Prabodhanm Weekly

Pages

Search

2015 ജനുവരി 09

'സൈന്‍ ഓഫി'ലേക്ക് നീങ്ങുന്ന <br> ഗള്‍ഫ് പ്രവാസം

മൂസക്കുട്ടി വെട്ടിക്കാട്ടിരി /ലേഖനം

         ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണങ്ങളില്‍ അസ്വസ്ഥപ്പെടാതെ മടക്ക പ്രവാസത്തിന്റെ (റിവേഴ്‌സ് മൈഗ്രേഷന്‍) സമയമാണിതെന്ന് മലയാളികള്‍ തിരിച്ചറിയണമെന്ന് പ്രമുഖ അറബ് കോളമിസ്റ്റും സുഊദി അറേബ്യയിലെ വിവിധ ഇംഗ്ലീഷ് പത്രങ്ങളില്‍ ദീര്‍ഘകാലം മുഖ്യ പത്രാധിപരുമായിരുന്ന ഖാലിദ് അല്‍മഈന. ജിദ്ദയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം' നടത്തിയ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. കേരളത്തിലെ ബഹുമുഖമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളികള്‍ നാട്ടിലേക്ക് മടങ്ങി അവരുടെ കായിക ശേഷിയും സമര്‍പ്പണവും അവിടെ ചെലവഴിക്കാന്‍ സമയമായെന്നും അദ്ദേഹം ഉണര്‍ത്തി. ഗള്‍ഫിലെ വിദേശി തൊഴിലാളികളോട്, പ്രത്യേകിച്ച് മലയാളികളോട് അനുകമ്പ പുലര്‍ത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ മീഡിയയിലൂടെ അധികൃതരുടെ മുമ്പിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രമുഖന്‍ എന്ന നിലക്ക് ഖാലിദ് അല്‍മഈനയുടെ വിലയിരുത്തല്‍ യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില തകരുന്നതിന്റെ പശ്ചാത്തലത്തില്‍, എണ്ണ വിലയിടിവ് മൂലമുണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ ഗള്‍ഫ് നാടുകളുടെ സാമ്പത്തിക സ്ഥിരതയെയോ സാമൂഹിക ഭദ്രതയെയോ ബാധിക്കുകയില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം താല്‍ക്കാലിക പ്രതിസന്ധികളെ വിജയകരമായി മറികടക്കാന്‍ ഗള്‍ഫ് നാടുകള്‍ പ്രാപ്തി നേടിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ എണ്ണ പ്രതിസന്ധി ശക്തമായി തുടരുന്നത് ഈ നാടുകളിലെ വന്‍കിട പദ്ധതികളെ ബാധിക്കാനിടയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്. ഇതുമൂലം സംജാതമാകുന്ന സ്വദേശികളുടെ തൊഴിലില്ലായ്മ നേരിടാന്‍ വിദേശി ജീവനക്കാരുടെ തോത് കുറക്കുകയും സ്വദേശികള്‍ക്ക് പരമാവധി തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ. 

അപ്രതീക്ഷിതമായി പെട്രോള്‍ വില 45 ശതമാനത്തോളം കുറഞ്ഞ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ സ്വസ്ഥ ജീവിതത്തിന് തിരശ്ശീല വീഴുമോ എന്ന ആശങ്ക ആഗോളതലത്തില്‍ത്തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ലോക വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞത് സമ്പന്ന ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് തൊഴില്‍ തേടിയുള്ള ബ്രിട്ടീഷുകാരുടെ ഒഴുക്കിനെ സാരമായി ബാധിച്ചതായി ബ്രിട്ടീഷ് പത്രമായ ദ ടെലഗ്രാഫ്“വിലയിരുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അനേകായിരങ്ങളാണ് എണ്ണ സമ്പത്തിന്റെ ശീതളിമയില്‍ ധന സമ്പാദനം ലക്ഷ്യം വെച്ച് പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് ചേക്കേറിയത്്. ദുബൈയില്‍ മാത്രം ഒന്നര ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്‍മാര്‍ ജോലിചെയ്യുന്നതായി “ടെലഗ്രാഫിലെ ആന്‍ഡ്രൂ ക്രിച്‌ലോ പറയുന്നു. മിഡിലീസ്റ്റിലെ ഏറ്റവും വലിയ പാശ്ചാത്യ സമൂഹമായിരിക്കും ദുബൈയിലുള്ളത്. മറ്റു രണ്ട് എണ്ണ സമ്പന്ന രാഷ്ട്രങ്ങളായ സുഊദി  അറേബ്യയിലും ഖത്തറിലും വലിയ തോതില്‍ പാശ്ചാത്യ സമൂഹം ജോലിചെയ്യുന്നുണ്ട്. മിക്കവാറും ഗള്‍ഫ് രാജ്യങ്ങളെല്ലാം 100 ശതമാനം നികുതി വിമുക്ത രാജ്യങ്ങളാണ്. മറ്റു സൗകര്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് തൊഴില്‍ തേടിയെത്തുന്നവരെ ആകര്‍ഷിക്കുന്നതും ഇക്കാര്യംതന്നെ. തങ്ങളുടെ നാടുകളില്‍ തൊട്ടതിനെല്ലാം ടാക്‌സ് കൊടുക്കേണ്ടിവരുമ്പോള്‍ ഗള്‍ഫിലെ സമ്പാദ്യം ഭദ്രമാണ്. എന്നാല്‍ എണ്ണവിലയിലുണ്ടായ ഇടിവ് പ്രവാസികളുടെ ഇത്തരം സ്വപ്നങ്ങളെ തല്ലിക്കെടുത്തുമോ എന്ന ആശങ്കയാണ് പത്രം പങ്കുവെക്കുന്നത്. 

