യാ ഉമ്മീ.....
സകരിയ. എന്നെ സംബന്ധിച്ചേടത്തോളം ഇന്നലെ വരെ ഇത് ഒരു കറുപ്പന്‍ ചെക്കന്റെ പേരു മാത്രമായിരുന്നു.
ഞാന്‍ ജോലി ചെയ്യുന്ന കടയുടെ അടുത്തും പരിസരങ്ങളിലും കാണുന്നവരോടൊക്കെ കൈനീട്ടി ഒരു രിയാലും രണ്ടു രിയാലും വാങ്ങുന്ന, ചെരുപ്പ് ഉപയോഗിക്കാത്ത സോമാലിയന്‍ കുട്ടികളില്‍ ഒരാള്‍ മാത്രം.
കിട്ടുന്ന കാശിനു കോളയും മിഠായിയും വാങ്ങുന്ന, മൂക്ക് ഒലിപ്പിച്ചു നടക്കുന്ന ഒരു അഞ്ചു വയസുകാരന്‍.
റുവൈസിലെ ഈ കടയുടെ മുന്നില്‍ അവധി ദിനം യമനികളും പാകിസ്താനികളും നിരയായിട്ടിരിക്കും; കൂടെ സകരിയയും കുട്ടുകാരും കാണും...
ഒരു വൃദ്ധ നീണ്ട ഈ കെട്ടിടത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്ന് ഭിക്ഷയാചിച്ച് വരുന്നുണ്ട്. പ്രായം തളര്‍ത്തിയ ശരീരം ഒരു ഊന്നു വടിയില്‍ താങ്ങി യമനികളോടും പാകിസ്താനികളോടും ഒക്കെ കൈനീട്ടി ചോദിക്കുന്നുണ്ടെങ്കിലും ആരും ഒന്നും നല്‍കിയില്ല.
സകരിയയോടും ആ വൃദ്ധ കൈനീട്ടി അപ്പുറത്തെ ബോഫിയയും കടന്ന് വിജനമായ റോഡിലേക്ക് അവര്‍ കടന്നപ്പോള്‍ പെട്ടെന്ന് ആ വൃദ്ധയെത്തന്നെ നോക്കി നിന്ന സകരിയ ഉറക്കെ ഒരു വിളി.
യാ ഉമ്മീ.......
വൃദ്ധ ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴേക്കും സകരിയ ഓടി അവരുടെ അടുത്ത് എത്തിയിരുന്നു. തന്റെ കൈയിലുള്ള മുഴുവന്‍ കാശും വൃദ്ധയുടെ കൈയില്‍ വെച്ച് കൊടുത്ത് കരങ്ങളില്‍ മുത്തം വെച്ച് ഒരു തിരിഞ്ഞോട്ടം...
കടയുടെ മുന്നില്‍ വന്ന സകരിയയോട് ആദരവോടെ ഞാന്‍ ചോദിച്ചു:
''നീ ആ വൃദ്ധയെ അറിയുമോ?''
''ഇല്ല. ചിലപ്പോള്‍ ചെറുപ്പത്തില്‍ എന്നെ വിട്ടു പോയ എന്റെ ഉമ്മയാവാം അത്. ഇനി ഒരു പക്ഷേ അവരെ ഞാന്‍ കണ്ടില്ലെങ്കിലോ?''
ഇന്ന് സകരിയ എന്നത് ചെരിപ്പിടാത്ത, മൂക്ക് ഒലിക്കുന്ന ഒരു കുട്ടിയുടെ പേരല്ല... അത് അമ്മയെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ തേങ്ങലുമല്ല..
എനിക്കും നിങ്ങള്‍ക്കും ഉള്ള ഒരു വലിയ പാഠമാണ്.
Comments