Prabodhanm Weekly

Pages

Search

2015 ജനുവരി 30

അധികാരത്തിന്റെ ദൈവങ്ങള്‍

മുഹമ്മദ് ശമീം /ലേഖനം

         ഇപ്പോള്‍, മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെക്കുറിച്ചല്ല, പകരം മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തെപ്പറ്റി ഒരന്വേഷണം നടത്താം. ദൈവത്തെയും സ്വത്വത്തെയും അന്വേഷിക്കാനും അറിയാനും ശ്രമിക്കുന്നതിനുപകരം പലപ്പോഴും മനുഷ്യന്‍ അവന്റെ ഭൗതികതാല്‍പര്യങ്ങളുമായി ബന്ധപ്പെട്ട് അവന് സൗകര്യമുള്ള ഒരു ദൈവത്തെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെ നിര്‍മിക്കുന്ന ദൈവത്തെ തള്ളിപ്പറയാന്‍ നാസ്തികന്മാര്‍ക്ക് വളരെ എളുപ്പവുമാണ്. ദൈവത്തിലുള്ള കേവലവിശ്വാസമെന്നത് സത്യത്തില്‍ വളരെയേറെ അസംബന്ധമാണ്. അവബോധവും അനുഭവവുമാണ്, മറിച്ച് കേവലമായ വിശ്വാസമല്ല മതത്തിന്റെ ആധാരം. പൊതുവേ Faith എന്നതിന് വിശ്വാസം എന്ന് അര്‍ഥം പറയാറുണ്ടെങ്കിലും അതത്ര സൂക്ഷ്മമല്ല. ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ള പദം ഈമാന്‍ എന്നാകുന്നു. 'അമന' എന്ന ക്രിയാപദത്തിന് സമാധാനം പ്രാപിച്ചു, കരുത്തുനേടി, ശാന്തി അനുഭവിച്ചു എന്നെല്ലാമാണ് അര്‍ഥം. ഇതില്‍നിന്നാണ് 'ഈമാന്‍' എന്ന വാക്കുണ്ടാകുന്നത്. മനുഷ്യയുക്തിയില്‍ത്തന്നെയാണ് ദൈവവിശ്വാസവും ധാര്‍മികതയും ഉള്ളടങ്ങിയിരിക്കുന്നതെന്ന് പ്രസിദ്ധ ഇംഗ്ലീഷ് തത്ത്വചിന്തകന്‍ ജോണ്‍ ലോക്കെ പറയുന്നുണ്ട്. ഈമാന്‍ എന്നു പറഞ്ഞാല്‍ അനുഭവം, തിരിച്ചറിവ്, അതില്‍ നിന്നുണ്ടാകുന്ന കരുത്ത്, ശാന്തി എന്നെല്ലാമാണ് അര്‍ഥം. ഇതിന്റെ വിപരീതമായി ഖുര്‍ആന്‍ ഉപയോഗിക്കുന്ന പദം കുഫ്ര്‍ ആണ്. മറച്ചുവെക്കലാണ് കുഫ്ര്‍. യുക്തിയുടെ നിരാകരണവും മനസ്സാക്ഷിയോടുള്ള കാപട്യവുമൊക്കെയാണത്. കേവല വിശ്വാസികളായിരിക്കുന്ന ഒരു വിഭാഗത്തെ സംബോധന ചെയ്തു കൊണ്ട് വേദഗ്രന്ഥം 'നിങ്ങള്‍ മുഅ്മിനുകള്‍ (ഈമാന്‍ ഉള്ളവര്‍) എന്ന് സ്വയം അവകാശപ്പെടരുതെന്നും എന്നാല്‍ നിങ്ങള്‍ക്ക് മുസ്‌ലിംകള്‍ എന്ന് അവകാശപ്പെടാവുന്നതാണെ'ന്നും പ്രഖ്യാപിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആധാരമാണ് ഈമാനെങ്കില്‍പ്പോലും, ഈമാന്‍ എന്ന യുക്തിദര്‍ശനത്തെയും ഇസ്‌ലാം എന്ന മതത്തെയും തമ്മില്‍ വേര്‍പെടുത്തുകയാണ് ഇതിലൂടെ ഖുര്‍ആന്‍ ചെയ്യുന്നത്. അതേയവസരം ഈമാന്‍ എന്നതിന്റെ പ്രകാശനം മതം തന്നെയാണ്. ഇവിടെയാണ് യഥാര്‍ഥത്തില്‍ എന്താണ് മതം എന്ന ചര്‍ച്ച പ്രസക്തമാകുന്നത്. 