അടുത്ത വര്‍ഷവും എണ്ണ വില ബാരലിന് ശരാശരി 65 ഡോളര്‍ തുടരുകയാണെങ്കില്‍-നിലവില്‍ ബാരലിന് 60 ഡോളറില്‍ തഴെയാണ്-ജി.സി.സി രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ച (ജി.ഡി.പി) 13 ശതമാനംവരെ കുറയാന്‍ സാധ്യതയുണ്ടെന്നും ഇത് മേഖലയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്  തള്ളിവിടുമെന്നും 'മിഡിലീസ്റ്റ് എക്കണോമിക് ഡൈജസ്റ്റ്' പറയുന്നു. മേഖലയിലെ 'പവര്‍ഹൗസ് എക്കണോമി' രാജ്യങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന സൗദി അറേബ്യ പോലെയുള്ള ഭദ്രമായ സാമ്പത്തിക അടിത്തറയുള്ള രാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് തുടര്‍ന്നാല്‍ അത് സര്‍ക്കാര്‍ ബജറ്റിനെ സാരമായി ബാധിക്കും. സര്‍ക്കാറിന് കീഴിലുള്ള തൊഴിലുകള്‍ വെട്ടിക്കുറക്കാന്‍ ഇതിനകം തന്നെ അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) ജി.സി.സി അംഗ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എണ്ണ വിലയിടിവ് തുടരുന്നതോടെ സ്വകാര്യ മേഖലയായിരിക്കും ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതലായി ആശ്രയിക്കുക. സ്വാഭാവികമായും വിദേശികളുടെ തൊഴിലുകളെയാണ് ഇത്തരത്തിലുള്ള ഏതുനടപടികളും ആദ്യമായി ബാധിക്കുക. പൊതു മേഖലയിലുള്ള തൊഴിലവസരങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന സന്ദേശം കൃത്യമായി ജനങ്ങള്‍ക്ക് കൈമാറണമെന്ന് ഐ.എം.എഫ് അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. സ്വദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ലഭ്യമാകാതെ വരുമ്പോള്‍ പൂര്‍ണമായും സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരും. ഫലത്തില്‍ എണ്ണ വിലയിടിവ് മൂലമുണ്ടാകാനിടയുള്ള ഏതുതരം സാമ്പത്തിക മാന്ദ്യവും സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന പ്രവാസി സമൂഹത്തെ സാരമായി ബാധിക്കുമെന്ന് തീര്‍ച്ച. സമീപ ഭാവിയില്‍ത്തന്നെ എണ്ണവില ബാരലിന് 85 ഡോളറിലേക്ക് ഉയരാത്തപക്ഷം വിദേശികള്‍ ഗള്‍ഫ് മേഖലയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യം അല്‍പായുസ്സുള്ളതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചെറുകിട വാണിജ്യ വ്യവസായ മേഖലയില്‍ ഇതിനകംതന്നെ പിന്നോട്ട് പോക്കിനുള്ള സൂചനകള്‍ ദൃശ്യമായിത്തുടങ്ങിയതായും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ എണ്ണവിലയിടിവ് പദ്ധതികളെ ബാധിക്കുകയില്ലെന്ന് സുഊദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. 

