സാധാരണ രചനാക്രമമല്ല ഖുര്‍ആനിന്റേത്
1960-ല്‍ മതസൗഹാര്‍ദം വിളംബരം ചെയ്യുന്ന പാളയം സ്‌ക്വയറില്‍ ഗണപതിക്ഷേത്രത്തിനും ക്രൈസ്തവ ദേവാലയത്തിനും ഇടയില്‍ പുതുക്കിപ്പണിത മുസ്‌ലിം ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം കരാര്‍ അടിസ്ഥാനത്തില്‍ എന്റെ പിതാവായിരുന്നു ഏറ്റെടുത്തത്. ആ പ്രോജക്ട് 1966-ല്‍ പൂര്‍ത്തീകരിച്ചതു മുതല്‍ ഇന്നോളം നൂറോളം മുസ്‌ലിം ആരാധനാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കി നേതൃത്വം നല്‍കാന്‍ കിട്ടിയ അപൂര്‍വ അവസരം ദൈവിക നിയോഗമായി ഞാന്‍ കാണുന്നു. ഈ കാലയളവില്‍ നാല് ക്രൈസ്തവ ദേവാലയങ്ങളുടെയും ഒരു ദേവീ ക്ഷേത്രത്തിന്റെയും നിര്‍മാണത്തിന് നേതൃത്വം നല്‍കാന്‍ എനിക്ക് അവസരം ലഭിച്ചു. വാസ്തുശില്‍പ കലയില്‍ അംഗീകൃത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത എനിക്ക് കെട്ടിട നിര്‍മാണ രംഗത്തെ മറ്റു മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചത് പ്രവൃത്തിയെ ആരാധനയായി സ്വീകരിച്ചതിനാലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
'ആരാധനാലയങ്ങള്‍ ആത്മസംസ്‌കരണത്തിന്റെ ഇടമാകുന്നു' എന്ന അറിവാണ് അരനൂറ്റാണ്ടോളം ഈ രംഗത്ത് എന്നെ പിടിച്ച് നിര്‍ത്തിയത്. ഒരു ഹിന്ദുകുടുംബത്തില്‍ ജനിച്ച് ക്രൈസ്തവ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച്, മുസ്‌ലിം ആരാധനാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ച എനിക്ക് മതങ്ങളെ അടുത്തറിയാനും പഠിക്കാനും അവസരം ലഭിച്ചു.
ഞാന്‍ പള്ളി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് ഒന്നായി കണ്ടിരുന്ന ഇസ്‌ലാം മതത്തില്‍ എത്ര വിഭാഗങ്ങളാണ് ഇന്ന് കാണുന്നത്! ഇവയില്‍ യഥാര്‍ഥമായത് തന്റേതാണെന്നുള്ള ധാര്‍ഷ്ട്യം എല്ലാവരും വെച്ചുപുലര്‍ത്തുന്നു. ഈ വിഭാഗീയതക്ക് കാരണം തേടിയപ്പോള്‍, ഇസ്‌ലാമില്‍ നിര്‍ബന്ധം അനുഷ്ഠിക്കേണ്ട ഫര്‍ദുകളും അതിനു ശേഷം നിര്‍ബന്ധമില്ലാത്തതും എന്നാല്‍ കൂടുതല്‍ ഗുണത്തിന് വേണ്ടി അനുഷ്ഠിക്കുന്ന സുന്നത്തുകളും ഉണ്ടെന്നും, സുന്നത്ത് അനുഷ്ഠാനത്തിന്റെ പേരിലാണ് വിഭാഗീയത ഉടലെടുത്തതെന്നുമാണ് എനിക്ക് മനസ്സിലായത്. നിര്‍ബന്ധമില്ലാത്ത സുന്നത്തുകളുടെ കാര്യത്തില്‍ ആശയ സംഘട്ടനങ്ങളും വിഭാഗീയതയും അപലപനീയമാണ്. മറ്റു മതങ്ങളുടെ ദയനീയമായ അവസ്ഥക്ക് കാരണം യഥാര്‍ഥ പൊരുളിനെ വിസ്മരിച്ചുകൊണ്ടുള്ള ആരാധന തന്നെയാണ്.