കേവലമായി വിശ്വസിക്കപ്പടുന്ന ദൈവം അപരനായൊരു ദൈവമാകുന്നു. അതിന്റെ നിലനില്‍പ്പാകട്ടെ, നമ്മുടെ സങ്കല്‍പത്തില്‍ മാത്രവും. നാം സങ്കല്‍പിച്ചുണ്ടാക്കുന്ന ഒന്നിനെ നമ്മുടെ താല്‍പര്യങ്ങള്‍ക്കൊത്ത് വളച്ചൊടിക്കാനും പറ്റും. അങ്ങനെ നിര്‍മിക്കപ്പെടുന്ന ദൈവം ജീവിതത്തെ നമ്മുടെ സ്വാര്‍ഥതാല്‍പര്യങ്ങളില്‍ നിലനിര്‍ത്തുകയും നമ്മുടെ അധീശവ്യവസ്ഥയുടെ സംരക്ഷകനായിരിക്കുകയും ചെയ്യും. അതേ സമയം ഈ വിശ്വത്തിലും നമ്മുടെ ഉള്ളിലും അനുഭവത്തിലും നിലകൊള്ളുന്ന സത്യദൈവത്തെ തിരിച്ചറിയാന്‍ വേണ്ടത് സത്യത്തോടുള്ള പ്രതിബദ്ധതയാകുന്നു. ബാധ്യതകളില്‍ നിന്നെല്ലാമകന്നു നില്‍ക്കുന്നതിനുവേണ്ടി ദൈവത്തില്‍ അഭയം തേടാന്‍ ശ്രമിക്കാറുണ്ട് ചിലര്‍. ഇനിയും ചിലര്‍ക്ക് ദൈവം ഒരു മറയാണ്. അവരുടെ സാമൂഹികവും ധാര്‍മികവുമായ അരുതായ്മകള്‍ മറച്ചുവെക്കുന്നതിനോ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോ ഉള്ള മറ. 

