Prabodhanm Weekly

Pages

Search

2015 ജനുവരി 30

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-1 <br> സന്യാസ പാരമ്പര്യവും ഇടതുപക്ഷ ഹിന്ദുത്വവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /കവര്‍‌സ്റ്റോറി

         'രു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു' എന്ന ഈ ലേഖന പരമ്പരക്ക് രണ്ടു ഭാഗങ്ങളുണ്ട്. അതിലൊന്നാമത്തെ ഭാഗത്ത് എന്റെ മാതാപിതാക്കള്‍, കുടുംബം, ഗുരുനാഥന്‍, സന്യാസ ദീക്ഷ, അതിന്റെ സാമ്പ്രദായകമായ സവിശേഷത എന്നീ കാര്യങ്ങള്‍ സൂചിപ്പിക്കുന്നതിനാണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ടാമത്തെ ഭാഗത്താണ് 'വിശുദ്ധ ഖുര്‍ആന്‍' വായിച്ചപ്പോള്‍ അനുഭൂതമായ ആശയങ്ങള്‍ പ്രകാശിപ്പിച്ചിട്ടുള്ളത്. ഏതര്‍ഥത്തിലും ഇത് ഒട്ടൊന്ന് ആത്മകഥാപരമായ രചനയാണെന്നു വേണം പറയാന്‍. എഴുതുന്നവനെ ഒഴിവാക്കി എഴുത്ത് സാധ്യമല്ലാത്ത രചനാ വിശേഷങ്ങളെയാണ് 'ആത്മകഥാപരം' എന്നു വിവക്ഷിക്കുന്നത്. ഈ അര്‍ഥത്തിലാണ് എന്റെ ഖുര്‍ആന്‍ പാരായണാനുഭവ രചനയെ ആത്മകഥാപരം എന്നു പറയുന്നത്.

ഞാനൊരു ഹിന്ദു സന്യാസിയായാണ് അറിയപ്പെടുന്നത്. വിശ്വഭദ്രാനന്ദ ശക്തിബോധി എന്ന ദീക്ഷാ നാമത്തിനാലും കാവിഛവിയുള്ള വസ്ത്രധാരണത്താലും എന്നെ ഹിന്ദു സന്യാസിയായി പൊതുജനം കരുതിവരുന്നു. മാത്രമല്ല, ഒരു ഹിന്ദു സന്യാസിയായിരിക്കുന്നതില്‍ ഞാന്‍ അത്യന്തം അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. അത്തരമൊരു അഭിമാനത്തിനു കാരണം ഇതാണ്: ക്ഷേത്രത്തില്‍ പോകാനും പോകാതിരിക്കാനും, കുറി തൊടാനും തൊടാതിരിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതിരിക്കാനും സസ്യാഹാരിയോ മാംസാഹാരിയോ മിശ്രാഹാരിയോ ആയിരിക്കാനും, ഭഗവദ്ഗീത പഠിക്കാനും പഠിക്കാതിരിക്കാനും ഒക്കെ ഏതൊരു ഹിന്ദുവിനും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം സൂചിപ്പിക്കുന്നത് 'നിര്‍ബന്ധങ്ങള്‍ അങ്ങേയറ്റം കമ്മിയായ ഒരു മതമാണ്' ഹിന്ദു എന്നത്രേ! 'മതത്തില്‍ നിര്‍ബന്ധം പാടില്ല' എന്ന വിശുദ്ധ ഖുര്‍ആനിലെ അനുശാസനം അങ്ങേയറ്റം പ്രയോഗത്തില്‍ കൊണ്ടുവന്ന മതം ഒരുപക്ഷേ ഹിന്ദുസ്ഥാനിലേതാണെന്നു പറയാം. ഈ സ്വാതന്ത്ര്യമാണ് ഒരു ഹിന്ദു സന്യാസിയായിരിക്കുന്നതില്‍ എന്നെ അഭിമാനമുള്ളവനാക്കി നിലനിര്‍ത്തുന്നത്.