മതം ദൈവവിശ്വാസത്തിന്റെ ബലത്തില്‍ മനുഷ്യനില്‍ സുരക്ഷാബോധം ജനിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കാനും, നന്മ തിന്മകളെ വേര്‍തിരിച്ചറിയാനും, വ്യക്തിക്ക് സമൂഹത്തോടുള്ള കടമ എന്താണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാനും, മനുഷ്യാത്മാവിന് ഭൂലോകവാസത്തിലൂടെ എങ്ങനെ മോക്ഷപ്രാപ്തി നേടാനാകുമെന്നുമുള്ള ആത്മീയ വിദ്യാഭ്യാസം അത് നല്‍കുന്നു. ഒരു വ്യക്തിക്ക് ഭൗതിക വിദ്യാഭ്യാസം പോലെ തന്നെ ആത്മീയ വിദ്യാഭ്യാസവും ജീവിതവിജയത്തിന് അനുപേക്ഷണീയമാണ്. ആത്മീയ വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും ഊന്നല്‍ കൊടുത്താല്‍ മാത്രമേ മാനവമൈത്രി വളരുകയുള്ളൂ. മതങ്ങളുടെ പേരില്‍ നമുക്ക് ചുറ്റും പ്രക്ഷോഭങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരുണത്തില്‍ ഓര്‍മിപ്പിക്കുന്നു. നാം വാത്സല്യത്തോടു കൂടി വളര്‍ത്തിക്കൊണ്ടുവരുന്ന മക്കളും അവരുടെ മക്കളുമായ പിന്‍തലമുറകള്‍ക്ക് നാളെ ശാന്തിയുടെയും സമാധാനത്തോടെയും ഇവിടെ വസിക്കാന്‍ പറ്റിയ അന്തരീക്ഷം സൃഷ്ടിക്കാന്‍ നാം ഓരോരുത്തരും എന്തു സംഭാവന ചെയ്തു എന്ന് ആത്മ പരിശോധന നടത്തേണ്ടതാണ്.
ഭൂമുഖത്തുള്ള ഓരോ മതത്തിന്റെയും അനുയായികള്‍ അജ്ഞത മൂലം ഇതര മതങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മതഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും അത് ഉദയം ചെയ്ത ഭൂവിഭാഗങ്ങള്‍ക്കനുസൃതമായും അവരിലെ ചില വിഭാഗങ്ങളില്‍ അവരവരുടെ മാതൃഭാഷയിലുമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും പൊതുവെ അവ മാനവരാശിക്ക് മൊത്തം വേണ്ടിയുള്ളതാണ്.
