Prabodhanm Weekly

Pages

Search

2015 ജനുവരി 30

നമ്മോടെങ്ങനെ പെരുമാറുന്നു എന്നതല്ല, <br> നാമെങ്ങനെ പെരുമാറുന്നു എന്നതാണ്

താജ് ആലുവ

         മരണം കാത്ത് ശയ്യാവലംബിയായിക്കിടക്കുന്ന ഒരാള്‍ ഏറ്റവുമധികം ആലോചിക്കുന്നത് എന്തായിരിക്കും? താന്‍ കുറച്ചു സമയം കൂടി ഓഫീസില്‍ അല്ലെങ്കില്‍ ജോലിസ്ഥലത്ത് ചെലവഴിച്ചിരുന്നെങ്കില്‍ എന്നാവാന്‍ വഴിയില്ല. കുറച്ചു കൂടി ടി.വി കണ്ടിരുന്നെങ്കില്‍, കുറെക്കൂടി സമയം ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ ചെലവഴിച്ചിരുന്നുവെങ്കില്‍ എന്നാകാനും തീരെ സാധ്യതയില്ല. ഒരുപക്ഷേ, ജീവിച്ച് കൊതി തീരുംമുമ്പേ തീര്‍ന്നുപോകുന്ന തന്റെ ആയുസ്സ് ഏതെങ്കിലും സേവന മാര്‍ഗത്തില്‍ പുനരര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, കുടുംബത്തെയും കുട്ടികളെയും കുറച്ചുകൂടി സ്‌നേഹിക്കാനും ലാളിക്കാനുമായിരുന്നെങ്കില്‍, അവര്‍ക്കൊരു വഴികാട്ടിയായി കൂടെയുണ്ടായിരുന്നെങ്കില്‍, തന്റെ സമ്പത്തും സൗകര്യങ്ങളും ഫലപ്രദമായി പരലോക ജീവിതത്തിന്‌വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എന്നിങ്ങനെയൊക്കെയായിരിക്കും അയാളുടെ ചിന്ത! ഇത് യാഥാര്‍ഥ്യമാണെങ്കില്‍, നമ്മുടെ ഓരോരുത്തരുടെ ജീവിതത്തെക്കുറിച്ചും ഈ നിമിഷം അങ്ങനെ ചിന്തിക്കുക. കുറച്ചുകൂടി ഫലപ്രദമായി നമ്മുടെ ജീവിതം ക്രമീകരിക്കാന്‍ അതുപകരിക്കും.

ജീവിത വിജയത്തെക്കുറിച്ച് പറയുന്നവരും പ്രശ്‌നങ്ങളില്‍നിന്നുള്ള മോചനത്തെക്കുറിച്ച് പഠിപ്പിക്കുന്നവരും നമ്മോട് പലതരം പരിഹാരങ്ങള്‍ നിര്‍ദേശിക്കാറുണ്ട്. നാമത് പരിശീലിച്ചു നോക്കും. പക്ഷേ, പലപ്പോഴും പ്രശ്‌നപരിഹാരം അകലെത്തന്നെയായിരിക്കും! എന്തുകൊണ്ടിങ്ങനെ? ഇത്തരം പല പരിഹാരങ്ങളും കുറുക്കുവഴികളാണ്. ഉദാഹരണത്തിന്, നാം പലപ്പോഴും കേള്‍ക്കുന്നതാണ് ജീവിതത്തെ എപ്പോഴും പോസിറ്റീവായി കാണണം, നിത്യവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള വര്‍ത്തമാനങ്ങള്‍ സ്വന്തത്തോട് പറയണം, നമുക്കിടയിലെ ബന്ധങ്ങള്‍ നന്നാക്കാന്‍ എപ്പോഴും സുസ്‌മേരവദനനായിരിക്കണം... അങ്ങനെയങ്ങനെ! നല്ലതു തന്നെ. ഇത്തരം കാര്യങ്ങളെ വില കുറച്ച് കാണേണ്ടതില്ല. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്തുനോക്കിയിട്ടും നാമുദ്ദേശിക്കുന്ന ലക്ഷ്യം പലപ്പോഴും നേടാനാകുന്നില്ലെങ്കില്‍ പ്രശ്‌നം കുറേകൂടി കൂലങ്കഷമായി ആലോചിക്കേണ്ടതുണ്ട്. ജീവിതവിജയം കുറുക്കുവഴികളിലൂടെ നേടേണ്ടതല്ല. അതിന്, പ്രകൃത്യായുള്ള ചില വഴികളുണ്ട്. നിയതമായ ചില രീതികളുണ്ട്.

