സ്ത്രീകളോടുള്ള പുരുഷ സമീപനങ്ങളെ വായിക്കുമ്പോള്‍
ശൈഖ് യൂസുഫുല്‍ ഖറദാവി അധ്യക്ഷനായ ലോക മുസ്‌ലിം പണ്ഡിതവേദിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ സുഊദി പണ്ഡിതന്‍ ശൈഖ് സല്‍മാനുല്‍ ഔദയുടെ 'ബനാത്തീ' (എന്റെ പെണ്‍മക്കള്‍) എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'മൈ ഡോട്ടേഴ്‌സ്'. 2010-ല്‍ പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ ഈ പുസ്തകത്തിന്റെ നാല് പതിപ്പുകളാണ് പുറത്തിറങ്ങിയത്. ലളിതവും സരളവുമായ ഭാഷയില്‍ രചിക്കപ്പെട്ട, ഇസ്‌ലാമിക ശിക്ഷണത്തിനു ഊന്നല്‍ നല്‍കുന്ന ഈ പുസ്തകം, എന്നാല്‍ വ്യക്തിത്വ വികാസത്തിന്റെയും കൗണ്‍സലിംഗിന്റെയും റോളുകള്‍ കൂടി നിര്‍വഹിക്കുന്നുണ്ട്. പുസ്തകത്തിന്റെ ആദ്യ ഭാഗം, സ്ത്രീകള്‍ക്ക് അംഗീകാരം നല്‍കാത്ത, അവരെ രണ്ടാം തരക്കാരായി കാണുന്ന 'ദീനി ബോധ'മുള്ള പുരുഷന്‍മാരെയാണ് അഭിസംബോധന ചെയ്യുന്നത്. സ്ത്രീകളോടുള്ള സമീപനത്തിലെ ഇസ്‌ലാമിക തത്ത്വവും ആധുനിക മുസ്‌ലിം സമൂഹത്തിലെ അതിന്റെ പ്രയോഗത്തിലെ അന്തരവുമാണ് പുസ്തകത്തിന്റെ രചനക്ക് നിദാനമായതെന്ന് വരികള്‍ക്കിടയില്‍ വായിക്കാം.
ശൈഖ് സല്‍മാനുല്‍ ഔദയുടെ പുസ്തകത്തെ കുറിച്ച് കോളമിസ്റ്റ് മുസ്ത്വഫാ അയാത് പറഞ്ഞതിങ്ങനെ: ''ഒരു ഫഖീഹിനെ സംബന്ധിച്ചിടത്തോളം മൂന്ന് കാര്യങ്ങള്‍ സുപ്രധാനമാണ്. (1) ഇസ്‌ലാമിക നിയമങ്ങളിലുള്ള അവഗാഹവും ജീവിക്കുന്ന ലോകത്തെ കുറിച്ചുള്ള അവബോധവും. (2) പറയുന്ന കാര്യങ്ങളിലെ പരസ്പര പൊരുത്തം (Internal Coherence), (3) ഇസ്‌ലാമിക നിയമങ്ങളെ സംഭവ ലോകത്ത് ഫിറ്റ് ചെയ്യാനുള്ള ശേഷി. ഇതു മൂന്നും ഒത്തു ചേരാത്ത വിധികള്‍ അപൂര്‍ണവും ഒരുവേള അപകടകരവുമാണ്. സംഭവ ലോകത്ത് നിന്ന് ഏറെ അകലം പാലിച്ചാണ് പല പണ്ഡിതന്‍മാരും ഇസ്‌ലാമിക കാര്യങ്ങളില്‍ വിധി പറയുന്നത്. അവര്‍ പ്രസ്തുത വിഷയത്തില്‍ വേണ്ടത്ര അറിവുള്ളവരാകാം. എന്നാല്‍ തങ്ങള്‍ ജീവിക്കുന്ന ലോകത്തെ കുറിച്ചു അവര്‍ അജ്ഞരായിരിക്കും. ഇവിടെ സല്‍മാനുല്‍ ഔദ മൂന്നു ഗുണങ്ങളും ചേര്‍ന്ന ഫഖീഹാണ്.''
ആദ്യ ഭാഗങ്ങളില്‍ സ്ത്രീകളോടുള്ള ഇസ്‌ലാമിന്റെ സമീപനം സുന്നത്തിന്റെ വെളിച്ചത്തില്‍ സ്വന്തം അനുഭവങ്ങളിലൂടെ വിവരിക്കുന്നു. പാശ്ചാത്യ-അറബ് ലോകത്തെ കാലിക മുസ്‌ലിം സ്ത്രീപ്രശ്‌നങ്ങളും അവക്കുള്ള പരിഹാര നിര്‍ദേശങ്ങളും ഉപദേശങ്ങളും ഏറെ പ്രയോജനപ്രദമാണ്. പുസ്തകത്തിന്റെ കെട്ടിലും മട്ടിലുമുണ്ട് ഒരു സ്ത്രീപരിഗണന. പൂക്കളും ചെറുചിത്രങ്ങളുമായി ആകര്‍ഷകമാണ് പുസ്തകത്തിന്റെ അകവും പുറവും. ശൈഖ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മാതാവിനും പെണ്‍മക്കള്‍ക്കുമാണ്.
ഭാര്യക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് പല ഭര്‍ത്താക്കന്മാരും വാചാലരാവാറുണ്ട്. എന്നാല്‍ തനിക്ക് അവളോടുള്ള സ്‌േനഹത്തെ കുറിച്ച് അവര്‍ മൗനം പാലിക്കും, താന്‍ അവളെ സ്‌നേഹിക്കുന്നില്ലെന്ന മട്ടില്‍. തങ്ങളുടെ സ്‌നേഹം തുറന്നു പറയാന്‍ പല ഭര്‍ത്താക്കന്മാരും മടി കാണിക്കുന്നത് അത് തങ്ങള്‍ക്ക് കുറച്ചിലാണെന്നു കരുതിയാണ്. ഭാര്യയുടെ പേര് പറയാനും അവരുമായി യാത്ര ചെയ്യാനും മടിക്കുന്ന ചിലരെങ്കിലുമുണ്ട് നമ്മുടെ സമൂഹത്തില്‍. ഭാര്യയുടെ അഭിപ്രായങ്ങള്‍ ഒരു നിലക്കും പരിഗണിക്കാതിരിക്കലാണ് 'യഥാര്‍ഥ' പുരുഷന്റെ ചുമതല എന്ന് ധരിച്ചുവശായിരിക്കുന്നവരും ഇസ്‌ലാമിന്റെ സ്ത്രീകളോടുള്ള സമീപനത്തില്‍ നിന്ന് ഏറെ അകലെയാണെന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തും. സ്ത്രീകളോടുള്ള പുരുഷ സമീപനത്തെ കുറിച്ച് സല്‍മാനുല്‍ ഔദ എഴുതുന്നത് മുഖ്യമായും അദ്ദേഹം ജീവിക്കുന്ന മധ്യപൗരസ്ത്യ ദേശത്തെ മുസ്‌ലിം സമൂഹത്തെ മുന്നില്‍ വച്ചാണെങ്കിലും, സ്ത്രീകളോടുള്ള ഇസ്‌ലാമിന്റെ സമീപനത്തെ കുറിച്ച കേരള മുസ്‌ലിം പൊതുബോധവും അതിന്റെ പ്രയോഗവും തമ്മിലും ഏറെ അന്തരമുണ്ടല്ലോ!
Comments