ഉപനിഷത്തുക്കളും ഭഗവദ്ഗീതയും സംസ്‌കൃതത്തിലും, ബൈബിളിന്റെ പഴയനിയമവും പുതിയ നിയമവും യഥാക്രമം ഹീബ്രു-സുറിയാനി ഭാഷകളിലും, ഖുര്‍ആന്‍ അറബി ഭാഷയിലും ആണ് അവതീര്‍ണമായിട്ടുള്ളത്. ഹിന്ദുമതം ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട മതമാണ്. ബഹുദൈവാരാധനയുടെ മതമാണതെന്നുള്ള തെറ്റിദ്ധാരണ മാറ്റിക്കൊടുക്കേണ്ടത് ഹൈന്ദവരുടെ കടമയാണ്. വിശുദ്ധ ഗ്രന്ഥങ്ങളിലെ പ്രതിപാദനങ്ങളുടെയും മന്ത്ര(സൂക്ത)ങ്ങളുടെയും അര്‍ഥം മാതൃഭാഷയില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കാത്തതാണ് ഇതിനു പ്രധാന കാരണം. മറ്റു മതങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മതഗ്രന്ഥങ്ങളിലെ വചനങ്ങള്‍ അര്‍ഥം മനസ്സിലാക്കാതെ മനഃപാഠമാക്കി ഉരുവിട്ടാല്‍ മോക്ഷ സാക്ഷാത്കാരം സിദ്ധിക്കുമെന്നുള്ള തെറ്റായ ചിന്തയാണ് മനുഷ്യനെ ക്ഷുദ്രശക്തികളുടെ കളിപ്പാവകളാക്കി തീര്‍ക്കുന്നത്. ഖുര്‍ആന്‍ ആരംഭിക്കുന്നത് 'ഇഖ്‌റഅ്' (വായിക്കുക) എന്ന ഉദ്‌ബോധനത്തോടു കൂടിയാണ്. ഉപനിഷത്തിന്റെ അര്‍ഥവും ഗുരുവിന്റെ സമീപത്തിരുന്നു പഠിക്കുക എന്നാണ്. ഇതില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കാവുന്നതാണ്. പ്രവചനാതീതമായ പ്രപഞ്ച ശക്തിയുടെ പേര് മേല്‍പറഞ്ഞ ഭാഷകളിലൂടെ അഭിസംബോധന ചെയ്യുമ്പോള്‍ മാത്രമേ ദൈവത്തിന് സ്വീകാര്യമാവുകയുള്ളൂ എന്ന മിഥ്യാബോധം വിശ്വാസികളില്‍ ഉറപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതികളാണ് വിഭാഗീയത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള സംവാദം വാക്കുകള്‍ക്കതീതമായി ഹൃദയ ഭാഷയിലൂടെ ആയാല്‍ മാത്രമേ സാഫല്യം ഉണ്ടാവുകയുള്ളൂ. വിശുദ്ധ ഗ്രന്ഥങ്ങളിലെ സൂക്തങ്ങള്‍ മാതൃഭാഷയിലൂടെ തത്ത്വിചാരം ചെയ്ത് അര്‍ഥം മനസ്സിലാക്കി സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്. അതുപോലെ തന്നെ അന്യമതങ്ങളിലെ ആശയങ്ങളും ഇതേ രീതിയില്‍ പഠനം നടത്തിയാല്‍ മാത്രമേ മതങ്ങളുടെ പേരില്‍ ഇന്ന് കാണുന്ന വിദ്വേഷം അകറ്റി സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കൂ.
മുസ്‌ലിം പള്ളികളില്‍ അറബി ഭാഷയില്‍ ആലേഖനം ചെയ്യാറുള്ള സൂക്തങ്ങളുടെ അര്‍ഥം മാതൃഭാഷയില്‍ പരിഭാഷപ്പെടുത്തുന്നത് മതത്തെ അവഹേളിക്കലാണെന്ന തെറ്റായ ധാരണ അവരിലെ ചില വിഭാഗങ്ങളില്‍ കടന്നുകൂടിയിട്ടുണ്ട്. പള്ളിയുടെ മുഖവാരങ്ങളില്‍ ആലേഖനം ചെയ്തിട്ടുള്ള 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാ' എന്ന കലിമയുടെ അര്‍ഥം 'ആരാധനക്കര്‍ഹന്‍ സര്‍വശക്തനായ ദൈവം മാത്രമാണ്, മുഹമ്മദ് നബി ദൈവത്തിന്റെ ദൂതനാണ്' എന്നാണെന്ന് ഞാന്‍ അന്യമതസ്ഥര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ അവരിലുണ്ടായിരുന്ന അജ്ഞത മാറി ആദരവ് പ്രകടമാവാറുണ്ട്. ഈ കലിമയുടെ അര്‍ഥം മാതൃഭാഷയില്‍ അറബി ഭാഷക്കൊപ്പം പള്ളികളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഇന്ന് അജ്ഞതയില്‍ നിന്ന് ഉടലെടുത്ത മത വിദ്വേഷത്തിന്റെ കാഠിന്യം കുറക്കാന്‍ പറ്റുമെന്നാണ് എന്റെ അഭിപ്രായം. എന്റെ ഈ അഭിലാഷം ഭാഗികമായിട്ടെങ്കിലും ആദ്യമായി നിറവേറ്റപ്പെട്ടത് 2003-ല്‍ പണി പൂര്‍ത്തീകരിച്ച, കൊല്ലം ജില്ലയിലെ കൊല്ലൂര്‍വില ജുമാ മസ്ജിദിലാണ്. അവിടെയും അല്ലാഹു എന്ന നാമത്തിന് ദൈവം എന്ന് ആലേഖനം ചെയ്തിട്ടില്ല. ദൈവത്തിന് ദേവനും ദേവിയും എന്ന അര്‍ഥം എടുക്കാമെന്നുള്ള തെറ്റായ ധാരണയാണ് അല്ലാഹുവിന് ദൈവം എന്നു അര്‍ഥമെഴുതാന്‍ തടസ്സമാകുന്നത്. എന്നാല്‍ ദൈവം എന്ന വാക്ക് ദ്യോവ് എന്ന ധാതുവില്‍ നിന്ന് ഉണ്ടായതാണ്. ദ്യോവ് എന്നാല്‍ സ്വയം പ്രകാശിക്കുന്ന വെളിച്ചം എന്നാണ് അര്‍ഥം. ഖുര്‍ആനിലെ 24-ാം അധ്യായമായ അന്നൂറിലെ 35-ാം സൂക്തത്തില്‍ 'അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു' എന്നു പറഞ്ഞിട്ടുണ്ട്. പ്രകാശവും വെളിച്ചവുമായി ഉപമിക്കപ്പെടുന്ന അല്ലാഹുവും ദൈവവും ഒന്നുതന്നെയല്ലേ?
രണ്ടാം അധ്യായമായ അല്‍ബഖറയിലെ 255-ാം സൂക്തം ഖുര്‍ആന്‍ വചനങ്ങളില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന 'ആയത്തുല്‍ കുര്‍സി' ആയി അറിയപ്പെടുന്നു. ''അല്ലാഹു-അവനല്ലാതെ ദൈവമേതുമില്ല. അവന്‍ ബ്രഹ്മാണ്ഡ പാലകനായ നിത്യജീവ ശക്തി ആകുന്നു. അവനെ മയക്കമോ ഉറക്കമോ ബാധിക്കുന്നില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതിയില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? സൃഷ്ടികളുടെ മുന്നിലും പിന്നിലുമുള്ളതൊക്കെയും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍ നിന്ന് യാതൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല; അവര്‍ക്ക് ഗ്രഹിക്കണമെന്ന് അവന്‍ ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളെയും ഭൂമിയെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ പരിപാലനം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാകുന്നു'' (ഭഗവദ്ഗീതയിലെ രണ്ടാം അധ്യായത്തിലെ 23,24,25സൂക്തങ്ങളില്‍ പരമാത്മാവായ ദൈവത്തെ വര്‍ണിക്കുന്നതും ഇതേ തരത്തില്‍ തന്നെയാണ്. പരമാത്മാവായ സനാതന സത്യം ജനന മരണങ്ങള്‍ ഇല്ലാത്ത നിത്യനും അത്യന്തം പരിശുദ്ധനും കാലഹരണപ്പെടാത്തവനും മാരകായുധങ്ങളാലുള്ള നാശത്തിന് അതീതനും പ്രളയ ജലത്താല്‍ പോലും നശിക്കാത്തവനും അഗ്നിയാല്‍ ദഹിപ്പിക്കാനും വായുവിനാല്‍ ഉണക്കാനും പറ്റാത്തവനുമാകുന്നു. അവന്‍ മുറിക്കുവാനോ ദഹിപ്പിക്കാനോ നനയ്ക്കാനോ ഉണക്കാനോ പറ്റാത്ത നിത്യനും സര്‍വവ്യാപിയും സ്ഥിര സ്വഭാവത്തോടു കൂടിയവനും അചഞ്ചലനും അനാദിയുമാണ്. സൃഷ്ടിഗോചരമല്ലാത്തതും ഭാവനാതീതനും രൂപഭേദങ്ങള്‍ ഇല്ലാത്ത നിത്യനുമായ ആ പരമാത്മാവ് എല്ലാ സീമകള്‍ക്കും അതീതനായി, എല്ലാ സൃഷ്ടി ജാലങ്ങളിലും അന്തര്യാമിയായി അവയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ഭാരതീയമായ ദൈവദര്‍ശനം).
