ഇങ്ങനെയാണ് പ്രവാചകനെ ആദരിക്കേണ്ടത്
ഷാര്‍ലി എബ്‌ദോയിലെ പത്രപ്രവര്‍ത്തകര്‍ വധിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഞെട്ടലും ഭീതിയുമാണ് എന്നിലുണ്ടായ ആദ്യ പ്രതികരണം. ലോകത്തുള്ള അസംഖ്യം ഇസ്‌ലാമിക പണ്ഡിതന്മാരോടൊപ്പം ഈ അതിക്രമത്തെ ഞാനും ശക്തിയായി അപലപിച്ചു. ഇത് ഇസ്‌ലാമിക അധ്യാപനങ്ങളോടുള്ള ചതിയാണെന്ന് വിളിച്ചുപറഞ്ഞു. ഘാതകര്‍ പറഞ്ഞത് തങ്ങള്‍ പ്രവാചകനു വേണ്ടി പ്രതികാരം ചെയ്യുന്നു എന്നാണല്ലോ. യഥാര്‍ഥത്തില്‍ അവര്‍ പുറത്തെടുത്ത ഹിംസ പ്രവാചക മാതൃകക്ക് കടകവിരുദ്ധമായിരുന്നു എന്നതാണ് സത്യം.
പ്രവാചകനെ കരിവാരിത്തേക്കുന്ന പ്രവണതകളോട് എനിക്കുള്ള അമര്‍ഷവും രോഷവും ഒട്ടും കുറക്കുന്നതല്ല പാരീസിലെ അക്രമ സംഭവം എന്നു കൂടി പറഞ്ഞുകൊള്ളട്ടെ. എത്രയോ കാലമായി അവര്‍ പ്രവാചകനെ നിരന്തരം അപഹസിക്കുന്നു, പരിഹസിക്കുന്നു. ഒരാള്‍ക്കും ഈ ശൈലി അംഗീകരിക്കാനാവില്ല. ആളുകള്‍ പ്രകോപിതരാവുക സ്വാഭാവികം. പക്ഷേ, കാര്യങ്ങള്‍ നേരെയാക്കാനുള്ള വഴി നമ്മുടെ മുമ്പിലില്ല താനും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്റെ ആ വിവേകപൂര്‍ണമായ ഉപദേശം നമ്മുടെ മനസ്സിലുണ്ടാവണം. അവിടുന്ന് പറഞ്ഞു: ''മല്ല യുദ്ധത്തില്‍ എതിരാളിയെ ഇടിച്ചുവീഴുത്തുന്നവനല്ല ശക്തിമാന്‍; മറിച്ച്, കോപം വരുമ്പോള്‍ അതിനെ നിയന്ത്രിക്കുന്നവനാണ്.''
ഈ പ്രവാചക വചനം വികാരങ്ങളെ ക്രിയാത്മകമായ രീതിയിലേക്ക് വഴിതിരിച്ചുവിടാന്‍ എനിക്ക് പ്രേരണയായി. കുപ്രചാരണങ്ങള്‍ തിമര്‍ക്കുന്ന ഇത്തരം സംഘര്‍ഷാവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ ആ വെല്ലുവിളിയെ പ്രവാചകന്‍ എങ്ങനെ നേരിട്ടു എന്ന് പഠിക്കാനും ഈ വചനം സഹായകമായി. കടുത്ത എതിരാളിയെപ്പോലും തന്റെ പക്ഷത്തേക്ക് കൊണ്ടുവരുന്നതിലായിരുന്നു പ്രവാചകന്റെ മിടുക്ക് എന്ന് കാണാന്‍ കഴിയും. വിജയത്തിന് മാറ്റുകൂട്ടുന്നതും ആ ഘടകമാണ്. പ്രവാചകനെതിരെ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ അവരുടെ ആയുധപ്പുരയിലെ അവസാനത്തെ ആയുധം വരെ എടുത്ത് പ്രയോഗിച്ചിരുന്നു എന്ന് നമുക്കറിയാം; ഭീഷണി, ഭേദ്യം ചെയ്യല്‍, ബഹിഷ്‌കരണം, പീഡനം, കൊല തുടങ്ങി സര്‍വ ആയുധങ്ങളും. പ്രവാചകന്റെ ചില അനുയായികളെ ശത്രുക്കള്‍ കൊത്തിനുറുക്കി കൊലപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്.
