മുഖം മറയ്ക്കുന്നതിലെ ഇസ്‌ലാം

സ്ത്രീകളുടെ മുഖം 'ഔറത്താ'ണെന്നും അതിനാലത് മറയ്ക്കണമെന്നും ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അതിന് അനിഷേധ്യമായ പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്ന് അവരുടെ തെളിവുകള്‍ വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാം. സ്ത്രീ മുഖം മറയ്ക്കല്‍ ബിദ്അത്താണെന്ന വാദവും അതുപോലെത്തന്നെ ബാലിശമാണ്.
മുഖം ഔറത്തല്ലെന്നും അതിനാല്‍ അത് മറയ്ക്കല്‍ നിര്‍ബന്ധമില്ല എന്നുമാണ് എന്റെ അഭിപ്രായം. സുന്ദരിയാണെങ്കില്‍ പോലും മുഖം തുറന്നിടാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് പ്രവാചകന്റെ പിന്നിലിരുന്നുകൊണ്ട് ഫള്‌ലുബ്‌നു അബ്ബാസ് ഒരു യുവതിയെ നോക്കിയതുമായി ബന്ധപ്പെട്ട ഹദീസ് തെളിയിക്കുന്നു. അതേസമയം മുഖം മറയ്ക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീക്കുണ്ട്. എന്റെ പ്രിയതമ മുഖം മറയ്ക്കുന്നവളാണ്.
സൂറത്തുന്നൂര്‍ 31, അല്‍അഹ്‌സാബ് 59 എന്നീ സൂക്തങ്ങള്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ വീക്ഷണം അവതരിപ്പിക്കുന്നു. സ്ത്രീകള്‍ ശരീര സൗന്ദര്യം മറയ്ക്കലും അന്യരുടെ മുമ്പില്‍ അത് വെളിപ്പെടുത്താതിരിക്കലും നിര്‍ബന്ധമാണെന്ന് ഒന്നാമത്തെ സൂക്തം പഠിപ്പിക്കുന്നു. ഉദ്ദേശ്യപൂര്‍വമല്ലാതെ വെളിവാകുന്നതിനെ ആ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഇതിനെ പലരും പലവിധത്തിലാണ് വ്യാഖ്യാനിച്ചിട്ടുള്ളത്.
ഖുര്‍ആന്റെ വ്യാഖ്യാനമാണല്ലോ ഹദീസ്. അതിനാല്‍ പ്രവാചകന്റെ കാലഘട്ടത്തില്‍ സ്ത്രീകള്‍ മുഖം തുറന്നിട്ടിരുന്നുവെന്ന് തെളിയിക്കുന്ന ഏതാനും ഹദീസുകള്‍ ഇവിടെ ഉദ്ധരിക്കാം:
1. ജാബിര്‍ ബിന്‍ അബ്ദില്ല പറയുന്നു: ''ഞാന്‍ നബി(സ)യോടൊപ്പം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്....... പിന്നീട് സ്ത്രീകളുടെ ഭാഗത്തേക്ക് നീങ്ങി അവരെയും ഉപദേശിക്കുകയും ഉല്‍ബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ ദാനം ചെയ്യുക. കാരണം നിങ്ങളില്‍ അധികപേരും നരകത്തിലെ വിറകുകളാണ്. അപ്പോള്‍ സദസ്സിന്റെ മധ്യത്തില്‍ ഇരിക്കുകയായിരുന്ന, കവിള്‍ത്തടങ്ങളില്‍ പാടുകളുള്ള ഒരു സ്ത്രീ എഴുന്നേറ്റു ചോദിച്ചു: എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് പ്രവാചകരേ?’നബി(സ) പറഞ്ഞു: കാരണം, നിങ്ങള്‍ കൂടുതലായി ആവലാതിപ്പെടുകയും ഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ഗുണങ്ങള്‍ക്ക് നന്ദികേട് കാണിക്കുകയും ചെയ്യുന്നു.....'' (മുസ്‌ലിം 885). ('കവിള്‍ത്തടത്തില്‍ പാടുകളുള്ള സ്ത്രീ' എന്ന് ജാബിര്‍ തിരിച്ചറിഞ്ഞത് മുഖം മറയ്ക്കാത്തതുകൊണ്ടാണല്ലോ).
