കേവല ആഘോഷങ്ങളല്ല, <br> ആശയ പ്രകാശനങ്ങളാണ് ആവശ്യം
കേവല ആഘോഷങ്ങളല്ല,
ആശയ പ്രകാശനങ്ങളാണ് ആവശ്യം
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമൂഹം കൂടുതല്‍ ജാഗ്രതയോടെ സമീപിക്കേണ്ടതായിരുന്നു 2014. ഇതര മതസ്ഥര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തല്‍ എന്ന ബാധ്യത, സാഹചര്യങ്ങള്‍ അനുകൂലമായിട്ടും സമ്മേളനങ്ങളുടെ പൊലിമയില്‍ നടക്കാതെ പോയിട്ടുണ്ട്. ഒരേ സമയം മുസ്‌ലിം സഹോദരന്മാര്‍ക്ക് നബിദിനവും ക്രിസ്തുമത വിശ്വാസികള്‍ക്ക് ഈസ്റ്ററും ഹിന്ദുമതാനുയായികള്‍ക്ക് മണ്ഡലക്കാലവും ആചരിക്കാന്‍ സൗകര്യപ്പെട്ടിട്ടും ഒരു കൂട്ടരുടെയും സൗഹൃദ പരിപാടികളൊന്നും നടന്നതായി മാധ്യമങ്ങളില്‍ കാണാനായില്ല. മാത്രമല്ല മതാനുയായികള്‍ പരസ്പരം തിരിച്ചറിയുന്നതിന്റെയും സൗഹൃദം പുലര്‍ത്തുന്നതിന്റെയും വാര്‍ത്തകള്‍ക്ക് പകരം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് സംഘര്‍ഷങ്ങളുടെ വാര്‍ത്തകളാണ്,
ഇതര മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിനെ ചേതാഹരമാക്കുന്നത് അത് ഒന്നിനും നിര്‍ബന്ധിക്കുന്നില്ല എന്നതാണ്. ദൈവാനുയായിക്കും ദൈവനിഷേധിക്കും ഒരേപോലെ ഭൗതിക വിഭവങ്ങള്‍ നല്‍കുകയും ബുദ്ധി ഉപയോഗിച്ചു കൊണ്ട് തിരിച്ചറിയാന്‍ പാകത്തില്‍ സന്‍മാര്‍ഗവും ദുര്‍മാര്‍ഗവും വേര്‍തിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇസ്‌ലാമിനെ എങ്ങനെ പ്രബോധനം ചെയ്യണമെന്നതിനും ഇതര സമുദായക്കാരോട് എങ്ങനെ വര്‍ത്തിക്കണമെന്നതിനും പ്രവാചകന്മാരില്‍ തന്നെ മാതൃകകളുണ്ട്. കലുഷിതമായ സാഹചര്യങ്ങളിലും ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ആത്മാര്‍ഥത പുലര്‍ത്തിയ ഉത്തമ സമൂഹത്തിന്റെ പുതിയ അനുചരന്മാര്‍ പ്രബോധന ദൗത്യം നിര്‍വഹിക്കുന്നതില്‍ പിന്നോട്ടാണ്. മതപ്രഭാഷണ മത്സരങ്ങള്‍ കൊണ്ടോ, സ്ഥാപന വാര്‍ഷികാഘോഷങ്ങള്‍ കൊണ്ടോ സാധ്യമാവാത്ത 'ഇസ്‌ലാമിനെ പരിചയപ്പെടുത്തല്‍' പുതിയ കാലത്ത് പുതിയ രീതിയില്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്. ഒരുമിച്ചിരുന്നു സംസാരിക്കാനും സംവദിക്കാനും സൗഹാര്‍ദപരമായി മതദര്‍ശനങ്ങളുടെ പൊരുള്‍ തേടാനും വഴിയൊരുക്കുന്ന ഇത്തരം വേദികള്‍ ഒരുക്കാന്‍ മുസ്‌ലിം നേതൃത്വം മുന്നിട്ടിറങ്ങണം.
