Prabodhanm Weekly

Pages

Search

2015 ജനുവരി 30

കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, 60-ാം വാര്‍ഷികം സമാപിച്ചു <br> ഫാഷിസത്തിനെതിരെ മതാതീത കൂട്ടായ്മ ഉയരണം

ടി. ജാഫര്‍ വേളം

        ഓരോ അണുവിലും ഫാഷിസത്തിന്റെ സാന്നിധ്യം നിഴലിക്കുന്ന കാലത്ത് ഭാവി അത്ര സുഖകരമല്ലെന്നും ഇതിനെ ചെറുക്കാന്‍ എല്ലാവരും ഒരുമിച്ചുള്ള മുന്നേറ്റത്തിനേ കഴിയൂ എന്നും കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് 60-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന 'ഫാഷിസത്തിന്റെ വര്‍ത്തമാനം: ജനാധിപത്യത്തിന്റെ ഭാവി' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തെയും ഫാഷിസത്തിന്റെ അദൃശ്യ സാന്നിധ്യത്തിനെതിരെ ഒന്നിച്ചുനില്‍ക്കാന്‍ കഴിയണം.  കലാസാംസ്‌കാരിക കൂട്ടായ്മകള്‍ മതാതീതമായി  ഈ ഒന്നിച്ചു നില്‍ക്കലിന്റെ ഇടങ്ങളാക്കി മാറ്റണം, അദ്ദേഹം പറഞ്ഞു. പ്രഗത്ഭ എഴുത്തുകാരന്‍ ടി.ടി ശ്രീകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫാഷിസത്തിന്റെ രാഷ്ട്രീയ അടിത്തറ രൂപപ്പെടുന്നത് അടിയന്താരാവസ്ഥാനന്തരമുള്ള ജനതാ മുന്നണിയുടെ കൂട്ടുമന്ത്രിസഭയുടെ കാലത്താണ്. എക്കാലത്തും കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തിനൊപ്പം മാത്രം നിലയുറപ്പിച്ച മൊറാര്‍ജി ദേശായി ആണ് അതിന് ചുക്കാന്‍ പിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഘര്‍ വാപസി പോലുള്ള പരിപാടികളുടെ ലക്ഷ്യം ഹിന്ദുത്വത്തിലേക്കുള്ള മതപരിവര്‍ത്തനമല്ല, മറിച്ച് ന്യൂനപക്ഷങ്ങളുടെ മേല്‍ മനഃശാസ്ത്രപരമായ ആധിപത്യം പുലര്‍ത്തുകയെന്നതാണ്. എങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രവും നാനാത്വത്തോടുള്ള അതിന്റെ ആത്മബന്ധവും സൂചിപ്പിക്കുന്നത് ഫാഷിസത്തെ ശാശ്വതമായി സഹിക്കുവാന്‍ ഇന്ത്യന്‍ ജനതക്ക് കഴിയുകയില്ല എന്നതാണ്-മാധ്യമം മീഡിയാവണ്‍ ഒ. അബ്ദുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു. ഫാഷിസത്തിന് എതിരെ നെഞ്ചുറപ്പോടെ നിലനിന്ന ഇടതുപക്ഷത്തിന്റെ തകര്‍ച്ച ഫാഷിസത്തിന്റെ വര്‍ത്തമാന കാലത്ത് ഏറെ വേദനിപ്പിക്കുന്നതാണെന്ന് സി. ദാവൂദ് അഭിപ്രായപ്പെട്ടു.

ഒരു വര്‍ഷം നീണ്ടുനിന്ന അറുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനമാണ് 2015 ഡിസംബര്‍ 24 മുതല്‍ 28 വരെ നടന്നത്. സെമിനാറുകള്‍, ഐക്യസമ്മേളനം, വൈജ്ഞാനിക സമ്മേളനം, വനിതാ-ബാലസമ്മേളനം, പൂര്‍വവിദ്യാര്‍ഥി- അധ്യാപക സമ്മേളനം, സമാപന സമ്മേളനം, കലാപരിപാടികള്‍ എന്നിവ വിപുലവും ഏറെ ഹൃദ്യവുമായിരുന്നു.