2. ഹജ്ജത്തുല്‍ വദാഇന്റെ സന്ദര്‍ഭത്തില്‍ ഖഥ്അം ഗോത്രത്തിലെ ഒരു സ്ത്രീ ഒരു ഫത്‌വ ചോദിക്കാനായി പ്രവാചക സന്നിധിയിലെത്തി. അന്നേരം ഫള്‌ലുബ്‌നു അബ്ബാസ് പ്രവാചകന്റെ പിറകിലിരിക്കുകയായിരുന്നു. ഫള്ല്‍ അവളെയും അവള്‍ അവനെയും നോക്കാനും തുടങ്ങി. അപ്പോള്‍ റസൂല്‍ ഫള്‌ലിന്റെ മുഖം മറുവശത്തേക്ക് തിരിച്ചു... (മുസ്‌ലിം 1334).
പ്രവാചകന്‍ ജംറയില്‍ കല്ലെറിഞ്ഞ ശേഷം ബലിസ്ഥലത്തുവെച്ചായിരുന്നു ഈ ഫത്‌വ ചോദിക്കലെന്നും അലി(റ)യുടെ വിവരണത്തില്‍ കാണാം. അതില്‍ ഇപ്രകാരം കൂടിയുണ്ട്: ഫള്ല്‍ ചോദിച്ചു: തിരുദൂതരേ, താങ്കളുടെ പിതൃവ്യപുത്രനായ എന്റെ കഴുത്ത് തിരിക്കാന്‍ എന്താണ് കാരണം? നബി(സ) പറഞ്ഞു: ഞാന്‍ ഒരു യുവാവിനെയും യുവതിയെയും കണ്ടു. അവരുടെ കാര്യത്തില്‍ പിശാചിനെ ഞാന്‍ ഭയപ്പെട്ടു.
പെരുന്നാള്‍ ദിനത്തിലായിരുന്നു ഈ സംശയനിവാരണമെന്നും ആ സ്ത്രീ ഇഹ്‌റാമിലല്ലായിരുന്നുവെന്നും മുഖം മറച്ചിട്ടുണ്ടായിരുന്നില്ലെന്നും ഇതില്‍ നിന്ന് വ്യക്തമാണ്. ഹജ്ജത്തുല്‍ വദാഇലെ സംഭവമായതിനാല്‍ ഹിജാബിന്റെ ആയത്തിന് മുമ്പാണ് ഇതെന്ന് പറയാനാവുകയുമില്ല.
3. സഹ്‌ലുബ്‌നു സഅ്ദ് പറയുന്നു: ഒരു സ്ത്രീ നബിയോട് പറഞ്ഞു: പ്രവാചകരേ, എന്നെ താങ്കള്‍ക്ക് സമ്മാനമായി സമര്‍പ്പിക്കാനാണ് ഞാന്‍ വന്നിട്ടുള്ളത് (താങ്കളെന്നെ വിവാഹം ചെയ്യണം). പ്രവാചകന്‍ അവളെ അടിമുടി നോക്കിയ ശേഷം തല താഴ്ത്തിയിരുന്നു. തന്റെ കാര്യത്തില്‍ പ്രവാചകന്‍ ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവള്‍ അവിടെ ഇരുന്നു..... (മുസ്‌ലിം 1425). മുഖം മറച്ചിരുന്നെങ്കില്‍ പ്രവാചകന്റെ നോട്ടത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.
4. ആഇശ(റ) പറയുന്നു: സത്യവിശ്വാസിനികളായ സ്ത്രീകള്‍ വസ്ത്രം (സാരിപോലെ) ചുറ്റിപ്പുതച്ചുകൊണ്ട് നബിയോടൊപ്പം ഫജ്ര്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുമായിരുന്നു. നമസ്‌കാരശേഷം അവര്‍ സ്വവസതികളിലേക്ക് മടങ്ങിപ്പോവും. ഇരുട്ട് കാരണം അവര്‍ തിരിച്ചറിയപ്പെട്ടിരുന്നില്ല (മുസ്‌ലിം 643).
ഇരുട്ട് കാരണം അവരുടെ മുഖം വ്യക്തമായിരുന്നില്ലായെന്നര്‍ഥം. ഞങ്ങള്‍ക്ക് അന്യോന്യം മുഖം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല’എന്ന് ഈ ഹദീസ് മറ്റൊരു രൂപത്തില്‍ പ്രബലമായ പരമ്പരയോടെ അബൂയഅ്‌ല ഉദ്ധരിക്കുന്നു.
