പ്രവാചകനിലുണ്ടായിരുന്നു <br> നമുക്ക് വേണ്ട മുഴുവന്‍ വെളിച്ചവും

ദീപ്തവും തെളിച്ചമാര്‍ന്ന വിളക്കിന് സമാനവുമാണ് നബിയുടെ ജീവിതം. 'സിറാജുന്‍ മുനീര്‍' എന്നാണ് നബിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് (അല്‍ അഹ്‌സാബ് 46). ഇതേ പദങ്ങളുപയോഗിച്ച് ഖുര്‍ആന്‍ മറ്റിടങ്ങളില്‍ സൂര്യനെ വര്‍ണിക്കുന്നുണ്ട് (നൂഹ് 16, അന്നബഅ് 13). പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികള്‍ക്കുമാവശ്യമായ ജീവന്റെയും താപോര്‍ജങ്ങളുടെയും ഖജനാവായാണല്ലോ സൂര്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ കിരണങ്ങള്‍ എല്ലാ ദിശയിലും ഒരേ അളവില്‍ ഊര്‍ജം പ്രസരിപ്പിക്കുന്നു. അതിന്റെ ഒരു ഭാഗത്തിന് മറ്റൊന്നിനേക്കാള്‍ മുന്‍ഗണന നല്‍കാനാവില്ല. ഒരര്‍ഥത്തില്‍ സൂര്യനെയോ അത് പ്രസരിപ്പിക്കുന്ന ഊര്‍ജത്തെയോ വ്യത്യസ്ത ഖണ്ഡങ്ങളായി വിഭജിക്കാന്‍ സാധ്യമല്ല തന്നെ.
ഇതുതന്നെയാണ് പ്രവാചക ജീവിതത്തിന്റെയും അവസ്ഥ. മാനുഷ്യകത്തിന് ജീവിതോര്‍ജങ്ങളുടെ സ്രോതസ്സാണ് നബി. വിഭജനങ്ങളസാധ്യമായ ഏകകമാണവിടുത്തെ ജീവിതം. ഏത് കോണില്‍ നിന്ന് നോക്കിയാലും ഏത് ദിശയില്‍ കണ്ണെറിഞ്ഞാലും ഒരേ തരത്തില്‍ സത്യമാര്‍ഗത്തിന്റെ വെളിച്ചം പരത്തി സൂര്യസമാനം നില്‍ക്കുന്നു, ആ വ്യക്തിത്വം. പ്രവാചകന്‍ എന്ന നിലയില്‍ അവിടുന്ന് നല്‍കിയ മാതൃക നമുക്ക് മുഴുജീവിതത്തിലും പിന്‍പറ്റാന്‍ പാകത്തിലുള്ളതാണ്. ചിന്തക്കും ജീവിത വീക്ഷണങ്ങള്‍ക്കും ജ്ഞാനാടിത്തറ, ഹൃദയ മസ്തിഷ്‌കങ്ങള്‍ക്ക് ശാന്തിദായക സന്ദേശങ്ങള്‍, കര്‍മമാര്‍ഗങ്ങള്‍ക്ക് മാതൃക തുടങ്ങി എല്ലാം അവിടെ നിന്ന് ലഭ്യമാണ്. ആഴമേറിയ ആ ഖജനാവില്‍നിന്ന് നാം ഏത് മുത്തും പവിഴവും വാരിയെടുത്ത് നമ്മുടെ ഭാണ്ഡം നിറക്കും? ആ പൂവാടിയില്‍ നിന്ന് ഏത് പൂവിറുത്ത് നമ്മുടെ പൂപ്പാത്രത്തിന് ഭംഗിയേറ്റും? തീരുമാനമെടുക്കല്‍ ഒരേസമയം പ്രയാസകരവും എളുപ്പവുമായ പ്രശ്‌നമാണിത്. ഖജനാവ് അക്ഷയവും നമ്മുടെ ഭാണ്ഡം വളരെ ചെറുതുമാണെന്നതാണ് കാരണം. ചിലതെടുക്കാമെന്ന് വെച്ചാല്‍ ചിലത് ഉപേക്ഷിക്കേണ്ടിവരും. അപ്പോള്‍ ഉപേക്ഷിച്ചു പോരുന്നതില്‍ കണ്ണുകളുടക്കും; മനമതിനെ കൊതിക്കും. ഏതെടുക്കുമെന്നതിലല്ല, ഏതുപേക്ഷിക്കുമെന്നതിലാണ് പ്രയാസം. അതേസമയം നാം എടുക്കുന്നവ, ഉപേക്ഷിച്ച് പോകുന്നതിനേക്കാള്‍ ഒട്ടും മോശമല്ല എന്നതാണ് എളുപ്പത്തിന്റെ കാരണം.