മുസ്‌ലിം ഐക്യസമ്മേളനം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. പാളയം ഇമാം മൗലവി വി.പി സുഹൈബ്, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി,  ഹുസൈന്‍ രണ്ടത്താണി, അഡ്വ. കെ.പി മുഹമ്മദ്, അബ്ദുശ്ശുക്കൂര്‍ ഖാസിമി, പി. ഉണ്ണീന്‍, നസീര്‍ മദനി, അബുല്‍ ഖൈര്‍ മൗലവി പങ്കെടുത്തു.

കൃഷി മന്ത്രി കെ.പി മോഹനനാണ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ സമ്മേളനത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള കേന്ദ്ര കമീഷന്‍ അംഗവും പ്രഗത്ഭ പത്രപ്രവര്‍ത്തകനുമായ സഫര്‍ ആഗ, പി.എസ്.സി അംഗം ടി.ടി ഇസ്മാഈല്‍ പങ്കെടുത്തു.

സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിയാ കോളജ് നിലകൊള്ളുന്ന ഇസ്‌ലാമിന്റെ സമഗ്ര കാഴ്ചപ്പാടിന് അനുസരിച്ച് സമൂഹത്തെ മാറ്റിപ്പണിയുകയാണ് സമകാലിക സാമൂഹിക സമസ്യകള്‍ക്കുള്ള മറുപടിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അമേരിക്കയിലെ നൊവേത മുസ്‌ലിം സൊസൈറ്റി ചെയര്‍മാനും ഒബ്‌സര്‍വര്‍ പത്രത്തിന്റെ ചീഫ് എഡിറ്ററുമയ ഡോ. അസ്‌ലം അഹ്മദായിരുന്നു മുഖ്യാതിഥി.  ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി. ആരിഫലി, സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍, കേന്ദ്ര ശൂറാ അംഗം ടി.കെ അബ്ദുല്ല, ട്രസ്റ്റ് ചെയര്‍മാന്‍ ഖാലിദ് മൂസ നദ്‌വി, സെക്രട്ടറി റസാഖ് പാലേരി തുടങ്ങിയവര്‍ സംസാരിച്ചു.

അഞ്ച് ദിവസങ്ങളിലും കലാപരിപാടികള്‍ അരങ്ങേറി. മീഡിയാ വണ്‍ പതിനാലാം രാവ് താരങ്ങള്‍ അണിനിരന്ന ഗാനമേള, സാമീയൂസുഫിന്റെ സംഗീത ഗ്രൂപ്പില്‍ അംഗമായ കുറ്റിയാടി സ്വദേശി നാദിര്‍ അബ്ദുസ്സലാമിന്റെ ഗാനനിശ, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, ഐഡിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മദ്‌റസത്തുല്‍ ഖുര്‍ആന്‍, ഇസ്‌ലാമിയാ കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അനുവാചകര്‍ക്ക് മികച്ച വിരുന്നൊരുക്കി. പഴശ്ശിരാജയില്‍ നിന്ന് തുടങ്ങി കുറ്റിയാടിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ നാള്‍വഴികള്‍ ഇഴചേര്‍ത്തൊരുക്കിയ  'അടയാളം' എന്ന ഡോക്യൂഡ്രാമ കലാപരിപാടികളെ ശ്രദ്ധേയമാക്കി.

'ഐഡിയല്‍ നോളജ് വില്ലേജ്' എന്ന പുതിയ പ്രൊജക്ടിന്റെ സമര്‍പ്പണം സമ്മേളനത്തില്‍ നടന്നു. ഈ വില്ലേജില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ട്രൈനിംഗ് സെന്റര്‍, ഹോസ്റ്റലുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഐ.എ.എസ് കോച്ചിംഗ് സെന്റര്‍ തുടങ്ങിയവയാണ് വിഭാവന ചെയ്യുന്നത്. ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഇബ്‌നുഖല്‍ദൂല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് വാര്‍ഷികത്തിന്റെ വൈജ്ഞാനിക ഉപഹാരമാണ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 87,88
എ.വൈ.ആര്‍