ഈ ഹദീസുകള്‍ സ്ത്രീക്ക് മുഖം തുറന്നിടാമെന്ന് തെളിയിക്കുന്നു. സൂറത്തുന്നിസാഇലെ 'ഇല്ലാ മാ ളഹറ മിന്‍ഹാ' എന്നതു മുന്‍നിര്‍ത്തിയല്ല, ഈ ഹദീസുകള്‍ വെച്ചുകൊണ്ടാണ് സ്ത്രീ മുഖം മറയ്ക്കല്‍ നിര്‍ബന്ധമില്ല എന്ന് നാം പറയുന്നത്. സൂറഃ അല്‍അഹ്‌സാബിലെ സൂക്തവും ഇക്കാര്യം വ്യക്തമാക്കുന്നു. മാറിടത്തിലൂടെ ഖിമാര്‍ താഴ്ത്തിയിടണമെന്നാണ് അതില്‍ പറയുന്നത്. തല മൂടുന്ന വസ്ത്രമാണ് ഖിമാര്‍. കഴുത്തിലേക്കും നെഞ്ചിലേക്കും അത് താഴ്ത്തിയിടണമെന്നും ആ ഭാഗങ്ങള്‍ മറയ്ക്കണമെന്നുമാണ് അതിലൂടെ അല്ലാഹു ആവശ്യപ്പെടുന്നത്.
സൂറത്തുന്നൂറിലെ മുപ്പതാം സൂക്തത്തില്‍ പുരുഷന്മാരോട് ദൃഷ്ടി താഴ്ത്താന്‍ അല്ലാഹു കല്‍പിക്കുന്നു. സ്ത്രീയില്‍ നോക്കിയാല്‍ കാണാന്‍ സാധിക്കുന്ന, മറയ്ക്കാത്ത ഭാഗം ഉണ്ട് എന്നാണല്ലോ അതിന്റെ അര്‍ഥം. മുഖവും മുന്‍കൈയുമാണത്. നബി(സ) പറഞ്ഞു: നിങ്ങള്‍ വഴിയിലിരിക്കുന്നത് സൂക്ഷിക്കുക. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ അത്തരം സദസ്സുകള്‍ ആവശ്യമാണല്ലോ. റസൂല്‍ പറഞ്ഞു: അത് അനിവാര്യമാണെങ്കില്‍ വഴിയിലെ കടമകള്‍ നിങ്ങള്‍ നിര്‍വഹിക്കണം. അവര്‍ ചോദിച്ചു: എന്താണ് ആ കടമകള്‍? നബി(സ) പറഞ്ഞു: ദൃഷ്ടി താഴ്ത്തുക, ശല്യം ഒഴിവാക്കുക, സലാം മടക്കുക, നന്മ കല്‍പിക്കുക, തിന്മ വിലക്കുക (മുസ്‌ലിം 2161).
അലിയോട് പ്രവാചകന്‍ പറഞ്ഞു: നീ (അന്യസ്ത്രീകളെ) വീണ്ടും വീണ്ടും നോക്കരുത്. ഒന്നാമത്തേത് ആവാം. രണ്ടാമത്തേത് പാടില്ല (അബൂദാവൂദ്, തിര്‍മിദി). ജാബിറുബ്‌നു അബ്ദില്ല പറയുന്നു: ഞാന്‍ നബിയോട് പൊടുന്നനെയുള്ള നോട്ടത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ നബി(സ) എന്റെ ദൃഷ്ടി തിരിക്കാന്‍ എന്നോട് കല്‍പിച്ചു (മുസ്‌ലിം 2159).
ഹാരിസുബ്‌നുല്‍ ഹാരിസ് പറയുന്നു: ഒരിക്കല്‍ പ്രവാചകന്‍ മക്കയില്‍ പ്രബോധനം നിര്‍വഹിച്ചുകൊണ്ടിരിക്കവെ ആളുകള്‍ അദ്ദേഹത്തെ ദ്രോഹിക്കാന്‍ തുടങ്ങി. ഉച്ചയായപ്പോള്‍ വെള്ളം നിറച്ച ഒരു പാത്രവും ഒരു ടവ്വലും കൈയില്‍ പിടിച്ച് നെഞ്ച് വെളിവാക്കിക്കൊണ്ട് ഒരു സ്ത്രീ അങ്ങോട്ടു വന്നു. ആ സ്ത്രീ കരയുന്നുണ്ടായിരുന്നു. പ്രവാചകന്‍ ആ പാത്രം വാങ്ങി അതില്‍ നിന്ന് അല്‍പം കുടിക്കുകയും വുദൂവെടുക്കുകയും ചെയ്തു. പിന്നെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു: പൊന്നുമോളേ, ശിരോവസ്ത്രം കൊണ്ട് നിന്റെ നെഞ്ച് മറക്കുക. നിന്റെ പിതാവിന്റെ കാര്യത്തില്‍ നീ യാതൊന്നും ഭയപ്പെടേണ്ട. അപ്പോള്‍ ഞാന്‍ അന്വേഷിച്ചു: ആരാണിത്? ആളുകള്‍ പറഞ്ഞു: അദ്ദേഹത്തിന്റെ മകള്‍ സൈനബാണത് (ത്വബ്‌റാനി).
