Prabodhanm Weekly

Pages

Search

2015 ജനുവരി 30

തുര്‍ക്കിയിലെ ചില വഴിയോരക്കാഴ്ച്ചകള്‍

ഷമീന അസീസ് /യാത്ര

         ഇന്നലെകളുടെ വര്‍ത്തമാനങ്ങളാണ് ഇന്നിന്റെ ചരിത്രം രചിക്കുന്നത്. ആ വര്‍ത്തമാനങ്ങളുടെ ഓര്‍മപ്പൂവാടിയിലെ അവശേഷിപ്പുകള്‍ ചരിത്രസ്മാരകങ്ങള്‍ എന്ന പേരിലറിയപ്പെടുന്നു. ചരിത്രാതീതകാലമെന്നാല്‍ ചരിത്രത്തിനപ്പുറമുള്ള കാലമെന്നാണര്‍ഥം. മറവിയുടെ ശവമഞ്ചങ്ങളിലടക്കം ചെയ്തിട്ടും പിന്നെയും പിന്നെയും തലയുയര്‍ത്തി പുറത്തുവരുന്ന ഭൂമിയിലെ അസാധാരണമായ ഇടങ്ങളിലൊന്നാണ് അനട്ടോലിയ എന്നും ഏഷ്യാമൈനറെന്നുമൊക്കെ അറിയപ്പെടുന്ന തുര്‍ക്കിയുടെ ഭൂതകാലം.

തുര്‍ക്കിയിലേക്കുള്ള യാത്ര ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണ്. ആ ചരിത്രത്തിന് സംവത്സരങ്ങളുടെ പഴക്കമുണ്ടെന്നത് ആശ്ചര്യകരമായ ഒരറിവുതന്നെ. യഥാര്‍ഥത്തില്‍ തുര്‍ക്കി പൗരാണികതയുടെയും ആധുനികതയുടെയും മധുരോദാരമായ സമന്വയമാണ്. ചരിത്രവും വര്‍ത്തമാനവും കൈകോര്‍ത്തുനില്‍ക്കുന്ന ദൃശ്യവിസ്മയത്തെയാണ് തുര്‍ക്കി എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

ചരിത്രവിസ്മയങ്ങള്‍ തേടിയുള്ള യാത്ര ശ്രമകരമെങ്കിലും അനുഭൂതിദായകമാണ്. തകര്‍ന്നുവീണ മഹാനാഗരികതകളുടെ അസ്ഥിപഞ്ജരങ്ങളില്‍ കാലൂന്നി നടക്കുമ്പോള്‍ ഒരു ചുറ്റുകോണി പോലെ ആവര്‍ത്തിക്കപ്പെടുന്ന കാലചക്രം നമുക്കായി ബാക്കിവെച്ച പാഠങ്ങള്‍ വായിച്ചെടുക്കാം.

നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ, എന്നിട്ട് നോക്കിക്കാണൂ, നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ ജനപദങ്ങള്‍ക്കെന്തുസംഭവിച്ചുവെന്ന്? ഞാന്‍ ഞാനെന്നു പറഞ്ഞ് അഹങ്കരിച്ചിരുന്ന രാജാക്കന്മാരും മറ്റും എവിടെ? റോമാ സാമ്രാജ്യമെവിടെ? ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരെവിടെ? ഓട്ടോമന്‍ സുല്‍ത്താന്മാരെവിടെ? അവരുടെ അവശേഷിപ്പുകളിന്ന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകള്‍ മാത്രമായതെന്തേ?!

