നെടുകെയും കുറുകെയും പിളര്‍ന്ന് യമന്‍
നെടുകെയും കുറുകെയും പിളര്‍ന്ന് യമന്‍
ഇതെഴുതുമ്പോള്‍ യമനില്‍ നിന്നുള്ള ഒടുവിലത്തെ വാര്‍ത്ത, പ്രസിഡന്റിന്റെ കൊട്ടാരം ഹൂഥികള്‍ എന്ന് അറിയപ്പെടുന്ന അന്‍സാറുല്ല മിലീഷ്യ വളഞ്ഞിരിക്കുന്നു എന്നാണ്. പ്രസിഡന്റിന്റെ സുരക്ഷാ സേനയുമായുള്ള വെടിവെപ്പില്‍ പത്തോളം പേര്‍ മരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ഖാലിദ് ബഹാഹിന്റെ വാഹനത്തിനു നേരെയും ആക്രമണമുണ്ടായി. ഭൂഗോളത്തിലെ ഏറ്റവും അരക്ഷിതമായ പ്രദേശങ്ങളിലൊന്നായി മാറിയിരിക്കുന്നു യമന്‍. ദുര്‍ബലനും ഒട്ടും ദൂരക്കാഴ്ചയില്ലാത്തവനുമായ പ്രസിഡന്റ് നാട് ഭരിച്ചാലുണ്ടാവുന്ന ദുരന്തമാണ് യമന്‍ ഇന്ന് ഏറ്റുവാങ്ങുന്നത്.
നിതാന്ത ശത്രുക്കളോ സുഹൃത്തുക്കളോ ഇല്ല എന്നതാണ് യമനിലെ ആഭ്യന്തരയുദ്ധത്തിന്റെ സവിശേഷത. ഏത് കൊടിയ ശത്രുവും തൊട്ടടുത്ത നിമിഷം മിത്രമായി മാറാം. പ്രസിഡന്റ് അബ്ദുറബ്ബുഹു മന്‍സൂര്‍ ഹാദിയുടെ കാര്യം തന്നെ എടുക്കാം. മുന്‍ ഏകാധിപതി അബ്ദുല്ല സാലിഹിന്റെ നിഴലായി നിന്ന ഇദ്ദേഹം, ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സാലിഹ് പുറത്താക്കപ്പെട്ടപ്പോള്‍ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ ആളാണ്; പുതിയൊരു സംവിധാനം ഉണ്ടാവുന്നത് വരെ മാത്രമേ അധികാരത്തില്‍ തുടരൂ എന്ന വ്യവസ്ഥയില്‍.ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണയും ഇതിന് ലഭിച്ചു. അല്‍ ഇസ്‌ലാഹ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകളും ഹാദിയെ പിന്തുണച്ചു. ഹൂഥികളും വടക്കന്‍ യമനിലെ വിഘടനവാദികളും മാത്രമാണ് വിട്ടുനിന്നത്.
ഏറെ വൈകാതെ, സൈന്യത്തിലും 'അല്‍ മുഅ്തമറുശ്ശഅ്ബി' എന്ന ഭരണകക്ഷിയിലും പെട്ട സാലിഹ് പക്ഷക്കാര്‍ ഹാദിക്കെതിരെ തിരിഞ്ഞു. സാലിഹ് പക്ഷക്കാരെ ഒതുക്കാന്‍ ഹാദി കൂട്ടുപിടിച്ചത് അല്‍ ഇസ്‌ലാഹ് എന്ന ഇസ്‌ലാമിസ്റ്റ് ആഭിമുഖ്യമുള്ള പ്രതിപക്ഷ പാര്‍ട്ടിയെ. സാലിഹ് പക്ഷവും വെറുതെയിരുന്നില്ല. അവര്‍ ഹൂഥികളെ കൂട്ടുപിടിച്ച് യമനിലുടനീളം ആഭ്യന്തര കലാപത്തിന്റെ വിത്തുകള്‍ പാകി. സാലിഹ് അധികാരത്തിലിരിക്കുമ്പോള്‍ അയാളുടെ മുഖ്യ പ്രതിയോഗിയായിരുന്നു ഹൂഥി വിഭാഗം എന്നോര്‍ക്കണം.