എന്നാല്‍, ജാതിവ്യവസ്ഥയാല്‍ കമ്പോടുകമ്പ് നിബന്ധിതമായ ഹൈന്ദവ സമുദായം മറ്റു മത സമുദായങ്ങളേക്കാള്‍ നിര്‍ബന്ധങ്ങള്‍ കുറവുള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഹിന്ദുവിനെ സംബന്ധിച്ച് മതവും സമുദായവും ഒന്നല്ല; ഏതു കാലത്തും അത് രണ്ടായിരുന്നു. ഹൈന്ദവ സമുദായ ഘടനയില്‍ വിശിഷ്ടരായ വിഭാഗം ഏതു കാലത്തും ജാതി ബ്രാഹ്മണരായിരുന്നിട്ടുണ്ട്. എന്നാല്‍ മതരംഗത്ത് അത്തരമൊരു വിശിഷ്ട പദവി മിക്കവാറും ബ്രാഹ്മണേതരര്‍ക്കായിരുന്നു. ശ്രീകൃഷ്‌ണോപദിഷ്ടമായ ഭഗവദ്ഗീതയാണ് ഭാരതീയ മതരംഗത്തെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഒന്ന്. ശ്രീകൃഷ്ണന്‍ അബ്രാഹ്മണനാണ്. വേദവ്യാസന്‍ പരാശര മഹര്‍ഷിക്ക് മുക്കുവത്തിയില്‍ പിറന്നവനാണ് എന്നതിനാല്‍ മിശ്ര ജാതിക്കാരനാണ്. വാല്‍മീകി വനവാസി ഗോത്രത്തില്‍ പിറന്നവനാണ്. സത്യകാമ ജാബാലന്‍ എന്ന, ഉപനിഷത്തിലെ ഋഷി ശൂദ്രനാരി പുത്രനാണ്. ഇവരൊക്കെയാണ് ഭാരതത്തിലെ മതാചാര്യന്മാര്‍. ഇപ്പറഞ്ഞതില്‍ നിന്നു തന്നെ ഭാരതത്തില്‍ മതവും സമുദായവും അതിപ്രാചീനകാലം മുതല്‍ തന്നെ രണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ശ്രീനാരായണഗുരുവും എസ്.എന്‍.ഡി.പിയും തമ്മിലുള്ള വ്യത്യാസം ഹിന്ദു മതവും ഹിന്ദു സമുദായവും തമ്മില്‍ എക്കാലത്തും ഉണ്ടായിരുന്നു. സാമുദായികമായി ഏതു ജാതിയില്‍ ജനിച്ചവനാണെങ്കിലും ഒരു ഹിന്ദു, സത്യജിജ്ഞാസുവായി മതാന്തര്‍രംഗത്തേക്ക് പ്രവേശിച്ചാല്‍ അയാള്‍ പിന്നെ സര്‍വതന്ത്ര സ്വതന്ത്രനാണ്. നാരായണഗുരു അത്തരം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. ഇത്തരം വ്യക്തിത്വങ്ങളെയാണ് മഹര്‍ഷിമാര്‍, ഋഷിമാര്‍, യോഗികള്‍, അവധൂതന്മാര്‍, പരമഹംസന്മാര്‍, സന്യാസിമാര്‍, യതികള്‍ എന്നൊക്കെ പറഞ്ഞുവരുന്നത്. ഇവ്വിധത്തില്‍ മതാന്തര രംഗത്തേക്ക് പ്രവേശിതമായ വ്യക്തികള്‍ക്ക് ഭാരതത്തില്‍ ലഭിച്ചുവന്നിരുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അറിവാണ് എന്നെയും ഒരു ഹിന്ദു സന്യാസിയായിരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവനാക്കിയത്. എവിടെ അഭിമാനമുണ്ടോ അവിടെ ആഹ്ലാദവും ഉണ്ടായിരിക്കും. എനിക്കും ഹിന്ദു സന്യാസിയായിരിക്കുന്നതില്‍ അഭിമാനത്തോടൊപ്പം ആഹ്ലാദവും ഉണ്ട്.

