സൂറഃ അല്‍ഹശ്ര്‍ നല്‍കുന്ന പാഠങ്ങള്‍
വിശുദ്ധ ഖുര്‍ആനിലെ അമ്പത്തൊമ്പതാമത്തെ അധ്യായമാണ് സൂറഃ അല്‍ഹശ്ര്‍. മദീനയില്‍ അവതരിച്ച ഈ ചെറിയ അധ്യായത്തില്‍ ഇരുപത്തിനാല് സൂക്തങ്ങളാണുള്ളത്. പ്രവാചകന്‍ (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിന് ശേഷം നാലാം വര്‍ഷത്തില്‍ അക്കാലത്തെ പ്രമുഖ ജൂത ഗോത്രമായ ബനുന്നദീറുമായി ഉണ്ടായ സംഘര്‍ഷത്തിന്റെ കാരണങ്ങളും അതിന്റെ ഫലങ്ങളും അതില്‍നിന്നുള്ള ഗുണപാഠവുമാണ് ഈ അധ്യായത്തിലെ മുഖ്യ പ്രതിപാദ്യം.
എല്ലാ അധ്യായങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ഈ അധ്യായത്തെ കുറിച്ച് അനസി(റ)ല്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ: ''അല്‍ഹശ്ര്‍ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹു അയാള്‍ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ സകല വിധ പാപങ്ങളും പൊറുക്കുന്നതാണ്.'' മറ്റൊരു ഹദീസ് ഇങ്ങനെ: ''ഈ സൂറത്തിലെ അവസാനത്തെ മൂന്ന് സൂക്തങ്ങള്‍ പകലോ രാത്രിയോ ഓതുകയും എന്നിട്ട് ആ രാത്രിയോ പകലോ അയാള്‍ മരണപ്പെടുകയും ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുക തന്നെ ചെയ്യും.''
എക്കാലത്തെയും ജനസമൂഹങ്ങള്‍ക്ക് കൊടിയ ദുരന്തമുണ്ടാക്കുകയും മറ്റുള്ളവരെക്കാള്‍ തങ്ങളാണ് ഉല്‍കൃഷ്ട വിഭാഗമെന്ന അഹംഭാവം നടിക്കുകയും ചെയ്തവരാണല്ലോ ജൂതസമൂഹം. ഇപ്പോഴും മാനവസമൂഹത്തിന് അവരുണ്ടാക്കുന്ന ദുരന്തങ്ങള്‍ അറ്റമില്ലാത്തതാണ്. ഇന്നത്തെ വന്‍ശക്തികള്‍ ജൂതസമൂഹത്തിന്റെ കൈകളിലെ പാവകള്‍ മാത്രം. വന്‍ശക്തികളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി ദുര്‍ബല ജനവിഭാഗങ്ങളെ കൊടും പീഡനങ്ങള്‍ക്കിരയാക്കുകയാണ് അവരുടെ രീതി. ആ ജൂതസമൂഹത്തെ വലിയൊരു ഏറ്റുമുട്ടലില്ലാതെ എങ്ങനെ നേരിടാമെന്നാണ് സൂറഃ അല്‍ഹശ്ര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്. അതിന്റെ വഴികളോരോന്നും ഈ സൂറത്തില്‍ നിന്ന് കൃത്യമായി നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കഴിയും.
ബന്ധങ്ങള്‍ ഊഷ്മളമാക്കുക, ആദര്‍ശ ബന്ധത്തിലുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുക, ഖുര്‍ആനിന്റെ ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ സ്വാംശീകരിക്കുക, മഹോന്നതനായ അല്ലാഹുവിനെ മനസ്സിലാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ജീവിതത്തില്‍ പാലിച്ചാല്‍ ഇസ്രയേലെന്നല്ല, ഏത് ക്ഷുദ്രശക്തിയെയും അധീനപ്പെടുത്താവുന്നതേയുള്ളൂ. ഈ അടിസ്ഥാനമില്ലെങ്കില്‍ എത്ര ചെറിയ ശത്രുവിനെയും നിങ്ങള്‍ക്ക് നേരിടാന്‍ സാധ്യമല്ല. ഈ ഉപദേശങ്ങള്‍ പാടേ വിസ്മരിച്ച് താല്‍കാലിക നേട്ടങ്ങള്‍ക്കായി ശത്രുവിനെ കൂട്ടുപിടിച്ചതാണ് നമ്മുടെ ഇന്നത്തെ ദുരന്തത്തിന് മുഖ്യ കാരണം.