എണ്ണ വിലയിടിവ് കാരണം തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മറ്റുവഴികള്‍ തേടേണ്ടിവരും. വിദേശ ജീവനക്കാരുടെ വരുമാനത്തിന് നേരിട്ട് നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആലോചിച്ചേക്കും. യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഒമാനില്‍ 2 ശതമാനം നികുതിക്ക് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.  നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളും കടുത്ത നിലപാടുകളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാവുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ ഓരോ മാസവും നാട്ടിലേക്കയക്കുന്നത് അനേക കോടി ഡോളറാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറിയ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ തന്നെ വന്‍ സാമ്പത്തിക ലാഭമാണ് ലഭിക്കുക. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ മേഖലകളില്‍ തൊഴിലെടുക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ ബഹുഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരാണ്. ഏതെങ്കിലും രീതിയിലുള്ള അധിക ബാധ്യത, ഇപ്പോള്‍ തന്നെ ജീവിതച്ചെലവ് വര്‍ധിച്ചതുമൂലം വീര്‍പ്പ്മുട്ടുന്ന ഇത്തരക്കാരുടെ ബജറ്റ് താളം തെറ്റിക്കുമെന്നുറപ്പ്. 

എന്നാല്‍ എണ്ണവിലയിടിവുമായി ബന്ധപ്പെട്ട് സംജാതമായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെ പ്രവാസികള്‍ കാര്യമായെടുക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധനായ പീറ്റര്‍ കൂപ്പര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ട് ബാധിക്കുന്നത്‌വരെ അത് കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രവാസി സമൂഹമെന്നും പീറ്റര്‍ വിലയിരുത്തുന്നു. മേഖലയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാഷ്ട്രവും സാമ്പത്തിക ശക്തിയുമായ സുഊദി  അറേബ്യ പുതിയ ബജറ്റില്‍ സാമ്പത്തിക നിയന്ത്രണമോ ചെലവ് ചുരുക്കല്‍ പദ്ധതിയോ നടപ്പാക്കിയിട്ടില്ലെങ്കിലും എണ്ണവില മാറ്റമില്ലാതെ തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തോടെ സാമ്പത്തിക മാന്ദ്യം ബാധിച്ചുതുടങ്ങുമെന്ന് അദ്ദേഹം  നിരീക്ഷിക്കുന്നു. എണ്ണവിലയിടിവ് മൂലം പ്രതിസന്ധി നേരിടുക എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന നാടുകള്‍ മാത്രമല്ല, എണ്ണവരുമാനത്തെ നേരിട്ട് വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വരെ പ്രതിസന്ധിയിലാകും.  എണ്ണ വിപണിയിലെ പ്രതിസന്ധി ഗുരുതരമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്ന ബാരലിന് 110 ഡോളര്‍ എന്നതില്‍നിന്ന് 60-ല്‍ താഴെയാണ് എത്തിനില്‍ക്കുന്നത്. എണ്ണ വില കുത്തനെ ഇടിയുമ്പോള്‍ അത് ഗള്‍ഫ് രാജ്യങ്ങളുടെ ബജറ്റുകളെ ബാധിക്കുകയും ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ഭരണകൂടങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്യും. എണ്ണവിലത്തകര്‍ച്ച തുടരുന്നതിന്റെ പ്രത്യാഘാതമായി ഗള്‍ഫ് ഓഹരി വിപണികളില്‍ ഇടിവ് തുടരുകയുമാണ്. ക്രൂഡോയില്‍ വില ബാരലിന് 60 ഡോളറില്‍ താഴെ എത്തിയതാണ് നിക്ഷേപകരെ അങ്കലാപ്പിലാക്കിയത്. ഓഹരി വിലയിടിവില്‍ പരിഭ്രാന്തരാകേണ്ടെന്ന് ഗള്‍ഫ് നാടുകളിലെ സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നത് സാമ്പത്തിക രംഗത്ത് ശുഭസൂചനയല്ല. എണ്ണ കയറ്റുമതിയില്‍നിന്നുള്ള വരുമാനം കുറയുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ചെലവ് കുറക്കുമെന്നും അത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ തളര്‍ത്തുമെന്നുമാണ് നിക്ഷേപകര്‍ ഭയപ്പെടുന്നത്. 