പിന്നെയാണ് അയല്‍ രാഷ്ട്രങ്ങള്‍ പ്രശ്‌നത്തില്‍ മറ്റൊരു രീതിയില്‍ ഇടപെടുന്നത്. ഇസ്‌ലാമിസ്റ്റുകളെ ഒതുക്കുക എന്നതായിരുന്നു അവരുടെ പുതിയ അജണ്ട. ഭരണമേഖലയിലും സൈന്യത്തിലും ആഴത്തില്‍ വേരുകളുള്ള അല്‍ അഹ്മര്‍ കുടുംബത്തെയും അവരെ പിന്തുണക്കുന്ന അല്‍ ഇസ്‌ലാഹിനെയും പിഴുത് മാറ്റണം. ഇത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇറാന്റെയും ഒക്കെ ആവശ്യമാണ്. ഈ 'ബദ്ധവൈരികള്‍' എല്ലാം ചേര്‍ന്ന് ഹൂഥികളെ അല്‍ ഇസ്‌ലാഹിനെതിരെ തിരിച്ചുവിട്ടു. അപകടം മണത്ത അല്‍ ഇസ്‌ലാഹ്, ഹൂഥികളുമായി നേരിട്ട് ഏറ്റുമുട്ടലിന് നില്‍ക്കാതെ തന്ത്രപരമായി പിന്‍വാങ്ങി. നേരത്തെ ഹൂഥികളെ സമര്‍ഥമായി നേരിട്ടിരുന്നത് അല്‍ ഇസ്‌ലാഹിന്റെ സായുധ വിഭാഗങ്ങളായിരുന്നു. ഒടുവില്‍ കേള്‍ക്കുന്നു, അല്‍ ഇസ്‌ലാഹും ഹൂഥികളും തമ്മില്‍ സന്ധിസംഭാഷണത്തിന് വഴിയൊരുങ്ങിയിട്ടുണ്ടെന്ന്!
യമനില്‍ ആര്‍, ആര്‍ക്കെതിരെ, എന്തിനു പോരാടുന്നു? ഒന്നിനും ഒരു തീര്‍ച്ചയുമില്ല. ഫലത്തില്‍ ആ രാഷ്ട്രം രണ്ടായി വിഭജിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തലസ്ഥാന നഗരമായ സന്‍ആ ഇപ്പോള്‍ ഇറാന്‍ അനുകൂല ഹൂഥി വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഭരണഭാരം വന്നുചേരാതിരിക്കാന്‍ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നില്ല എന്നേയുള്ളൂ. ഒരു കാര്യം ഉറപ്പായിരിക്കുന്നു: പഴയ യമനിലേക്കുള്ള തിരിച്ചുപോക്ക് ഇനി അസാധ്യമാണ്.
നിങ്ങള്‍ ഷാര്‍ലി ആണെങ്കില്‍....
'ഞാന്‍ ഷാര്‍ലിയാണ്' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച്, തീവ്രവാദികളുടെ തോക്കിനിരയായ പാരീസിലെ ഷാര്‍ലി എബ്‌ദോ പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയവര്‍ എന്തു വില കൊടുത്തും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കും എന്നാണല്ലോ പ്രതിജ്ഞയെടുത്തത്. 'ഞാന്‍ ഷാര്‍ലിയല്ല' എന്ന് പറയാന്‍ താരിഖ് റമദാനെപ്പോലുള്ള ചുരുക്കം പേരേ ധൈര്യപ്പെട്ടുള്ളൂ. പ്രവാചകനെയും ഒരു പ്രത്യേക സമുദായത്തെയും മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന പത്രത്തിന്റെ ഇരട്ടാത്താപ്പിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. അതത്ര വലിയ ധീരതയൊന്നുമല്ല എന്നും അദ്ദേഹം പറഞ്ഞു. ധീരത കാണിക്കേണ്ടിയിരുന്നത് ഫ്രാന്‍സിലെ മീഡിയയെയും സാമ്പത്തിക മേഖലയെയും അടക്കിവാഴുന്ന സയണിസത്തിനെതിരെയായിരുന്നു. അത് ഉണ്ടായില്ലെന്നു മാത്രമല്ല സയണിസ്റ്റ് ലോബിക്ക് അസ്വാരസ്യമുണ്ടാക്കുന്നതൊന്നും വരാതിരിക്കാനും പത്രം ശ്രദ്ധിച്ചു. ഇസ്രയേലിന്റെ ഭീകരമായ ഗസ്സാ ആക്രമണം പത്രത്തിന് വിഷയമാകാതിരുന്നത് അതുകൊണ്ടാണ്.