പ്രവാചകന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എങ്ങനെയാവും അദ്ദേഹം ഇന്നത്തെ കാലത്തെ പ്രകോപനങ്ങളോട് പ്രതികരിക്കുക? ഒട്ടും സംശയിക്കേണ്ട, ഇന്നത്തെ ഏറ്റവും ശക്തമായ ആ ആയുധം ഉപയോഗിച്ചുതന്നെ- മീഡിയ എന്ന ആയുധം!
തന്റെ കാലത്തെ മീഡിയയെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് പ്രവാചകന്‍ എന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ വസ്തുതയാണ്. അന്നത്തെ മീഡിയ ഇന്നത്തെപ്പോലെ ആക്ഷേപഹാസ്യങ്ങളോ കോമിക്കുകളോ സാമൂഹിക മാധ്യമങ്ങളോ ഒന്നുമായിരുന്നില്ല എന്നു മാത്രം. നബിയുടെ ജീവിതകാലത്ത് മീഡിയ എന്ന് പറഞ്ഞാല്‍ പ്രധാനമായും രണ്ടെണ്ണമായിരുന്നു; കവിതയും പ്രഭാഷണകലയും.
ഈ രണ്ട് മാധ്യമങ്ങളുപയോഗിച്ച് പ്രതിയോഗികള്‍ പ്രവാചകനെ തുടക്കം മുതലേ നിരന്തരം ഇകഴ്ത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് പ്രവാചകന്റെ പിതൃസഹോദരന്‍ തന്നെയായ അബൂലഹബും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. പ്രവാചകന്‍ ജനങ്ങളെ അഭിസംബോധനം ചെയ്യുന്ന ഇടങ്ങളില്‍ പാഞ്ഞെത്തി പ്രവാചകനെ ഉച്ചത്തില്‍ ചീത്തപ്പേരുകള്‍ വിളിക്കുക അയാളുടെ പതിവായിരുന്നു. കവി കൂടിയായ അബൂലഹബിന്റെ ഭാര്യ അക്കാലത്തെ ഏറ്റവും ശക്തമായ കവിത എന്ന മാധ്യമം ഉപയോഗിച്ച് പ്രവാചകനിന്ദ നിറഞ്ഞ വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അത്തരം കവിതകള്‍ മക്കയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഒരു വരി ഇപ്രകാരമായിരുന്നു: ''മുദമ്മമിനെ ചെറുക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു; അവന്റെ മതത്തെ ഞങ്ങള്‍ വെറുക്കുന്നു.''
'മുഹമ്മദി'നോട് ഘടനാ സാദൃശ്യമുള്ള വാക്കാണ് 'മുദമ്മമ്'. 'നിന്ദ്യന്‍' എന്നര്‍ഥം. പ്രവാചകനെ അതിരറ്റ് സ്‌നേഹിക്കുന്ന അനുയായികളെ എന്തുമാത്രം ആഴത്തില്‍ വേദനിപ്പിച്ചിരിക്കും ആ പ്രയോഗം. എതിരാളികളെ നിരായുധരാക്കുന്നതായിരുന്നു പ്രവാചകന്റെ മറുപടി. സ്വന്തം അനുയായികളെ അവിടുന്ന് ഇങ്ങനെ ആശ്വസിപ്പിച്ചു: ''നോക്കൂ, പ്രപഞ്ചനാഥന്‍ എന്നെ എങ്ങനെയെല്ലാമാണ് സംരക്ഷിക്കുന്നത്! അവര്‍ 'മുദമ്മമി'നെ നിന്ദിച്ചുകൊണ്ടിരിക്കുന്നു. ഞാനാണെങ്കില്‍ 'മുഹമ്മദ്' ആണല്ലോ.''