സൂറത്തുന്നൂറിലൂടെ, അന്യരുടെ മുമ്പില്‍ മറച്ചുവെക്കേണ്ട ഭാഗങ്ങള്‍ ഏതൊക്കെ എന്നു വ്യക്തമാക്കിയ ശേഷം, പുറത്തുപോകുമ്പോള്‍ ജില്‍ബാബ് കൂടി ധരിക്കണമെന്ന് ആവശ്യപ്പെട്ടു. വസ്ത്രത്തിന്റെ മുകളില്‍ മൂടാന്‍ ഉപയോഗിക്കുന്ന വസ്ത്രത്തിനാണ് ജില്‍ബാബ് എന്നു പറയുക. മേല്‍വസ്ത്രം, മൂടുപടം എന്നൊക്കെ അര്‍ഥം. ശരീരത്തെ കൂടുതല്‍ മറയ്ക്കാന്‍ അതുപകരിക്കും.
ചുരുക്കത്തില്‍, അല്‍അഹ്‌സാബിലെ 59-ാം സൂക്തവും സ്ത്രീയുടെ മുഖം ഔറത്താണെന്നും അത് മറയ്ക്കല്‍ നിര്‍ബന്ധമാണെന്നും പഠിപ്പിക്കുന്നില്ല. ജില്‍ബാബ് ശരീരത്തിലൂടെ താഴ്ത്തിയിടണം എന്നു മാത്രമാണ് അതില്‍ പരമാവധി പറഞ്ഞിട്ടുള്ളത്. ഇതാകട്ടെ നിരുപാധികമായ ഒരു കല്‍പനയുമാണ്. ആദ്യസൂക്തത്തില്‍ വ്യക്തമാക്കപ്പെട്ടതുപോലെ, പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ലാത്ത ശരീരഭാഗങ്ങളിലൂടെ താഴ്ത്തിയിടലാവാം അതിന്റെ ഉദ്ദേശ്യം. മുഖം കൂടി ഉള്‍ക്കൊള്ളുന്ന വിധത്തിലുമാവാം. രണ്ട് വിധത്തിലും പണ്ഡിതന്മാര്‍ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഒന്നാമത്തെ വീക്ഷണത്തെയാണ് ഞാന്‍ പിന്തുണക്കുന്നത്. കാരണം, ഖുര്‍ആന്‍ സൂക്തങ്ങള്‍ പരസ്പരം കാര്യം വിശദീകരിക്കുന്നു. മുഖം മറയ്ക്കല്‍ നിര്‍ബന്ധമില്ല എന്ന് സൂറത്തുന്നൂറിലെ സൂക്തത്തിലൂടെ വ്യക്തമാണ്. അതിനാല്‍ ഈ രണ്ട് സൂക്തങ്ങളും സംയോജിപ്പിക്കുമ്പോള്‍ മുഖം ഒഴികെയുള്ള ഭാഗങ്ങളിലൂടെ ജില്‍ബാബ് താഴ്ത്തിയിടലാണ് നിര്‍ബന്ധമാവുക. അതുപോലെ മുഖം മറയ്ക്കല്‍ നിര്‍ബന്ധമില്ലായെന്ന് നിരവധി ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാം. ഖുര്‍ആന്റെ വ്യാഖ്യാനമാണല്ലോ അത്. അബൂഹനീഫ, മാലിക്, ശാഫിഈ തുടങ്ങി ഭൂരിഭാഗം പണ്ഡിതന്മാരുടെ വീക്ഷണവും മുഖം മറയ്ക്കല്‍ നിര്‍ബന്ധമില്ല എന്നാണ്.
