അയല്‍വാസിയോട് <br> നാം എന്തെല്ലാം പങ്കുവെക്കാറുണ്ട്
നാഗരികതയുടെയും സാങ്കേതിക വിദ്യയുടെയും ഭയാനകമായ വളര്‍ച്ച മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. സ്രഷ്ടാവുമായും അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള സൃഷ്ടികളുമായുമുള്ള ബന്ധം അര്‍ഹമാം വിധം പരിഗണിക്കപ്പെടാതിരിക്കുന്നത് അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും പരിണതിയായിട്ടാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത് (4:36). അവനവനിലേക്ക് ചുരുങ്ങി ലോകത്തെ പുറത്താക്കി ഗേറ്റടക്കുന്നവരില്‍ ഏറിയോ കുറഞ്ഞോ മേല്‍പറഞ്ഞ രോഗങ്ങളില്ലേ എന്ന് സംശയിക്കാവുന്നതാണ്. ജനങ്ങളെ അവജ്ഞയോടെ വീക്ഷിക്കുകയും ഇസ്‌ലാം നല്‍കുന്ന നിര്‍ദേശങ്ങളെ അവമതിക്കുകയുമാണല്ലോ അവര്‍. പ്രസ്തുത നിലപാടിനെ ഗുരുതര രോഗമായി പരിചയപ്പെടുത്തുന്നു പ്രവാചകന്‍.
ഏറെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി പരിപാലിക്കപ്പെടേണ്ട ബന്ധമായിട്ടാണ് അയല്‍പക്ക ബന്ധത്തെ ഇസ്‌ലാം പരിഗണിക്കുന്നത്. ഇഹ്‌സാന്‍ എന്നാണ് അതിനെ കുറിച്ച ഖുര്‍ആനിക പ്രയോഗം. മികവും തികവും മിഴിവും അന്തര്‍ലീനമാണതില്‍. എങ്ങനെയെങ്കിലുമുള്ള ഒരു ബന്ധം മതിയാവില്ല എന്ന് സാരം.
സുരക്ഷിതത്വവും സമാധാനവും പുലരുന്ന ഒരു സമൂഹത്തിന്റെ നിലനില്‍പിനുള്ള അനിവാര്യഘടകമാണ് അല്‍പക്ക ബന്ധങ്ങളുടെ കെട്ടുറപ്പും ഭദ്രതയും. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും വലിയൊരു നിദര്‍ശനമാണ് മതത്തിന്റെയോ ആശയ വീക്ഷണങ്ങളുടെയോ വ്യത്യാസങ്ങള്‍ക്കതീതമായ അയല്‍പക്ക സമ്പര്‍ക്കം. വീടിന്റെ ചുറ്റുവട്ടത്ത് സ്ഥിതി ചെയ്യുന്ന നാല്‍പത് വീടുകളിലേക്ക് വ്യാപിക്കുന്നതാണ് അയല്‍പക്ക ബന്ധമെന്ന് ഇസ്‌ലാം ഉണര്‍ത്തുന്നു.
കുടുംബക്കാരും അല്ലാത്തവരും അമുസ്‌ലിംകളും അയല്‍വാസികളായുണ്ടാവും. കുടുംബബന്ധത്തിന്റെയും ആദര്‍ശസാഹോദര്യത്തിന്റെയും അയല്‍പക്ക ബന്ധത്തിന്റെയും ബാധ്യതകള്‍ ഇവയില്‍ ക്രമാനുഗതമായി കടന്നുവരുന്നു.
ഉത്തരവാദിത്ത്വത്തിന്റെയും കടപ്പാടിന്റെയും സ്‌നേഹാദരവിന്റെയും കാര്യത്തില്‍ ഏത്ര മഹിതമായ സ്ഥാനമാണ് അയല്‍വാസികള്‍ക്കുള്ളതെന്ന് പ്രവാചക വചനങ്ങളില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അവര്‍ അനന്തരാവകാശികളായി പ്രഖ്യാപിക്കപ്പെടുമോ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുംവിധം അയല്‍വാസികളോടുള്ള ബാധ്യതകളെ കുറിച്ച് ജിബ്‌രീല്‍ പ്രവാചകനെ ഉല്‍ബോധിച്ചിരുന്നു.