ഇതിനോട് സദൃശമായ ഒരു സാഹചര്യം തന്നെയല്ലേ ഇന്നു നാം അഭിമുഖീകരിക്കുന്നതും? തന്നെ എതിര്‍ത്തവരോട് ഹിംസാത്മകമായി പ്രതികരിക്കുക പ്രവാചകന്റെ രീതിയായിരുന്നില്ല. മറിച്ച്, തന്നെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന അതേ മാധ്യമത്തെ മര്‍മത്തില്‍ കൊള്ളുന്ന വിധത്തില്‍ തിരിച്ചുപയോഗിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
'അവര്‍ മുദമ്മമിനെയാണല്ലോ അധിക്ഷേപിക്കുന്നത്; ഞാന്‍ മുഹമ്മദാണല്ലോ' എന്ന പ്രവാചക വാക്യത്തെ പുതിയ കാലത്ത് വായിച്ചാല്‍, അനുയായികള്‍ തങ്ങളുടെ മനസ്സുകളില്‍ താലോലിക്കുന്ന പ്രവാചകനും എതിരാളികള്‍ കാര്‍ട്ടൂണുകളിലൂടെ അപഹസിക്കുന്ന പ്രവാചകനും ഒന്നല്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാവും. ഹസ്സാന്‍, സുഹൈര്‍, ബൂസ്വൂരി, റൂമി, അത്താര്‍, സഅ്ദി, ജാമി, സനാഇ, ശൗഖി തുടങ്ങി വിവിധ കാലങ്ങളില്‍ ജീവിച്ച മഹാകവികള്‍ പാടിപ്പുകഴ്ത്തിയ പ്രവാചകനും, കാര്‍ട്ടൂണിസ്റ്റുകള്‍ കുത്തിവരക്കുന്ന പ്രവാചകനും എങ്ങനെ ഒന്നാകാനാണ്! മഹാകവികളും മഹാരഥന്മാരും വാഴ്ത്തിയ പ്രവാചകന്‍ ദൈവത്തിന്റെ ഒരു വിനീത ദാസനായിരുന്നു; പാവങ്ങളുടെ തോഴനായിരുന്നു; പക്ഷിക്കുഞ്ഞ് ചത്തുപോയതില്‍ കണ്ണീര്‍ വാര്‍ക്കുന്ന കൊച്ചുകുഞ്ഞിനോടൊപ്പം ദുഃഖം പങ്കുവെച്ച ഹൃദയാലുവായിരുന്നു. ദരിദ്രനായി ജീവിക്കുകയും ദരിദ്രനായി മരിക്കുകയും ചെയ്ത അനാഥനായിരുന്നു ആ പ്രവാചകന്‍. അദ്ദേഹം ദൈവത്തോട് പ്രാര്‍ഥിച്ചത് ഇപ്രകാരമായിരുന്നു: ''എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും ദരിദ്രനായി മരിപ്പിക്കുകയും പുനരുത്ഥാനനാളില്‍ പാവങ്ങളോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യേണമേ.''
ആ പ്രവാചകനെക്കുറിച്ച് ബോസ് വേര്‍ത്ത് സ്മിത്ത് പറഞ്ഞത് നോക്കൂ: ''അദ്ദേഹത്തില്‍ സീസറും പോപ്പും ഒരുമിച്ചിരുന്നു. പക്ഷേ, പോപ്പിന്റെ നാട്യങ്ങളോ സീസറിന്റെ സൈന്യങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സ്ഥിരം സൈന്യമോ അംഗരക്ഷകനോ കൊട്ടാരമോ നിശ്ചിത വരുമാനമോ ഇല്ലാത്ത ആള്‍.ദൈവികമായ സത്യദര്‍ശനത്താല്‍ എതെങ്കിലുമൊരാള്‍ ഭരണം നടത്തിയിട്ടുണ്ടെങ്കില്‍ അത് മുഹമ്മദ് മാത്രമാണ്. കാരണം അധികാരത്തിന്റെ സജ്ജീകരണങ്ങളോ പിന്‍ബലങ്ങളോ ഇല്ലാതെ തന്നെ എല്ലാവിധ അധികാരങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നല്ലോ.''