എന്നാല്‍, നമ്മുടെ ഗ്രഹണശേഷിയുടെ പരിമിതി, കാഴ്ചയുടെ പരിധി, കാലഘട്ടത്തിന്റെ തേട്ടങ്ങള്‍, പഠന നിര്‍ധാരണങ്ങളുടെ എളുപ്പം തുടങ്ങിയ കാരണങ്ങളാല്‍ റസൂലിന്റെ സമഗ്ര ജീവിതത്തെ വിവിധ ഖണ്ഡങ്ങളായി വിഭജിച്ച് കാണാന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നു. അങ്ങനെ ചിലപ്പോള്‍ പ്രബോധകനായി, മറ്റു ചിലപ്പോള്‍ പടനായകനായി, മറ്റൊരിക്കല്‍ കുടുംബനാഥനായി ഒക്കെ ആ ദീപ്ത ജീവിതത്തില്‍ നിന്ന് വെളിച്ചമുള്‍ക്കൊള്ളാന്‍ നാം ശ്രമിക്കുന്നു. നബിയുടെ നേതൃജീവിതത്തെയും അധ്യാപകനെന്ന മാതൃകയെയും സംബന്ധിച്ചുള്ള ചിന്തയാല്‍ ഞാനെത്തിച്ചേര്‍ന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. അവിടുത്തെ ജീവിത സാകല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയൊരു ഭാഗം മാത്രമേ വരൂ. എന്നാല്‍ നമ്മുടെ ദൗര്‍ബല്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതൊരു കുറവായി കാണാനാവില്ല തന്നെ. കാരണം, പ്രവര്‍ത്തനൗത്സുക്യമുള്ളവര്‍ക്ക് പിന്‍പറ്റാന്‍ ഒരു മാതൃക തന്നെ ധാരാളമാണല്ലോ. സുഷുപ്തിയിലാണ്ട കുസുമത്തെയുണര്‍ത്താനും അതിന് വര്‍ണ സൗരഭ്യങ്ങള്‍ നല്‍കാനും സൂര്യകിരണങ്ങളിലൊന്ന് തന്നെ മതിയായതത്രെ.
റസൂലിന്റെ ജീവിതത്തെ വ്യത്യസ്ത മേഖലകളാക്കിത്തിരിച്ച് പഠിക്കുമ്പോള്‍ ആ വിശുദ്ധ ജീവിതത്തോട് നീതി പുലര്‍ത്തല്‍ എപ്രകാരം പ്രയാസകരമാണോ അത്രതന്നെ പ്രയാസമാണ് പ്രവാചക ജീവിതത്തിന്റെ നേതൃ-ഗുരു ഭാവങ്ങളെ മാത്രമായി വേര്‍തിരിച്ചെടുക്കാന്‍. കാരണം, ആദ്യന്തം അധ്യാപകനും സന്മാര്ഗ ദര്‍ശകനുമായിരുന്നല്ലോ നബി. അവിടുത്തെ നേതൃത്വം തന്നെ ശിക്ഷണ ശീലങ്ങള്‍ അഭ്യസിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. തഅ്‌ലീം എന്നത് പ്രവാചകത്വത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങളില്‍ പെട്ടതാണ് താനും. സ്വജനതക്ക് ശിക്ഷണം നല്‍കിക്കൊണ്ടായിരുന്നു, അവിടുത്തെ പ്രവാചക ദൗത്യത്തിന്റെ ആരംഭം. ആദ്യ നിമിഷം മുതല്‍ അവസാന ശ്വാസം വരെ, മനുഷ്യര്‍ക്ക് ദൈവിക വചനങ്ങളും ഗ്രന്ഥവും ഹിക്മത്തും പഠിപ്പിച്ചും, ഈ അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നേര്‍മാര്‍ഗത്തിന്റെ രാജപാതയില്‍ ജീവിതയാത്രക്ക് നേതൃത്വം കൊടുത്തുമാണ് പ്രവാചക ജീവിതം കഴിഞ്ഞുപോയത്.
സൂര്യോദയത്തോടൊപ്പം ലോകം സജീവമാകുന്നു. മാലോകരില്‍ ഉണര്‍വ് ദൃശ്യമാകുന്നു. മനസ്സും ശരീരവും ചടുലമാകുന്നു. ജനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്ത പൂര്‍ത്തീകരണങ്ങളില്‍ മുഴുകാന്‍ തുടങ്ങുന്നു. ഇതേവിധം, പ്രവാചകനെന്ന സൂര്യതേജസ്സ് നമ്മുടെ ജീവിതത്തില്‍ എന്ത് പ്രകാശമാണ് പരത്തിയത്? ജീവിത സമരത്തിലെ നായകനായി നബിയെ സ്വീകരിച്ച് അതേ പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടവര്‍ എന്ന നിലയില്‍, ജീവിതകാലം മുഴുവന്‍ പ്രവാചകന്‍ പൊരുതിയ സത്യപ്രബോധനമെന്ന ദൗത്യം ചുമലിലേറ്റിയവര്‍ എന്ന നിലയില്‍ നമ്മുടെ മുന്നിലുള്ള വിഷയവും ചോദ്യവും അതാണ്.
ഖുര്‍ആനും പ്രവാചക ജീവിതാഖ്യാനങ്ങളും
ഖുര്‍ആന്റെ വെളിച്ചത്തില്‍ മാത്രം കാര്യങ്ങള്‍ വിശദമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വിസ്തരഭയമാണ് അതിന്റെ കാരണങ്ങളിലൊന്ന്. അപ്രകാരം കാര്യങ്ങളവതരിപ്പിക്കുന്നത് ഖുര്‍ആനും പ്രവാചക ജീവിതാഖ്യാനങ്ങ(സീറ)ളും തമ്മിലുള്ള ഗാഢബന്ധം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു എന്നതാണ് രണ്ടാമത്തെ കാരണം.