പൊതുനിരത്തിലെ 'കുരിശിന്റെ വഴി'യോ 'രഥയാത്ര'യോ 'ശോഭയാത്ര'യോ 'നബിദിനറാലി'യോ ഒന്നും അതാത് മതാനുയായികള്‍ക്കല്ലാതെ ആവേശമോ ആഹ്ലാദമോ നല്‍കുന്നില്ല. അവ ഇതര സമൂഹങ്ങള്‍ക്ക് ഗാതാഗത തടസ്സം സൃഷ്ടിക്കുന്ന ശല്യങ്ങളായി മാറുന്ന അനുഭവങ്ങളുമുണ്ട്. അതിനാല്‍ ഒരു 'ഗതാഗത പ്രശ്‌നം' എന്ന ചര്‍ച്ചയില്‍ തീരുന്നു അത്തരം മതാചാര പ്രദര്‍ശനങ്ങള്‍, വന്‍ജനാവലി കൂടുന്ന മഹാസമ്മേളനങ്ങളും തഥാ. സമീപ ഭവനങ്ങളില്‍ നിന്ന് പാരായണം ചെയ്യുന്ന രാമായണമോ ഖുര്‍ആനോ ബൈബിളോ കാരണം സാക്ഷര കേരളത്തില്‍ ആരും തന്നെ മതാന്വേഷണത്തിനോ മതപരിവര്‍ത്തനത്തിനോ ശ്രമിച്ചതായി കേട്ടിട്ടുമില്ല.
ഹാരിസ് അമീന്‍ വാഫി, ദാറുല്‍ ഹുദാ ചെമ്മാട്
നവമാധ്യമങ്ങള്‍ നന്മക്കു വേണ്ടിയാകട്ടെ
സമീപ കാലത്ത് സജീവമായ ജനകീയ മാധ്യമങ്ങള്‍ ഒരുപാട് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും 32% പേര്‍ സോഷ്യല്‍ മീഡിയയില്‍ വിഹരിക്കുന്നു. നിയമപ്രകാരം 13 വയസ്സാണ് പ്രായപരിധിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ ആഹാരം കഴിച്ചുതുടങ്ങുന്നതോടൊപ്പം ഫെയ്‌സ് ബുക്കും ശീലമാക്കുന്നു! സൗഹൃദങ്ങളില്‍ ചിലതെങ്കിലും ഒളിയജണ്ടകളുടെ ചതിക്കുഴികളാവുന്നു. ആയിരങ്ങള്‍ പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നു. പരസ്പര സഹകരണമോ, തുറന്ന സംവാദങ്ങളോ, നല്ല അയല്‍പക്ക ബന്ധങ്ങളോ, പരന്ന വായനയോ, കുടുംബങ്ങളിലെ തുറന്ന സംസാരങ്ങളോ പോയി മറയുകയാണ്. പണ്ടൊക്കെ ട്രെയിന്‍ യാത്രകളില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഹൃദയബന്ധങ്ങള്‍ ഉടലെടുത്തിരുന്നു. കത്തുകളും സജീവമായിരുന്നു. ഇന്ന്, തൊട്ടടുത്ത മതില്‍ക്കെട്ടിനകത്തെ മരണം നാം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നു. സന്തപ്ത കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നേരം കിട്ടാത്ത നാം സിറിയയിലെയും ഫ്രാന്‍സിലെയും പ്രശ്‌നങ്ങളില്‍ സങ്കടച്ചാലുകള്‍ ഒഴുക്കുന്നു.
ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ ദുരനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ജനവികാരം കാരണം ഗവണ്‍മെന്റിന് സ്ത്രീസുരക്ഷക്കായി പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളെ നേരിന് വേണ്ടി ഉപയോഗിക്കുന്ന സമൂഹമാണ് കാലഘട്ടത്തിന്റെ തേട്ടം.
ജഹാദ് .എം ക്ലാപ്പന, അബൂദബി
കറുപ്പിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങള്‍
പ്രാമാണിക രേഖകള്‍ ഉദ്ധരിച്ച് കൊണ്ടെഴുതിയ ലേഖനങ്ങളാല്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചവയാണ് 2883-84 ലക്കങ്ങള്‍. ''മുസ്‌ലിം പെണ്ണിന്റെ വസ്ത്ര വര്‍ത്തമാനങ്ങളും'' ഡോ. ഫസല്‍ ഗഫൂറിന്റെ അഭിമുഖവും നിലവാരം പുലര്‍ത്തി.