സാധാരണഗതിയില്‍ മുഖം മറയ്ക്കല്‍ നിര്‍ബന്ധമില്ലായെന്ന് മേല്‍വിവരണത്തില്‍ നിന്ന് വ്യക്തമാണ്. മുഖം മറയ്ക്കല്‍ ഇസ്‌ലാമിലേക്ക് പുതുതായി കടത്തിക്കൂട്ടിയതാണ് എന്നാണ് മറ്റു ചിലരുടെ വാദം. യഥാര്‍ഥത്തില്‍ മുഖം മറയ്ക്കലിന് സുന്നത്തിന്റെ പിന്‍ബലമുണ്ട്. പ്രവാചകന്റെ കാലത്ത് അത് പതിവായിരുന്നു. ചില തെളിവുകള്‍ ഇവിടെ കുറിക്കട്ടെ: നബി(സ) പറഞ്ഞു: ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീ മുഖം മറയ്ക്കുകയോ കൈയുറ ധരിക്കുകയോ ചെയ്യരുത്’(ബുഖാരി). ഇബ്‌നു തൈമിയ പറയുന്നു: മുഖാവരണവും (നിഖാബ്) കൈയുറയും ഇഹ്‌റാമില്‍ പ്രവേശിച്ചിട്ടില്ലാത്ത സ്ത്രീകള്‍ക്ക് ചിരപരിചിതമായിരുന്നുവെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം.
അപവാദ സംഭവത്തെ കുറിച്ച് ആഇശ(റ) പറയുന്നു: ...... ഞാന്‍ എന്റെ സ്ഥലത്ത് ഇരിക്കുന്നതിനിടയില്‍ എന്റെ കണ്ണുകളെ ഉറക്കം അതിജയിക്കുകയും ഞാന്‍ ഉറങ്ങുകയും ചെയ്തു. എന്നാല്‍ രാത്രിയുടെ അന്ത്യയാമത്തില്‍ സൈന്യത്തിന്റെ പിന്നാലെ വരികയായിരുന്ന സ്വഫ്‌വാനുബ്‌നു മുഅത്തല്‍ എന്റെ അടുക്കല്‍ എത്തിയപ്പോള്‍ എന്നെ തിരിച്ചറിഞ്ഞു. ഹിജാബിന്റെ മുമ്പ് തന്നെ അദ്ദേഹം എന്നെ കണ്ടിരുന്നു. അപ്പോള്‍ ഞാനെന്റെ മൂടുപടം കൊണ്ട് മുഖം മറച്ചു (മുസ്‌ലിം 2770).
അസ്മാഅ് പറയുന്നു: പുരുഷന്മാര്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ മുഖം മറയ്ക്കാറുണ്ടായിരുന്നു (ഹാകിം). സ്വഫിയ്യ ബിന്‍ത് ശൈബ പറയുന്നു: നിഖാബ് (മുഖാവരണം) ധരിച്ചുകൊണ്ട് ആഇശ(റ) കഅ്ബയെ ത്വവാഫ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (ഇബ്‌നു സഅ്ദ്).
മുഖം മറയ്ക്കല്‍ പ്രവാചകന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നുവെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു. പ്രവാചക പത്‌നിമാര്‍ അപ്രകാരം ചെയ്തിരുന്നു. അവരെ അനുകരിച്ചുകൊണ്ട് പില്‍ക്കാലത്തും നിരവധി പേര്‍ മുഖം മറച്ചിരുന്നു. അക്കൂട്ടത്തില്‍ ഹഫ്‌സ ബിന്‍ത് സീരീന്‍ പോലുള്ള ചിലരെ കുറിച്ച് ഇമാം ബൈഹഖി ഉദ്ധരിക്കുന്നുണ്ട്.
ചുരുക്കത്തില്‍, ബുര്‍ഖ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വസ്ത്രം ഉപയോഗിച്ച് മുഖം മറയ്ക്കുന്നത് പ്രശംസനീയവും നിയമസാധുതയുള്ളതുമാണെന്നും ഒരാള്‍ അത് ചെയ്യുന്നില്ലെങ്കില്‍ കുറ്റപ്പെടുത്താനാവില്ല എന്നും ഇത്രയും വിവരിച്ചതില്‍ നിന്ന് സുതരാം വ്യക്തമാണ്.
(ജില്‍ബാബുല്‍ മര്‍അതില്‍ മുസ്‌ലിമ എന്ന കൃതിയില്‍ നിന്ന്) സംഗ്രഹവിവര്‍ത്തനം: അബൂദര്‍റ് എടയൂര്‍)
Comments