എന്നാല്‍, ഇപ്പറഞ്ഞ മതസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്. അത്തരം നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഹിന്ദു രാഷ്ട്രവാദികള്‍ പ്രചരിപ്പിക്കുന്നത് ബ്രാഹ്മണനായ ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തില്‍ ദീക്ഷിതരായവര്‍ മാത്രമേ ശരിയായ ഹിന്ദു സന്യാസിമാരാകൂ എന്നാണ്. 'തീര്‍ഥാശ്രമ വനാരണ്യ ഗിരി പര്‍വത സാഗര/പുരീ ഭാരതി സരസ്വതീ ദശൈതേ ദശനാമിന' എന്നാണ് ശങ്കരാചാര്യ സന്യാസ സമ്പ്രദായത്തെ വിവരിച്ചിട്ടുള്ളത്. ഇതുപ്രകാരം പേരിനു പിന്നില്‍ തീര്‍ഥ, ആശ്രമം, ഗിരി, പര്‍വതം, സാഗരം, പുരി, ഭാരതി, സരസ്വതി എന്നീ വിശേഷനാമങ്ങള്‍ ചേര്‍ക്കാത്ത സന്യാസിമാര്‍ അഹൈന്ദവരാകും എന്നാണ് വാദം. ഈ വാദഗതിയനുസരിച്ച് ഞാനൊരു ഹൈന്ദവ സന്യാസിയല്ല. കാരണം, എന്റെ ദീക്ഷാ സമ്പ്രദായം ശാങ്കരമായ ദശനാമിയല്ല, ശക്തിബോധി എന്നതാണ്. പക്ഷേ, ദശനാമികള്‍ അല്ലാത്തവര്‍ ശരിയായ ഹൈന്ദവ സന്യാസിമാരാകില്ല എന്നു പറഞ്ഞാല്‍ ഞാന്‍ മാത്രമല്ല, ചൈതന്യ മഹാ പ്രഭു സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, ബ്രഹ്മാനന്ദസ്വാമി ശിവയോഗി, വാഗ്ഭടാനന്ദ ഗുരു ദേവന്‍, ശുഭാനന്ദ ഗുരുദേവന്‍, രമണ മഹര്‍ഷി, ജിദ്ദു കൃഷ്ണമൂര്‍ത്തി, മഹര്‍ഷി അരബിന്ദോ തുടങ്ങിയ ആധ്യാത്മികാചാര്യന്മാരെല്ലാം അഹൈന്ദവരാകും. കാരണം ഇവരാരും ചെങ്കോട്ടുകോണം സത്യാനന്ദ സരസ്വതി സ്വാമികളെ പോലെയോ, കൊളത്തൂരിലെ ചിദാനന്ദ പുരി സ്വാമികളെ പോലെയോ ശ്രീശങ്കരന്റെ ദശനാമി സമ്പ്രദായത്തില്‍ ദീക്ഷിതരല്ല എന്നതുതന്നെ. ഇത്രയും പറഞ്ഞത് ശാങ്കര സമ്പ്രദായത്തില്‍ ദീക്ഷിതനാണോ അല്ലയോ എന്നതല്ല ഒരു സന്യാസി ഹൈന്ദവനോ അല്ലയോ എന്നു നിര്‍ണയിക്കാനുള്ള ഒരേയൊരു മാനദണ്ഡം എന്നു വ്യക്തമാക്കാനാണ്. നമ്മുടെ നവോത്ഥാനകാല ആധ്യാത്മികാചാര്യന്മാരില്‍ ഭൂരിഭാഗവും ശാങ്കര സമ്പ്രദായത്തില്‍ ദീക്ഷിതരായിരുന്നില്ല. അതിനാല്‍ നവോത്ഥാനകാലത്തെ സന്യാസ പരമ്പരയെ പിന്‍പറ്റുന്ന ഒരെളിയ സന്യാസി എന്ന നിലയില്‍ വ്യാസ വിശാല ഹൈന്ദവതയില്‍ ഈയുള്ളവനും ഇടമുണ്ടെന്നു മാത്രം സവിനയം സൂചിപ്പിക്കട്ടെ.

ഒരു മനുഷ്യനും അവനവന്‍ പണികഴിപ്പിച്ച വീട്ടില്‍ ജനിക്കുന്നില്ല. ഞാനും പിറന്നത് മറ്റാരോ പണികഴിപ്പിച്ച വീട്ടിലാണ്. അതൊരു ഇടത്തരം നായര്‍ കുടുംബമായിരുന്നു. നായന്മാര്‍ ഹിന്ദു സമുദായഘടനക്കുള്ളിലുള്ളവരായതിനാല്‍ നായര്‍ ഭവനത്തില്‍ ജനിച്ച ഞാനും സ്വയം ആഗ്രഹിക്കാതെ തന്നെ ഹിന്ദുവായി. ഞാന്‍ സത്യാന്വേഷണ വ്യഗ്രതയോടെ വളര്‍ന്ന് ഗുരുവിനാല്‍ ദീക്ഷിതനായപ്പോള്‍ സമ്പ്രദായം 'ശക്തിബോധി' എന്നായിരിക്കെ തന്നെ, ഞാനൊരു ഹിന്ദു സന്യാസിയുമായി. ഞാനിനി മാമ്മോദിസാ മുക്കി ക്രൈസ്തവനായി മാര്‍പ്പാപ്പാ പദവിയോളം ഉയര്‍ന്നാലും അതിനനുസരിച്ച് എനിക്കെന്റെ മാതാപിതാക്കളെയോ ഞാന്‍ പിറന്ന വീടിനെയോ മറ്റൊരു വിധത്തിലാക്കാനാവുകയില്ലല്ലോ. അതിനാല്‍ ഹിന്ദുത്വം എന്നത് എനിക്കെന്റെ ജന്മം പോലെ തന്നെ അനിഷേധ്യമായ അനൈഛിക യാഥാര്‍ഥ്യമാണ്.

