ഉറക്കമില്ലാത്ത രാവുകളായിരിക്കും കടബാധിതന്റെ കൂട്ട്
ആ പട്ടാള ഉദ്യോഗസ്ഥന്‍ തന്റെ പൂര്‍ണ സൈനിക വേഷത്തില്‍ എന്റെ ഓഫീസില്‍ കയറി വന്നപ്പോള്‍ ഞാന്‍ പകച്ചുപോയി. നല്ല നീളവും തടിയുമുള്ള ആജാനുബാഹു. സൈനിക വേഷത്തിന്റെ 'കിരീടം' തലയില്‍ ചൂടിയ അയാളുടെ അരികത്ത് നില്‍പുറപ്പിച്ചിരിക്കുന്നു ഒരു മെലിഞ്ഞുണങ്ങിയ മനുഷ്യന്‍. സൈനികോദ്യോഗസ്ഥന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നു. 'മെലിഞ്ഞുണങ്ങിയ'ആള്‍ തന്നോട് അലിവ് കാട്ടി താന്‍ കൊടുത്തുതീര്‍ക്കാനുള്ള കടത്തിന് ഒരു ചെറിയ അവധി കൂടി അനുവദിക്കണം. അതാണ് സൈനികോദ്യോഗസ്ഥന്റെ ആവശ്യം. കടം കൊടുത്ത വ്യക്തി മൗനിയായി നില്‍ക്കുകയാണ്. അയാളുടെ മുഖഭാവം വിളിച്ചുപറയുന്നുണ്ട്: ''ഞാന്‍ നിങ്ങള്‍ക്ക് വേണ്ടത്ര സാവകാശം തന്നു. നിരവധി തവണയായി നിങ്ങളിങ്ങനെ അവധി നീട്ടി വാങ്ങുന്നു. ഇനി വയ്യ.''
ഞാന്‍ ഇടപെട്ടു. ഒരവധികൂടി നീട്ടി നല്‍കാന്‍ അയാളോട് ഞാന്‍ അഭ്യര്‍ഥിച്ചു. മനമില്ലാ മനസ്സോടെ അയാള്‍ അതംഗീകരിച്ചു. ഇരുവരും പിരിഞ്ഞുപോയപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ''പടച്ചവനേ! ഇതെന്തു കഥ! സൈനിക ക്യാമ്പില്‍ ആയിരങ്ങളെ അനുസരിപ്പിക്കാനും തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനും ആജ്ഞാശക്തിയുള്ള ഒരു സൈനികോദ്യോഗസ്ഥന്‍. ആയിരങ്ങള്‍ അയാളുടെ വായില്‍ നിന്നുതിരുന്ന കല്‍പനകള്‍ക്ക് കാതോര്‍ത്തിരിക്കുന്നു, അക്ഷരംപ്രതി അവ നടപ്പാക്കാന്‍. ആ ഉഗ്ര പ്രതാപിയായ പട്ടാള മേധാവി മെലിഞ്ഞു ശുഷ്‌കിച്ച് ഉണങ്ങിയ കമ്പുപോലുള്ള ഒരാളുടെ മുന്നില്‍ ദയക്ക് വേണ്ടി കണ്ണീരോടെ കെഞ്ചുന്നു!''
നബി(സ)യുടെ ഒരു വചനത്തിന്റെ പൊരുള്‍ നേരാം വണ്ണം മനസ്സിലായ നിമിഷമായിരുന്നു അത്. ''അല്ലാഹുവേ! ഉത്കണ്ഠയില്‍ നിന്നും ദുഃഖത്തില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ദൗര്‍ബല്യത്തില്‍ നിന്നും അലസതയില്‍ നിന്നും ഞാന്‍ നിന്നില്‍ രക്ഷ തേടുന്നു. ഭീരുത്വത്തില്‍ നിന്നും ലുബ്ധില്‍ നിന്നും ഞാന്‍ നിന്നില്‍ ശരണം തേടുന്നു. കടക്കെണിയില്‍ നിന്നും മനുഷ്യരെ അടക്കിവാഴുന്ന മേല്‍ക്കോയ്മയില്‍ നിന്നും നീ എന്നെ കാത്തു രക്ഷിക്കേണേ!'' ആ കടക്കെണിയും മനുഷ്യന്റെ വില കെടുത്തുന്ന മേല്‍ക്കോയ്മയുമാണ് ഞാനിവിടെ ഇപ്പോള്‍ കണ്ടത്.