ചരിത്രമുറങ്ങുന്ന ഇസ്തംബുള്‍

രണ്ട് വന്‍കരകളുടെ സംഗമസ്ഥാനമായ അപൂര്‍വ നഗരിയാണ് ഇസ്തംബുള്‍. കിഴക്കും പടിഞ്ഞാറും കൂട്ടിമുട്ടുന്നയിടം. ആധുനികതയും പൗരാണികതയും കൈകോര്‍ക്കുന്ന മണ്ണ്. ചരിത്രത്തിലിടം നേടിയ പല സംസ്‌കാര നാഗരികതകളുടെയും ഈറ്റില്ലം. കാലം അവശേഷിപ്പിച്ച മുറിവുകള്‍ പോലെ നാഗരികതകളുടെ ബാക്കിപത്രങ്ങള്‍ വിസ്മയം തീര്‍ക്കുന്ന ഈ പട്ടണം സഞ്ചാരികളുടെ നിത്യപറുദീസ തന്നെ. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളെ കോര്‍ത്തിണക്കുന്ന കച്ചവട പാതയായി നൂറ്റാണ്ടുകള്‍ക്കുമുമ്പ്തന്നെ ഇസ്തംബുള്‍ ലോകശ്രദ്ധ നേടിയിരുന്നു. പാശ്ചാത്യ-പൗരസ്ത്യ ലോകങ്ങളെ ബന്ധിപ്പിക്കുന്ന പാലമായി ഇന്നും ഇസ്തംബുള്‍ പ്രൗഢിയോടെ നില്‍ക്കുന്നു. ഇവിടത്തെ വെയിലിനുപോലും കുളിര്‍മയാണ്. കരിങ്കടലിനെയും മര്‍മര്‍ കടലിനെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് ഇസ്തംബുള്‍ നഗരതീരത്തെ മതിവരാത്ത കാഴ്ചയാണ്. യൂറോപ്പില്‍ ഒരു പാദവും ഏഷ്യയില്‍ മറുപാദവുമൂന്നിനില്‍ക്കുന്ന ബോസ്ഫറസ് തൂക്കുപാലവും, 'ഗോള്‍ഡന്‍ ഹോണി'നു കുറുകെ തീര്‍ത്ത ഗലാറ്റ പാലവും നഗരക്കാഴ്ചകള്‍ക്ക് മാറ്റുകൂട്ടുന്നു. ഗലാറ്റ പാലത്തിനുമുകളില്‍ ചൂണ്ടകളുമായി നിരന്നുനില്‍ക്കുന്ന മീന്‍പിടുത്ത പ്രേമികള്‍ രാവേറെ ചെന്നിട്ടും സജീവരാണ്. പാലത്തിനുതാഴെ നിരനിരയായി ഭക്ഷണശാലകള്‍. മാംസവിഭവങ്ങള്‍ ലഭിക്കുമെങ്കിലും മത്സ്യവിഭവങ്ങള്‍ക്കുതന്നെയാണ് ഏറെ പ്രിയം. ഒരു പാലത്തിന് ഇങ്ങനെയും ഒരു ധര്‍മം. ടര്‍ക്കിഷ് കബാബിന്റെയും ചുട്ട മത്സ്യത്തിന്റെയും സ്വാദ് അവഗണിക്കാന്‍ പറ്റാത്തവിധത്തില്‍ രസമുകുളങ്ങളെ ഹരംപിടിപ്പിച്ചുകൊണ്ട് തൂലികയിലേക്കും പ്രവഹിക്കുന്നു. ഉറുമാന്‍പഴത്തിന്റെ സ്വന്തംനാട്ടില്‍ ഉറുമാന്‍പഴച്ചാറും ആപ്പിള്‍ചായയും ടര്‍ക്കിഷ് കോഫിയും ഒപ്പം തുര്‍ക്കിഭാഷയില്‍ 'അയ്‌റാന്‍' എന്നുവിളിക്കുന്ന മോരും സഞ്ചാരികള്‍ക്കും ശീലമാകും.

ഇസ്തംബുള്‍ എന്നുകേട്ടാല്‍ ആദ്യം മനസ്സിലേക്കെത്തുന്ന ചിത്രം ആറു മിനാരങ്ങളുള്ള ബ്ലൂ മോസ്‌ക്ക് എന്നറിയപ്പെടുന്ന സുല്‍ത്താന്‍ അഹ്മദ് പള്ളിയും അതിനു ചുറ്റും വ്യാപിച്ചുകിടക്കുന്ന സുല്‍ത്താന്‍ അഹ്മദ് ചത്വരവുമാണ്. ഇസ്തംബുളിന്റെ ഹൃദയഭാഗമായ ഇവിടം സന്ദര്‍ശിക്കാതെ സഞ്ചാരികള്‍ക്ക് മടങ്ങാനാവില്ല.