'ചെറാട്ട്' എന്നറിയപ്പെട്ടുവരുന്ന ഞാന്‍ പിറന്ന ഹിന്ദു ഭവനത്തില്‍ പരമത വിദ്വേഷം ലവലേശം ഇല്ലായിരുന്നു. എന്റെ വീട്ടുകാര്‍ തലോര്‍ മഹാദേവ ക്ഷേത്രത്തിലേക്കും ചേന്ദംകുളങ്ങര ഭഗവതിക്കാവിലേക്കും പോകുന്ന ഭക്ത്യാദരവുകളോടെ തന്നെ ഒല്ലൂര്‍ മലാഖാ പള്ളി പെരുന്നാളിനും വേലുപ്പാടം കൊച്ചു ത്രേസ്യാ പുണ്യാളത്തിയുടെ പെരുന്നാളിനും പോകുന്നവരായിരുന്നു. എല്ലാ മാസവും തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോവുന്നത് പതിവാക്കിയിരുന്ന ശ്രീരാമ ഭക്തയായിരുന്നു എന്റെ അമ്മ. പക്ഷേ, അവര്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ എന്ന വ്യാജേന സംഘ്പരിവാരം നടത്തിയ ശിലാപൂജാ പരിപാടിയില്‍ പങ്കെടുക്കാന്‍ യാതൊരു താല്‍പര്യവും കാണിച്ചിരുന്നില്ല. പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചവരോട് അവര്‍ പറഞ്ഞ മറുപടി: ''എന്റെ രാമന്‍ തൃപ്രയാറുണ്ട്. രാമനെ കാണാന്‍ പിന്നെ ഞാനെന്തിന് അയോധ്യവരെ പോകണം?'

എന്റെ അഛന്‍ കടുത്ത നിരീശ്വരവാദിയായിരുന്നു. അദ്ദേഹം ഒരിക്കലും പ്രാര്‍ഥിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ അതോടൊപ്പം അമ്മ നാമം ജപിക്കുന്നതിനെയോ ക്ഷേത്രത്തില്‍ പോകുന്നതിനെയോ തടയുന്നതും പരിഹസിക്കുന്നതും കണ്ടിട്ടുമില്ല. വയറു വിശന്നാല്‍ ഏതു മനുഷ്യന്റെയും ദൈവം അപ്പമാണെന്നതായിരുന്നു ചുരുക്കത്തില്‍ അഛന്റെ സിദ്ധാന്തം. പതിമൂന്ന് വയസ്സു മുതല്‍ തന്നെ തമിഴ്‌നാട്ടിലെ തുണിമില്ലുകളില്‍ പണിയെടുത്ത് ഏറക്കുറെ സ്വതന്ത്ര ജീവിതം നയിച്ചിരുന്ന ആളായിരുന്നു എന്റെ അഛന്‍. അദ്ദേഹത്തിന്റെ മനുഷ്യപ്പറ്റുള്ള നിരീശ്വരവാദം തന്തൈ പെരിയോര്‍, അണ്ണാദുരൈ, എം.ജി.ആര്‍ എന്നിവരിലൂടെ പകര്‍ന്നുകിട്ടിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതിലേറെയൊന്നും അഛനില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. വിധി അതിന് അനുവദിച്ചതുമില്ല. എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ തന്നെ അഛന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടു. അഥവാ ഔദ്യോഗികമായി ഞങ്ങള്‍ക്ക് കോയമ്പത്തൂരില്‍ നിന്നു കിട്ടിയ വിവരം അതായിരുന്നു.