49-ാം അധ്യായത്തിലെ 13-ാം സൂക്തവും ഈ കാലഘട്ടത്തിന്റെ സമാധാനത്തിനുതകുന്ന അര്‍ഥവത്തായ സൂക്തമാകുന്നു. ''ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം (പരസ്പരം) അറിയേണ്ടതിന്. നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയുംചെയ്തിരിക്കുന്നു (തമ്മില്‍ വെറുക്കപ്പെടാനും കലഹിക്കാനുമല്ല). തീര്‍ച്ചയായും ദൈവസന്നിധിയില്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും ദൈവം സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' ഈ സൂക്തങ്ങള്‍ പള്ളിയുടെ മുന്‍ഭാഗത്ത് ആലേഖനം ചെയ്തു പ്രദര്‍ശിപ്പിക്കരുതെന്ന് ശാഠ്യം പിടിച്ച മുസ്‌ലിം സഹോദരങ്ങള്‍ അതിന്റെ അര്‍ഥം മനസ്സിലാക്കിയപ്പോള്‍ 'ഞങ്ങള്‍ എത്രയോ കാലം മുമ്പ് അറിയേണ്ടിയിരുന്ന ഇതിന്റെ പൊരുള്‍ ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സാറിന്റെ സഹായത്താല്‍ ആണെ'ന്ന് പറഞ്ഞു എന്റെ കരം ഗ്രഹിച്ചു അഭിനന്ദിച്ചപ്പോള്‍ എന്നിലുണ്ടായ വികാരമാണ് 'ഞാന്‍ കണ്ട ഖുര്‍ആന്‍' എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അത് പരിഭാഷയല്ല. അറബി ഭാഷ വശമില്ലാത്ത ഞാന്‍ യൂസുഫ് അലിയുടെ, ഖുര്‍ആന്റെ ഇംഗ്ലീഷ് വ്യാഖ്യാനത്തിന്റെയും, പാളയം ജമാഅത്ത് എനിക്ക് സമ്മാനിച്ച തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാള പരിഭാഷയുടെയും, സുഹൃത്തുക്കളുമായിട്ടുള്ള ആശയവിനിമയത്തിന്റെയും പിന്‍ബലത്തിലാണ് ആ രചന മുന്നോട്ടുകൊണ്ടുപോകുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിവിധ മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സഹിഷ്ണുതയോടെ നോക്കി കാണുകയും ബഹുമാനപുരസ്സരം പങ്കെടുക്കുകയും ചെയ്യുന്ന ഈ സഹവര്‍ത്തിത്വം ലോക ശാന്തിക്കായി നീണാള്‍ വാഴട്ടെ.
