Prabodhanm Weekly

Pages

Search

2015 ജനുവരി 30

ഐക്യത്തിന്റെ പ്രായോഗിക വഴികള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് /ലേഖനം

         കേരള മുസ്‌ലിംകള്‍ക്കിടയില്‍ നിരവധി സംഘടനകളുണ്ട്; അവക്കിടയില്‍ ചെറുതും വലുതും നിസ്സാരവും ഗുരുതരവുമായ അഭിപ്രായ വ്യത്യാസങ്ങളും. അതോടൊപ്പം എല്ലാവര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ സംഘടനാ നേതാക്കള്‍ക്ക് ഒരുമിച്ചിരിക്കാനും കൂട്ടായ തീരുമാനങ്ങളെടുക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സാധിക്കുമെന്ന് നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഷാബാനു കേസിനെത്തുടര്‍ന്നുണ്ടായ ശരീഅത്ത് സംവാദവേളയില്‍ മുസ്‌ലിം വ്യക്തിനിയമ സംരക്ഷണത്തിന് ഒരുമിച്ചുനിന്നു. റമദാന്‍, പെരുന്നാളുകള്‍ എന്നിവയുടെ ഏകീകരണത്തിനായുള്ള ശ്രമങ്ങളിലും വിട്ടുവീഴ്ചയോടെയും സഹകരണത്തോടെയും വര്‍ത്തിച്ചു. വിദ്യാഭ്യാസ രംഗത്തും മറ്റും സമുദായ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ സമീപനം സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോഴും ഒരുമിച്ചുനിന്ന് അവയെ പ്രതിരോധിക്കാന്‍ സംഘടനകളുടെ കൂട്ടായ്മകള്‍ ശ്രമിച്ചുപോന്നിട്ടുണ്ട്.

മുസ്‌ലിം സംഘടനകളുടെ പൊതുവേദികള്‍ പലപ്പോഴും രൂപം കൊണ്ടിട്ടുണ്ട്. അവയില്‍ ചിലതെല്ലാം ഏതാനും വര്‍ഷം നിലനില്‍ക്കുകയുണ്ടായി. കഴിഞ്ഞ റമദാനില്‍ രൂപംകൊണ്ട ഒരു പൊതുവേദി ഇപ്പോള്‍ നിലവിലുണ്ട്. അടുത്തകാലത്ത് സംഘടനാ നേതാക്കളുടെ വ്യത്യസ്ത സ്വഭാവത്തിലുള്ള നിരവധി കൂട്ടായ്മകള്‍ രൂപംകൊള്ളുകയുണ്ടായി. ഐക്യ ചര്‍ച്ചകളും സംഘടിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ സംഘടനകളും നേതാക്കളും തമ്മില്‍ സ്‌നേഹവും സൗഹൃദവും വളര്‍ന്നുവന്നിട്ടുണ്ട്. ഈ കൂട്ടായ്മ നിലനിര്‍ത്താനും കൂടുതല്‍ ഫലപ്രദമാക്കാനും ഉപകരിക്കുന്ന ചില പ്രായോഗിക നിര്‍ദേശങ്ങളാണിവിടെ സമര്‍പ്പിക്കുന്നത്.

സ്ഥിരം പൊതുവേദി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനും കെ.പി.എ മജീദ് കണ്‍വീനറുമായുള്ള പൊതുവേദിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാ മുസ്‌ലിംസംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വികസിപ്പിക്കുക. സമുദായത്തിനകത്തോ പുറത്തോ എന്തൊക്കെ സംഭവിച്ചാലും ഈ വേദിക്ക് വിഘാതം വരില്ലെന്നും സ്ഥിരമായി നിലനില്‍ക്കുമെന്നും ഉറപ്പ് വരുത്തുക. മൂന്നു മാസത്തിലൊരിക്കലെങ്കിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് സമകാലികാവസ്ഥയെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുക.

സംസ്ഥാനതലത്തിലുള്ളതുപോലുള്ള പൊതുവേദികള്‍ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും രൂപീകരിച്ച് ഐക്യവും കൂട്ടായ്മയും താഴെ തട്ടിലും വളര്‍ത്തിയെടുക്കുക. അപ്പോള്‍ മാത്രമേ സംഘടനകള്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പൂര്‍ണാര്‍ഥത്തില്‍ ഫലപ്രദമാവുകയുള്ളൂ. പലപ്പോഴും അണികളുടെ സമ്മര്‍ദമാണ് നേതാക്കളുടെ കൂട്ടായ്മക്ക് തടസ്സം സൃഷ്ടിക്കാറുള്ളത്.