ഇത്തരമൊരു വളര്‍ത്തല്‍ ചുറ്റുപാടില്‍ നിന്ന് സ്വഭാവ രൂപീകരണം നേടി വളര്‍ന്നു വന്ന ഒരാള്‍ക്കും ക്രൈസ്തവ-ഇസ്‌ലാമിക-കമ്യൂണിസ്റ്റ് വിരോധത്തിലൂന്നിയ 'ഹിന്ദു രാഷ്ട്രവാദം' ഉദ്‌ഘോഷിക്കുന്ന ആര്‍.എസ്.എസ്സുമായി പൊരുത്തപ്പെടുക എന്നത് എളുപ്പമാവില്ല. അതേസമയം ഹിന്ദുക്കളായ മാതാപിതാക്കള്‍ക്ക് പിറന്നവനാണ് താനെന്ന യാഥാര്‍ഥ്യം തീര്‍ത്തും നിഷേധിക്കാനും കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് എനിക്കെന്റെ സാംസ്‌കാരികവും സാമുദായികവുമായ പാരമ്പര്യ സ്വത്വത്തെ 'ഇടതുപക്ഷ ഹിന്ദു' എന്ന് പ്രത്യേകം വിശേഷിപ്പിക്കേണ്ടിവന്നത്. ഇതേപ്പറ്റി 'ഇടതുപക്ഷ ഹിന്ദുത്വം-ഒരാമുഖം' എന്ന ആദ്യത്തെ ഗ്രന്ഥത്തില്‍ ഞാന്‍ സവിസ്തരം ചര്‍ച്ച ചെയ്തിട്ടുണ്ട്. പാഴ്‌സികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ഇന്ത്യന്‍ ജനതയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച ഒരു വിദേശി ശബ്ദമാണ് ഹിന്ദു എന്നത്. വിദേശികള്‍ വിളിച്ച പേരില്‍  തന്നെ ഇന്ത്യയുടെ മതം അറിയപ്പെടേണ്ടതുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടി നടത്തിയ പഠന മനനങ്ങളാണ് ഇന്ത്യയുടെ മതപരമായ സ്വത്വത്തെ 'മഹര്‍ഷിമതം' എന്നു വിളിക്കാം എന്ന നിലപാടിലേക്ക് എന്നെ എത്തിച്ചത്. 2014-ല്‍ പുറത്തിറങ്ങിയ 'മഹര്‍ഷിമതത്തിന്റെ മൂല തത്ത്വങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുമുണ്ട്.

ഇത്രയും പറഞ്ഞതില്‍ നിന്ന് ഞാന്‍ എന്ന വ്യക്തി, അയാളുടെ ജീവിതം, സന്യാസം എന്നിവക്ക് ഹൈന്ദവ പാരമ്പര്യവുമായി എവ്വിധത്തിലൊക്കെയുളള ബന്ധമാണ് ഉള്ളതെന്ന് ഏകദേശമൊരു ധാരണ വായനക്കാര്‍ക്ക് സിദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശാങ്കര സമ്പ്രദായത്തെയും ആര്‍.എസ്.എസ്സിനെയും പിന്‍പറ്റുന്നില്ല എന്നതുകൊണ്ട് ആരും വ്യാസ വിശാലമായ മഹര്‍ഷിമതത്തില്‍ നിന്ന് പുറത്താകുന്നില്ലെന്ന് ചുരുക്കം.

'അഛനോടാണോ അമ്മയോടാണോ മോള്‍ക്ക് കൂടുതല്‍ ഇഷ്ടം' എന്നു ചോദിച്ച ആളോട് 'ഇത്തരം ചോദ്യങ്ങളെയും അതു ചോദിക്കുന്നവരെയും എനിക്കിഷ്ടമല്ല' എന്നു മറുപടി പറഞ്ഞ മിടുക്കിയായൊരു പെണ്‍കുട്ടിയെ എനിക്കറിയാം. ഇത്തരമൊരു സമീപനമാണ് എനിക്ക് അഛന്റെ യുക്തിയോടും അമ്മയുടെ ഭക്തിയോടും ഉള്ളത്. രണ്ടിലേതാണ് ഇഷ്ടം എന്നു തീരുമാനിക്കുക എളുപ്പമല്ല; രണ്ടിന്റെയും സ്വാധീനം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അഛന്‍ അദ്ദേഹത്തിന്റെ യുക്തിവാദം എന്നില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചിട്ടില്ല. അമ്മ അവരുടെ ഭക്തിയും എന്നില്‍ അടിച്ചേല്‍പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ യുക്തിക്കും ഭക്തിക്കും അവയുടേതായ വികാസ പരിണാമങ്ങള്‍ എന്നില്‍ ഉണ്ടാവുന്നതിന് ഇടവരികയും ചെയ്തു.