പൊതുവെ ഖുര്‍ആനും സീറയും രണ്ട് വേറിട്ട സംഗതികളായാണ് മനസ്സിലാക്കപ്പെടാറ്. സീറയില്‍ കാര്യങ്ങള്‍ മുഴുവന്‍ വിശദാംശങ്ങളോടെ കിട്ടുന്നു എന്നതും, അതേസമയം ഖുര്‍ആന്‍ സ്ഥലകാല ചരിത്ര സന്ദര്‍ഭങ്ങളുടെ വിശദീകരണങ്ങള്‍ മിക്കപ്പോഴും നല്‍കുന്നില്ല എന്നതുമാകാം അതിന് കാരണം. പൊതുവെ പ്രവാചക ചരിത്രമെഴുത്തുകാര്‍ ഖുര്‍ആനില്‍ നിന്ന് വളരെക്കുറച്ചേ തെളിവുകളുദ്ധരിക്കാറുള്ളൂ. അതേസമയം ഖുര്‍ആന്‍ വ്യാഖ്യാതാക്കളാവട്ടെ ഖുര്‍ആനിക വെളിച്ചത്തില്‍, ഖുര്‍ആന്‍ കൊണ്ടുവന്ന റസൂലിന്റെ ചരിത്രത്തെ വിശദീകരിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടുമില്ല. എന്നാല്‍, ഏറ്റവും മികച്ച പ്രവാചക ചരിത്രഗ്രന്ഥം ഖുര്‍ആനും. ഖുര്‍ആന്റെ ഏറ്റവും മികച്ച വ്യാഖ്യാനം പ്രവാചക ചരിത്രവുമാണ് എന്ന് എന്റെ പരിമിതമയ അറിവ് വെച്ച് എനിക്കുറപ്പിച്ച് പറയാന്‍ കഴിയും. ഖുര്‍ആന്‍ പ്രവാചക ജീവിതത്തിന്റെ വിശദീകരണവും പ്രവാചക ജീവിതം ഖുര്‍ആന്റെ ജീവല്‍ മാതൃകയുമാണെന്ന് ചുരുക്കം.
അതിനാല്‍ ആര്‍ ഖുര്‍ആന്റെ ശരിയായ വ്യാഖ്യാനം പഠിക്കാനാഗ്രഹിക്കുന്നുവോ, ആര്‍ക്ക് ജീവിക്കുന്ന ഖുര്‍ആനെ കാണേണമോ, അക്ഷരങ്ങള്‍ക്കപ്പുറത്ത് കര്‍മങ്ങളുടെ ഭാഷയില്‍ അതിനെ വായിക്കാനാഗ്രഹിക്കുന്നുവോ, അവര്‍ ഇബ്‌നു കസീറിനെക്കാളും കശ്ശാഫിനെക്കാളും റാസിയെക്കാളും കൂടുതലായി റസൂലിനെ വായിക്കട്ടെ. 'ഇഖ്‌റഅ് ബിസ്മി'യില്‍ തുടങ്ങി 'യദ്ഖുലൂന ഫീ ദിനില്ലാഹി അഫ്‌വാജനി'ല്‍ ഫലസിദ്ധിയിലെത്തിയ ജീവിതത്തെ പഠിക്കട്ടെ. ആ മഹദ് ജീവിതത്തിന്റെ ഓരോരോ നിമിഷങ്ങളെ അന്തരാളങ്ങളില്‍ ആവാഹിക്കാന്‍ കഴിഞ്ഞവര്‍ക്ക് ഖുര്‍ആനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഇപ്രകാരം മുഹമ്മദ് റസൂലുല്ലയെ കാണാനാഗ്രഹിക്കുന്നവര്‍ ഇബ്‌നു ഇസ്ഹാഖിനും ഇബ്‌നു ഹിശാമിനും ഇബ്‌നു സഅ്ദിനും മുമ്പായി ഖുര്‍ആനിലേക്ക് തിരിയട്ടെ. മറ്റു ഗ്രന്ഥങ്ങളില്‍ ലഭ്യമായ സംഭവവിവരണങ്ങളും സ്ഥലകാല വിശദാംശങ്ങളും ഒഴികെ തിരുജീവിതത്തിന്റെ അവസ്ഥകള്‍, ഗുണവിശേഷണങ്ങള്‍, സ്വഭാവ രീതികള്‍, നിലപാടുകള്‍, സമീപനങ്ങള്‍, ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, കര്‍മ മാര്‍ഗങ്ങള്‍ തുടങ്ങി സകലതും നിങ്ങള്‍ക്കത് നല്‍കും. ദൈവിക വെളിപാടുകളുടെ ശിക്ഷകന്‍, ഇസ്‌ലാമിക പ്രസ്ഥാന നായകന്‍ എന്നീ നിലകളിലെ പ്രവാചക മാതൃകകളുടെ പാഠങ്ങള്‍ പ്രത്യേകമായിത്തന്നെ നിങ്ങള്‍ക്ക് കിട്ടും. കാരണം ഖുര്‍ആന്റെ ഓരോ സൂക്തവും അതിലെ ഓരോ പദവും നബിജീവിതത്തിന്റെ മേല്‍ അവസ്ഥകളോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.