പൊതു സ്ഥലങ്ങളിലെ വിവാദങ്ങള്‍

വ്യത്യസ്ത സംഘടനകള്‍ക്കിടയില്‍ വീക്ഷണ വ്യത്യാസമുള്ള വിഷയങ്ങളില്‍ വിശദീകരണങ്ങളും സംവാദങ്ങളുമുണ്ടാവുക സ്വാഭാവികം. എന്നാല്‍, ക്ലിപ്പിംഗുകളുപയോഗിച്ചും അല്ലാതെയുമുള്ള അത്തരം അവതരണങ്ങള്‍ തെരുവോരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും വെച്ച് നടത്തുന്നത് സഹോദര സമുദായങ്ങള്‍ക്ക് ശാപവും ശല്യവുമായി മാറുന്നുണ്ട്. അവരില്‍ ഇസ്‌ലാമിനെ സംബന്ധിച്ച മതിപ്പും ആദരവും ഗണ്യമായി കുറയാന്‍ കാരണമാകുന്നുണ്ട്. അഭ്യസ്തവിദ്യരായ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് മതസംഘടനകളെയും അവയുടെ പണ്ഡിതന്മാരെയും സംബന്ധിച്ച് ഒട്ടും മതിപ്പില്ലാതാവാനും ഇത് കാരണമായിത്തീരുന്നു. അവസാനമത് ഇസ്‌ലാമിനോടു തന്നെയുമുള്ള പുഛവും ശത്രുതയുമായി മാറുന്നു. അതിനാല്‍ മതസംഘടനകളുടെ പരസ്പര വിമര്‍ശനങ്ങള്‍ അവയില്‍ താല്‍പര്യമുള്ളവര്‍ മാത്രം കേള്‍ക്കുംവിധം ഇന്‍ഡോര്‍ പരിപാടികളായി മാത്രം നടത്തുക. അതുതന്നെ, മാന്യമായ ശൈലിയിലാകണമെന്നാണല്ലോ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്.

ഖുറാഫികള്‍, വഹാബികള്‍, മൗദൂദികള്‍, മുബ്തദിഉകള്‍, മുനാഫിഖുകള്‍, മുശ്‌രിക്കുകള്‍ തുടങ്ങിയ ആക്ഷേപ പ്രയോഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ഒരു സംഘടനയെയും അവര്‍ക്കിഷ്ടമില്ലാത്ത പേരുകളില്‍ സംബോധന ചെയ്യരുത്. ഓരോ സംഘടനയും സ്വയം സ്വീകരിച്ച് അംഗീകരിച്ച പേരുകളില്‍ മാത്രം സംബോധന ചെയ്യുക. എഴുത്തുകളിലും പ്രസംഗങ്ങളിലുമെല്ലാം ഇക്കാര്യം ശ്രദ്ധിക്കുക. സംഘടനകള്‍ തമ്മിലും നേതാക്കള്‍ പരസ്പരവും ആദരവും ഗുണകാംക്ഷയും പുലര്‍ത്തുക. നിരവധി സംഘടനകള്‍ നിലവിലുണ്ടെന്നിരിക്കെ അതിനെ ഒരു യാഥാര്‍ഥ്യമായി കണ്ട് എല്ലാവരുടെയും അസ്തിത്വം അംഗീകരിക്കുക.

പരസ്പര സന്ദര്‍ശനം

ഞാന്‍ വ്യത്യസ്ത സംഘടനകളുടെ ഓഫീസുകളും സ്ഥാപനങ്ങളും വിവിധ സംഘടനാ നേതാക്കളുടെയും പണ്ഡിതന്മാരുടെയും വീടുകളും സന്ദര്‍ശിക്കാറുണ്ട്. എല്ലാവരും വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണ് സ്വീകരിക്കാറുമുള്ളത്. മറിച്ച് ഒരനുഭവം ഇന്നോളം ഉണ്ടായിട്ടില്ല. ഏതു സംഘടനയുടെ നേതാവോ പണ്ഡിതനോ ആയാലും രോഗികളാകുമ്പോള്‍ സന്ദര്‍ശിക്കാറുണ്ട്. മരണവേളകളില്‍ സംബന്ധിക്കാറുണ്ട്.

നേതാക്കളുടെ പരസ്പര സന്ദര്‍ശനവും രോഗ, മരണ, വിവാഹവേളകളിലെ സാന്നിധ്യവും, സ്‌നേഹവും സൗഹൃദവും വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കും. അത് അണികളില്‍ സാരമായ സ്വാധീനം ചെലുത്തും. താഴേ തട്ടില്‍ വരെ അതിന്റെ സദ്ഫലങ്ങള്‍ പ്രകടമാകും.

ബാങ്ക് ഏകീകരണം

ബാങ്കിന്റെ സമയനിര്‍ണയത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില കാലത്ത് സ്വുബ്ഹിയുടെയും മഗ്‌രിബിന്റെയും ബാങ്കുകള്‍ക്കിടയില്‍ അഞ്ചും ആറും മിനിറ്റുകളുടെ വ്യത്യാസമുണ്ട്. ഇത് മുസ്‌ലിംകള്‍ക്കെന്ന പോലെ ഇതര ജനവിഭാഗങ്ങള്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നു.