മനുഷ്യന്‍ കപ്പലുണ്ടാക്കുന്ന കഴിവ് മാത്രമല്ല, കടലുണ്ടാക്കാനാവാത്ത കഴിവുകേടു കൂടിയാണ്. കഴിവുകളില്‍ മാത്രം ഊന്നിയുള്ള യുക്തിവിചാരങ്ങളും തദ്ദനുബദ്ധമായ വികാരങ്ങളും മനുഷ്യനെ അഹങ്കാരിയാക്കും. എന്നാല്‍ കഴിവുകേടുകളെ കുറിച്ചുള്ള തിരിച്ചറിവുകളാകട്ടെ മനുഷ്യനെ വിനയാന്വിതനുമാക്കും. മനുഷ്യന് കഴിവുകളേക്കാള്‍ കൂടുതലുള്ളത് കഴിവുകേടുകളാണെന്ന് മനുഷ്യനെ ബോധ്യപ്പെടുത്തുന്ന കഴിവ്; ഏറ്റവും ചുരുക്കത്തില്‍ അതാണ് ദൈവം അഥവാ സര്‍വേശ്വരന്‍. ആ സര്‍വേശ്വര ശക്തിയെ ബോധിക്കുന്ന മനുഷ്യനാണ് ശക്തിബോധി. ഇക്കാര്യം എന്നെ യുക്തിഭദ്രവും ഭക്തിയുക്തവുമായി ബോധ്യപ്പെടുത്തിയത് മഹര്‍ഷിമഹാ കവി ഗുരു ശ്രീകൃഷ്ണകുമാര്‍ എന്ന പ്രഫ.കെ.പി നാരായണ പിഷാരോടിയെ പോലുള്ള സംസ്‌കൃത പണ്ഡിതന്മാര്‍ സംബോധന ചെയ്തുവന്നിരുന്ന ശക്തിബോധി സംസ്ഥാപക ഗുരുനാഥനായിരുന്നു. ഞാന്‍ അദ്ദേഹത്തെ സത്യജിജ്ഞാസയോടെ മാര്‍ഗദര്‍ശനത്തിനായി ശരണം പ്രാപിച്ചു. 1990-ല്‍ ആണത് സംഭവിക്കുന്നത്. അപ്പോഴെന്റെ ശാരീരിക വയസ്സ് 20 -യൗവനാരബ്ധകാലം.

ഇപ്പോള്‍ 'ടോള്‍ വിരുദ്ധ സമരം' കൊണ്ട് ശ്രദ്ധേയമായ പാലിയേക്കര ദേശത്ത് 'ശ്രീനിവാസ്' എന്ന പേരോടുകൂടി നിലനിന്നിരുന്ന എന്റെ 'ഗുരുഭവനം' തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു. ആ വലിയ വീട്ടില്‍ സ്ഥിര താമസക്കാരായി ഉണ്ടായിരുന്നത് ഗുരുവും അദ്ദേഹത്തിന്റെ സഹധര്‍മിണി ശ്രീദേവിയമ്മയും മാത്രമായിരുന്നെങ്കിലും ആ വീട് എല്ലായ്‌പ്പോഴും മനുഷ്യരാല്‍ നിറഞ്ഞിരുന്നു. മുംബൈ, ദല്‍ഹി തുടങ്ങിയ മഹാ നഗരങ്ങളില്‍ നിന്നും, അടിച്ചിലി, മനക്കൊടി തുടങ്ങിയ കേരളീയ കുഗ്രാമങ്ങളില്‍ നിന്നും ഗുരുവിനെ കാണാനെത്തുന്നവരാലും മൂന്നോ നാലോ ദിവസം ഗുരുസഹവാസം ചെയ്തു കഴിയാനെത്തുന്നവരാലും മഹര്‍ഷിയുടെ ഭവനം എപ്പോഴും തിരക്കിലായിരുന്നു. ജാതി, മത, രാഷ്ട്രീയ പ്രായ ലിംഗ ഭേദമന്യേ അവിടെ വന്നിരുന്നവരില്‍ ബഹുഭൂരിപക്ഷവും ഗുരുവിനെ 'അഛാ' എന്നും ഗുരുപത്‌നിയെ' അമ്മ' എന്നുമാണ് സംബോധന ചെയ്തിരുന്നത്. വടക്കാഞ്ചേരി ശ്രീവ്യാസ കോളേജിലെ മലയാളം പ്രഫസറായിരുന്നു ഗുരുനാഥന്‍ എന്നതിനാല്‍, സഹപ്രവര്‍ത്തകരും സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അദ്ദേഹത്തെ കൃഷ്ണകുമാര്‍ സാര്‍ എന്നും വിളിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഒരുവനായിരുന്നു ആദ്യകാലത്ത് ഞാന്‍.