ഇസ്‌ലാമോഫോബിക് കാര്‍ട്ടൂണുകളിലും നോവലുകളിലും സിനിമകളിലും ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ആ 'പ്രവാചകന്‍' തീര്‍ത്തും മറ്റൊരാളല്ലേ? യഥാര്‍ഥ പ്രവാചകനുമായി അതിനെന്ത് ബന്ധം? കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന പ്രവാചകനെ മനസ്സിലാകണമെങ്കില്‍ ചരിത്രത്തില്‍ കുരിശു യുദ്ധങ്ങളോളം ആഴത്തില്‍ നാം ഇറങ്ങിത്തപ്പേണ്ടിവരും. മുസ്‌ലിംകള്‍ അറിയുകയും ഹൃദയത്തോട് ചേര്‍ത്തുവെക്കുകയും ചെയ്യുന്ന പ്രവാചകന്‍ അല്ലേ അല്ല അത്. കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന ആ രൂപം, മനശ്ശാസ്ത്രപരമായി പറഞ്ഞാല്‍, 'അത് വരക്കുന്നവരുടെ ഉള്ളില്‍ കുമിഞ്ഞുകൂടിയ തിന്മകളുടെ പ്രകാശനം' മാത്രമാണ്. അതായത്, 'ശത്രുവായ അപരന്‍', അല്ലെങ്കില്‍ 'തോല്‍പ്പിക്കപ്പെടേണ്ട, ചവിട്ടിത്താഴ്ത്തപ്പെടേണ്ട പ്രതിയോഗി.'
ആയതിനാല്‍ പ്രവാചകന് നേരെയുള്ള ഈ ചെളിവാരിയെറിയലിനെ നാം മറ്റൊരു നിലയില്‍ നോക്കിക്കാണേണ്ടിയിരിക്കുന്നു. അവര്‍ അധിക്ഷേപിക്കുന്നത് യഥാര്‍ഥ പ്രവാചകനെയല്ല; അവരുടെ തന്നെ ഭാവനാ സൃഷ്ടിയായ ഒരു കാരിക്കേച്ചറിനെയാണ്. അതെത്ര മാത്രം വികൃതമായാലും നമുക്കെന്ത്? അത്തരം ആക്ഷേപഹാസ്യങ്ങളെ മുഖവിലക്കെടുക്കുക വഴി അവരുടെ ലക്ഷ്യം നാം എളുപ്പമാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അവര്‍ കുത്തിവരക്കുന്ന കാര്‍ട്ടൂണുകളിലൊന്നും നാം സ്‌നേഹിക്കുന്ന പ്രവാചകന്‍ ഇല്ല എന്നുറപ്പല്ലേ? അവര്‍ 'മുദമ്മമി'നെക്കുറിച്ചാണ് പറയുന്നത്. നാമതില്‍ എന്തിന് പ്രകോപിതരാകണം!
അതിനാല്‍ ക്രിയാത്മകവും ഭാവനാപൂര്‍ണവുമായ പ്രതികരണമാണ് മുസ്‌ലിംകളില്‍ നിന്ന് ഉണ്ടാവേണ്ടത്. അതെങ്ങനെയാണ്? അവിടെയും പ്രവാചകന്‍ നമ്മുടെ രക്ഷക്കെത്തുന്നു. യുദ്ധത്തോടും ഹിംസയോടും എന്നും പുറം തിരിഞ്ഞ് നിന്ന പ്രവാചകന്‍, തന്റെ ദൗത്യ പ്രചാരണത്തിനുള്ള പ്രധാന ഉപകരണമായി കണ്ടത് മീഡിയയെ ആയിരുന്നു.