എണ്ണ വിലയിടിവ് മൂലമുണ്ടായ പ്രതിസന്ധി കാരണം ഗള്‍ഫ് രാജ്യങ്ങളിലെ വിദേശികളുടെ തൊഴിലുകളെ കാര്യമായി ബാധിക്കുകയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നതെങ്കിലും എണ്ണവിപണിയില്‍ തിരിച്ചടി തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാവുമെന്നതില്‍ സംശയമില്ല. ഗള്‍ഫ് മേഖലയിലെ സര്‍ക്കാറുകള്‍ക്ക് കടുത്ത നടപടികളിലേക്ക് പോകേണ്ടിവരും. അതിന്റെ പ്രത്യാഘാതങ്ങള്‍ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കും. എണ്ണവിലയിടിവ് താല്‍ക്കാലിക പ്രതിഭാസമാണെന്നും അത് തുടരില്ലെന്നുമാണ്് പ്രവാസികള്‍ പൊതുവെ കരുതുന്നത്. നിലവിലെ പ്രതിസന്ധി അധികം വൈകാതെ അവസാനിക്കുമെന്നും അവര്‍ ആശ്വസിക്കുന്നു.  എന്നാല്‍ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എണ്ണ വില ഇടിഞ്ഞാലും ഇല്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണി വിദേശികള്‍ക്ക്, പ്രത്യേകിച്ച് അവിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. സ്വദേശികള്‍ക്ക് പരമാവധി തൊഴില്‍ ലഭ്യമാക്കാന്‍ ഗള്‍ഫ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം. പ്രജാതല്‍പരരായ ഏത് ഭരണകൂടവും അതുതന്നെയാണ് ചെയ്യുക. ഇതോടെ പുതിയ തൊഴില്‍ സാധ്യതകള്‍ സ്വദേശികളാല്‍ തന്നെ നികത്തപ്പെടുകയും, വിദേശി തൊഴിലാളികളെ മാറ്റി സ്വദേശികളെ നിയമിക്കുകയും ചെയ്യും. സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളെ കുറക്കാന്‍ ഖത്തര്‍ നിര്‍ദ്ദേശം നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനിടെ വിദേശികളുടെ നിയമനം നിലവിലുള്ളതില്‍നിന്ന് രണ്ട് ശതമാനം കുറക്കാനാണ് നിര്‍ദേശം. 

ഗള്‍ഫിലെ തൊഴില്‍ വിപണികളെ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുമ്പോള്‍ ഇത് സ്വഭാവിക പരിണതിയാണെന്ന് കാണാം. സ്വദേശിവത്കരണം പല പേരിലാണ് ഗള്‍ഫ് നാടുകളില്‍ അറിയപ്പെടുന്നത്. തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സുഊദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'നിതാഖാത്' വന്‍ വിജയവുമാണ്. മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും അതിന്റെ വകഭേദങ്ങള്‍ നിലവിലുണ്ട്. ഇത് കൂടുതല്‍ ശക്തമായി തുടര്‍ന്നുകൊണ്ടേയിരിക്കും. സുഊദി  അറേബ്യ പോലുള്ള രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ നടന്നുവരുന്ന പരിഷ്‌കരണങ്ങള്‍ക്ക് വേഗത വര്‍ധിക്കും. സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണത്തിന്റെ തോത് തികക്കുന്നതിന് അതേ ഗണിത ശാസ്ത്രം ഉപയോഗപ്പെടുത്തി സ്വകാര്യ മേഖലയില്‍ 'കൃത്രിമ ജീവനക്കാരെ' നിയമിക്കുന്നതായി ബന്ധപ്പെട്ടവര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പൊതുമേഖല തൊഴില്‍ മേഖലയില്‍നിന്ന് പിന്നോട്ട് പോകുന്നതോടെ ഇത്തരം ഒഴിവുകളില്‍ യഥാര്‍ഥത്തില്‍തന്നെ സ്വദേശികളെ നിയമിക്കാന്‍ സ്വകാര്യ സംരംഭകര്‍ നിര്‍ബന്ധിതരാവും. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വിദേശ ജീവനക്കാരെ ഇതും ബാധിക്കാനിടയുണ്ട്. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നതോടെ 10 ലക്ഷം വിദേശികളായ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് പ്രമുഖ അന്താരാഷ്ട്ര കണ്‍സള്‍ട്ടിങ് കമ്പനി McKinsey & Company  പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. ഇതിലൂടെ ഒരുമാസം 150 കോടിയോളം റിയാല്‍ സുഊദി കുടുംബങ്ങള്‍ക്ക് മിച്ചംവെക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഥവാ അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് യഥേഷ്ടം ലഭിച്ചുകൊണ്ടിരിക്കുന്ന ഡ്രൈവര്‍ വിസ ഇല്ലാതാവുകയും നിലവില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലിചെയ്തു കൊണ്ടിരിക്കുന്ന അനേകായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും.