എവിടെ നിന്നായാലും കിട്ടുന്നതെന്തും എപ്പോഴും എത്ര വേണമെങ്കിലും തിന്നുന്ന സ്വഭാവമുള്ള ഒരു കുട്ടിയുടെ പ്രകൃതമായിരുന്നു എന്റെ യുക്തിക്ക് ഉണ്ടായിരുന്നത്.അത് മാര്‍ക്‌സിസം-ലെനിനിസത്തിന്റെ നവയുഗ വ്യാഖ്യാതാക്കളില്‍ പ്രധാനികളായ ലൂയി അള്‍ത്തൂസ്യയെയും ഫ്രഡറിക് ജയിംസ്‌നെയും ഫാനനെയും ഒക്കെ വായിച്ചുതീര്‍ക്കാന്‍ കാണിച്ച അതേ ആര്‍ത്തി തന്നെ മാര്‍ക്‌സിയന്‍ ജീവിത സമീപനങ്ങളെ താറടിച്ചു കാണിക്കുന്ന തരത്തിലുള്ള യുക്തിവാദങ്ങള്‍ സമര്‍ഥമായി അവതരിപ്പിക്കുന്ന അയേന്റാന്‍ഡിന്റെ 'വെര്‍ച്യു ഓഫ് സെല്‍ഫിഷ്‌നസ്' പോലുള്ള കൃതികള്‍ 'തിന്നുതീര്‍ക്കാനും' കാണിച്ചു. എന്നാല്‍ എന്റെ ഭക്തിയുടെ സ്വഭാവം, കൊടുക്കുന്നതുപോലും തൊട്ടു നക്കി തള്ളിമാറ്റുന്ന കുട്ടിയുടേതിനു സമാനമായിരുന്നു. യുക്തിയുടെ വലിച്ചുവാരി തിന്നുന്ന സ്വഭാവത്തെ ശാസിച്ച് നിയന്ത്രിക്കേണ്ടതുണ്ടായിരുന്നു. ഇല്ലെങ്കിലത് അജീര്‍ണം ബാധിച്ച് നശിക്കും. ഭക്തിയെയാകട്ടെ വേണ്ടതു വേണ്ടപ്പോള്‍ വേണ്ട അളവില്‍ നല്‍കി പരിലാളിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതുമുണ്ടായിരുന്നു. അങ്ങനെ ചെയ്യാതിരുന്നാല്‍ അതും നശിക്കും. ഇതായിരുന്നു ഗുരുസവിധത്തില്‍ ചെന്നു പറ്റുമ്പോഴത്തെ എന്റെ അവസ്ഥ.

എന്നിലെ യുക്തിയെയും ഭക്തിയെയും പരസ്പരം മല്ലടിക്കാതെ മെരുക്കി യഥായോഗ്യം പരിപോഷിപ്പിക്കാനും പരിരക്ഷിക്കാനും യാതൊരു ലാഭേഛയുമില്ലാതെ കാരുണ്യം കൊണ്ടു മാത്രം എന്റെ ഗുരുനാഥന്‍ സന്നദ്ധനായതിന്റെ ഫലമായാണ് എന്നിലെ യുക്തിയും ഭക്തിയും ഭ്രാന്തമാവാതെ വളര്‍ന്നതും നിലനില്‍ക്കുന്നതും. ഒമ്പതു വര്‍ഷത്തെ ഇത്തരമൊരു ശിക്ഷണത്തിനു ശേഷമാണ് ചെറാട്ടു രാമചന്ദ്രന്‍ എന്ന യുവാവ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നു ഗുരുവിനാല്‍ നാമകരണം ചെയ്യപ്പെട്ട് ദീക്ഷിതനായത്.

