Prabodhanm Weekly

Pages

Search

2015 ജനുവരി 30

രജതജൂബിലി ആഘോഷിക്കുന്ന <br> പിണങ്ങോട് ഐഡിയല്‍ കോളേജ്

നവാസ് പൈങ്ങോട്ടായി /ഫീച്ചര്‍

         പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ വയനാട് മത-ഭൗതിക വിദ്യാഭ്യാസ രംഗങ്ങളില്‍ മുസ്‌ലിംകള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ്. ജില്ലയിലെ മുസ്‌ലിം സമൂഹം നേരിടുന്ന വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരമെന്നോണം ദീനീ-ലൗകിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഒരു തലമുറയെ ജില്ലയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ച് 1989-ലാണ് പിണങ്ങോട് ഇസ്‌ലാമിയ കോളേജ് സ്ഥപിതമായത്. എന്‍. അബൂബക്കര്‍ഹാജി, വി.പി ഇസ്മായില്‍ ഹാജി, സി.കെ മൊയ്തുഹാജി എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് കോളേജ് ആരംഭിച്ചത്. സ്ഥാപനത്തിന്റെ നിര്‍മാണത്തിലും വളര്‍ച്ചയിലും ഇവരോടൊപ്പം കെ.എന്‍ അബ്ദുല്ല മൗലവിയും പങ്ക് വഹിച്ചു. വയനാട്ടിലെ നവോത്ഥാന-നവീകരണ സംരംഭങ്ങള്‍ക്ക് പിണങ്ങോട് പ്രദേശത്ത് വിത്ത്പാകിയ മര്‍ഹൂം സി.കെ മമ്മുഹാജിയുടെയും, സഹോദരന്മാരായ സി.കെ കുഞ്ഞബ്ദുല്ല ഹാജി, സി.കെ മൊയ്തുഹാജി എന്നിവരുടെയും പ്രേരണയിലും താല്‍പര്യത്തിലും അവരുടെ പിതാവായ സി.കെ കുഞ്ഞിക്കുട്ട്യാലി ഹാജി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വഖ്ഫ് ചെയ്ത സ്ഥലത്താണ് ഐഡിയല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. നാടിന്റെ വിദ്യാഭ്യാസ, നവോത്ഥാന സംരംഭങ്ങളില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച മുന്‍ഗാമികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാന്‍ സര്‍വശക്തനോട് പ്രാര്‍ഥിക്കുന്നു.

വയനാട് ജില്ലയുടെ വൈജ്ഞാനിക സാംസ്‌കാരിക വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച സ്ഥാപനം ഇരുപത്തിയഞ്ച് സംവത്സരങ്ങള്‍ പിന്നിട്ട് 'രജതജൂബിലി' ആഘോഷിക്കുകയാണ്. ആര്‍ട്ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സാ(AIC)ണ് തുടക്കം മുതല്‍ നിലവിലുള്ളത്. നേരത്തേ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൈവറ്റ് രജിസ്‌ട്രേഷന് കീഴില്‍ ത്രിവര്‍ഷ പ്രീഡിഗ്രി കോഴ്‌സായിരുന്നു. പിന്നീട് ഐ.എച്ച്.എസ്.സി എന്ന പേരില്‍ ദ്വിവല്‍സര കോഴ്‌സുകളായി. കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളിന്റെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളോടൊപ്പം മജ്‌ലിസ് സിലബസും ചേര്‍ത്തതായിരുന്നു പ്രസ്തുത പാഠ്യപദ്ധതി  1995 മുതല്‍ സ്ഥാപനം ബിരുദ തലത്തില്‍ ബി.കോം, ബി.എ സോഷ്യോളജി എന്നീ കോഴ്‌സുകളുള്‍ക്കൊള്ളുന്ന ഡിഗ്രി കോളേജായി ഉയര്‍ത്തപ്പെട്ടു.

പിണങ്ങോട് ഇസ്‌ലാമിയാ കോളേജ് എന്ന പേരിലുള്ള സ്ഥാപനം 2014 ലെ ജൂബിലി പ്രഖ്യാപനത്തിലൂടെയാണ് ഐഡിയല്‍ കോളേജ് എന്ന പേരില്‍ അറിയപ്പെട്ടത്. പ്ലസ്‌വണ്‍  മുതല്‍ ഡിഗ്രി വരെ മുന്നൂറോളം വിദ്യാര്‍ഥികള്‍ സ്ഥാപനത്തിലുണ്ട്. ഇതിനകം അഞ്ച് ബാച്ചുകള്‍ ഡിഗ്രി പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയുണ്ടായി.

ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഗുണമേന്‍മയും മൂല്യബോധവുമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1995 ജൂണില്‍ തുടങ്ങിയ ബോയ്‌സ് ഹോസ്റ്റല്‍ ഇന്ന് ദാറുല്‍ മര്‍ഹമ’ എന്ന പേരില്‍ സമൂഹത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ക്കൊരത്താണിയും ആലംബവുമാണ്.

1999-ല്‍ 'ഐഡിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പിണങ്ങോട്' എന്ന പേരില്‍ ടി.കെ ഫാറൂഖ് ചെയര്‍മാനായി രൂപീകരിക്കപ്പെട്ട ട്രസ്റ്റിന്റെ കീഴിലാണ് ഐഡിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍, ദാറുല്‍ മര്‍ഹമ (ബോയ്‌സ്‌ഹോസ്റ്റല്‍), ഇംഗ്ലീഷ് മീഡിയം നഴ്‌സറിസ്‌കൂള്‍, കാമ്പസ് മസ്ജിദ്, ടൗണ്‍ ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

വിദ്യാഭ്യാസ, ജീവകാരുണ്യ, ജനസേവന രംഗത്ത് വയനാടിന്റെ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ ക്രിയാത്മകവും കാലോചിതവുമായ പദ്ധതികള്‍ നടപ്പാക്കാനും, ഐഡിയല്‍ കോളേജ് ന്യൂബ്ലോക്ക്, ഗേള്‍സ്-ബോയ്‌സ് ഹോസ്റ്റലുകള്‍, സ്ഥിര വരുമാനത്തിനുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയവക്കുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാനും ജൂബിലിയോടനുബന്ധിച്ച് ട്രസ്റ്റ് ആഗ്രഹിക്കുന്നു.

മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം 2015 ജനുവരി 30, 31 (വെള്ളി, ശനി) തീയതികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കുന്നു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 87,88
എ.വൈ.ആര്‍