'ഇസ്‌ലാംബുള്‍' അഥവാ 'ഇസ്‌ലാമിന്റെ നാട്' ആണ് സ്വരഭേദം സംഭവിച്ച് ഇസ്തംബുള്‍ ആയത്. ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ ഹൃദയമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍, വെള്ളക്കുതിരമേലേറി വന്ന ഓട്ടോമാന്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ ജയിച്ചടക്കിയതിനു ശേഷമാണ് കോണ്‍സ്റ്റന്‍ന്റയിന്റെ പട്ടണം ഇസ്‌ലാമിന്റെ നാടായി മാറിയത്. പേരിനെ അന്വര്‍ഥമാക്കുന്നതാണ് ഇസ്തംബുളിലെ പള്ളിമിനാരങ്ങള്‍. എവിടെത്തിരിഞ്ഞാലും സമാനരൂപത്തിലുള്ള മിനാരങ്ങള്‍. മിനാരങ്ങളുടെ നഗരം എന്നുതന്നെ ഇസ്തംബുളിനെ വിശേഷിപ്പിക്കാം. തുര്‍ക്കിയിലെ പള്ളികളെല്ലാം ഇസ്‌ലാംവിരുദ്ധ സെക്യുലര്‍ ഭരണകൂടം മ്യൂസിയങ്ങളാക്കി മാറ്റിയിരിക്കുന്നുവെന്ന് മുമ്പെവിടെയോ വായിച്ചതോര്‍മ വന്നു. എന്നിട്ടും ഇവിടെ ഇത്രയും പള്ളികള്‍ അവശേഷിക്കുന്നുവെന്നോ? ബൈസാന്റിയന്‍ കാലത്തെ ചര്‍ച്ചുകളില്‍ പലതും ഓട്ടോമാന്‍ ആധിപത്യത്തിനുകീഴില്‍ പള്ളികളായി മാറ്റപ്പെട്ടു. അവയില്‍ ചിലത് അതിന്റെ നിര്‍മാണമികവും ശില്‍പചാതുരിയും നിലനിര്‍ത്തിക്കൊണ്ട് മ്യൂസിയങ്ങളാക്കി മാറ്റി. അതില്‍ ചിലത് ലോകപൈതൃകപ്പട്ടികയിലും ഇടംനേടി. സാമ്രാജ്യത്വശക്തികളുടെ പടയോട്ടങ്ങള്‍ക്കും വെട്ടിപ്പിടുത്തങ്ങള്‍ക്കുമിടയില്‍ അമ്പലങ്ങള്‍ ചര്‍ച്ചുകളായും ചര്‍ച്ചുകള്‍ പള്ളികളായും പള്ളികള്‍ വീണ്ടും അമ്പലങ്ങളുമായുമൊക്കെ മാറ്റിമറിക്കപ്പെടുമ്പോള്‍ അവിടെനിന്ന് കുടിയൊഴിഞ്ഞുപോകുന്നത് സാക്ഷാല്‍ ഈശ്വരചൈതന്യം തന്നെയല്ലേ? ദേവാലയങ്ങള്‍ക്കുള്ളില്‍ പ്രതിഷ്ഠിക്കാന്‍ വ്യഗ്രതകൂട്ടുന്ന ഈശ്വരനെ ആദ്യം സ്വന്തം ഹൃദയത്തിനുള്ളില്‍ പ്രതിഷ്ഠിച്ചിരുന്നുവെങ്കില്‍ മതത്തിന്റെ പേരിലുള്ള രക്തച്ചൊരിച്ചിലുകളെത്ര ഒഴിവാക്കാമായിരുന്നു!

ആയ സോഫിയ(ഹാജിയ സോഫിയ)