ഓരോ കാലത്തെയും അധികാരം, തങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന ദൈവത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അന്നിലക്ക് ഓരോ കാലത്തെയും പരിസരവും സമ്പ്രദായവുമായി ഈ ദൈവബോധത്തിന് ബന്ധമുണ്ട്. ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിക്കു കീഴില്‍, ജന്മിമാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും കാലത്ത് ദൈവത്തില്‍ ആരോപിക്കപ്പെട്ടത് ഒരു പ്രഭുവിന്റെ സ്ഥാനവും സ്വഭാവവുമായിരുന്നു. ആ ദൈവത്തിന് മനുഷ്യനുമായി സ്‌നേഹത്തിന്റെയും പരിപാലനത്തിന്റെയും ബന്ധമല്ല ഉണ്ടായിരുന്നത്. ചൂഷിത ജീവിതങ്ങളുമായി അവന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മാറി നിന്നു കല്‍പിക്കുന്ന ദൈവം. തന്റെ സംപ്രീതിക്കു വേണ്ടി അവന്‍ കാണിക്കകളും കാഴ്ചപ്പണ്ടങ്ങളും പിന്നെ രക്തവും മാംസവും സ്വീകരിക്കുന്നു. ജന്മി-നാടുവാഴിത്ത സമ്പ്രദായത്തില്‍ അടിയാന്മാരും കുടിയാന്മാരും തങ്ങളുടെ തമ്പുരാക്കന്മാര്‍ക്കു വേണ്ടി കാണിക്കകള്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരായിരുന്നല്ലോ. പഞ്ചപുച്ഛമടക്കി നിന്ന് വേണമെങ്കില്‍ തമ്പുരാക്കന്മാരോട് വല്ലതും അപേക്ഷിക്കാം. പ്രഭു കനിഞ്ഞാല്‍ കനിഞ്ഞു, ഇല്ലെങ്കില്‍ ഇല്ല, അത്ര തന്നെ. അതേസമയം അയാള്‍ക്ക് കീഴാളരോട് കല്‍പിക്കാന്‍ അധികാരമുണ്ടാവും. അതയാളുടെ അഭീഷ്ടങ്ങളെയും താല്‍പര്യങ്ങളെയും മുന്‍നിര്‍ത്തി മാത്രമായിരിക്കുകയും ചെയ്യും. എല്ലാ തമ്പുരാക്കന്മാരെയും പോലെ അവര്‍ക്കെല്ലാം മുകളിലുള്ള മറ്റൊരു തമ്പുരാന്‍. അതാണ് ദൈവം. ആ ദൈവം ജീവിതത്തെ പുരോഗമനപരമായോ നൈതികമായോ ഒട്ടും സ്വാധീനിക്കുന്നില്ല. മറിച്ച് നാടുവാഴിത്ത വ്യവസ്ഥക്ക് മതപരമായ ഒരു നീതീകരണം നല്‍കുകയാണ് ചെയ്യുന്നത്. 

കുറേക്കൂടി കേന്ദ്രീകൃതമായ രാജവാഴ്ചയ്ക്കു കീഴിലാവുമ്പോള്‍ രാജാധികാരത്തെയും കല്‍പനകളെയും ദൈവികമാക്കി മാറ്റുന്നു. നാടു വാഴുന്ന പൊന്നുതമ്പുരാന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്നു സങ്കല്‍പിച്ചിരുന്ന കാലമുണ്ടായിരുന്നല്ലോ. ചിലേടങ്ങളിലിത് അസംബന്ധപുരാണങ്ങളും ആചാരങ്ങളുമായി മാറുന്നു. ജപ്പാന്‍കാര്‍ക്ക് തങ്ങളുടെ രാജാക്കന്മാര്‍ സൂര്യദേവിയുടെ പൗത്രന്മാരായിരുന്നു. ബാബിലോണിയയിലെ ഊര്‍ നഗരരാഷ്ട്രത്തില്‍ രാജാവ് ചന്ദ്രദേവതയുടെ പ്രതിനിധിയാണെന്നും ഈജിപ്തില്‍ റേ ദേവനില്‍ നിന്നു വന്ന് ഹോറസ് ദേവനായി ജീവിച്ച് ഒസീറിസ് ദേവനില്‍ ലയിച്ചു ചേരുന്ന ദൈവമാണ് ഫറോവയെന്നും വിശ്വസിക്കപ്പെട്ടു. 

നാടുവാഴിദൈവത്തിന്റെ മറുഭാഗത്ത് ചിലപ്പോള്‍ പ്രതിരോധത്തിന്റെയും ആശ്വാസത്തിന്റെയും കീഴാളദൈവങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കീഴാള ജനതയുടെ വികാരങ്ങളെയും നിശ്വാസങ്ങളെയും അടയാളപ്പെടുത്തിയിരുന്നെങ്കില്‍ക്കൂടിയും അധീശ വ്യവസ്ഥയ്‌ക്കെതിരെ അത്തരം ദൈവങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു ജനതയുടെ ജീവിതത്തെത്തന്നെ സ്വന്തമാക്കുന്നതിനുവേണ്ടി നാടുവാഴി ദൈവങ്ങള്‍ ഇത്തരം കീഴാളദൈവങ്ങളെ അംഗീകാരം നല്‍കി അധീനപ്പെടുത്തുകയും ചെയ്തു. 