അനുകരണങ്ങളില്‍ അഭിരമിച്ച്, ഇസ്‌ലാമിക മൂല്യങ്ങള്‍ അതിന്റെ യഥാര്‍ഥ രൂപത്തില്‍ ഗ്രഹിക്കാന്‍ നമ്മുടെ സ്ത്രീ ജനങ്ങള്‍ക്ക് ഇന്ന് സാധിക്കുന്നില്ല. ഈ ലേഖനങ്ങള്‍ അവരുടെ കണ്ണ് തുറപ്പിക്കട്ടെ. അമവികള്‍ക്ക് ശേഷം വന്ന ഭരണാധികാരികള്‍, സുഊദി അറേബ്യയില്‍ കറുത്ത തുണി എന്ന ആശയം പ്രചരിപ്പിച്ചു. ഇറാനികളും തുര്‍ക്കികളും അത് ഏറ്റുപിടിച്ചു. ക്രമേണ മറ്റ് ശീഈ ഭൂരിപക്ഷ പ്രദേശങ്ങളിലെ പോലെ, ആ സമ്പ്രദായം മധ്യ-പൗരസ്ത്യ രാജ്യങ്ങളിലും വേരൂന്നി. കേരളത്തില്‍നിന്ന്, വിശിഷ്യ, മലബാറില്‍ നിന്ന് പോയ ഗള്‍ഫ് പ്രവാസികള്‍ ഈ വസ്ത്രധാരണം കണ്ട് അത് യഥാര്‍ഥ ഇസ്‌ലാമിക വേഷം എന്ന് തെറ്റിദ്ധരിച്ചതില്‍ അത്ഭുതമില്ല. കാരണം കാച്ചിയും കുപ്പായവും ആയിരുന്നു അവരുടെ അന്നത്തെ വേഷം. സാരിയില്‍ കടന്ന് കൂടാനുള്ള പങ്കപ്പാടും അധ്വാനം കുറഞ്ഞ ഈ വിചിത്ര വസ്ത്രധാരണത്തിന്ന് കാരണമായിട്ടുണ്ട്.
അതെന്തായാലും, പര്‍ദ ധാരികള്‍ അത് ധരിക്കാത്തവരെ 'അനിസ്‌ലാം' എന്ന ലേബലില്‍ കുറ്റപ്പെടുത്തേണ്ട സാഹചര്യം മതത്തിന്റെ ദൃഷ്ടിയില്‍ നിലനില്‍ക്കുന്നില്ല എന്ന യാഥാര്‍ഥ്യം ലേഖനങ്ങള്‍ തുറന്നുവെക്കുന്നുണ്ട്. അത്രക്കും ആശ്വാസം.
എ.ആര്‍ ഷെയ്ക്ക്, ദോഹ
അനീതിക്ക്
കാരണമാകരുത്
വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 148 പേരുടെ മരണത്തിനിടയാക്കിയ പെഷാവര്‍ ഭീകരാക്രമണവും പാരീസിലെ ഷാര്‍ലി എബ്‌ദോ ഓഫീസിന് നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണവും ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു. പാക് സൈന്യം നടത്തുന്ന നരമേധത്തില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വേദനക്ക് പകരമായാണ് പാക് സൈനികരുടെ മക്കളെ വകവരുത്തിയതെന്നാണ് തീവ്രവാദികളുടെ ന്യായമെങ്കില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ വരച്ചതാണ് പാരിസ് ആക്രമണത്തിന്റെ ന്യായമായി പറയുന്നത്. 'ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്ന് വ്യതിചലിക്കാന്‍ ഇടയാക്കരുത്' എന്നുദ്‌ഘോഷിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് നിസ്സഹായരായ കൊച്ചുകുട്ടികള്‍ക്കു നേരെ നിറയൊഴിക്കാനും ചാവേറായി പൊട്ടിത്തെറിക്കാനും കഴിയുകയില്ല.
അബൂ ഹബീബ് വരോട്, ഒറ്റപ്പാലം
'എണ്ണക്കളി'
എണ്ണ കൊണ്ടുള്ള കളിക്ക് മൂന്നുതരം വ്യാഖ്യാനങ്ങള്‍ വായിച്ചു (മുഖക്കുറിപ്പ്, ലക്കം 2884). നാലാമതൊരു വ്യാഖ്യാനം കൂടി എന്തുകൊണ്ട് ആയിക്കൂടാ? അമേരിക്കക്കും ഇറാന്നും എന്നും രണ്ടു മുഖങ്ങള്‍ ഉണ്ട്. അറബ് പ്രദേശങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്നു അവര്‍ ആഗ്രഹിക്കുന്നു. അവരുടെ അത്തരം കളികളില്‍ അറിയാതെ അറബ് ലോകം പെട്ടുപോകുന്നുവെന്നത് മറ്റൊരു കാര്യം. അമേരിക്ക ഇറാഖില്‍ ഇറക്കിയ വിത്ത് മുളച്ച് കായ്കനികള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു. ഇറാഖില്‍ നിന്ന് അമേരിക്ക എണ്ണ ചോര്‍ത്തുന്നുണ്ട്. ഇറാന്‍ കുറഞ്ഞ കാശിന് അമേരിക്കക്ക് എണ്ണ വില്‍ക്കുന്നുമുണ്ട്. മോദിയുടെ കാലത്തെ അമേരിക്കന്‍-ഇസ്രയേല്‍-ഇന്ത്യാ കൂട്ടുകെട്ടും ഇതോട് കൂട്ടി വായിക്കണം.