ഒരു കര്‍ഷകന്‍ വിളവെടുക്കുന്നതുപോലെ എന്നുദാഹരണം പറയാം. ഒരു കര്‍ഷകന്‍, കൃഷിഭൂമിയൊരുക്കുകയും വിത്തുവിതക്കുകയും നനയ്ക്കുകയുമൊക്കെ ചെയ്യേണ്ട സമയത്ത് ഉഴപ്പി നടന്നിട്ട് വിളവെടുക്കേണ്ട സമയമാകുമ്പോള്‍ കൊയ്യാന്‍ ചെന്നാല്‍ വയലില്‍ എന്താണുണ്ടാവുക! അതുപോലെ, പരീക്ഷക്കൊരുങ്ങേണ്ട വിദ്യാര്‍ഥി പഠനസമയം പാഴാക്കിയതിനുശേഷം പരീക്ഷാഹാളില്‍നിന്ന് നടത്തുന്ന കോപ്പിയടി കൊണ്ടുമാത്രം രക്ഷപ്പെട്ടുകളയാമെന്ന് വിചാരിക്കുന്നതു പോലെയാണ് ചില്ലറ അഡ്ജസ്റ്റുമെന്റുകള്‍ കൊണ്ടുമാത്രം നമുക്ക് ജീവിതത്തില്‍ വിജയിച്ചുകളയാമെന്ന മോഹം. ജീവിതത്തിന്റെ ഏതു മേഖലയിലും ഈ തത്ത്വം ബാധകമാണ്. ഉദാഹരണത്തിന്, നമ്മുടെ ബന്ധങ്ങളില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ ആ പുരോഗതി കൈവരിക്കാന്‍  വേണ്ട ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.  

നാം ചെയ്യുന്ന ഏതു പ്രവൃത്തിയുടെയും പൂര്‍ണ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. ഏതെങ്കിലും നിരുത്തരവാദപരമായ പ്രവൃത്തിയിലേര്‍പ്പെട്ടതിന് ശേഷം, അത് നൈമിഷിക ദൗര്‍ബല്യമായിരുന്നു, അല്ലെങ്കില്‍ എന്റെ സ്വഭാവം, പ്രകൃതം അങ്ങനെയാണ്, എനിക്ക് പൈതൃകമായി കിട്ടിയതാണ് എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ ബാലിശമാണ്. എന്ത് പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനമെടുക്കാനുള്ള ശേഷി മനുഷ്യനുണ്ട്. ഒരു സംഗതി ചെയ്യുന്നതിന് മുമ്പ് അതിന്റെ അനന്തരഫലം മുന്‍കൂട്ടി കാണാനുള്ള കഴിവ്. താന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്കനുസരിച്ച് ഏത് പ്രവൃത്തിയെയും ആസൂത്രണം ചെയ്യാനുള്ള കഴിവ്. വാസ്തവത്തില്‍, ഈ കഴിവ് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചാണ് ഒരാള്‍ മഹാനാകുന്നതും മറ്റൊരാള്‍ നിന്ദ്യനാകുന്നതും. ഉദാഹരണത്തിന്, നമ്മോടൊരാള്‍ എങ്ങനെ പെരുമാറുന്നുവെന്നത് നമ്മുടെ നിയന്ത്രണത്തിലല്ല, പക്ഷേ അയാളോടുള്ള നമ്മുടെ പ്രതികരണം തീര്‍ച്ചയായും നമ്മുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണ്. ആ പ്രതികരണം എങ്ങനെ നമ്മള്‍ നടത്തുന്നുവെന്നിടത്ത് നമ്മുടെ മഹത്വം വെളിപ്പെടുന്നു.

