അഴിമതി ഭരണം
മുമ്പൊക്കെ വിലക്കയറ്റമുണ്ടാകുമ്പോഴും ക്രമസമാധാനം തകരുമ്പോഴും ഭരണകക്ഷി നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം ഉയരുമ്പോഴും പ്രതിപക്ഷത്തുനിന്ന് - അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും - സാധാരണ കേള്‍ക്കാറുള്ള മുദ്രാവാക്യമാണ് 'ഇതുപോലൊരു നാറിയ ഭരണം കേരള മക്കള്‍ കണ്ടിട്ടില്ല'. ഇന്ന് ഭരണ നാറ്റം ദുസ്സഹമായിട്ടുണ്ടെങ്കിലും ആ മുദ്രാവാക്യം പണ്ടേ പോലെ കേള്‍ക്കാറില്ല. ഒരുപക്ഷേ ചിരപരിചയം കൊണ്ട് ജനത്തിന് നാറ്റം 'പരിമള'മായി മാറിയിട്ടുണ്ടാവാം. അല്ലെങ്കില്‍ ഭരണമെന്നാല്‍ ഇങ്ങനെ നാറുന്ന ഒന്നാണെന്ന തീര്‍പ്പില്‍ അവരെത്തിയിരിക്കാം. വിലക്കയറ്റം കൊടികുത്തിവാഴുന്നു. അതിനെതിരെ ഒച്ചവെച്ചിട്ടു കാര്യമില്ല. അതൊരാഗോള പ്രതിഭാസമാകുന്നു! മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും തേര്‍വാഴ്ച ഒരുവശത്ത്. മറുവശത്ത് ഭവന ഭേദനവും സ്ത്രീപീഡനവും. പട്ടാപ്പകല്‍ പോലും ചെറുപ്പക്കാര്‍ ബൈക്കില്‍ വിലസി സ്ത്രീകളുടെ മാലകള്‍ പൊട്ടിച്ചോടുന്നു. പോലീസും കോടതിയും ചട്ടപ്പടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയുകയല്ല; കൂടുകയാണ്. ഇതില്‍ സ്ത്രീ പീഡനം മാത്രമാണ് അല്‍പമെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നത്. മറ്റു വിനകളൊന്നും രാഷ്ട്രീയ പാര്‍ട്ടികളോ സാംസ്‌കാരിക വേദികളോ ചര്‍ച്ചക്കെടുക്കുന്നില്ല. ഉറക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഏക വിഷയം ഭരണസിരാകേന്ദ്രത്തിലെ അഴിമതിയാണ്.
സോളാര്‍ കേസാണ് ആദ്യം ഉയര്‍ന്നത്. കോടികളുടെ ആ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ട് എന്നാണാരോപണം. നേരിയ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന യു.ഡി.എഫ് ഗവണ്‍മെന്റിനെ മറിച്ചിടാന്‍ നല്ലൊരവസരമായി കണ്ട് ഇടതുപക്ഷം അതില്‍ കയറി പിടിച്ചു. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയേ മടങ്ങൂ എന്ന് ശപഥം ചെയ്ത് ഇടതുപക്ഷ അണികള്‍ കൂട്ടം കൂട്ടമായി തിരുവനന്തപുരത്ത് ചെന്ന് സെക്രട്ടേറിയറ്റ് വളഞ്ഞു. പക്ഷേ, സമരം പരിഹാസ്യമാംവണ്ണം പാളിപ്പോയി. ആ പരാജയത്തിന്റെ ന്യായം വിശദീകരിക്കാന്‍ പാടുപെടുകയാണ് ഇപ്പോഴും സി.പി.എം നേതൃത്വം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സി.പി.എമ്മിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ തിരിയുന്നത് തടയുകയായിരുന്നു സമരത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പിന്നീട് മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ കെ.