അയല്‍വാസികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും സന്ദര്‍ശനങ്ങളും കൂട്ടായ്മകളുമൊക്കെ അസ്തമിക്കുന്ന ദുരന്തം വിശ്വാസികള്‍ക്കിടയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. കൂറ്റന്‍ മതിലുകളും ബാരിക്കേഡുകളും അയല്‍ക്കാരുമായുള്ള സകല ബന്ധങ്ങളും വിഛേദിക്കുന്നതിന്റെ പ്രതീകമാണ് പലയിടങ്ങളിലും. സ്വയം പര്യാപ്തരാണെന്ന വികലചിന്തയും പരക്ഷേമ തല്‍പരതയില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണത്. സ്വാര്‍ഥ താല്‍പര്യങ്ങളുടെ വേലിയേറ്റം അയല്‍പക്ക ബന്ധങ്ങളെയും ശിഥിലമാക്കിക്കൊണ്ടിരിക്കുന്നു.
തനിക്കുണ്ടാവേണ്ട നേട്ടങ്ങള്‍ അയല്‍വാസിക്കും ഉണ്ടാവണമെന്ന് അഭിലഷിക്കല്‍ ഈമാന്റെ അനിവാര്യ താല്‍പര്യമാണല്ലോ. അയല്‍ക്കാരന്‍ തന്നേക്കാള്‍ താഴെ നില്‍ക്കുമ്പോഴേ എനിക്ക് നിലയും വിലയുമുള്ളൂ എന്നത് പൈശാചിക ചിന്തയാണ്. ഉപദ്രവം ഭയന്നിട്ടാണെങ്കിലും അയല്‍ക്കാരനു മുന്നില്‍ വാതില്‍ കൊട്ടിയടക്കാന്‍ പാടില്ല, ഒരാളുടെ ധാര്‍മിക മേന്മ വിലയിരുത്തുന്നതില്‍ അയല്‍ക്കാരന്റെ അഭിപ്രായത്തിന് അര്‍ഹമായ സ്ഥാനമുണ്ട്, അയല്‍വാസിയെ ദ്രോഹിക്കുന്നവന്‍ വിശ്വാസിയോ സ്വര്‍ഗപ്രവേശത്തിന് യോഗ്യനോ അല്ല, നല്ല ഭക്തനാണെങ്കിലും അയല്‍വാസിക്ക് ദ്രോഹം ചെയ്യുന്നയാളുടെ വാസസ്ഥലം നരകമായിരിക്കും. സ്വത്ത് വില്‍പന നടത്തുമ്പോള്‍ കൂടുതല്‍ വില നല്‍കാന്‍ മറ്റുള്ളവര്‍ തയ്യാറാണെങ്കിലും അയല്‍വാസിക്ക് മുന്‍തൂക്കവും പ്രത്യേക പരിഗണനയും നല്‍കണമെന്നൊക്കെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
അന്യോന്യം കാണാനോ സംസാരിക്കാനോ തയ്യാറാവാതിരിക്കുകയും, ലോകത്തിന്റെ നാനാദിക്കിലുമുള്ള വിവരങ്ങള്‍ അറിയുമ്പോഴും സ്വന്തം അയല്‍വാസിയെ കുറിച്ച് അജ്ഞനായിരിക്കുകയും ചെയ്യുന്നത് നമ്മുടെ അയല്‍പക്ക ബന്ധങ്ങളില്‍ സംഭവിച്ച വിള്ളലുകളുടെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അതിരടയാളങ്ങളുടെ പേരിലുള്ള കോലാഹലങ്ങളും അതിര്‍ത്തിയിലുള്ള മരത്തിന്റെ പേരിലുള്ള തര്‍ക്കങ്ങളും ഇലവീഴുന്നതിനെ കുറിച്ച പരിഭവങ്ങളും മുറുമുറുപ്പുകളുമെല്ലാം അയല്‍പക്ക ബന്ധങ്ങളെ പലപ്പോഴും പൊട്ടിത്തെറിയിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ ന്യായം തന്റെ ഭാഗത്താണെങ്കിലും തര്‍ക്കം ഒഴിവാക്കി വിട്ടുവീഴ്ചക്ക് സന്നദ്ധനാവുകയും പരസ്പര ബന്ധം തകരാതെ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക ഭവനം പ്രവാചകന്‍ ഗ്യാരണ്ടി നല്‍കുന്നത് കണക്കിലെടുക്കാന്‍ കഴിയാത്തത് നമ്മെ ബാധിച്ച ഭൗതിക പ്രമത്തതയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ്.
Comments