ഇക്കാര്യത്തെ സംബന്ധിച്ച് എല്ലാ സംഘടനാ നേതാക്കളും പണ്ഡിതന്മാരും വേണ്ടത്ര ബോധവാന്മാരാണ്. അതുകൊണ്ടുതന്നെ ബാങ്കിന്റെ സമയം ഏകീകരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. എം.എസ്.എസ്സിന്റെ നേതൃത്വത്തില്‍ മൂന്നു നാലു തവണ ചര്‍ച്ചകള്‍ നടന്നു. അത് ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായത് ഇരു വിഭാഗത്തിനും അവരുടേതായ തെളിവുകളും ന്യായങ്ങളുമുണ്ടെന്നാണ്. അതുകൊണ്ടുതന്നെ ഇനി രണ്ടു വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് വിട്ടുവീഴ്ചയാണ് വേണ്ടത്.

ഈ സാഹചര്യത്തില്‍ മറ്റൊരു നിര്‍ദേശം ആലോചിക്കേണ്ടതാണ്. ഒരു പ്രദേശത്ത് ഒരൊറ്റ പള്ളിയില്‍ നിന്നു മാത്രം ഉച്ചഭാഷിണിയില്‍ ബാങ്ക് കൊടുക്കുക. മറ്റു പള്ളികളില്‍ ഉച്ചഭാഷിണികളില്ലാതെയും. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍ മാസാടിസ്ഥാനത്തില്‍ ഭാഗിക്കാവുന്നതാണ്.

പള്ളി നിര്‍മാണം

ജില്ലാ കലക്ടറുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ ഇപ്പോള്‍ പള്ളിനിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. ആരെങ്കിലും എതിര്‍ത്താല്‍ അനുമതി ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ സമീപകാലത്ത് ആര്‍ക്കും പള്ളി നിര്‍മാണത്തിന് അനുവാദം ലഭിക്കാറില്ല. പള്ളിക്ക് അനുവാദം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധിയോളം പരിഹരിക്കാനാകും. സമുദായത്തിലെ എല്ലാ സംഘടനകളുടെയും കൂട്ടായ ശ്രമം ഇക്കാര്യത്തില്‍ നിരന്തരം ഉണ്ടാകേണ്ടതുണ്ട്.

അതോടൊപ്പം പള്ളികളും പാഠശാലകളും മറ്റു സ്ഥാപനങ്ങളും ഉണ്ടാക്കുമ്പോള്‍ പരസ്പരം പാരവെക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതു സംഘടനയും തങ്ങള്‍ക്കാവശ്യമായ സ്ഥാപനം ഉണ്ടാക്കി നടത്തിക്കൊള്ളട്ടെ. അതിനു തടസ്സം നില്‍ക്കാതിരിക്കാനുള്ള മര്യാദയാണ് മറ്റുള്ളവര്‍ കാണിക്കേണ്ടത്.

പള്ളികളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ ഉടമാവകാശത്തിലോ നടത്തിപ്പിലോ തര്‍ക്കമുണ്ടായാല്‍ അത് ബന്ധപ്പെട്ട പഞ്ചായത്തിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കണം. സാധ്യമായില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലയിലെ കൂട്ടായ്മ പ്രശ്‌നം പഠിച്ച് നീതിപൂര്‍വം തര്‍ക്കം തീര്‍ക്കാന്‍ മുന്‍കൈയെടുക്കണം. അവിടെയും പരാജയപ്പെട്ടാല്‍ സംസ്ഥാന നേതൃത്വം മുന്‍കൈയെടുത്ത് തര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കണം. എന്നിട്ടും വിജയിച്ചില്ലെങ്കില്‍ മാത്രമേ പ്രശ്‌നം പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തുകയുള്ളൂവെന്ന് എല്ലാ സംഘടനകളും തീരുമാനിക്കണം.

പെരുമാറ്റച്ചട്ടവും പ്ലാനിംഗും

സംഘടനകള്‍ക്കിടയില്‍ ആരോഗ്യകരമായ പരസ്പര ബന്ധം നിലനിര്‍ത്താന്‍ ഒരു പെരുമാറ്റച്ചട്ടമുണ്ടാക്കി നടപ്പാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. സംഘടനാ നേതാക്കളുടെ പൊതുവേദിക്ക് ഇത്തരം ഒരു പെരുമാറ്റച്ചട്ടം ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയെടുക്കാനാവും.

പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ സമുദായത്തിന് പൊതുവെ സ്വീകാര്യമായ ഒരു കര്‍മപരിപാടി ആവിഷ്‌കരിക്കാനും ശ്രമം നടത്തേണ്ടതാണ്. വരുന്ന അഞ്ചു വര്‍ഷത്തേക്കാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനും അവ സംഘടനകള്‍ ഭാഗിച്ചെടുക്കാനും സന്നദ്ധമായാല്‍ മത്സരം ആരോഗ്യകരമായി മാറും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 87,88
എ.വൈ.ആര്‍