നബി(സ)യുടെ പ്രാര്‍ഥനയില്‍ സൂചിപ്പിച്ച 'ഹമ്മ്' എന്ന പദം ഭാവിയെക്കുറിച്ച ഉത്കണ്ഠയെയാണ് സൂചിപ്പിക്കുന്നത്. 'ഹുസ്ന്‍' എന്ന പദം നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്തുള്ള ദുഃഖവും നിരാശാബോധവുമാണ്. ദൗര്‍ബല്യം (അജ്‌സ്) എന്നാല്‍ ഒരു കാര്യം ചെയ്യാനുള്ള പ്രാപ്തിക്കുറവും കഴിവില്ലായ്മയുമാണ്. അലസത (കസ്ല്‍) എന്ന് പറഞ്ഞത്, ചെയ്യാനുള്ള കഴിവുണ്ടായിട്ടും മനുഷ്യനെ പിടികൂടുന്ന ഉദാസീനതയെയും 'പിന്നെയാവട്ടെ' എന്ന മനോഭാവത്തെയും സൂചിപ്പിക്കുന്നതാണ്. ദൗര്‍ബല്യവും അലസതയും കാര്യ നിര്‍വഹണത്തില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന ദുര്‍ഗുണങ്ങളാണ്. യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വിമുഖതയും തന്റെ മുതലും സ്വത്തും അഭിമാനവും മറ്റുള്ളവര്‍ കൈയടക്കുന്നത് മൗനിയായി നോക്കി നില്‍ക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയുമാണ് ഹദീസിലെ 'ഭീരുത്വം' (ജുബ്ന്‍) കൊണ്ടുള്ള വിവക്ഷ. ചെലവ് ചെയ്യാനും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൊടുക്കാനുമുള്ള പിശുക്കാണ് (ബുഖ്ല്‍) മറ്റൊരു പദം. മറ്റുള്ളവരുടെ ജീവിത സൗഭാഗ്യത്തിന് തടസ്സമായിത്തീരുന്ന ഈ ദുര്‍ഗുണം പേറുന്ന വ്യക്തി ഒന്ന് 'തീര്‍ന്നുകിട്ടിയെങ്കില്‍' എന്ന് കുടുംബാംഗങ്ങള്‍ ആശിക്കുന്നത് സ്വാഭാവികം. ജീവിതത്തിലെ ആഹ്ലാദവും സൗഭാഗ്യവും നഷ്ടപ്പെടുത്തുന്ന ആറ് നിമിത്തങ്ങളാണ് നബി(സ) എണ്ണിപ്പറഞ്ഞത്; ഉത്കണ്ഠ, ദുഃഖം, അലസത, ദൗര്‍ബല്യം, ഭീരുത്വം, ലുബ്ധ്. ഇതില്‍ കടക്കെണിയാണ് നാം പ്രതിപാദിക്കുന്നത്.
കടത്തിന് ഇസ്‌ലാമില്‍ ചില ചിട്ടകളും വ്യവസ്ഥകളുമൊക്കെയുണ്ട്. തിരിച്ചുകൊടുക്കരുത് എന്ന ദുരുദ്ദേശ്യത്തോടെയാണ് ഒരാള്‍ കടവും വായ്പയും വാങ്ങുന്നതെങ്കില്‍ അയാളുടെ ജീവിതം അല്ലാഹു തകര്‍ത്ത് തരിപ്പണമാക്കും. ഇനി കഴിയുന്ന വേഗത്തില്‍ തിരിച്ചുകൊടുക്കണം എന്ന ഉറച്ച തീരുമാനത്തോടെയാണ് കടം വാങ്ങുന്നതെങ്കില്‍ അത് വീട്ടാനുള്ള വഴികള്‍ അല്ലാഹു തുറന്നുതരും. ഇതുകൊണ്ടാണ് നബി(സ) പറഞ്ഞത്: ''തിരിച്ചുകൊടുക്കാനുള്ള മനസ്സോടെയാണ് ഒരാള്‍ ജനങ്ങളുടെ മുതല്‍ കൈപ്പറ്റിയതെങ്കില്‍ അത് കൊടുത്തുവീട്ടാന്‍ അല്ലാഹു തുണയ്ക്കും. അത് വാങ്ങി തുലയ്ക്കണം എന്നതാണ് മനസ്സെങ്കില്‍ അല്ലാഹു അയാളെ നശിപ്പിച്ചതുതന്നെ.''
ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങള്‍ക്കാണ് കടം വാങ്ങേണ്ടത്. ചമയങ്ങള്‍ക്കോ അനാവശ്യങ്ങള്‍ക്കോ ആഡംബരങ്ങള്‍ക്കോ അല്ല. ഇങ്ങനെ, അനാവശ്യ-ആര്‍ഭാട വിഷയങ്ങള്‍ക്ക് കടമെടുക്കുകയും യഥാസമയം അത് തിരിച്ചടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ തകരുകയും ചെയ്ത പല കുടുംബങ്ങളുടെയും പ്രശ്‌നങ്ങള്‍ ഈയിടെ എനിക്ക് കൈകാര്യം ചെയ്യേണ്ടിവരികയുണ്ടായി. അത്യാവശ്യത്തിന്റെ പട്ടികയില്‍ പെടാത്ത പല ആഡംബരങ്ങള്‍ക്കും വേണ്ടി ഗൃഹനാഥന്‍ കടവും വായ്പയും എടുക്കും. ഗൃഹോപകരണങ്ങള്‍, വീടിന്റെ ചമയങ്ങള്‍, വാഹനം, വില പിടിച്ച വസ്ത്രങ്ങള്‍, വിവാഹ ആഭരണങ്ങള്‍... അങ്ങനെ പലതും സ്വന്തമാക്കാനായിരിക്കും ഈ കടബാധ്യത വരുത്തിവെച്ചിട്ടുണ്ടാവുക; നാം സൂചിപ്പിച്ച കഥയിലെ നായകനായ പട്ടാള മേധാവിയെ പോലെ. കൊമ്പു കുലുക്കി നാടിനെ വിറപ്പിക്കുന്ന അയാളുടെ വ്യക്തിത്വം വിനഷ്ടമായത് ഒരു ചെറിയ കടത്തിന്റെ പേരിലാണ്. മനുഷ്യരുടെ മേല്‍ക്കോയ്മയും അടിച്ചമര്‍ത്തുന്ന പെരുമാറ്റവും കടബാധ്യതകള്‍ കൊണ്ട് വന്നുചേരുന്നതാണ്. ഉത്തമര്‍ണന്‍ അധമര്‍ണനെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. പകല്‍ അപമാനവും രാത്രി ദുഃഖവും ഉറക്കമില്ലാത്ത രാവുകളുമായിരിക്കും എന്നും കടബാധിതന്റെ കൂട്ട്.
ഭര്‍ത്താവിന്റെ കടബാധ്യതകളാല്‍ ദുരിതക്കയത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന ഒരു സ്ത്രീക്ക് ഞാന്‍ ഉപദേശിച്ചു കൊടുത്തത് നബി(സ) അബൂ ഉമാമ എന്ന സ്വഹാബിക്ക് പഠിപ്പിച്ചു കൊടുത്ത ഈ പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥന, സ്വഹാബിക്കെന്ന പോലെ ആ സ്ത്രീക്കും ഫലം ചെയ്തു എന്ന് പിന്നീട് അവര്‍ എന്നെ വന്ന് കണ്ടപ്പോള്‍ ബോധ്യമായി.