മുഹമ്മദ് നബിയെ നോക്കുക. പ്രവാചകത്വം ലഭിച്ചതിന് ശേഷം മക്കയിലെ തന്റെ ജീവിതകാലം മുഴുവനും അദ്ദേഹത്തെയും അനുയായികളെയും ശത്രുക്കള്‍ കഠിനമായി മര്‍ദിച്ചു. അവരുടെ മര്‍ദനം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നില്ല. എന്നാല്‍ അതിനോടുള്ള പ്രതികരണം പൂര്‍ണമായും അദ്ദേഹത്തിന് മാത്രം നിയന്ത്രണമുള്ള കാര്യമായിരുന്നു. അത് അദ്ദേഹം വേണ്ട രൂപത്തില്‍ ഉപയോഗിച്ചപ്പോള്‍  (ക്ഷമിക്കാനും സഹിക്കാനും തീരുമാനിച്ചപ്പോള്‍) പ്രവാചകന് സമൂഹത്തില്‍ നല്ല സ്വാധീനം ഉണ്ടാക്കാനും ധാരാളം പേരെ തന്നിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു. ഒരുപക്ഷേ, തുടക്കത്തില്‍ തന്നെ പകരത്തിന് പകരം എന്ന സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ എതിരാളികള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തെ  മുളയിലേ നുള്ളിക്കളയാന്‍ പറ്റുമായിരുന്നു. പിന്നീട് പതിറ്റാണ്ടിന്‌ശേഷം മക്കയുടെയും മദീനയുടെയും ഭരണ നേതൃത്വത്തില്‍ അവരോധിക്കപ്പെട്ടതിന് ശേഷവും വിട്ടുവീഴ്ചയുടെയും മാപ്പിന്റേതുമായ സമീപനമാണ് പ്രവാചകനില്‍ നിന്നുണ്ടായത്.

വിഖ്യാതമായ സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പ്ള്‍ എന്ന ഗ്രന്ഥത്തില്‍ സ്റ്റീഫന്‍ കവി ഈ തത്ത്വത്തെക്കുറിച്ച് പറയുന്നുണ്ട്. അതായത്, നമ്മുടെ ജീവിതത്തില്‍ നിത്യേനയെന്നോണം സംഭവിക്കുന്ന സംഗതികളും അതിനോടുള്ള നമ്മുടെ പ്രതികരണവുമാണ് വാസ്തവത്തില്‍ നാമാരാണെന്ന് തീരുമാനിക്കുന്നത്. അതായത്, മറ്റുള്ളവരുടെ പെരുമാറ്റം, വാക്ക്, മനോഭാവം തുടങ്ങി നാം നേരിടുന്ന വ്യത്യസ്തമായ പരീക്ഷണങ്ങള്‍, അപകടങ്ങള്‍, നഷ്ടങ്ങള്‍ അല്ലെങ്കില്‍ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍, വിജയങ്ങള്‍  ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാല്‍, ഇത്തരം സംഗതികളോട് നാമെന്ത് സമീപനം സ്വീകരിക്കുന്നുവെന്നതാണ് ജീവിത വിജയത്തിന്റെയും മഹത്വത്തിന്റെയും അടിസ്ഥാനം.

റോബിന്‍ ഐലന്റിലെ ഒറ്റമുറി ജയിലില്‍ കിടക്കുമ്പോള്‍ നെല്‍സണ്‍ മണ്ടേല സ്വപ്നം കണ്ടത് വര്‍ണവെറിയില്ലാത്ത ഒരു ദക്ഷിണാഫ്രിക്കയെക്കുറിച്ചായിരുന്നു. മണ്ടേലയുടെ ശരീരത്തെ തടവിലിടാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ തളയ്ക്കാന്‍ അവര്‍ക്കായില്ല. ഫലമോ? നീണ്ട ഇരുപത്തിയേഴ് വര്‍ഷത്തെ കാരാഗൃഹവാസത്തിന് ശേഷം ജയില്‍ മോചിതനായ മണ്ടേല പിന്നീട് ആ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുയര്‍ന്നു. നിശ്ചയദാര്‍ഢ്യവും താനുറച്ചുവിശ്വസിക്കുന്ന മൂല്യങ്ങള്‍  ഒരിക്കല്‍ നടപ്പിലാവുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസവുമാണ് ഈ മഹോന്നത വിജയത്തിലേക്ക്  അദ്ദേഹത്തെ എത്തിച്ചത്. 