'ആയ സോഫിയ' എന്നാല്‍ ദിവ്യജ്ഞാനം എന്നാണര്‍ഥം. ക്രി. 537ല്‍ കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ കീഴിലാണ് എട്ടാമത്തെ ലോകാത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ദിവ്യജ്ഞാനത്തിന്റെ ഈ ദേവാലായം നിര്‍മിക്കപ്പെടുന്നത്. രണ്ട് തവണ തകര്‍ക്കപ്പെട്ട ആയ സോഫിയയുടെ ഇന്നത്തെ രൂപം നിര്‍മിച്ച ബൈസന്റിയന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ആദ്യമായി അവിടെ പ്രവേശിച്ചപ്പോള്‍ ജറുസലേം ദേവാലയത്തിന്റെ ദിശയിലേക്കു നോക്കി ഇങ്ങനെ പറഞ്ഞത്രെ: ''സോളമന്‍, നാം താങ്കളെയിതാ പരാജയപ്പെടുത്തിയിരിക്കുന്നു.'' ശില്‍പകലയുടെ ചരിത്രം മാറ്റിയെഴുതിയ ആയ സോഫിയ ആയിരം വര്‍ഷങ്ങളോളം ലോകത്തിലെ ഏറ്റവും വലിയ ചര്‍ച്ചെന്ന സ്ഥാനം അലങ്കരിച്ചു. 1453-ല്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയപ്പോള്‍ പള്ളിയായി മാറ്റപ്പെട്ട ആയ സോഫിയ 1616-ല്‍ 'സുല്‍ത്താന്‍ അഹ്മദ് പള്ളി' നിര്‍മിക്കപ്പെടുന്നതുവരെ ഇസ്തംബുളിലെ പ്രധാന ആരാധനാകേന്ദ്രമായിരുന്നു. ചര്‍ച്ചിന്റെ ചുമരുകളില്‍ വിരചിതമായിരുന്ന ക്രൈസ്തവ മതചിഹ്‌നങ്ങളെയും രൂപങ്ങളെയും ശ്രദ്ധാപൂര്‍വം പ്ലാസ്റ്റര്‍ ചെയ്തു മറച്ചുവെച്ചുകൊണ്ടാണ് പള്ളിയായി പുനര്‍രൂപീകരിച്ചത്. സെക്യുലര്‍ തുര്‍ക്കി, പ്ലാസ്റ്ററുകള്‍ക്കടിയില്‍നിന്ന് ആ രൂപങ്ങള്‍ പുറത്തുകൊണ്ടുവന്ന് അറബി കാലിഗ്രഫിയോടൊപ്പം സ്ഥാപിച്ചു. ഇന്ന് മനോഹരമായ അറബി കാലിഗ്രഫിയില്‍ തീര്‍ത്ത ഖുര്‍ആനിക വചനങ്ങളോടും ദൈവനാമത്തോടും പ്രവാചകനാമത്തോടും, സച്ചരിതരായ ഖലീഫമാരുടെയും  പ്രവാചകപൗത്രന്മാരുടെയും നാമങ്ങളോടുമൊപ്പം ക്രൈസ്തവരുടെ വിശുദ്ധരൂപങ്ങളും ചേര്‍ന്നുനില്‍ക്കുന്ന അപൂര്‍വ ദൃശ്യം ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ കരുതിവെപ്പിനെ വിളിച്ചോതുന്നു.