ഖുര്‍ആനില്‍ നിന്ന് നബിജീവിതം വായിച്ചെടുക്കുമ്പോള്‍
ഖുര്‍ആന്‍ പതിവ് രീതിയിലുള്ള ഒരു ഗ്രന്ഥമല്ല എന്നത് നമുക്ക് അറിവുള്ള കാര്യമാണ്. അതിനാല്‍ പ്രവാചക ചരിത്ര ഗ്രന്ഥങ്ങളുടെ നടപ്പുശീലങ്ങളും രീതികളും നമുക്കതില്‍ കാണാനാവില്ല. പദ-വിഷയ സൂചികകളും അധ്യായങ്ങളും തലക്കെട്ടുകളും ഖണ്ഡികകളുമൊക്കെയുള്ള ഒരു പുസ്തകം; അതില്‍നിന്ന് നബിയുടെ നേതൃ- ഗുരു ജീവിതങ്ങളുടെ പ്രത്യേകതകളും സമീപനങ്ങളും പെട്ടെന്ന് വായിച്ചെടുക്കാന്‍ കഴിയുക, ഇത്തരമൊരു പുസ്തകമല്ല ഖുര്‍ആന്‍. അതിനാല്‍ ഖുര്‍ആനിക രീതിയെ സംബന്ധിച്ച ഗ്രാഹ്യം നമുക്ക് അത്യാവശ്യമാണ്.
ഖുര്‍ആനില്‍ നിന്ന് പ്രവാചക ജീവിതത്തെ വായിച്ചെടുക്കാനും തദ്‌സംബന്ധിയായ വിവരങ്ങളാര്‍ജിക്കാനും ഞാന്‍ സ്വീകരിക്കുന്ന രീതിശാസ്ത്രത്തിന് രണ്ട് അടിസ്ഥാനങ്ങളുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ നല്‍കപ്പെട്ട വിധികളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും പ്രഥമ അഭിസംബോധിതന്‍ നബി കരീം തങ്ങളോ അവിടുത്തോടൊപ്പമുള്ള വിശ്വാസി സമൂഹമോ ആണ് എന്നതാണ് ഒന്നാമത്തേത്. യാ അയ്യുഹന്നബിയ്യു, യാ അയ്യുഹര്‍റസൂലു, യാ അയ്യുഹല്ലദീന ആമനൂ തുടങ്ങിയ അഭിസംബോധനകളിലൂടെ ഖുര്‍ആനില്‍ നമുക്കത് കാണാം. ഖുര്‍ആന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായിരുന്നു, അവിടുത്തെ കര്‍മങ്ങള്‍. അവയുടെ പ്രകാശനമായിരുന്നു അവിടുത്തെ ജീവിതം. സീറാ ഗ്രന്ഥങ്ങളില്‍ നിന്ന് എത്രയും സംഭവങ്ങള്‍ നമുക്കിതിന് തെളിവായി ഉദ്ധരിക്കാനാവും. പക്ഷേ, ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക് ഇതിന് സാക്ഷ്യങ്ങള്‍ കിട്ടും. മുസ്‌ലിംകളില്‍ പ്രഥമനും (അവ്വലുല്‍ മുസ്‌ലിമീന്‍) സത്യവിശ്വാസികളില്‍ പ്രഥമനും (അവ്വലുല്‍ മുഅ്മിനീന്‍) ആയിരുന്നു അവിടുന്ന്. എല്ലാറ്റിലുമുപരി ഏവരിലും മുമ്പനായി വഴിപ്പെടുന്നവനും കര്‍മങ്ങളനുഷ്ഠിക്കുന്നവനും നബി തന്നെ. മറ്റൊരു കാര്യം, അവിടുത്തെ വാക്കും പ്രവൃത്തിയും തമ്മിലുള്ള യോജിപ്പ് ആണ്. ആ തിരുവദനത്തില്‍ നിന്ന് മൊഴിഞ്ഞിറങ്ങിയ വചനങ്ങള്‍ക്ക് വിരുദ്ധമായൊരു പ്രവൃത്തി നബിയില്‍ നിന്നൊരിക്കലുമുണ്ടായില്ല. തന്റെ നാഥന്റെ ശാസനകളോട് അവിടുന്നൊരിക്കലും ധിക്കാരം കാണിച്ചില്ല. കേവല സന്ദേശവാഹകന്‍ മാത്രമായിരുന്നില്ലല്ലോ അവിടുന്ന്. താന്‍ വഹിച്ച സന്ദേശങ്ങള്‍ക്ക് കര്‍മസാക്ഷ്യം നിര്‍വഹിക്കേണ്ട ബാധ്യത കൂടി നബിക്കുണ്ടായിരുന്നു.
