Prabodhanm Weekly

Pages

Search

2015 ജനുവരി 09

കടമ്പ

സാജു പുല്ലന്‍

കടമ്പ

ലക്ഷ്യത്തിലെത്തുവാന്‍
മൂന്നു കുളങ്ങളില്‍
മുങ്ങി കയറണം-
ഒന്നാമത്തെ കുളത്തില്‍
തേനിനേക്കാള്‍ മധുരമുള്ളതാകുന്നു
അതില്‍ മുങ്ങിയവരൊന്നും
പിന്നെ കയറി വന്നില്ല...
കുടിച്ചു...കുളിച്ചു...
നീന്തി കളിച്ചു...
രണ്ടാമത്തെ കുളത്തില്‍
കടും കൈപ്പാകുന്നു...
കയറി പോരാന്‍ പടവുകളില്ലാത്തത്.
അഗാധവും...
മൂന്നാമത്തേതില്‍-
കയ്പും മധുരവും
കലര്‍ന്നോരോ തുള്ളിയും
തിക്കും തിരക്കുമാണ്
ഓരോ അരികിലും...
കയറി പോരുക അസാധ്യമാം വിധം
ലക്ഷ്യം
കാത്തുനില്‍ക്കുന്നു...
വഴികള്‍ മൂടി കിടപ്പാണെങ്കിലും
തിരഞ്ഞൊരാള്‍
വരുമെന്നറിഞ്ഞു തന്നെ...

സാജു പുല്ലന്‍

 

അടയാളം

ഒരാഘോഷവും 
പുലരുവോളം കനംവയ്ക്കില്ല...
ഇലകൊഴിയും മുമ്പ് 
ദേശാടനക്കിളികള്‍ യാത്രയാകും.
പൊയ്മുഖങ്ങള്‍ക്ക് 
ശലഭത്തേക്കാള്‍ 
പ്രായമേ കൂടുകയുള്ളൂ.
ഇരുമ്പു മതിലുകള്‍ 
ഹൃദയഭിത്തിയേക്കാള്‍ 
വേഗം ദ്രവിക്കും.
ചേറ്റുമണമില്ലാത്ത 
കൊടിക്കൂറകള്‍ അഴിഞ്ഞേ തീരൂ.
തൊപ്പിക്കല്ലുകള്‍ക്കിടയില്‍ നിന്ന് 
ഇനി ആരു വരാന്‍?
ഉയിരിനെ ഉപ്പാക്കിയ 
മുദ്രാവാക്യങ്ങള്‍ക്കായി 
കാതോര്‍ക്കണ്ടേ.
ഓര്‍മകള്‍ക്കുമേല്‍ അവര്‍ 
എന്നേ മാര്‍ബിള്‍ പാകിക്കഴിഞ്ഞു.

വിളിപ്പേരുകള്‍

കവിതയില്‍ രാഷ്ട്രീയം കലരുമ്പോള്‍
'ഇടതു തീവ്രവാദി.'
മണലുവാരലും വനംവെട്ടലും വരുമ്പോള്‍
'പരിസ്ഥിതി ഭ്രാന്തന്‍.'
സ്ത്രീപീഡനം വന്നാല്‍
'വാര്‍ത്ത കവിതയാക്കുന്നവന്‍.'
നിനക്ക് പൂവിന്റെ ചിരിയെ, 
കാമുകിയെ, നിലാവിനെ
ഒക്കെ എഴുതിക്കൂടേ? ഉപദേശം കിട്ടി.
സുഹൃത്തേ,
ഒടുക്കം നിനക്കതിനും വില പറയാനല്ലേ...
നിന്റെ ചങ്ങല എന്റെ ചങ്കിലു മുട്ടാതിരിക്കാന്‍
അങ്ങനെ ഞാന്‍ കവിതയില്‍ 
മണലും വെള്ളവും ചേര്‍ത്തു.

പ്രമോദ് ജി.എം, പുനലൂര്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/82
എ.വൈ.ആര്‍