ഗുണപാഠങ്ങള്‍
അല്‍ഹശ്ര്‍ എന്ന അധ്യായം മനസ്സിരുത്തി വായിക്കുകയും അതിലെ ഉദ്‌ബോധനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നെങ്കില്‍ ബനുന്നദീര്‍ യുദ്ധത്തില്‍ നബി വിജയശ്രീലാളിതനായത് പോലെ ഇന്നത്തെ മുസ്‌ലിം സമൂഹത്തിനും വിജയിക്കാന്‍ സാധിക്കുമായിരുന്നു. മുസ്‌ലിംകള്‍ ഒരാദര്‍ശ സമൂഹം എന്നതില്‍ നിന്ന് പ്രാദേശിക ആള്‍ക്കൂട്ടമായി ചുരുങ്ങിയതോടെ ആദര്‍ശപരമായ അവരുടെ നിലനില്‍പ്പ് അസാധ്യമായിരിക്കുകയാണ്. പരാജയത്തിന്റെ മൂലകാരണം ഇവിടെയാണെന്ന് പലരും മനസ്സിലാക്കുന്നില്ല.
ബന്ധങ്ങള്‍ ഊഷ്മളമാക്കുക, മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുക ഇതെല്ലാം ഇസ്രയേലിന്റെ ചുറ്റുമുള്ള അറബ് രാജ്യങ്ങള്‍ക്ക് തീര്‍ത്തും അന്യമാണ്. മറുവശത്ത് ലോകത്തിന്റെ ഏതെങ്കിലും മുക്ക്മൂലയില്‍ ഒരു ജൂതന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍- ആഫ്രിക്കയിലാണെങ്കില്‍ പോലും-അയാളെ ഇസ്രയേലില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കാനും എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കാനും അവര്‍ കാണിക്കുന്ന തിടുക്കം എന്തു മാത്രമാണ്! അതേയവസരത്തില്‍ സ്വന്തം രാജ്യത്ത് താമസിക്കുന്നവരെ പോലും പൗരന്മാരായി കണക്കാക്കാന്‍ കഴിയാത്ത എത്ര മുസ്‌ലിം രാജ്യങ്ങളുണ്ട്!
ഒരു ഒത്തുതീര്‍പ്പിനുവേണ്ടി ബനുന്നദീര്‍ ഗോത്രവുമായി സംസാരിക്കാന്‍ പോയ പ്രവാചകനെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും അത് പ്രവാചകനെ അല്ലാഹു ദിവ്യബോധനത്തിലൂടെ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍ ബനുന്നദീര്‍ ഗോത്രത്തിനെതിരെ യുദ്ധത്തിന് തയാറായത്. അവരെ ശിക്ഷിക്കണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. അങ്ങനെ ഒരു രക്തച്ചൊരിച്ചിലിന് ഇടവരുത്താതെ അവരെ നാട്കടത്താനായിരുന്നു നിര്‍ദേശം. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട കാര്യമില്ല എന്ന യുദ്ധതന്ത്രത്തിലെ ഏറ്റവും വലിയ പാഠമാണ് ഇവിടെ അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
കോട്ടക്കകത്ത് ഭദ്രമായി കഴിയുന്ന, സര്‍വായുധ വിഭൂഷിതരായ തങ്ങളെ ആര്‍ക്കും കീഴ്‌പ്പെടുത്താന്‍ കഴിയില്ല എന്ന അവരുടെ മൂഢവിശ്വാസം ഇവിടെ തകര്‍ന്ന് തരിപ്പണമായി. ഒരു ചെറുവിരല്‍ അനക്കുന്ന ലാഘവത്തോടെ നബി അവരെ അവിടെ നിന്ന് നിഷ്‌കാസിതരാക്കി ഖൈബറിലേക്ക് തുരത്തി. ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് ജൂതരെ ഖൈബറില്‍ നിന്ന് ശാമിലേക്ക് പറഞ്ഞയച്ചു. അങ്ങനെ ഈ അധ്യായത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ജൂതസമൂഹത്തിന്റെ ഒത്തുകൂടലിനെ പരാജയപ്പെടുത്തിയതാണ് മുസ്‌ലിം സമൂഹത്തിന്റെ വിജയം. അതാണ് ഈ സൂറത്തിന്റെ സമകാലിക പ്രസക്തി.