ദിക്ര്‍, തസ്ബീഹ്, തക്ബീര്‍, ഖിയാമുല്ലൈല്‍, ജിഹാദ് എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ റസൂലിന് ലഭിച്ചു എന്ന് പറയുന്നതിനര്‍ഥം അവിടുന്ന് ഇതിലെല്ലാം വ്യാപൃതനായിരുന്നു എന്നാണ്. കൂടിയാലോചന, ആര്‍ദ്രത, വിട്ടുവീഴ്ച, മാപ്പ് കൊടുക്കല്‍, വിവരദോഷികളോട് അകലം പാലിക്കല്‍ തുടങ്ങിയ പാഠങ്ങള്‍ നല്‍കപ്പെട്ടപ്പോള്‍, മേല്‍ ഗുണങ്ങളുടെ വിളനിലമായി മാറി ആ മഹദ് ജീവിതം. ഖുര്‍ആന്‍ തന്നെ അവിടുത്തെ സദ്ഗുണങ്ങളെ പരാമര്‍ശിക്കുന്നു എന്നത് മതിയല്ലോ, മതിയായ വിശദീകരണമായി.
രണ്ടാമതായി, ഖുര്‍ആനില്‍ എവിടെയൊക്കെ സംഭവങ്ങളെക്കുറിച്ച ചര്‍ച്ചാ നിരൂപണങ്ങളും അവലോകനവും സംവാദങ്ങളുമുണ്ടോ, പ്രവാചകന് ആശ്വാസത്തണലേകിയ സന്ദര്‍ഭങ്ങളുണ്ടോ അവയൊക്കെ നബിജീവിതത്തിന്റെ ഭിന്ന വശങ്ങളെ വിശദീകരിക്കുന്നതാണെന്ന് കാണാം. ഉദാഹരണത്തിന്, 'അവരുടെ സംസാരം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ' (ഫലാ യഹ്‌സുന്‍ക ഖൗലുഹും) എന്ന വാക്യമിരിക്കട്ടെ. ആഞ്ഞടിച്ച ദുഷ്പ്രചാരണ കൊടുങ്കാറ്റിലും പരിഹാസ വര്‍ഷങ്ങളിലും മനുഷ്യനെന്ന നിലില്‍ നബിക്ക് ദുഃഖവും വ്യസനവും തോന്നിയിരുന്നു എന്നാണിത് കാണിക്കുന്നത്. പക്ഷേ, ദൈവിക മാര്‍ഗദര്‍ശനം പകര്‍ന്ന ആശ്വാസത്തിന്റെ തണുപ്പില്‍ ഇത്തരം ഏത് വിഷമത്തെയും അലിയിപ്പിച്ച് തന്റെ പ്രബോധന ശിക്ഷണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നു അവിടുന്ന്. ഇത്രയും വിശദീകരണങ്ങളോടെ ഖുര്‍ആനിക വചനങ്ങളില്‍ ഇത് കാണാനാവില്ല. എന്നാല്‍, വചനങ്ങള്‍ക്ക് പിറകില്‍ നിന്ന് പൂര്‍ണ ചിത്രം എത്തിനോക്കുന്നത് നമുക്ക് കാണാം. ഇത് കാണാതെ പോകുന്നുവെങ്കില്‍ നമ്മുടെ ഖുര്‍ആന്‍ പഠനം അപൂര്‍ണമാവുമെന്ന് മാത്രമല്ല, പ്രവാചക ജീവിതത്തെ മനസ്സിലാക്കാന്‍ അത് സഹായകവുമാവില്ല.
പ്രധാനപ്പെട്ട ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. പല ആളുകളും കരുതുന്നത് റസൂല്‍- അത് പ്രബോധകന്‍, ഗുരു, നേതാവ് തുടങ്ങി ഏത് നിലയിലുമാകട്ടെ- വെച്ച ഓരോ കാല്‍വെപ്പും, എടുത്ത നയസമീപനങ്ങളും, സ്വീകരിച്ച നിലപാടുകളും ഒക്കെ തന്നെ വഹ്‌യ് മുഖേന അല്ലാഹു മുന്‍കൂട്ടി തന്നെ നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് മാത്രമായിരുന്നു; പ്രവാചകത്വ ദൗത്യ നിര്‍വഹണത്തില്‍ എപ്പോഴൊക്കെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടോ, എവിടെ നയരൂപീകരണം ആവശ്യമായിട്ടുണ്ടോ, തന്ത്രങ്ങള്‍ രൂപീകരിക്കേണ്ടി വന്നിട്ടുണ്ടോ, രണ്ടിലൊരു വഴി തെരഞ്ഞെടുത്ത് തീരുമാനമെടുക്കേണ്ടിവന്നിട്ടുണ്ടോ ഇത്തരം ഘട്ടങ്ങളിലെല്ലാം എന്താണ് ചെയ്യേണ്ടത് എന്ന് നബിക്ക് മുന്‍കൂറായി അറിവ് നല്‍കപ്പെട്ടിരുന്നു; അതിനാല്‍ അപ്പോഴൊന്നും നബിക്ക് എന്തെങ്കിലും തരത്തില്‍ സംശയമോ ഇടര്‍ച്ചയോ പ്രയാസമോ അനുഭവപ്പെട്ടില്ല. ബുദ്ധിയോ ചിന്തയോ ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല- ഇങ്ങനെ പോകുന്നു ഈ ആശയഗതി.