ടോപ്കാപി കൊട്ടാരം

ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്‌ലാമിക ഭരണവ്യവസ്ഥയുടെ മാതൃകകള്‍ സൃഷ്ടിച്ച സച്ചരിതരായ ഖലീഫമാര്‍ക്കുശേഷം ഇസ്‌ലാമികഖിലാഫത്ത് രാജവാഴ്ചയിലേക്കും കുടംബവാഴ്ചയിലേക്കും സുഖലോലുപതയിലേക്കും കൂപ്പുകുത്തിക്കൊണ്ടേയിരുന്നു. അമവികള്‍ക്കും അബ്ബാസികള്‍ക്കും ശേഷം അത് തുര്‍ക്കി ഗോത്രവംശ കുടുംബത്തിലെത്തിച്ചേര്‍ന്നു. ക്രി. 1299-ല്‍ ഉസ്മാന്‍ ഒന്നാമനാല്‍ സ്ഥാപിക്കപ്പെട്ട ഉസ്മാനിയ ഖിലാഫത്തെന്ന ഒട്ടോമാന്‍ സാമ്രാജ്യത്വത്തിന്റെ പ്രൗഢിയും പ്രതാപവും ഖിലാഫത്ത് ചിതലരിച്ചതിനു ശേഷവും ഇസ്തംബുള്‍ നഗരപ്രാന്തങ്ങളില്‍ ചിതറിക്കിടക്കുന്നു. മരുഭൂമിയിലെ മരത്തണലില്‍നിന്ന് പരുപരുത്ത ഈത്തപ്പനയോലവിരിപ്പില്‍നിന്നും കൊട്ടാരക്കെട്ടിലേക്കും സ്വര്‍ണസിംഹാസനങ്ങളിലേക്കും ആഡംബരത്തളികകളിലേക്കും വഴിമാറിപ്പോയ ഇസ്‌ലാമികഖിലാഫത്തിന്റെ സ്മാരകമാണ് ടോപ്കാപി കൊട്ടാരം. ആഗോളമുസ്‌ലിംകളെ കോര്‍ത്തിണക്കിയ അദൃശ്യചരടായി നൂറ്റാണ്ടുകള്‍ വാണ ഖിലാഫത്തിന്റെ പതനകഥ കൊട്ടാരമ്യൂസിയത്തിലെ രത്‌നങ്ങളും മരതകങ്ങളും പതിച്ച രാജസിംഹാസനങ്ങളും മധുപാനപാത്രങ്ങളും വിളിച്ചുപറയുന്നു. ദിവസം മുഴുവനും നടന്നുകണ്ടാലും തീരാത്ത കാഴ്ചകളാണ് കൊട്ടാരത്തിന്റെ അകത്തളങ്ങളിലുള്ളത്. ഉസ്മാനിയ സുല്‍ത്താന്മാര്‍ നാനൂറ് കൊല്ലങ്ങളോളം വാണരുളിയ കൊട്ടാരത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് മുന്നൂറോളം അറകളുള്ള ഹറം എന്ന അന്തപുരം. രാജകുടുംബത്തിലെ സ്ത്രീകളും സുല്‍ത്താന്റെ പത്‌നിമാരും വെപ്പാട്ടികളും പരിചാരകരുമായി ആയിരത്തില്‍പരം മഹിളാരത്‌നങ്ങളുടെ നിശ്വാസത്തിന്റെ ചൂടുണ്ട് 'ഹറ'മിന്റെ പരിസരത്തിന്. നീതിദായകനായ സുല്‍ത്താന്‍ സുലൈമാന്‍ തന്റെ പ്രാണപ്രേയസി റോക്‌സലാനക്കായി തീര്‍ത്ത അനശ്വര പ്രണയഗീതങ്ങളുടെ ഈരടികളും ടോപ്കാപി കൊട്ടാരത്തിന്റെ ചുമരുകള്‍ക്കു സ്വന്തം. രാജസദസ്സും നീതിപീഠവും പഠനമുറികളും രാജകുമാരന്മാരുടെ ചേലാകര്‍മം നിര്‍വഹിച്ചിരുന്ന മുറികളുമെല്ലാമിന്ന് കൗതുകക്കാഴ്ചകള്‍. 

മൗലാനാ മ്യൂസിയം

'പമുക്കല'യിലേക്കുള്ള വഴിയിലെ ഇടത്താവളത്തില്‍ സ്‌നേഹത്തണലായി മൗലാനാ ജലാലുദ്ദീന്‍ റൂമിയും അദ്ദേഹത്തിന്റെ ആത്മഗീതങ്ങളുണ്ട്. ദര്‍വീശുകളുടെ നൃത്തച്ചുവടുകളുമുണ്ട്. സ്രഷ്ടാവിനെ സ്വന്തം മെഹബൂബാക്കിയ ഹബീബ് ഇവിടെ സമാധിയിലാണ്. എങ്കിലും മഹ്ബൂബിനായിപ്പാടിയ പാട്ടുകള്‍ കൊനിയയുടെ മണ്ണിനെ ഭക്തിസാന്ദ്രമാക്കുന്നു. ഗുരുവര്യനും സഖാവുമായ ഷംസ് തബ്‌രീസിയെപ്പിരിഞ്ഞ മൗലാനയുടെ ഹൃദയനൊമ്പരങ്ങള്‍ സന്ദര്‍ശകഹൃദയത്തിലും മുറിപ്പാടുകളുണ്ടാക്കുന്നു. ദീവാനെ ഷംസ് തബ്‌രീസ് ഒരു വികാരമാണ്. മൗലാനയുടെ ഹൃദയഭാരമേറ്റെടുക്കാന്‍ ഏതു പരിഭാഷകനാണ് സാധ്യമാവുക?

ദൈവസ്‌നേഹത്തില്‍ സ്വയമലിഞ്ഞില്ലാതാകുന്നവനാണ് സ്വൂഫി. വിണ്ണിലേക്കുറ്റുനോക്കി ഇരുന്നും കിടന്നും ആര്‍ത്തലച്ചും കരയുന്ന മണല്‍തരി പോലെ, ഒരു സ്വൂഫി വാവിട്ടുകരഞ്ഞുകൊണ്ടേയിരിക്കും. ദൈവസ്‌നേഹമാകുന്ന വിണ്ണിലേക്കുയരാന്‍, ആ വിണ്ണില്‍ പാറിപ്പറക്കാന്‍, അതിലലിഞ്ഞലിഞ്ഞില്ലാതാവാന്‍. ഈശ്വരന്‍ എന്ന മഹാശക്തിക്കു മുന്നില്‍ മണല്‍ത്തരി പോലെ നിസ്സാരരാണ് നാമെന്ന് മൗലാനയുടെ ശവകുടീരം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.