ജന്മിത്ത കാലഘട്ടത്തില്‍ത്തന്നെയാണ് ദേവദാസി സമ്പ്രദായങ്ങളും ലൈംഗികാചാരങ്ങളുമുണ്ടായത്. നാടുവാഴികളെയും അവരോടു ചേര്‍ന്നുനില്‍ക്കുന്ന ഉന്നതശ്രേണീയരെയും ലൈംഗികമായി തൃപ്തിപ്പെടുത്തലാണല്ലോ ദേവദാസിമാരുടെ കര്‍ത്തവ്യം. ഈ ശരീരസമര്‍പ്പണം ദൈവാരാധനയായാണ് പഠിപ്പിക്കപ്പെട്ടത്.  

കുറേക്കൂടി ആധുനികമായ ദൈവസങ്കല്‍പമാവട്ടെ, മുതലാളിത്തത്തിന്റെ അധികാരഘടനയോടു ബന്ധപ്പെട്ടു നില്‍ക്കുന്നു. മതേതരത്വത്തിന്റെ ദൈവമെന്നു പറയാം. എന്നു വെച്ചാല്‍, മതങ്ങളെയെല്ലാം ഒന്നായിക്കാണുന്ന, ഒന്നിനോടും വിവേചനം കാണിക്കാത്ത ദൈവം എന്നല്ല ഉദ്ദേശിച്ചത്. മനുഷ്യന്റെ ഭൗതിക വ്യവഹാരങ്ങളിലിടപെടുകയോ നൈതികമായി അതിനോടു പ്രതികരിക്കുകയോ ചെയ്യാത്ത ദൈവം. ധാര്‍മികമായ കല്‍പനകളാലും നിര്‍ദേശങ്ങളാലും മനുഷ്യജീവിതത്തെ നിയന്ത്രിക്കാന്‍ ആ ദൈവം തയാറാവുന്നില്ല. ലേസേഫെയര്‍ മുതലാളിത്തത്തിന്റെ പ്രധാന മുദ്രാവാക്യം തന്നെ ലാഭം ലാക്കാക്കിയുള്ള വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെ സര്‍വതന്ത്രസ്വതന്ത്രമായി വിടുക എന്നതാണല്ലോ. മുതലാളിത്തത്തിന്റെ ദൈവവും അപ്രകാരം തന്നെ. സത്യമെന്നും മൂല്യമെന്നുമൊക്കെ ഒഴുക്കന്‍ മട്ടിലങ്ങു പറഞ്ഞു പോവുമെങ്കിലും മുതലാളിയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കപ്പുറം മാനുഷികമായ എന്തെങ്കിലും നിലപാട് ദൈവത്തിനുണ്ടായിരുന്നില്ല. അതേ സമയം തന്നെ, അധിനിവേശപരമായ കൊളോണിയല്‍ ശ്രമങ്ങള്‍ക്ക് ന്യായം കണ്ടെത്താനും ഇടവേളകളില്‍ മനഃസമാധാനം നേടാനും വേണ്ടി ഒരു ദൈവത്തിന്റെ സാന്നിധ്യം ആവശ്യവുമായിരുന്നു. ഇപ്രകാരം കമ്പോളത്തിന്റെ അഭീഷ്ടങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത ദൈവം തന്നെ ചിലപ്പോള്‍ കമ്പോളത്തിലെ ചരക്കായും മാറി. ആത്മീയദാഹം മുതലെടുത്ത് സമൂഹമനസ്സില്‍ കുടിയിരുത്തപ്പെട്ട ദൈവമനുഷ്യന്മാരും കള്‍ട്ട് ഗുരുക്കന്മാരും മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും വികസനക്രമത്തിന്റെയും സ്തുതിപാഠകന്മാരായിരുന്നു. മൂല്യങ്ങളുടെ ഭാരത്തില്‍നിന്ന് വ്യവഹാരങ്ങളെ മോചിപ്പിക്കുന്നതിനു വേണ്ടി നടകളിലും പള്ളികളിലും കുടിയിരുത്തപ്പെട്ട ദൈവത്തോട് ഏത് കള്ളപ്പണക്കാരനും കള്ളത്താപ്പുകാരനും പശ്ചാത്താപലേശമന്യേ പ്രാര്‍ഥിക്കാം. തന്റെ ഭൗതിക സമ്പത്തിന്റെയും അതുവഴി പാപങ്ങളുടെയും വര്‍ധനവിനു വേണ്ടി നേര്‍ച്ചകള്‍ നേരാം. എന്നാല്‍ ദൈവപ്രോക്തമായ മൂല്യപരികല്‍പനകള്‍ ജീവിതത്തില്‍ പാലിക്കാനുള്ള ബാധ്യതയൊട്ടില്ല താനും. ദൈവവിശ്വാസം, ദൈവകല്‍പനകള്‍, ധാര്‍മികോപദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പള്ളികളിലും ആത്മീയകേന്ദ്രങ്ങളിലുമൊതുക്കാം. ജീവിതം വേറെത്തന്നെയാണ്. പള്ളി വേറെ, പള്ളിക്കൂടം വേറെ. 