എല്ലാ മതങ്ങളെയും തത്ത്വവിചാരം ചെയ്ത് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉതകുമാറ് ഒരു ബൃഹത്തായ വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കിയാല്‍ ലോകശാന്തി കൈവരിക്കാന്‍ സാധിക്കും. പ്രവൃത്തിയുടെ ഫലം അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ആശ്രയിച്ചായിരിക്കും എന്ന ആപ്തവാക്യം കൈമുതലാക്കി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഇത് എന്റെ ജീവിതാഭിലാഷമാണ്. 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജ്യസ് തോട്ട്' എന്ന ഒരു പഠനകേന്ദ്രം തുടങ്ങാമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി 2002-ല്‍ ആരംഭിച്ചതാണ് 'മാനവ മൈത്രി' എന്ന ചാരിറ്റബ്ള്‍ സൊസൈറ്റി.
മറ്റു ഗ്രന്ഥങ്ങളുടെ അവതരണ രീതിയില്‍ നിന്ന് തുലോം വ്യത്യസ്തമായിട്ടാണ് ഖുര്‍ആന്റെ പ്രതിപാദന ശൈലി. മറ്റു ഗ്രന്ഥങ്ങളിലെ പ്രതിപാദ്യം ക്രമാനുക്രമമായി മുഖ്യവിഷയത്തെ അധ്യായങ്ങളായും ഉപശീര്‍ഷകങ്ങളായും വിഭജിച്ച് യഥാക്രമം ഓരോ പ്രശ്‌നവും ചര്‍ച്ച ചെയ്ത് അനുവാചകരെ ലക്ഷ്യത്തിലെത്തിക്കുന്നു. എന്നാല്‍ ഖുര്‍ആന്റെ പ്രതിപാദനരീതി ഇതിനു വിപരീതമായ നിലയിലാണ്. ഇസ്‌ലാമിലെ വിശ്വാസ പ്രമാണങ്ങള്‍, ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍, ശരീഅത്ത് വ്യവസ്ഥകള്‍, ആദര്‍ശ പ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപങ്ങളും വിമര്‍ശനങ്ങളും, താക്കീത്,ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, കഥാകഥനങ്ങള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്കുള്ള സൂചനകള്‍ എന്നിവയെല്ലാം ഇടക്കിടെ മാറി മാറി പ്രതിപാദിച്ചിരിക്കുന്നു ഖുര്‍ആനില്‍. ഒരേ വിഷയം ഭിന്ന രീതികളില്‍, വ്യത്യസ്തങ്ങളായതും അര്‍ഥവ്യാപ്തിയുള്ളതുമായ വാക്കുകളാല്‍ ഇതില്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒരു വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ തുലോം വ്യത്യസ്തമായ മറ്റൊരു വിഷയം പൊടുന്നനെ കടന്നുവരുന്നു. സംബോധന ചെയ്യുന്നവരും അത് ശ്രവിക്കുന്നവരും ഇടക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണങ്ങളുടെ ദിശ ഭിന്ന ഭാഗങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. അധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും ഒരടയാളം പോലും ഒരിടത്തും കാണാന്‍ സാധിക്കുന്നില്ല. ചരിത്രം വിവരിക്കുന്നത് ചരിത്രവ്യാഖ്യാന രീതിയിലല്ല. തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും ചര്‍ച്ച ചെയ്യപ്പെടുന്നത് ശാസ്ത്ര ഭാഷയിലുമല്ല. മനുഷ്യനെയും ഇതര സൃഷ്ടിജാലങ്ങളെയും പറ്റിയുള്ള പരാമര്‍ശം പദാര്‍ഥ-ശാസ്ത്ര വിവരണ രീതിയിലേ അല്ല. നിയമവിധികളും നിയമങ്ങളുടെ മൗലിക തത്ത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമപണ്ഡിതന്മാരുടേതില്‍ നിന്ന് തീരെ വിഭിന്നമായ ഭാഷയിലും രീതിയിലുമാണ്. ധര്‍മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് വ്യതിരിക്തമായ രീതിയിലാണ് ധാര്‍മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള അവതരണരീതി ചിരപരിചിതമായ ഗ്രന്ഥസങ്കല്‍പത്തിന് വിപരീതമായി കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നു പോകുന്നു. പ്രതികൂല വീക്ഷണ കോണിലൂടെ നോക്കുന്നവര്‍ ഈ കൃതി ആദ്യവസാനം അന്യോന്യ ബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടതാണെന്ന് ധരിച്ച് വശംകെട്ടുപോകുന്നു. എന്നാല്‍, അനുകൂല വീക്ഷണഗതിക്കാര്‍ അര്‍ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട് സംശയ നിവൃത്തിക്ക് കുറുക്കു വഴി തേടുന്നു. ചിലപ്പോള്‍ കൃത്രിമ മാര്‍ഗങ്ങളിലൂടെ വാക്യങ്ങള്‍ക്ക് പരസ്പര ബന്ധം സ്ഥാപിച്ച്, വിചിത്രങ്ങളായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. ഇതിലെ ഓരോ സൂക്തവും മുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ് ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശ്യത്തിന് വിപരീതമായ അര്‍ഥം നല്‍കി വ്യാഖ്യാനിക്കപ്പെടുന്നു.