പക്ഷേ, 2008-ല്‍ ചെറിയൊരു കൈയബദ്ധം പറ്റി. പത്രത്തില്‍ ജോലി ചെയ്യുന്ന മൊറീസ് സിനെ എന്ന കാര്‍ട്ടൂണ്‍ കോളമിസ്റ്റ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയുടെ മകന്‍ ഴാന്‍ സര്‍ക്കോസിയുടെ സ്വകാര്യ ജീവിതത്തില്‍ കൈവെച്ചു. ജെസ്സിക സിബോണ്‍ ഡാര്‍ട്ടി എന്ന യുവതിയുമായി ഴാന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാവുമെന്നും കോടീശ്വരിയായ യുവതിയുടെ സ്വത്തില്‍ കണ്ണുവെച്ചാണ് വിവാഹത്തിന് ശ്രമിക്കുന്നതെന്നും സിനെ സൂചന നല്‍കി. യുവതി ജൂത മതക്കാരിയായതുകൊണ്ട് ഴാന്‍ യഹൂദ മതം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും കളിയാക്കിയിരുന്നു. ഒരു സാദാ സംഭവം. ഓരോ രാജ്യത്തും ഇതിന് സമാനമായ എത്രയോ സംഭവങ്ങള്‍ നടക്കുകയും മീഡിയ അതൊക്കെ ഇഴകീറി ചര്‍ച്ചയാക്കുകയും കാര്‍ട്ടൂണ്‍ വരക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
പക്ഷേ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്വന്തം നാട്ടിലെ സയണിസ്റ്റ് ലോബി ഇളകി. മതം മാറാന്‍ ശ്രമിക്കുന്നു എന്ന പരാമര്‍ശം ജൂതമതത്തിന് അപമാനകരമാണെന്നും അതിനാല്‍ തന്നെ സെമിറ്റിക് വിരുദ്ധമാണെന്നും അവര്‍ വാദിച്ചു. ഉടന്‍ തന്നെ ഷാര്‍ലി എബ്‌ദോയുടെ എഡിറ്റര്‍ ഫിലിപ്പ് വാല്‍, കോളമിസ്റ്റ് സിനെയോട് ക്ഷമാപണം നടത്താന്‍ പറഞ്ഞു. ഒരു മുട്ടന്‍ തെറിയായിരുന്നു സിനെയുടെ മറുപടി. ഇരുപത് വര്‍ഷം ഷാര്‍ലി എബ്‌ദോയില്‍ ജോലി ചെയ്ത സിനെ തല്‍ക്ഷണം പുറത്ത്. ബര്‍നാഡ് ഹെന്റി ലെവി പോലുള്ള മഹാ ബുദ്ധിജീവികളൊക്കെ എഡിറ്ററുടെ പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്. ഇവരാണല്ലോ ഏതാണ്, ഏതല്ല അഭിപ്രായ സ്വാതന്ത്ര്യം എന്ന് തീരുമാനിക്കുന്നത്. സിനെ നേരെ പോയി സിനെ എബ്‌ദോ എന്ന ഒരു വാരിക തുടങ്ങുകയും ചെയ്തു.
എന്നു മാത്രമല്ല എണ്‍പതുകാരനായ സിനെക്കെതിരെ 'വംശീയ വിദ്വേഷം ഇളക്കിവിട്ടതിന്' കേസെടുക്കുകയും ചെയ്തു. കേസിന്റെ വിധിയെന്തായി എന്നറിയില്ല. അന്യായമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് നഷ്ടപരിഹാരമായി 40,000 യൂറോ സിനെക്ക് നല്‍കേണ്ടിവന്നു ഷാര്‍ലി എബ്‌ദോക്ക് എന്നറിയാം. അല്ലെങ്കിലും കുഴിയിലേക്ക് കാല് നീട്ടിയിരിക്കുന്ന കിഴവന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്തു വില! 'നിങ്ങള്‍ ഷാര്‍ലി ആണ്' എങ്കില്‍ ഇതിനൊരു മറുപടി തരൂ.
ഖിലാഫത്ത് ചാനല്‍
ഇത് ഇറാഖിലെ 'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്ന തീവ്രവാദി മിലീഷ്യയുടെ വെബ് ചാനലാണ്. മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണ് ചാനല്‍ തുടങ്ങാന്‍ പ്രേരണ. ഒന്ന്, അമേരിക്കയും കൂട്ടാളികളും ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന സംഘടനയെക്കുറിച്ച് പ്രചരിപ്പിക്കുന്ന 'തെററിദ്ധാരണകള്‍' നീക്കം ചെയ്യുക. രണ്ട്, 'ഇസ്‌ലാമിക് സ്റ്റേറ്റി'ന്റെ 'ആദര്‍ശ'ത്തിലേക്ക് ആളെ കൂട്ടുക; പ്രത്യേകിച്ച് യുവാക്കളെ. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൗസില്‍ കേന്ദ്രീകരിച്ചാണ് ചാനല്‍. ലൈവ് സംേപ്രഷണം ഉടനെ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. കുറെയധികം കഴിവുറ്റ മാധ്യമ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ചാനലിന്റെ അണിയറയിലുണ്ടെന്നാണ് അല്‍ജസീറയുടെ റിപ്പോര്‍ട്ട്. ഇവരില്‍ പലരും 'ഇസ്‌ലാമിക് സ്റ്റേറ്റി'നോട് വിയോജിപ്പുള്ളവരാണെങ്കിലും അവരുമായി സഹകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അറബ് ലോകത്തിന് പുറത്ത്, യൂറോ-അമേരിക്കന്‍-ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പറ്റുന്ന വിധം മികച്ച രീതിയിലായിരിക്കും ഈ വിഭാഗത്തിന്റെ മീഡിയ ഇടപെടല്‍ എന്നതിനാല്‍, ഷാര്‍ലി എബ്‌ദോ മോഡല്‍ ഓപ്പറേഷന്‍ ഇനിയുമുണ്ടായേക്കാം.
Comments