ഇന്ന് വിസ്തൃതി കൊണ്ട് ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഇസ്രയേലെങ്കിലും നാനൂറിലധികം ആണവായുധമുള്‍പ്പെടെ സര്‍വവിധ സംഹാരായുധങ്ങളും അവരുടെ കൈവശമുണ്ട്. അതിനെ നേരിടാന്‍ ആയുധക്കോപ്പുകളെക്കാളേറെ മാനസികമായ ഐക്യവും ഒരുമയും വീട്ടുവീഴ്ചയുമാണ് മുസ്‌ലിംകളില്‍ ആദ്യം ഉണ്ടാവേണ്ടത് എന്നാണ് സൂറഃ അല്‍ഹശ്ര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഈ അവസ്ഥക്ക് മാറ്റം വരുത്താതെ ഇസ്രയേലിന്റെ അതിക്രമങ്ങളെ ചെറുക്കുക എന്നത് മലര്‍പൊടി വില്‍പനക്കാരന്റെ ദിവാസ്വപ്നം പോലെ പരിണമിക്കും.
മദീന നിവാസികള്‍ മക്കയില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സ്വീകരിച്ചതിന്റെയും പുനരധിവസിപ്പിച്ചതിന്റെയും ചരിത്രവും ഈ അധ്യായം സംഗ്രഹിച്ച് വരഞ്ഞിടുന്നുണ്ട്. അഭയാര്‍ഥികളായി മക്കയില്‍ നിന്നെത്തിയവര്‍ക്ക് ഭക്ഷണം, വീടില്ലാത്തവര്‍ക്ക് വീട്... ഇങ്ങനെ ആദര്‍ശ സഹോദരങ്ങള്‍ക്ക് വേണ്ടി ത്യജിക്കാന്‍ സന്നദ്ധരായത് കൊണ്ടാണ് അവര്‍ക്ക് ജൂതന്മാര്‍ക്കെതിരെ വിജയം നേടാന്‍ സാധിച്ചത്. അത്ഭുതപ്പെടുത്തുന്ന ഈ സഹകരണ മനോഭാവം ഇല്ലായിരുന്നുവെങ്കില്‍ ചരിത്രത്തിന്റൈ ഗതി മറ്റൊന്നാവുമായിരുന്നു. ബന്ധങ്ങളിലെ ഈ അടുപ്പവും അര്‍പ്പണ മനോഭാവവും ഉണ്ടാവുന്നില്ലെങ്കില്‍ ഇസ്രയേലിന്റെ എന്നല്ല ഏതൊരു ശത്രുവിന്റേയും കൊടിയ ക്രൂരതകള്‍ അവസാനിക്കാന്‍ പോവുന്നില്ല. മുസ്‌ലിം സമൂഹം ഇന്നനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഖുര്‍ആനിലെ ഈ അധ്യായത്തില്‍നിന്ന് വായിച്ചെടുക്കാം.
Comments