അതിനാല്‍ ഒരു ഭാഗത്ത് മതാചാരങ്ങളോടുള്ള ആവേശങ്ങള്‍ വര്‍ധിക്കുകയും പ്രത്യേകമായ ആചാരരീതികള്‍ പുലര്‍ത്തുന്നവര്‍ തമ്മിലുള്ള പക്ഷപാതപരമായ കൂട്ടായ്മകള്‍ ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ത്തന്നെ, മറുഭാഗത്ത് സാമൂഹികമായ ബോധവും പ്രതിബദ്ധതയും മനുഷ്യനില്‍ കുറഞ്ഞുവന്നു. താന്‍, തന്റെ സമ്പത്ത്, തന്റെ ലാഭം എന്ന വ്യഗ്രതയിലാണ് മൂലധനസമ്പദ്‌വ്യവസ്ഥയുടെയും അധികാരഘടനയുടെയും കരുത്ത് നിലകൊള്ളുന്നത്. 

കച്ചവടക്കാര്‍ക്കും പെറ്റി ബൂര്‍ഷ്വാസിക്കും പ്രിയപ്പെട്ട മറ്റൊരു ദൈവം കൂടിയുണ്ട്. ചിലയാളുകള്‍ അല്‍പസ്വല്‍പമൊക്കെ മൂല്യചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടവരായിരിക്കും. ഒപ്പം സാമ്പത്തിക വ്യവഹാരങ്ങളില്‍ ലാഭതാല്‍പര്യങ്ങളുടെ അനുഗാമികളും. അവരുടെ ദൈവം, അല്ലെങ്കില്‍ ദൈവത്തിന്റെ മലക്കുകള്‍ ഒരു മനുഷ്യന്റെ സകല പ്രവൃത്തികളും എഴുതിവെക്കുന്നു. എന്നിട്ട് അയാള്‍ ഒന്നു തൊഴുതാല്‍, അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ജുമുഅ കൂടുകയോ കുര്‍ബാന കൈക്കൊള്ളുകയോ മറ്റോ ചെയ്താല്‍ ആ എഴുതിയത് മുഴുവനായും ദൈവം മായ്ച്ചുകളയുന്നു. ഈ പ്രക്രിയ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. ഇങ്ങനെയൊരു ദൈവത്തെയാണ് പലരും ഇഷ്ടപ്പെടുന്നത്. ഇവിടെയും മൂല്യങ്ങള്‍ക്ക് പ്രത്യേകിച്ച് ഇടമൊന്നുമില്ല. ഞായറാഴ്ച ക്രിസ്ത്യാനി എന്ന ഒരു പരിഹാസപ്രയോഗം നടത്തുന്നുണ്ട് ഡാനിഷ് തത്ത്വചിന്തകനായ സോറെന്‍ കീര്‍ക്കിഗൊര്‍. ക്രിസ്ത്യാനിയായിരിക്കുക എന്നു പറഞ്ഞാല്‍ ക്രൈസ്തവമായ ജീവിതം നയിക്കുക എന്നാവണം അര്‍ഥമെന്ന്, ചൈതന്യരഹിതവും ദുര്‍ബ്ബലവുമായ, അന്നത്തെ ഡെന്മാര്‍ക്കിലെ ലൂതറന്‍ സഭയുടെ ആചാരങ്ങളെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. 