എം മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്നു. അടച്ചുപൂട്ടപ്പെട്ട ബാറുകള്‍ തുറക്കാന്‍ അനുവാദം തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ബാറുടമകളില്‍ നിന്ന് മാണി ഒരു കോടി വാങ്ങി എന്നാണ് ആദ്യമുയര്‍ന്ന ആരോപണം. മാണിയുടെ അര നൂറ്റാണ്ടുകാലത്തെ ശുഭ്ര സുന്ദരമായ പാര്‍ലമെന്ററി മഹച്ചരിതം പാടിപ്പുകഴ്ത്തി അദ്ദേഹത്തിനെതിരെ വരുന്ന ആരോപണം, അന്വേഷണം പോലും അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നു ആദ്യം യു.ഡി.എഫ്. അതു ഫലിക്കുന്നില്ലെന്ന് വന്നപ്പോള്‍ ക്യുക്ക് വെരിഫിക്കേഷന്‍ നടത്തി തുമ്പില്ലാതാക്കാനായി ശ്രമം. അതിനിടയില്‍ പൊതു മരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെയും അഴിമതിയാരോപണമുയര്‍ന്നു. വകുപ്പ് സെക്രട്ടറി വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ട് സസ്‌പെന്‍ഷനിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെയും ആരോപണമുണ്ടായി. പിന്നെ വന്നത് ദേശീയ ഗെയിംസ് അഴിമതിയാണ്. ക്യുക്ക് വെരിഫിക്കേഷന്‍ കൊണ്ട് ബാര്‍ കോഴ ഭൂതത്തെ കുടത്തിലടക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു ശ്രമിക്കുന്തോറും ആ ഭൂതം കൂടുതല്‍ ശക്തിയോടെ ഉയര്‍ന്നുവരികയാണ്. കോഴ സംഖ്യ 35 കോടിയായി വര്‍ധിച്ചിരിക്കുന്നു! കൊടുത്തവരില്‍ ബാറുടമകള്‍ക്ക് പുറമെ ബേക്കറിയുടമകളും മില്ലുടമകളും സ്വര്‍ണ വ്യാപാരികളുമുണ്ട്. ആരോപകര്‍ ശബ്ദരേഖയുള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു.
സാധാരണ ഭരണകക്ഷിക്കെതിരെ അഴിമതിയാരോപിക്കാറുള്ളത് പ്രതിപക്ഷമാണ്. മന്ത്രിമാരായ മാണിക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ആരോപണമുയര്‍ന്നത് ഭരണകക്ഷിയിലെ പ്രമുഖരില്‍ നിന്നുതന്നെയാണെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. ബാര്‍ കോഴ വീണ്ടും കനത്തുവന്നതോടെ പൊതുമരാമത്ത്, ഗെയിംസ് അഴിമതികള്‍ നിഷ്പ്രഭമായി. സംസ്ഥാനത്ത് നികുതി ചുമത്തുകയും പിരിക്കുകയും ചെയ്യുന്ന ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് കെ.എം മാണി. കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ ആറായിരം കോടിയാണ് സര്‍ക്കാര്‍ കടമെടുത്തത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാസാന്തം ആയിരം കോടി കടം വാങ്ങുകയാണ്. നികുതിയിനത്തില്‍ 30,000 കോടിയിലേറെ പിരിഞ്ഞുകിട്ടാനുണ്ട്. അതില്‍ ഗണ്യമായ ഭാഗത്തിന് സര്‍ക്കാര്‍ സ്റ്റേ അനുവദിച്ചിരിക്കുന്നു. ബാക്കിയുള്ളത് പിരിച്ചെടുക്കാനും കാര്യക്ഷമമായ നടപടികളില്ല. ഈ പശ്ചാത്തലത്തിലാണ് ബാറുടമകള്‍ മുതല്‍ സ്വര്‍ണ വ്യാപാരികള്‍ വരെയുള്ള വന്‍കിട നികുതിദായകരില്‍ നിന്ന് ധനമന്ത്രി കോഴ വാങ്ങി എന്ന വാര്‍ത്ത വരുന്നത്. ആരോപണം ശരിയാണെങ്കില്‍ സംസ്ഥാന ഖജനാവ് കാലിയാകുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരമുണ്ടതില്‍. പാര്‍ട്ടി ഫണ്ടിലെത്തുന്ന കോഴകള്‍ വഴി സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട നികുതിയുടെ ഗണ്യമായ ഭാഗം പാഴായിപ്പോവുകയാണ്. സംസ്ഥാന ബജറ്റു തന്നെ വില്‍ക്കപ്പെടുന്നു എന്നു കരുതേണ്ടിവരുന്നു. കെ.എം മാണി രാജിവെക്കണം, അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം, കോഴക്കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നൊക്കെ പ്രതിപക്ഷവും ഗവണ്‍മെന്റില്‍ കാബിനറ്റ് പദവിയുള്ള ആര്‍. ബാലകൃഷ്ണപിള്ളയും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ യു.ഡി.എഫ് അതിനൊന്നും തയാറാകുന്ന മട്ടില്ല. മന്ത്രി മാണിയുടെ കോഴയിടപാട് പുറത്തുകൊണ്ടുവന്ന ബിജു രമേശിനെ പിന്തുണച്ച കേരള കോണ്‍ഗ്രസ് ബിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചാണ് അവര്‍ തിരക്കിട്ട് ആലോചിക്കുന്നത്.
ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുമോ? കെ.എം മാണി രാജിവെക്കേണ്ടിവരുമോ? അദ്ദേഹത്തിന് അടുത്ത ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമോ? ഉമ്മന്‍ ചാണ്ടി ഈ പ്രതിസന്ധിയെ നേരിടുന്നത് എങ്ങനെയായിരിക്കും? ഇതൊക്കെയാണ് രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഉറ്റുനോക്കുന്നത്. നിയമത്തിന്റെയും രാഷ്ട്രീയ തന്ത്രത്തിന്റെയും കാര്യങ്ങളാണ്, പ്രശ്‌നത്തിന്റെ നൈതികവും ധാര്‍മികവുമായ മാനങ്ങള്‍ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടുന്നില്ല. മുറക്ക് പ്രസ്താവനകള്‍ ഇറക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായി വല്ലതും ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലല്ല പ്രതിപക്ഷം. കുറെക്കാലമായി ഭരണമെന്നാല്‍ ഇതൊക്കെത്തന്നെയാണല്ലോ എന്ന ഭാവത്തിലാണ് ജനം. സാമര്‍ഥ്യമുള്ളവര്‍ അഴിമതി കാട്ടും. അത് കണ്ടുപിടിക്കപ്പെട്ടാലും അതിജയിച്ചു വിലസും. സാമര്‍ഥ്യമില്ലാത്തവര്‍ വീണുപോകും. യഥാരാജാ തഥാപ്രജാ എന്നൊരു പഴമൊഴിയുണ്ട്. ജനാധിപത്യത്തില്‍ അത് യഥാപ്രജാ തഥാ രാജ എന്നാകും. എങ്ങനെയെങ്കിലും അവനവന്റെ താല്‍പര്യങ്ങള്‍ നേടണമെന്നല്ലാതെ സത്യവും നീതിയും വാഴണമെന്ന നിര്‍ബന്ധം അധിമാളുകള്‍ക്കും ഇല്ല. അതുകൊണ്ട് അവരര്‍ഹിക്കുന്ന സര്‍ക്കാര്‍ നാടു ഭരിക്കുന്നു. മാറ്റം വേണമെങ്കില്‍ ജനങ്ങള്‍ മാറണം. നീതിയും ധര്‍മവും നടപ്പിലാകണമെന്ന് നിര്‍ബന്ധമുള്ള ജനങ്ങള്‍ക്കേ നീതിപൂര്‍വം ഭരിക്കുന്ന സര്‍ക്കാറുണ്ടാകൂ.
Comments