വ്യത്യസ്താഭിപ്രായങ്ങളെ മാനിക്കുക

മുഖവും മുന്‍കൈയും ഔറത്ത് (മറക്കേണ്ടത്) അല്ല എന്ന് അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. സ്ത്രീക്ക് അവ രണ്ടും മറക്കല്‍ നിര്‍ബന്ധമില്ല. ഈ അഭിപ്രായത്തിനുള്ള തെളിവ് എതിര്‍ വീക്ഷണത്തിന്റെ തെളിവിനെക്കാള്‍ പ്രബലവുമാണ്. ഈ വീക്ഷണം പങ്കിടാന്‍ എന്റെകൂടെ ആധുനിക കാലത്തെ വളരെയേറെ പണ്ഡിതന്മാരുമുണ്ട്. ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി, അസ്ഹര്‍ പണ്ഡിതന്മാരിലെ ഭൂരിപക്ഷം, തുനീഷ്യയിലെയും മൊറോക്കോവിലെയും പണ്ഡിതന്മാര്‍, കൂടാതെ ഇന്ത്യ, പാക്കിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വലിയൊരു വിഭാഗം പണ്ഡിതന്മാരും.
ആധുനിക കാലത്തെ എല്ലാ പണ്ഡിതന്മാരും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്ന് പറയാന്‍ കഴിയുകയില്ല. ഈജിപ്തില്‍ തന്നെ ഈ അഭിപ്രായത്തെ എതിര്‍ക്കുന്ന പണ്ഡിതന്മാരുണ്ട്.
സുഊദിയിലെ പണ്ഡിതന്മാരും, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ചില പണ്ഡിതന്മാരും ഈ അഭിപ്രായത്തെ എതിര്‍ക്കുന്നു. മഹാ പണ്ഡിതനായ ശൈഖ് ഇബ്‌നുബാസ് അവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
അതേപോലെ, ഇന്ത്യയിലെയും പാക്കിസ്താനിലെയും ഏറെ പണ്ഡിതന്മാരും ഈ അഭിപ്രായത്തെ എതിര്‍ക്കുന്നു. അവരുടെ അഭിപ്രായത്തില്‍ സ്ത്രീയുടെ മുഖം മറയ്ക്കല്‍ നിര്‍ബന്ധമാണ്. അവരില്‍ പ്രധാനി വിഖ്യാത പണ്ഡിതനും പ്രബോധകനും മുജദ്ദിദുമായ ഉസ്താദ് അബുല്‍ അഅ്‌ലാ മൗദൂദിയാണ്. അദ്ദേഹം തന്റെ 'ഹിജാബ്'(പര്‍ദ) എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്.
സ്ത്രീ മുഖം തുറന്നിടുന്നത് വിമര്‍ശിക്കുകയും, മുസ്‌ലിം യുവതികളെ മുഖംമൂടി ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുമായ ധാരാളം കൃതികളും ഫത്‌വകളും പുറത്തിറങ്ങാറുണ്ട്. ഇസ്‌ലാമിനെ കാലത്തിനൊപ്പിച്ച് വ്യാഖ്യാനിക്കുന്ന 'മോഡേണ്‍' പണ്ഡിതന്മാരെ അനുസരിക്കരുതെന്നും അവര്‍ ഉപദേശിക്കുന്നു. എന്നെയും അവര്‍ അക്കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ടാവും!!
മുസ്‌ലിം യുവതി മുഖംമൂടി ധരിക്കാന്‍ താല്‍പര്യം കാണിക്കുകയും, മുഖം തുറന്നിടുന്നത് ഹറാമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍ നാം എങ്ങനെയാണ് അവളുടെ മേല്‍ എതിരഭിപ്രായം അടിച്ചേല്‍പ്പിക്കുക? പക്ഷേ, അവള്‍ തന്റെ അഭിപ്രായം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും, എതിരഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ തെറ്റുകാരും തെമ്മാടികളുമാണെന്നും ആ അഭിപ്രായത്തോട് സമരം ചെയ്യേണ്ടത് അനിവാര്യമാണെന്നും പറയുകയും ചെയ്യുന്നതിനോടാണ് നമുക്ക് വിയോജിപ്പുള്ളത്. അഭിപ്രായ വ്യത്യാസമുള്ള ഇജ്തിഹാദിയായ വിഷയങ്ങളില്‍ വീക്ഷണവൈജാത്യങ്ങളെ എതിര്‍ക്കരുതെന്നത് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാണ്.
(ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വകള്‍ രണ്ടാം ഭാഗം)
Comments