ഇക്കാര്യം വിളിച്ചോതുന്ന പ്രവാചക ജീവിതത്തിലെ ഒരു സംഭവം പറയാം. ഹിജ്‌റ ഒമ്പതാം വര്‍ഷം (ഇത് 'പ്രതിനിധി സംഘങ്ങളുടെ വര്‍ഷം' എന്നാണ് അറിയപ്പെടുന്നത്) ഒരു പ്രബല ഗോത്രത്തില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം മദീനയിലെത്തി. പ്രതിനിധി സംഘത്തലവന്‍ പ്രവാചകന്‍ താമസിക്കുന്ന കുടിലിന്റെ വാതിലില്‍ മുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ''മുഹമ്മദ്! ഇറങ്ങിവരൂ. കവിതയിലും പ്രഭാഷണത്തിലും ഒരു പോരിന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു.'' പ്രവാചകന്റെ മറുപടി ഇങ്ങനെയായിരുന്നു: ''കവിതയുമായിട്ടല്ല എന്റെ നിയോഗം ഉണ്ടായിരിക്കുന്നത്. പൊങ്ങച്ചം പറയാന്‍ എനിക്ക് അനുവാദവുമില്ല. എങ്കിലും താങ്കളുമായി ഒരു സംവാദത്തിന് ഞാന്‍ ഒരുക്കമാണ്.'' അപ്പോള്‍ സംഘത്തലവന്‍ തന്റെ കൂടെയുള്ള പ്രഭാഷകന് സൂചന നല്‍കി. അയാള്‍ അവരുടെ ഗോത്ര മാഹാത്മ്യവും കുലീനതയുമൊക്കെ വിവരിച്ച് ഉഗ്രന്‍ ഒരു പ്രഭാഷണം നടത്തി. പ്രഭാഷണം കഴിഞ്ഞപ്പോള്‍ അടുത്തത് കവിയുടെ ഊഴമാണ്. തങ്ങളുടെ ഗോത്രത്തിന്റെ നേട്ടങ്ങള്‍ ആഘോഷിച്ചുകൊണ്ടുള്ളതായിരുന്നു അയാളുടെ കവിതാലാപനം. ഇത് രണ്ടും കഴിഞ്ഞപ്പോള്‍ ഈ വെല്ലുവിളിയോട് തക്കതായി പ്രതികരിക്കണമെന്ന് പ്രവാചകന്‍ അനുയായികളെ ഉണര്‍ത്തി. അങ്ങനെ മുസ്‌ലിംകളുടെ കൂട്ടത്തിലെ പ്രഭാഷകന്‍ മുന്നോട്ടുവന്ന് ഒരു ഗംഭീര പ്രഭാഷണം നടത്തി. പിന്നെ ഹസ്സാനുബ്‌നു സാബിത് എന്ന കവിയുടെ ഊഴമായിരുന്നു. പ്രവാചക ദൗത്യത്തിന്റെ ശക്തിയും സൗന്ദര്യവുമെല്ലാം അദ്ദേഹം തന്റെ വരികളില്‍ ആവാഹിച്ചു. കവിതാലാപനം കഴിഞ്ഞപ്പോള്‍ ഗോത്ര മുഖ്യന്‍ തല കുനിച്ച് കൊണ്ട് ഇങ്ങനെ കുറ്റസമ്മതം നടത്തി- പ്രവാചകനെതിരെയോ പ്രവാചക ദൗത്യത്തിനെതിരെയോ ഇനിയൊന്നും താന്‍ പറയുകയില്ല.
എതിരാളികളുടെ ആക്ഷേപഹാസ്യ കവിതകള്‍ക്ക് ചിലപ്പോള്‍ അതിനേക്കാള്‍ രൂക്ഷമായ ഭാഷയില്‍ തന്നെ കവി ഹസ്സാനുബ്‌നു സാബിത് മറുപടിക്കവിതകള്‍ എഴുതിയിട്ടുണ്ട്. ഹസ്സാന്റെ കവിതകളെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞു: ''താങ്കളുടെ വാക്കുകള്‍ അമ്പുകളേക്കാളും വാളുകളേക്കാളും മൂര്‍ച്ചയേറിയതാണ്.''
മീഡിയയുടെ സകല മേഖലകളിലും കഴിവ് തെളിയിച്ച്, നാം സ്‌നേഹിക്കുകയും പിന്‍പറ്റുകയും ചെയ്യുന്ന പ്രവാചകനെ നമുക്കും അവതരിപ്പിച്ച് കൂടേ? അങ്ങനെയല്ലേ നാം പ്രവാചകനെ ആദരിക്കേണ്ടത്?
പ്രയാസങ്ങള്‍ നിറഞ്ഞ ഇക്കാലത്ത് ഈ ഖുര്‍ആന്‍ വചനം നമുക്ക് വഴികാട്ടിയായിരിക്കട്ടെ: ''നന്മയും തിന്മയും സമമാവുകയില്ല. തിന്മയെ നന്മകൊണ്ട് ചെറുക്കുക. അപ്പോഴതാ നിന്റെ ബദ്ധശത്രുവായിരുന്നയാള്‍ നിന്റെ ഉറ്റ മിത്രമായിത്തീരുന്നു!''(41:34).
Comments