ജീവന്റെയും ജീവിതത്തിന്റെയും ആധാരമായി വേദങ്ങള്‍ മുന്നോട്ടുവെക്കുന്ന ഈശ്വരനെ അറിയാനാണ് സത്യത്തില്‍ മനുഷ്യന്‍ ശ്രമിക്കേണ്ടത്. മനുഷ്യന്‍ ദൈവത്തെ ആശ്രയിക്കുക മാത്രമല്ല, ദൈവം മനുഷ്യനെ സ്‌നേഹിക്കുക കൂടി ചെയ്യുന്നു. അതിനാല്‍, വിവേചനവും അസമത്വവും അനീതിയും നിറഞ്ഞ ഒരു സമ്പ്രദായത്തിന്റെയും സംരക്ഷകനല്ല ദൈവം. അവന്റെ കല്‍പനകളും മൂല്യവത്തായ ജീവിതത്തെപ്പറ്റി അവന്‍ പഠിപ്പിക്കുന്ന പാഠങ്ങളും ഉള്‍ക്കൊള്ളുന്ന പക്ഷം ജീവിതം ഏറ്റവും വിശുദ്ധവും ധാര്‍മികവുമായിത്തീരും. മതം മനുഷ്യനെക്കുറിച്ച് മൗനം പാലിക്കുകയും ദൈവത്തെക്കുറിച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്നു എന്നു വാദിക്കുന്നവരുണ്ട്. സത്യത്തില്‍ മനുഷ്യനെപ്പറ്റി ധാരാളം സംസാരിക്കുന്ന ദൈവത്തെയാണ് വേദങ്ങള്‍ പരിചയപ്പെടുത്തുന്നത്. അതുപോലെത്തന്നെ, ലോകത്തെപ്പറ്റി ഒന്നും പറയാതെ പരലോക വ്യാമോഹങ്ങളില്‍ മനുഷ്യനെ അകപ്പെടുത്താനാണ് മതം ശ്രമിക്കുന്നതെന്നും പറയാറുണ്ട്. അതേസമയം ലോകത്ത് സമത്വവും സമാധാനവും കൈവരുത്തുന്നതിനുള്ള പാഠങ്ങളും, പരിവര്‍ത്തനത്തിനും വിപ്ലവത്തിനുമുള്ള ആഹ്വാനവുമടങ്ങിയതാണ് മതത്തിന്റെ ധര്‍മസൂക്തങ്ങള്‍. മനുഷ്യനില്‍ വിശ്വസിക്കുകയും അവനെ ആദരിക്കുകയും ചെയ്യുന്ന ഈശ്വരനെ കാണാം വേദപാഠങ്ങളില്‍. 

ആ ഈശ്വരന്റെ സാന്നിധ്യത്തെ ശരിയായി തിരിച്ചറിയുക എന്നതാണ് പ്രധാനം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 87,88
എ.വൈ.ആര്‍