മനുഷ്യനെ കുരുക്കുന്ന നിരവധി വിദ്യകളും ഉപായങ്ങളുമായാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ജീവിതത്തില്‍ രക്ഷപ്പെടാന്‍ കഴിയാത്ത വിധം സാമ്പത്തിക ബാധ്യതകളില്‍ തളച്ചിടാന്‍ ഉദാരമായി വായ്പയും കടവും നല്‍കുന്ന ബാങ്കുകളുടെ 'കടക്കെണി'യെക്കുറിച്ച് നാം ബോധവാന്മാരായേ പറ്റൂ. ജനങ്ങള്‍ വായ്പയും കടവും വാങ്ങി വന്‍ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെക്കുന്ന പ്രവണത കൂടിയപ്പോള്‍ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് ഈ സ്ഥിതിവിശേഷം നേരിടാന്‍ നിയമനിര്‍മാണം നടത്തി. പ്രയാസം നേരിടുന്നവരുടെ കടങ്ങള്‍ സ്റ്റേറ്റ് വീട്ടണം എന്ന നിര്‍ദേശമടങ്ങിയ കത്തുകള്‍ അദ്ദേഹം ഗവര്‍ണര്‍മാര്‍ക്ക് അയച്ചു. ഇറാഖിലെ ഗവര്‍ണറായ അബ്ദുല്‍ ഹമീദുബ്‌നു അബ്ദിര്‍റഹ്മാന്ന് അയച്ച കത്ത് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. 'ദുര്‍വ്യയത്തിന്റെയും ധനവ്യയ വിവരമില്ലാത്ത പൊട്ടത്തരത്തിന്റെയും പേരില്‍ വന്നുപെട്ട കടബാധ്യതകള്‍ സ്റ്റേറ്റ് ഏറ്റെടുക്കേണ്ടതില്ല' എന്ന് പ്രത്യേകം എഴുതി ഖലീഫ. കടങ്ങള്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു, ധൂര്‍ത്തിനും ധാരാളിത്തത്തിനും വേണ്ടിയായിരുന്നില്ല എന്ന് ബോധ്യപ്പെട്ടാലേ ഇസ്‌ലാമിക സ്റ്റേറ്റ് മുന്‍കൈയെടുത്തു വീട്ടേണ്ടതുള്ളൂ എന്നു സാരം.
ഞാന്‍ കൈകാര്യം ചെയ്ത ദാമ്പത്യ പ്രശ്‌നങ്ങളില്‍ വിചിത്രമായ ചിലതും എനിക്ക് കാണേണ്ടിവന്നു. അതൊരു ഭാര്യയുടെ കഥയാണ്. ഒരു വര്‍ഷമായി ഭര്‍ത്താവ് തന്നോടൊപ്പം കിടക്കുകയോ 'ബന്ധ'ത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ലെന്നാണ് അവരുടെ പരാതി. കഥയിലെ 'വില്ലന്‍' ഭര്‍ത്താവിന്റെ ഭീമമായ കടബാധ്യതകളാണെന്ന് എനിക്ക് മനസ്സിലായി. ബാധ്യതകള്‍ വീട്ടിത്തീരാന്‍ ഇനിയും ആറ് മാസം എടുക്കുമെന്നതിനാല്‍, ഒരു ആറു മാസം കൂടി കാത്തിരിക്കാന്‍ ഞാന്‍ അവരെ ഉപദേശിച്ചു. അത്ര ഇഷ്ടത്തോടെയല്ല അവര്‍ എന്റെ ഉപദേശം സ്വീകരിച്ചതെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അത്ഭുതമെന്ന് പറയട്ടെ ആറു മാസം കഴിഞ്ഞ് അവര്‍ വീണ്ടും എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. കടബാധ്യതകള്‍ തീര്‍ന്നതോടെ തങ്ങളുടെ 'ബന്ധം' പൂര്‍വ സ്ഥിതിയിലായെന്ന സന്തോഷം അറിയിക്കാനാണ് അവര്‍ വന്നത്. അതുകൊണ്ടായിരിക്കാം ലുഖ്മാനുല്‍ ഹകീം പറഞ്ഞത്: ''പല ഭാണ്ഡങ്ങളും ഞാന്‍ തലയില്‍ ഏറ്റിയിട്ടുണ്ട്. പക്ഷേ, 'കട'ത്തേക്കാള്‍ വലിയ ഭാരം ഒന്നിനും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.''
വിവ: പി.കെ ജമാല്‍
Comments