ഗള്‍ഫിലെ തൊഴില്‍ മേഖല നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ് മടക്കയാത്രക്ക് പദ്ധതികള്‍ തയാറാക്കുകയാണ് പ്രവാസി സമൂഹങ്ങള്‍ക്ക് ചെയ്യാനുള്ളത്. വരാന്‍ പോകുന്നത് റിവേഴ്‌സ് മൈഗ്രേഷന്റെ കാലമാണ്. ഇക്കാര്യം അവഗണിച്ച് ഗള്‍ഫിലെ പ്രതിസന്ധികളില്‍ തൊഴില്‍ നഷ്ടപ്പെടുന്നുവെന്ന വേവലാതികളില്‍ ഒരര്‍ഥവുമില്ല. ഗള്‍ഫില്‍ തൊഴിലെടുക്കുന്നവര്‍ കൂട്ടത്തോടെ മടങ്ങുന്ന സാഹചര്യമുണ്ടായാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും അങ്ങനെ സംഭവിക്കുക അതിവിദൂരമല്ലെന്നും അതത് സര്‍ക്കാറുകള്‍ക്ക് നന്നായറിയാം. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിന് പദ്ധതികള്‍ തയാറാക്കാന്‍ ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ് ഗള്‍ഫ് പ്രവാസികള്‍ നേരിടാന്‍ പോകുന്ന ദുരന്തം. പ്രത്യേകിച്ച് കേരളത്തില്‍ ഗള്‍ഫ് മടക്കത്തിന്റെ പ്രത്യാഘാതം നാം കണക്കുകൂട്ടുന്നതിലും അപ്പുറത്തായിരിക്കും. മലയാളികളാകട്ടെ ഗള്‍ഫില്‍ 'നിതാഖാത്' തുടങ്ങിയാല്‍ നാട്ടില്‍ നിതാഖാത് തട്ടുകടകള്‍ തുറന്നും ഗള്‍ഫില്‍ 'മന്തി' കഴിക്കുന്നത് കണ്ട് നാട്ടിലെ പറമ്പിലും പാടത്തും 'കുഴി മന്തി' ഹോട്ടലുകള്‍ തുടങ്ങിയുമാണ് തീക്ഷ്ണമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് നര്‍മ്മ ഭാവം പകരുന്നത്. എന്നാല്‍ നാമാരും ഒരിക്കലും ആഗ്രഹിക്കാത്തതും എന്നാല്‍ സംഭവിക്കാന്‍ ഇടയുള്ളതുമായ, കൂട്ടത്തോടെയുള്ള മടക്കം ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം ചെറുതാവില്ല. ഇങ്ങനെയൊരു മടക്കം ഉടനെ സംഭവിക്കാനിടയില്ല. എന്നാല്‍ അത്തരത്തിലുള്ള ദിശാമാറ്റമാണ് ചെറിയ തോതിലെങ്കിലും ഗള്‍ഫിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

ഒരു പ്ലാനും പദ്ധതിയുമില്ലാതെയാണ് മലയാളികളായ ഒട്ടുമിക്ക പ്രവാസികളും ഗള്‍ഫ് നാടുകളില്‍ കഴിഞ്ഞുകൂടുന്നത്. ഒപ്പം, സാമ്പത്തിക മാന്ദ്യക്കാലത്ത് മുങ്ങിത്താഴാതെ നാം പിടിച്ചുനിന്നതല്ലേ എന്ന നിസ്സംഗതയും. ഇത് അരക്ഷിതാവസ്ഥയില്‍നിന്ന് ഉടലെടുത്ത ഒരുതരം മാനസികാവസ്ഥയാണ്. നാട്ടില്‍ തൊഴിലില്ലാ പടയായി കഴിഞ്ഞിരുന്ന അനേകായിരങ്ങളെ വര്‍ഷങ്ങളായി തീറ്റിപ്പോറ്റുന്ന ഗള്‍ഫ് ചതിക്കില്ലെന്നാണ് ഇത്തരക്കാരുടെ ധാരണ. വിശ്വാസം രക്ഷിക്കട്ടെ എന്ന് പറയുമ്പോഴും മാറിയ കാലത്തെ ഗള്‍ഫും ഒരു സമൂല മാറ്റത്തിന്റെ പാതയിലാണെന്ന് പറയാതെ വയ്യ. ഗള്‍ഫ് പ്രവാസം ഒരുതരത്തില്‍ 'സൈന്‍ ഓഫി'ലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മടക്കയാത്രക്കുള്ള പദ്ധതികള്‍ ആരംഭിക്കാനുള്ള ഉണര്‍ത്തുപാട്ടായി വേണം പുതിയ സാഹചര്യത്തെ കാണാന്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/82
എ.വൈ.ആര്‍