ദീക്ഷാധാരണത്തിനു പരമ്പരാഗതമായ ആധികാരികത ഉണ്ടാകാന്‍ ചെയ്യേണ്ടതായ എല്ലാ വൈദിക ക്രിയകളും ഞാന്‍ ചെയ്യേണ്ടതുണ്ടെന്നും ഗുരു അനുശാസിച്ചു. അതിനൊക്കെ വേണ്ടുന്ന ഏര്‍പ്പാടുകളും അദ്ദേഹം തന്നെ ചെയ്തു. മാധ്വാചാര്യര്‍ സ്ഥാപിച്ച എട്ടുമഠങ്ങളില്‍ രണ്ടാമത്തേതായ അഡ്മാര്‍ മഠത്തിന്റെ മുംബൈ അന്തേരി വെസ്റ്റിലുള്ള ശാഖയിലാണ് അവശ്യം ആവശ്യമായ വൈദിക ക്രിയകള്‍ക്ക് വേണ്ടുന്ന ഏര്‍പ്പാടുകള്‍ ഗുരു ചെയ്തത്. വൈദിക പണ്ഡിതനും മഠാധിപനുമായ ഗോവിന്ദ മൂര്‍ത്തി മഹാരാജ് വൈദിക ക്രിയകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മുംബൈ ഗോരഖോണ്‍ വെസ്റ്റിലുള്ള സിദ്ധാര്‍ഥ് നഗറിലെ വിശ്വശക്തി സന്നിധാനത്തില്‍ വെച്ച് നൂറു കണക്കിനാളുകളെ സാക്ഷിനിര്‍ത്തി 1999 മെയ് എട്ടിന് ഞാന്‍ ദീക്ഷിതനായി. 'മഠാധിപത്യം വഹിച്ച് മഹാരാജാവായി വാഴാനല്ല; നിന്ദിതരും പീഡിതരുമായവര്‍ക്കു വേണ്ടി സത്യം പറഞ്ഞും ധര്‍മം പ്രവര്‍ത്തിച്ചും തെരുവുകളിലിറങ്ങി പ്രവര്‍ത്തിക്കാനാണ് സി. രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയായി ദീക്ഷിതനാകപ്പെട്ടിരിക്കുന്നത്' എന്നായിരുന്നു ഗുരുനാഥന്‍ ആശീര്‍വാദ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ആശീര്‍വാദ പ്രസംഗത്തില്‍ ഗുരു പ്രഖ്യാപിച്ചതിനപ്പുറമൊന്നും 15 വര്‍ഷത്തെ എന്റെ സന്യാസ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല എന്നുതന്നെയാണ് എന്റെ ഉത്തമ വിശ്വാസം.

ഗുരുനാഥന്‍ 2004 നവംബര്‍ 12-ന് ദേഹവിയോഗിതനാകും മുമ്പേ എന്നെ പ്രത്യേകം ചുമതലപ്പെടുത്തിയ ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതിലൊരു പ്രധാന കാര്യം മത താരതമ്യപഠനമാണ്: 'സര്‍വ മതങ്ങളുടെയും പ്രാമാണിക ഗ്രന്ഥങ്ങള്‍ സശ്രദ്ധം പാരായണം ചെയ്യുക. ഒരു തേനീച്ചയുടെ മനോഭാവത്തോടെ അത് ചെയ്യുക. വ്യത്യസ്ത നിറങ്ങളും ആകൃതികളും ഗന്ധങ്ങളുമുള്ള പൂക്കളില്‍ നിന്ന് തേനീച്ച ശേഖരിക്കുന്ന തേനിന് മധുരം എന്ന ഒരൊറ്റ രുചിയേയുള്ളൂ. പൂക്കളുടെ വ്യത്യസ്തതകളെല്ലാം ബാഹ്യമാണ്. ഇതുപോലെയാണ് മത വ്യത്യാസങ്ങളുടെ കാര്യവും. മതങ്ങളുടെ ബാഹ്യ വ്യത്യസ്തതകളില്‍ ഊന്നാതെ മതങ്ങളുടെ ആന്തര രുചി ശേഖരിക്കുക. എന്നിട്ടത് വിശ്വമംഗളത്തിനായി വിതരണം ചെയ്യുക. ഇതായിരിക്കണം നിന്റെ ആധ്യാത്മിക സാധനയിലെ അനുപേക്ഷണീയമായ ഒരു ധര്‍മ ദൗത്യം.' ഇതായിരുന്നു മരണശയ്യയില്‍ വെച്ച് ഗുരു എനിക്കു നല്‍കിയ അനുശാസനത്തിന്റെ സാരം. ആ ഗുരുശാസനത്തിന്റെ നിര്‍വഹണമാണ് 'ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു' എന്ന് പേരിട്ടിട്ടുള്ള ഈ രചന. എന്റെ കഴിവിനകത്തു നിന്നു കൊണ്ട് ഗുരു ഏല്‍പിച്ച ദൗത്യം ഏറ്റവും കുറഞ്ഞ പാകപ്പിഴകളോടെ പൂര്‍ത്തീകരിക്കാന്‍, ഗുരുക്കന്മാരുടെയും ഗുരുവായ അഥവാ വിശ്വഗുരുവായ വിശ്വശക്തിയായ ദൈവം എന്നെ തുണക്കുമാറാകട്ടെ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 87,88
എ.വൈ.ആര്‍