കെ.കെ ബഷീര്‍
'തട്ടത്തിനുള്ളില്‍ എങ്ങനെ?'
'തട്ടത്തിനുള്ളില്‍ എങ്ങനെ?' എന്ന ശെലീന സഹ്‌റ ജാന്‍ മുഹമ്മദിന്റെ അനുഭവ വിവരണം അര്‍ഥവത്തായി തോന്നി. ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണ സമൂഹത്തില്‍ ഉണ്ടാക്കുന്നവര്‍ അറിയാതെ പോകുന്ന ഒരു കാര്യം സ്ത്രീക്ക് സ്വാതന്ത്ര്യവും മാന്യതയും കല്‍പ്പിക്കുന്നതില്‍ ഇസ്‌ലാം ബഹുദൂരം മുന്നിലാണ് എന്നതത്രെ. ഓരോ സ്ത്രീക്കും ഓരോ ഘട്ടത്തിലും നല്‍കേണ്ട സ്ഥാനം ഏതൊക്കെയെന്നു ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. തട്ടമിട്ടതു കൊണ്ടോ പര്‍ദയിട്ടതു കൊണ്ടോ ഒരു സ്ത്രീ, സ്ത്രീ അല്ലാതാവുന്നില്ല. മറിച്ചു അവള്‍ കൂടുതല്‍ ആദരിക്കപ്പെടുകയാണ്. സ്ത്രീയുടെ സൗന്ദര്യം ബാഹ്യമായ ആകര്‍ഷണം മാത്രമല്ല, മറിച്ചു സംസ്‌കാര സമ്പന്നതയും നല്ല മനസ്സും നന്മയെ കൊള്ളാനും തിന്മയെ ചെറുക്കാനുമുള്ള കഴിവുമാണ്.
സുനില അബ്ദുല്‍ ജബ്ബാര്‍ ദോഹ
നേരിന്റെ വാക്കുകള്‍
മുസ്‌ലിം സ്ത്രീയുടെ വസ്ത്ര വര്‍ത്തമാനങ്ങളുമായി വന്ന പ്രബോധനം (2883) ഒട്ടേറെ പുകമറകള്‍ നീക്കാന്‍ സഹായകമായി. നഗ്‌നത മറയ്ക്കുക, ശരീരം സംരക്ഷിക്കുക, അലങ്കാരങ്ങളണിയുക തുടങ്ങിയ മൗലിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ഇസ്‌ലാമിക വസ്ത്രധാരണം എന്നിരിക്കെ, എന്തിന് മുസ്‌ലിം സ്ത്രീകള്‍ നമ്മുടെ പ്രാദേശിക വസ്ത്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടണം എന്ന കെ.എം അഷ്‌റഫിന്റെ ചോദ്യം ന്യായമാണ്. 'കറുത്ത വസ്ത്രമല്ല മുസ്‌ലിം സ്ത്രീയുടെ യൂനിഫോം' എന്ന സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനവും ഖുര്‍ആനിന്റെ ആഹ്വാനം നിഖാബോ ബുര്‍ഖയോ അല്ലെന്ന ശൈഖ് മുഹമ്മദ് അബ്ദുവിന്റെ തെളിവുനിരത്തലും മലികാ മര്‍യമിന്റെയും ശെലീന സഹ്‌റ ജാന്‍ മുഹമ്മദിന്റെയും തുറന്നെഴുത്തുകളും വിഷയ സംബന്ധിയായ നിലപാട് വ്യക്തമാക്കുന്നതാണ്. മലീമസമാക്കപ്പെടുന്ന ആചാരരീതികളെ സുവ്യക്തമാക്കുന്ന നേരിന്റെ വാക്കുകളാവട്ടെ പ്രബോധനം.
മുബാറക്ക് വാഴക്കാട്
Comments