല്ലായി വിവരിക്കുന്നേടത്ത്, അയല്‍പക്ക ബന്ധമടക്കമുള്ള മുഴുവന്‍ മനുഷ്യബന്ധങ്ങളെയും ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്:
''മാതാപിതാക്കള്‍ക്ക്, അടുത്ത ബന്ധുക്കള്‍ക്ക്, അനാഥകള്‍ക്ക്, ആവശ്യക്കാര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുക. നിന്റെ ബന്ധുവോ അപരിചിതനോ ആയ അയല്‍വാസിക്കും നിന്നോടടുപ്പമുള്ള സുഹൃത്തിനും വഴിയാത്രക്കാരനും നന്മ ചെയ്യുക'' (4:36).
നല്ല അയല്‍പക്ക ബന്ധത്തിന് ആഹ്വാനം ചെയ്യുന്ന പ്രവാചക വചനങ്ങള്‍ എത്രയെങ്കിലുമുണ്ട്. ചിലത് മാത്രം:
''എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവനാണ് സത്യം. തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ അയല്‍വാസിക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളുടെയും വിശ്വാസം ശരിയാവുകയില്ല'' (മുസ്‌ലിം).
''ഒരു മുസ്‌ലിമിന്റെ ഉപദ്രവങ്ങളില്‍ നിന്ന് അയല്‍വാസികള്‍ക്ക് രക്ഷയില്ലെങ്കില്‍, അയാള്‍ സ്വര്‍ഗത്തില്‍ കടക്കുക അസാധ്യമത്രെ'' (മുസ്‌ലിം).
''അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ല'' (മിശ്കാത്ത്).
ഇതുപോലെ സകല ബന്ധങ്ങളിലും ഇടപാടുകളിലും സുതാര്യതയും സത്യസന്ധതയും മുസ്‌ലിമിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. വഞ്ചനയും സത്യസന്ധമല്ലാത്ത ഇടപാടുകളും ആരോട് നടത്തിയാലും അവയൊക്കെയും വന്‍ കുറ്റങ്ങളാണ്. വഞ്ചിക്കപ്പെടുന്നവന്‍ ഏതു മതക്കാരനാണെന്ന നോട്ടമേ ഇവിടെയില്ല. ഇടപാടുകള്‍ നടത്തുമ്പോള്‍ സാമ്പത്തികമായും സാമൂഹികമായും അധഃസ്ഥിതിയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതും വന്‍ പാപമായിട്ടാണ് ഖുര്‍ആന്‍ എണ്ണുന്നത്.
''നിങ്ങളുടെ ധനം നിങ്ങളന്യോന്യം അന്യായമായി ഭുജിക്കാതിരിക്കുക (കൈവശപ്പെടുത്താതിരിക്കുക). തെറ്റായ മാര്‍ഗത്തിലൂടെ മനഃപൂര്‍വം അന്യരുടെ ധനത്തില്‍ നിന്നൊരു ഭാഗം അനുഭവിക്കുന്നതിന് വേണ്ടി നിങ്ങളക്കാര്യവുമായി ഭരണാധികാരികളെ സമീപിക്കുകയുമരുത്''(2:188).
ചില നബിവചനങ്ങള്‍ കാണുക: ''നിങ്ങളെ വിശ്വസിച്ചേല്‍പിച്ച സ്വത്ത് തിരികെ നല്‍കുക. നിങ്ങളെ ചതിച്ചവരാണെങ്കിലും അവരെ തിരിച്ചു ചതിക്കരുത്'' (തിര്‍മിദി).
''സത്യസന്ധനായ കച്ചവടക്കാരന്‍ പ്രവാചകന്മാരുടെയും രക്തസാക്ഷികളുടെയും ദൃഢവിശ്വാസികളുടെയും കൂടെയായിരിക്കും'' (തിര്‍മിദി). ''വാങ്ങുമ്പോഴോ വില്‍ക്കുമ്പോഴോ കടം തിരികെ ചോദിക്കുമ്പോഴോ സൗമ്യത പുലര്‍ത്തുന്ന കച്ചവടക്കാരന് അല്ലാഹുവിന്റെ കാരുണ്യവര്‍ഷമുണ്ടാകും'' (ബുഖാരി).
സമൂഹത്തിലെ ദുര്‍ബലര്‍ക്കും അധഃസ്ഥിതര്‍ക്കും അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടവര്‍ക്കും ആശ്വാസമെത്തിക്കുക എന്നത് മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ മര്‍മപ്രധാനമായ കടമകളിലൊന്നാണ്. പാവങ്ങളെ ഊട്ടുന്നതിന്റെയും അവരെ ഉടുപ്പണിയിക്കുന്നതിന്റെയും പ്രാധാന്യം ആലങ്കാരികമായി വിവരിക്കുന്ന ഒരു നബിവചനം ഇങ്ങനെയാണ്: ''പാവങ്ങളും ദുര്‍ബലരും ഉണ്ട് എന്നതിനാല്‍ ഒരു സമൂഹത്തിന് അല്ലാഹുവിന്റെ അനുഗ്രഹവര്‍ഷമുണ്ടാകും''. പാവങ്ങളെ സഹായിക്കുന്ന ഒരു സമൂഹത്തെ അല്ലാഹു സംരക്ഷിക്കും എന്നര്‍ഥം. ദുര്‍ബലരെ ശാക്തീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നബിവചനങ്ങള്‍ ധാരാളമുണ്ട്.
''വിധവകള്‍ക്കും പാപ്പരായവര്‍ക്കും വേണ്ടി അധ്വാനിക്കുന്നവന്‍ ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയോ രാത്രി മുഴുവന്‍ പ്രാര്‍ഥനകളില്‍ മുഴുകുന്നവനെപ്പോലെയോ തുടര്‍ച്ചയായി നോമ്പെടുക്കുന്നവനെപ്പോലെയോ ആണ്'' (ബുഖാരി).
''(അല്ലാഹു പറയുന്നു): എന്നെ നീ പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കുമിടയില്‍ തെരയുക. കാരണം ഈ വിഭാഗങ്ങള്‍ ഉള്ളതുകൊണ്ടാണ് നിനക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭിക്കുന്നത്'' (തിര്‍മിദി).
(തുടരും)
Comments