എന്നാല്‍, എന്റെ കാഴ്ചപ്പാട് ഭിന്നമാണ്. തെറ്റാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എനിക്ക് മാപ്പരുളുകയും ഇജ്തിഹാദിന്റെ ഒരു പ്രതിഫലമെങ്കിലും നല്‍കുകയും ചെയ്യട്ടെ. എന്റെ അഭിപ്രായത്തില്‍ നബി എല്ലാം മുന്നറിവനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചു എന്ന് കരുതുന്നത് ഖുര്‍ആനിക സാക്ഷ്യങ്ങള്‍ക്കും ചരിത്ര വസ്തുതകള്‍ക്കും എതിരാണ്. മാത്രമല്ല, അങ്ങനെ കരുതുന്നത് ആ അനുപമ വ്യക്തിത്വത്തോട് ചെയ്യുന്ന അനീതി കൂടിയാണ്. ബാഹ്യ നിര്‍ദേശങ്ങള്‍ക്കനുസൃതമായി മാത്രം ചലിക്കുന്ന ഒരു പാവയായിരുന്നില്ല പ്രവാചകന്‍. പകരം മനുഷ്യരിലേറ്റവും ഉത്തമന്‍, അത്യുന്നത ധിഷണയുടെയും നയചാതുരിയുടെയും ഉടമസ്ഥന്‍, മികച്ച സ്വഭാവ ശീലങ്ങള്‍ക്കുടയവന്‍ എല്ലാമായിരുന്നു പ്രവാചകന്‍. താന്‍ ഏറ്റുവാങ്ങിയ ഖുര്‍ആനെ ആശയ-പദാവലികളില്‍ ഒട്ടും ചോര്‍ച്ച വരാതെ തന്നെ നമുക്കെത്തിച്ചുതന്നു. ഖുര്‍ആനെപ്പോലെ ആശയ ഗംഭീരമായ ഒന്നിനെ - അതും, ഏറ്റുവാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പര്‍വതം പോലും ഛിന്ന ഭിന്നമാക്കാന്‍ തക്ക ആശയ ഗംഭീരമെന്ന് ഖുര്‍ആന്‍ തന്നെ വിശേഷിപ്പിച്ച ഒന്നിനെ- പകര്‍ന്നു നല്‍കാന്‍ അല്ലാഹു തെരഞ്ഞെടുത്ത ആ വ്യക്തിത്വവും മനസ്സും എത്ര ഉന്നതമാവും! ഇത്തരമൊരു വ്യക്തിത്വം ഖുര്‍ആന്റെ പ്രബോധനവും സംസ്ഥാപനവും ദീനീ പ്രസ്ഥാനത്തിന്റെ നടത്തിപ്പും തന്റെ ഇജ്തിഹാദിനും നയചാതുരിക്കും ബുദ്ധികൂര്‍മതക്കും സഹ പ്രവര്‍ത്തകരുമായുള്ള കൂടിയാലോചനക്കും അനുസൃതമായി നടത്തി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മുഴുവന്‍ സമയവും അല്ലാഹുവിന്റെ സംരക്ഷണത്തിനും മേല്‍നോട്ടത്തിനും കീഴിലായിരുന്നു പ്രവാചകന്‍ കാര്യനിര്‍വഹണം നടത്തിയിരുന്നത് എന്നതില്‍ സംശയമില്ല. ആ തിരുഹൃദയം ദൈവിക ജ്ഞാനത്താല്‍ പ്രകാശപൂരിതമായിരുന്നു. റസൂലിന്റെ തൃപ്തിയും അല്ലാഹുവിന്റെ തൃപ്തിയും ഒന്നായിച്ചേര്‍ന്നിരുന്നു. സാധാരണ മനുഷ്യരില്‍ നിന്ന് ഭിന്നമായി എന്തെങ്കിലും കാര്യത്തില്‍ അല്ലാഹുവിന്റെ പ്രീതിക്ക് വിരുദ്ധമായ തീരുമാനങ്ങളെടുക്കുക എന്നത് പ്രവാചകനെ സംബന്ധിച്ചേടത്തോളം അസംഭവ്യമായിരുന്നു. പല കാര്യങ്ങളിലും ഉടനടിയുണ്ടാകുന്ന വഹ്‌യിനാല്‍ നബിക്ക് മാര്‍ഗനിര്‍ദേശം നല്‍കപ്പെട്ടിരുന്നു. ഇതൊക്കെ സത്യമായിരിക്കെ തന്നെ ഒരു മനുഷ്യന്‍ കൂടിയായിരുന്നു നബി. മനുഷ്യ സഹജമായ കാര്യാലോചന, വിഷമ പ്രതിസന്ധികള്‍, തീര്‍പ്പിലെത്താന്‍ പ്രയാസം തുടങ്ങി പ്രശ്‌നങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ നബിക്ക് കടന്നുപോവേണ്ടിവന്നിട്ടുണ്ട്. തന്റെ മുഴുവന്‍ പ്രാസ്ഥാനിക ജീവിതത്തിലും വലിയ വലിയ തീരുമാനങ്ങള്‍, ഖുര്‍ആനിക മാര്‍ഗനിര്‍ദേശത്തിന്റെയും തിരുമനസ്സില്‍ പകര്‍ന്നു കിട്ടിയ ദൈവിക നയചാതുരിയുടെയും വെളിച്ചത്തില്‍, സഖാക്കളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് എടുക്കുകയും മാര്‍ഗം നിജപ്പെടുത്തി മുന്നോട്ടു ഗമിക്കുകയുമാണ് ചെയ്തത്.