സ്വൂഫിയുടെ വിലാപം കവിതയായതാണ് മൗലാനയുടെ കൃതികള്‍. വാക്കുകള്‍ ലളിതമനോഹരമെങ്കിലും കവിതകള്‍ക്ക് ഹൃദയഭാരത്തിന്റെ ഘനമുണ്ട്. കവിയുടെ ഹൃദയദലങ്ങളില്‍ വിരിഞ്ഞ നൊമ്പരപ്പാടിന്റെ നീറ്റലുണ്ട്. ദൈവസ്‌നേഹത്തിലലിഞ്ഞില്ലാതായ ഗായകന്റെ മണ്‍കുടീരത്തില്‍ സ്‌നേഹത്തിന്റെ ഒരു പിടി രക്തപുഷ്പങ്ങളര്‍പ്പിച്ചുകൊണ്ട്, പ്രാപഞ്ചികഗോളങ്ങളുടെ ഭ്രമണത്തോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് ദര്‍വീശുകള്‍ ഭ്രമണനൃത്തമാടുന്ന മൗലാന മ്യൂസിയത്തിന്റെ അറകളിലൂടെ ഞങ്ങള്‍ കയറിയിറങ്ങി.

മരണശേഷം ജീവിക്കേണ്ടത് ശവകുടീരങ്ങളിലല്ല; ജനഹൃദയങ്ങളിലാണെന്ന് പാടിയ കവി ജീവിക്കുന്നത് തീര്‍ച്ചയായും ജനഹൃദയങ്ങളില്‍തന്നെ. തങ്ങളുടെ നാടിന് ലോകപ്രശസ്തി നേടിക്കൊടുത്ത പ്രിയപ്പെട്ട മൗലാനയെ കൊനിയക്കാര്‍ സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി ജാതിമതഭേദമന്യേ ഒരുമിച്ചുകൂടിയ ജനാവലി അതിനു സാക്ഷി. ക്രിസ്ത്യാനികള്‍ക്കദ്ദേഹം പ്രിയപ്പെട്ട മിശിഹായും ജൂതര്‍ക്ക് മോസസുമായി മാറി. സാധാരണക്കാരെ വിദ്യ അഭ്യസിപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ രാജസദസ്സുകള്‍വരെ എത്തിക്കുകയും ചെയ്തിരുന്ന, പാവങ്ങളുടെ മിശിഹായെത്തന്നെയാണ് അവര്‍ക്ക് നഷ്ടമായത്. നിലച്ചുപോകുന്ന ഹൃദയം കൊണ്ടും നശിച്ചുപോകുന്ന മനസ്സുകൊണ്ടുമല്ല അനശ്വരമായ ആത്മാവുകൊണ്ട് സ്‌നേഹിച്ചവനാണ് റൂമി.... പാണ്ഡിത്യവും ദാര്‍ശനികതയും കവിത്വവും ഒരുപോലെ മേളിച്ച  മൗലാനയുടെ ശവകുടീരത്തിലേക്കല്ല ജനം ഒഴുകിയെത്തുന്നത്, മറിച്ച് ജീവിക്കുന്ന ആ ഓര്‍മകളിലേക്കാണ്. സ്‌നേഹവും ഭക്തിയും അലിഞ്ഞുചേര്‍ന്ന ഈണമാണ് കൊനിയയിലെ കാറ്റിനുപോലും. മുളങ്കാട്ടിലേക്ക് തിരിച്ചുപോയ പുല്ലാങ്കുഴല്‍ ബാക്കിവെച്ചതാണ് ആ ഈണം. കണ്ണാടിക്കൂടിനുള്ളില്‍ എന്നത്തേക്കുമായി തുറന്നുവെച്ച 'മസ്‌നവി'ക്ക് ഹൃദയാഞ്ജലി!  

(അടുത്തലക്കത്തില്‍ അവസാനിക്കും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 87,88
എ.വൈ.ആര്‍