ഈ ഗ്രന്ഥം നല്ലവണ്ണം ഗ്രഹിക്കാന്‍ അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യലക്ഷ്യങ്ങളും ആസ്വാദകര്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത് ഏതു തരത്തിലുള്ള ഗ്രന്ഥമാണ്, ഇതിന്റെ അവതരണവും ക്രോഡീകരണവും ഏത് വിധത്തിലാണ്, എല്ലാ ചര്‍ച്ചകളുടെയും ലക്ഷ്യസ്ഥാനം ഏതാണ്, വൈവിധ്യമാര്‍ന്ന അനേക വിഷയങ്ങള്‍ ഏതൊരു കേന്ദ്ര വിഷയവുമായി ബന്ധിപ്പിച്ചിരിക്കുന്നു, ആശയ പ്രകാശനത്തിനായി ഏതുതരം ശൈലിയും സമര്‍ഥന രീതിയുമാണ് സ്വീകരിച്ചിട്ടുള്ളത്... ഇപ്രകാരമുള്ള അനേകം പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കായി തുടക്കത്തില്‍ തന്നെ വ്യക്തവും വളച്ചുകെട്ടില്ലാത്തതുമായ ഉത്തരങ്ങള്‍ ലഭിക്കുന്ന പക്ഷം വായനക്കാര്‍ക്ക് അവരുടെ പഠന പരിചിന്താസരണി തുറസ്സായിത്തീരും. സാധാരണ ഗ്രന്ഥരചനാക്രമം ഖുര്‍ആനില്‍ അന്വേഷിക്കുന്ന ഒരാളുടെ അമ്പരപ്പിന്റെ മൂലകാരണം ഖുര്‍ആന്‍ പഠനസംബന്ധമായ പ്രസ്തുത കാര്യങ്ങളുടെ അജ്ഞത തന്നെയാണ്. മതത്തിന്റെയും ഗ്രന്ഥത്തിന്റെയും നിലവിലുള്ള സങ്കല്‍പം എടുത്തുമാറ്റി ഭിന്നമായൊരു സവിശേഷ രീതിയിലാണ് ഈ വിശുദ്ധ ഗ്രന്ഥം ക്രോഡീകരിച്ചിട്ടുള്ളതെന്ന ഉത്തമ ബോധത്തോടെയുള്ള പഠനത്തിലൂടെ മാത്രമേ ഇതിന്റെ യഥാര്‍ഥ പൊരുള്‍ ആസ്വദിക്കാനും സ്വജീവിതത്തില്‍ പകര്‍ത്താനും സാധിക്കുകയുള്ളൂ.
(അമ്പതു വര്‍ഷത്തിലേറെയായി വാസ്തുശില്‍പിയായി പ്രവര്‍ത്തിക്കുന്ന ജി. ഗോപാലകൃഷ്ണന്‍ തിരുവനന്തപുരം പാളയം സ്വദേശിയാണ്).
Comments