ഇക്കാര്യം മനസ്സിലാക്കല്‍ വളരെ പ്രധാനമാണ്. കാരണം ഇതറിയാതെ, ഇന്ന് നാം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഖണ്ഡിതമായ പരിഹാരങ്ങള്‍ കണ്ടെത്തുക എന്ന നമ്മുടെ മോഹം സഫലീകരിക്കാനാവില്ല. ഹലാല്‍ വ്യക്തമാണ്; ഹറാമും. പക്ഷേ, അവയ്ക്കിടയില്‍ വിശാലമായ ഒരിടമുണ്ട്. അതോടൊപ്പം, ഹലാല്‍-ഹറാമുകളുടെ സ്വീകാര-തിരസ്‌കാരങ്ങളെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുമ്പോള്‍ ദിവ്യസന്ദേശത്തിന്റെ വെളിച്ചത്തില്‍ സ്വന്തം ബുദ്ധിയും ചിന്തയും ഉപയോഗിച്ച് അത് ചെയ്യേണ്ടിവരും. രണ്ടടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ടാണ് ഞാനിത് പറയുന്നത്.
ഒന്നാമതായി, പ്രവാചകരുടെ പ്രാസ്ഥാനിക ജീവിതത്തിലെടുത്ത പല തീരുമാനങ്ങളെയും ഖുര്‍ആന്‍ വ്യത്യസ്ത രീതികളില്‍ നിരൂപണം നടത്തുന്നത് കാണാം. പലപ്പോഴും തീരുമാനങ്ങളെടുത്ത് കഴിഞ്ഞ ശേഷം ഈ തീരുമാനങ്ങള്‍ സങ്കീര്‍ണ ഘട്ടങ്ങളില്‍ സത്യസംഘത്തിന്റെ ദിശ നിര്‍ണയിച്ച അതിപ്രധാന തീരുമാനങ്ങളായിരുന്നു. നേരത്തെ നല്‍കപ്പെട്ട ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് എടുത്ത് നടപ്പാക്കിയവയായിരുന്നു ഈ തീരുമാനങ്ങളെങ്കില്‍, പിന്നീട് ഖുര്‍ആന്‍ തന്നെ അതിനെ നിരൂപണം ചെയ്യുന്നതിന്റെ സംാഗത്യമെന്ത്? ബദ്‌റിന്റെ വേളയില്‍ കച്ചവട സംഘത്തെയോ സൈന്യത്തെയോ ലക്ഷ്യമിടേണ്ടത്, ബദ്‌റിലെ യുദ്ധത്തടവുകാരോട് എന്ത് സമീപനം കൈക്കൊള്ളണം, ഉഹുദില്‍ നഗരാതിര്‍ത്തിക്കുള്ളിലോ പുറത്തോ നിലകൊള്ളേണ്ടത്, കപട വിശ്വാസികളുടെ ഒഴികഴിവുകള്‍ തള്ളണോ കൊള്ളണോ എന്നിത്യാദി ഘട്ടങ്ങളിലൊക്കെ കൃത്യമായ നിര്‍ദേശം നല്‍കാന്‍ അല്ലാഹുവിന് കഴിയുമായിരുന്നു. പക്ഷേ, അവനത് ചെയ്തില്ല. എത്രത്തോളമെന്നാല്‍ ബാങ്ക് വിളി പോലുള്ള കാര്യത്തില്‍ പോലും കൂടിയാലോചന വഴിയാണ് തീരുമാനമുണ്ടായത്. എല്ലാറ്റിലുമുപരി അവിടുത്തെ പിന്‍ഗാമിയെ കണ്ടെത്തുന്ന കാര്യം പോലും മുസ്‌ലിംകളുടെ കൂടിയാലോചനക്ക് വിടുകയാണല്ലോ ചെയ്തത്. അവരുടെ ചിന്തക്കും ബുദ്ധിക്കും മുമ്പില്‍ ഇതിലും വലിയൊരു പരീക്ഷണം എന്തുണ്ട് വരാന്‍! അവരുടെ ഉത്തരവാദിത്തത്തിനും തീരുമാനാധികാരത്തിനും ഇതില്‍പരം തെളിവെന്ത് വേണം! ഇനി എന്തെങ്കിലും കാര്യത്തില്‍ അല്ലാഹുവിങ്കല്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അത് നബി കൃത്യമായി പറയുകയും ചെയ്യും. ഉദാഹരണത്തിന് അഹ്‌സാബ് യുദ്ധത്തിനു ശേഷം ബനൂഖുറൈളക്കെതിരിലെടുത്ത നടപടിയെ കുറിച്ച് പ്രവാചകന്‍ പറഞ്ഞു: (ദൈവിക കല്‍പനയുമായി) 'ജിബ്‌രീല്‍ എന്റെയടുത്ത് വന്നിരുന്നു.' ഹുദൈബിയാ സന്ധിയുടെ കാര്യത്തില്‍ മുതിര്‍ന്ന സ്വഹാബികള്‍ക്ക് പോലും ബോധ്യകമ്മി ഉണ്ടായപ്പോള്‍, എല്ലാം അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണെന്ന് നബി ഉണര്‍ത്തി.