മറ്റുള്ളവര്‍ക്ക് നമ്മെ ശാരീരികമായി ഉപദ്രവിക്കാന്‍ സാധിച്ചേക്കാം. ഭൗതികമായി നമ്മുടെ സ്വാതന്ത്ര്യത്തെ തടയാന്‍ സാധിച്ചേക്കാം. നമ്മുടെ മുന്നില്‍ പലവിധ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ സ്വപ്നം കാണാനുള്ള നമ്മുടെ മനസ്സിനെ ആര്‍ക്കും തടയുക സാധ്യമേയല്ല. ആ സ്വപ്നത്തില്‍ ഉയിരെടുക്കുന്ന ചിന്തകളും അവയെ പ്രായോഗികമായി നടപ്പിലാക്കാനുള്ള വഴികളും മനസ്സില്‍ കൊണ്ടുനടക്കുന്ന ആള്‍ അനുഭവിക്കുന്ന വിശാലമായ ഒരു സ്വാതന്ത്ര്യമുണ്ട്. പ്രവര്‍ത്തിക്കാനുള്ള നമ്മുടെ ഇടവും ആ സ്വാതന്ത്ര്യത്തിന്റെ വലിപ്പത്തിനനുസരിച്ച് വലുതായിക്കൊണ്ടിരിക്കും.

ഇവ്വിഷയകമായി ശൈഖുല്‍ ഇസ്‌ലാം ഇമാം ഇബ്‌നു തൈമിയയുടേതായി ഉദ്ധരിക്കപ്പെടുന്ന ഒരു വചനമുണ്ട്: ''ഐഹിക ജീവിതത്തില്‍ ഒരു സ്വര്‍ഗമുണ്ട്. ആ സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവന് പരലോകത്തെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക സാധ്യമല്ല.''”ദൈവസ്മരണയിലൂടെ കൈവരുന്ന മാനസിക സമാധാനമാകുന്ന സ്വര്‍ഗത്തെക്കുറിച്ചാണ് അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നത്. ഏത് തരം പ്രശ്‌നങ്ങളുടെ നടുക്കടലിലാണെങ്കിലും അസ്വസ്ഥതകളില്ലാത്ത, അചഞ്ചലമായ മനസ്സുമായി നടക്കാന്‍ സാധിക്കുകയെന്നത് ഒരുതരം സ്വര്‍ഗീയാനുഭൂതി തന്നെയാണ്. വിശ്വാസത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണത്.  അതുതന്നെയാണ്, തങ്ങള്‍ വിശ്വസിച്ച ആദര്‍ശത്തിന്റെ പേരില്‍ ഭരണാധികാരികള്‍ തടവിലിട്ടപ്പോള്‍ പണ്ഡിതവര്യരായ നമ്മുടെ മുന്‍ഗാമികള്‍ പറഞ്ഞത്: ''ഞങ്ങളിപ്പോഴും അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് ഈ രാജാക്കന്മാരെങ്ങാനും അറിഞ്ഞിരുന്നുവെങ്കില്‍, അതിന്റെ പേരില്‍ വാളുകളുമായി നമ്മോടു യുദ്ധം ചെയ്യാന്‍ അവര്‍ വരുമായിരുന്നു.'' നമ്മുടെ മനസ്സില്‍ സന്തോഷത്തിന്റെ ഒരു ലോകം പണിയാന്‍ ശ്രമിച്ചുകൂടേ നമുക്ക്! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 87,88
എ.വൈ.ആര്‍