രണ്ടാമത്തേത്, നമുക്ക് വേണ്ട മുഴുവന്‍ വെളിച്ചവും നബി മാതൃകയിലുണ്ട് എന്നതാണ്. ആ മാതൃകയോ, നമുക്ക് പിന്‍പറ്റാന്‍ പാകത്തിലുള്ളതും. കാരണം മനുഷ്യനായിരുന്നല്ലോ പ്രവാചകനും. ഒരു മനുഷ്യനായിത്തന്നെ പ്രവാചകന്‍ തന്റെ ദൗത്യം നയിച്ചു. എന്തേ അല്ലാഹു, അവന്റെ അസംഖ്യം മലക്കുകളിലൊരാളെ പ്രവാചകനായി അയച്ചില്ല എന്ന എതിരാളികളുടെ വിമര്‍ശനത്തിന്, ഭൂമിയില്‍ ജീവിക്കുന്ന സൃഷ്ടികള്‍ മലക്കുകളായിരുന്നെങ്കില്‍, ഞാന്‍ മലക്കിനെ തന്നെ പ്രവാചകനായി അയക്കുമായിരുന്നു; എന്നാല്‍, ഇവിടെയുള്ളത് മനുഷ്യരായത് കൊണ്ടാണ് അന്നപാനങ്ങളും അങ്ങാടിയില്‍ പോക്കും ഉള്ള ഒരു മനുഷ്യനെ തന്നെ പ്രവാചകനായി അയച്ചത്' എന്നാണ് ഖുര്‍ആന്റെ മറുപടി. തന്നെപ്പോലുള്ള മനുഷ്യനെ മാത്രമല്ല, മറ്റൊരു മനുഷ്യന് പിന്‍പറ്റാനോ പിന്‍പറ്റുന്നതിനെക്കുറിച്ചാലോചിക്കാനോ അല്ലെങ്കില്‍ അതുപോലെയാകുന്നത് സ്വപ്നം കാണാനോ കഴിയുകയുള്ളൂ. അതിമാനുഷരുടെ കര്‍മമാതൃകകളെ അനുകരിക്കുന്നതിന് പകരം അവയെ നോക്കി അത്ഭുതം കൂറാനോ ഭയപ്പാടോടെ വീക്ഷിക്കാനോ മാത്രമല്ലേ മനുഷ്യന് കഴിയുക. തന്റെ ദൗത്യ നിര്‍വഹണത്തില്‍ പ്രവാചകരുടെ റോള്‍, ഒരു യന്ത്രത്തിന് സമാനം സ്വതന്ത്രമായ തീരുമാനാധികാരങ്ങളോ ഇടപെടലുകളോ ഇല്ലാത്ത ഒന്നായിരുന്നു എന്നും, കര്‍ട്ടന് പിറകില്‍ നിന്ന് പടച്ചതമ്പുരാന്‍ എപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയായിരുന്നു എന്നും കരുതുന്നതിനര്‍ഥം, ഇനിയുള്ള കാലത്ത് അത്തരമൊരു ദൗത്യ നടത്തിപ്പ് സാധ്യമല്ലെന്ന് കൂടിയാണ്. കാരണം, കാര്യങ്ങളോരോന്നിലും അല്ലാഹുവോട് ചോദിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ഒരു പ്രവാചകന്‍ ഇനി വരികയേ ഇല്ലല്ലോ.
മറിച്ച്, റസൂല്‍ തന്റെ സംഘത്തെ നയിച്ചത് പൊതുവില്‍ കൂടിയാലോചനയും ഇജ്തിഹാദും വഴിയാണെന്ന് കരുതുക. നബിയോളമെത്താനും അവിടുത്തെ അനുചരന്മാരുടെ പദവികളെ സങ്കല്‍പിക്കാനും കെല്‍പുറ്റവരല്ല നമ്മളെന്നത് ശരി തന്നെ. പക്ഷേ, അല്ലാഹുവിനോടുള്ള വിധേയത്വത്തിന്റെ കാര്യത്തില്‍ ദൗത്യനിര്‍വഹണ മാര്‍ഗത്തില്‍ നമുക്ക് അവിടുത്തെപ്പോലെയാകാനുള്ള പരിശ്രമത്തില്‍ മുഴുകാവുന്നതാണ്. നൂറിലൊരംശമെങ്കിലത്ര; ആയിരത്തിലൊന്നെങ്കിലത്; അല്ല ലക്ഷത്തില്‍ ഒന്നെങ്കില്‍ അത്ര, കഴിവിന്‍ പ്രകാരം നമുക്ക് മോഹിക്കാം, സ്വപ്നം കാണാം. ഈ മോഹവും സ്വപ്നവും നമ്മെ റസൂലിന്റെ സവിധത്തിലേക്ക് നയിക്കുന്നു. ശിക്ഷണ നേതൃത്വങ്ങളില്‍ അവിടുത്തെ രീതികളില്‍ നിന്ന് നമുക്ക് വഴിവെളിച്ചമാര്‍ജിക്കാം.
വിവ: ബദീഉസ്സമാന്‍
Comments